2018 ൽ ആണ് ആദ്യമായി നിപ ബാധ കേരളത്തിൽ സ്ഥിരീകരിച്ചത്. അന്ന് കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ 17 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. ഇത് കൂടാതെ 18 പേർക്ക് രോഗബാധ സ്ഥിരീകരിയ്ക്കുകയും ചെയ്തു, രോഗം ബാധിച്ചയുടൻ തന്നെ മികച്ച ചികിത്സ നൽകിയതിനാൽ അവരെ രക്ഷിക്കാൻ സാധിച്ചു. ശേഷം 2019 ലും കോഴിക്കോട് ജില്ലയിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നു.
എന്താണ് നിപ വൈറസ്?
നിപ ഒരു സൂനോട്ടിക് വൈറസ് ആണ്, അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെയ്ക്ക് പകരുന്ന വൈറസ്. വൈറസിന്റെ ഉറവിടമായി കനകക്കുന്ന പഴംതീനി വവ്വാലുകളിൽ നിന്ന് മൃഗങ്ങളിലേയ്ക്കും അതുവഴി മനുഷ്യരിലെയ്ക്കും വൈറസ് പകരാം. സാധാരണ പന്നി, നായ, കുതിര പോലുള്ള മൃഗങ്ങളിലേയ്ക്കാണ് നിപ വൈറസ് അതിവേഗത്തിൽ പകരുന്നത്. ഇവയിൽ നിന്ന് മനുഷ്യരിലെയ്ക്ക് എത്താനും കഴിയും. അമിതമായ ശാരീരിക അസ്വസ്ഥതകളും അതേത്തുടർന്ന് മരണവും സംഭവിക്കുന്നതാണ് വൈറസിന്റെ പൊതു രീതി.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ നിപ വൈറസ് മൃഗങ്ങളിലെയ്ക്ക് അതിവേഗം പകരുകയും പിന്നീട് മനുഷ്യരിലെയ്ക്ക് എത്തുകയും ചെയ്യുന്നു എന്നാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് വ്യാപിക്കുകയും അവസ്ഥ ഗുരുതരമാകുകയും ചെയ്യും. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ കണ്ടുവരാറുണ്ട്. ചിലരിൽ ലക്ഷണങ്ങൾ ഇല്ലാതെയും വൈറസ് ബാധ കണ്ടു വരാറുണ്ട്.
നിപ വൈറസ് ബാധയുടെ ലക്ഷണങ്ങൾ:
>മസ്തിഷ്ക ജ്വരം
> പനിയും കടുത്ത ചുമയും, കൂടാതെ ശ്വസന തടസവും.
> ശ്വാസകോശത്തിൽ അണുബാധ – ഇത് ചിലരിൽ നേരിയ തോതിലും ചിലരിൽ തീവ്രമായ അവസ്ഥയിലും കാണാറുണ്ട്.
> പനിയും അനുബന്ധ ലക്ഷണങ്ങളും – കടുത്ത പനി, വിട്ടുമാറാത്ത തലവേദന, പേശീ വേദന, ചർദ്ദി,തൊണ്ടവേദന, ക്ഷീണം
> എൻസഫലൈറ്റിസിനോട് സമാനമായ ലക്ഷണങ്ങൾ
ഇവ കൂടാതെ ചില രോഗികളിൽ ന്യൂമോണിയ ബാധയ്ക്കുള്ള സാധ്യതയും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. രോഗബാധയുള്ള ആളിൽ കടുത്ത രീതിയിൽ എൻസഫലൈറ്റിസ് ബാധിച്ചാൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗി കോമ അവസ്ഥയിലേയ്ക്ക് നീങ്ങാനുള്ള സാധ്യതയും WHO ചൂണ്ടിക്കാട്ടുന്നു.
ഇൻകുബേഷൻ പിരീഡ്:
സാധാരണ ഒരാളിൽ നിപ വൈറസ് ബാധിച്ചാൽ ലക്ഷണങ്ങൾ പുറത്ത് വരാൻ ഏകദേശം 5 മുതൽ 14 ദിവസം വരെ സമയമെടുക്കാറുണ്ട്. എന്നാൽ ചില ആളുകളിൽ 45 ദിവസം വരെ ലക്ഷണങ്ങൾ പ്രകടമാകാറില്ല, അതിനാൽ ഈ നീണ്ട കാലയളവിനുള്ളിൽ ധാരാളം ആളുകളിലെയ്ക്ക് വൈറസ് എത്താൻ ഇത് കാരണമാകും.
രോഗം സ്ഥിരീകരിയ്ക്കാൻ:
നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ ശ്രവ പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിയ്ക്കുക. സാധാരണ RTPCR (Real Time Polimerase Chain Reaction) ടെസ്റ്റ് വഴിയാണ് വൈറസ് ബാധ പരിശോധിക്കുന്നത്. ഇതിനായി മൂക്കിൽ നിന്നുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയുടെ സാമ്പിളുകൾ ആണ് രോഗിയുടെ ശരീരത്തിൽ നിന്നെടുക്കുന്നത്.
വൈറസ് മനുഷ്യരിലേയ്ക്ക് പകരുന്നത്:
*അടുത്ത സമ്പർക്കം വഴിയാണ് നിപ വൈറസ് പകരുന്നത്. നിപ വൈറസ് ബാധയുള്ള ആളുകൾ, പഴംതീനി വവ്വാലുകൾ, പന്നികൾ എന്നിവയോട് അടുത്ത സമ്പർക്കമുണ്ടാകുന്നത് രോഗ ബാധയ്ക്ക് കാരണമാകും. അതുകൊണ്ട് തന്നെ രോഗം ബാധിച്ചവരുടെ വീട്ടിലെ മറ്റുള്ളവർ, രോഗിയെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ എന്നിവരെല്ലാം അതീവ ജാഗ്രത പുലർത്തണം.
*വവ്വാലുകൾ കൊത്തിയ പഴം, അല്ലെങ്കിൽ അവ പഴങ്ങളിൽ സ്പർശിക്കുമ്പോൾ സ്രവങ്ങൾ പുരണ്ട പഴം എന്നിവ അലക്ഷ്യമായി കഴിക്കുന്നത് വൈറസ് പകരാൻ ഇടയാക്കും. പഴതീനി വവ്വാലുകൾ എത്തുന്ന മരങ്ങളിൽ കയറുന്നവരും സൂക്ഷിക്കണം.
*പന, തെങ്ങ് പോലുള്ളവയിൽ നിന്നെടുക്കുന്ന കള്ളും വൈറസ് പകരാനുള്ള മറ്റൊരു സാധ്യതയാണ്.
*നിപ ബാധിച്ചു മരിച്ച ആളുകളുടെ മൃതദേഹം കൈകാര്യം ചെയ്യുമ്പോൾ വൈറസ് ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ മൃതദേഹം സംസ്കരിയ്ക്കാൻ പാടുള്ളൂവെന്ന് നാഷണൽ സെന്റർ for ഡിസീസ് കണ്ട്രോൾ അധികൃതർ പറയുന്നു.
പ്രതിരോധിക്കാം ഇങ്ങനെ:
നിപാ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
*കൈകളും മുഖവും ഇടയ്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം, പ്രത്യേകിച്ച് മറ്റൊരാളുമായി കോണ്ടാക്റ്റ് വരുന്ന സാഹചര്യത്തിൽ. പുറത്ത് പോയി തിരിച്ചെത്തിയാൽ ഉടൻ തന്നെ ഇക്കാര്യങ്ങൾ ചെയ്യണം.
*പഴങ്ങൾ കഴിക്കുന്നതിന് മുൻപ് വൃത്തിയായി കഴുകണം. പക്ഷികൾ കൊത്തിയതോ, തൊലിപ്പുറമെ നഖം, കൊക്ക് എന്നിവ കൊണ്ട പാടുകൾ ഉള്ളതോ ആയ പഴങ്ങൾ തീർച്ചയായും ഒഴിവാക്കുക.
*വൈറസ് ബാധ കാരണം ജീവൻ നഷ്‌ടമായ ആളുടെ ശരീരം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക.
*രോഗം ബാധിച്ച മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക, കൈകളിൽ ഗ്ലൗസ് ധരിക്കാനും മുഖത്ത് മാസ്ക് ഉപയോഗിക്കാനും മറക്കരുത്.
ചികിത്സ എങ്ങനെ?
നിപ വൈറസ് ബാധിച്ചവർക്ക് നൽകാൻ പ്രത്യേക മരുന്നുകളൊന്നും തന്നെ നിലവിലില്ല, എന്നാൽ റിബാവരിൻ ആണ് നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്ന് അവകാശപ്പെടുന്നത്. ഇതിന് ഔദ്യോഗിക അന്ഗീകാരമോന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പ്രത്യേകമായി മരുന്ന് കണ്ടെത്തിയിട്ടില്ലാതതിനാൽ രോഗിയിൽ പ്രകടമാകുന്ന ലക്ഷണങ്ങൾക്ക് മരുന്നുകൾ നൽകി ചികിത്സിക്കുക മാത്രമാണ് ഏക മാർഗം.
കൃത്യമായ പരിചരണവും ചികിത്സയും ലഭിച്ചവർ പലരും ജീവിതത്തിലേയ്ക്ക് തിരികെ വരുന്നുണ്ട്, എന്നാൽ ദീർഘകലത്തെയ്ക്ക് അവരിൽ ന്യൂറോ സംബന്ധമായ അസുഖങ്ങൾ കണ്ടു വരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണ പ്രകാരം രോഗം ബേധമാകുന്ന 20 ശതമാനം പേരും പല തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവിക്കുന്നു എന്നാണ്.
നിപയ്ക്ക് എതിരെ വാക്സിൻ ഉണ്ടോ?
ഇതുവരെ നിപയ്ക്കെതിരെ വാക്സിൻ കണ്ടെത്തിയിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ 2020 ഫെബ്രുവരിയിൽ ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. ഒന്നാം ഘട്ട പഠനം 2021 സെപ്തംബർ മാസം അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിപ വൈറസ് കണ്ടെത്തിയ മറ്റ് സ്ഥലങ്ങൾ:
ഇതുവരെ മലേഷ്യ, സിംഗപൂർ, ബംഗ്ലാദേശ്, ഇന്ത്യ (പശ്ചിമ ബംഗാൾ, കേരളം) എന്നിവിടങ്ങളിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. മലേഷ്യയിലാണ് ആദ്യം നിപ സ്ഥിരീകരിച്ചത്.
ഇതുവരെ ഈ പ്രദേശങ്ങളിൽ മാത്രമേ വൈറസ് കണ്ടെത്തിയുള്ളൂ എങ്കിലും മറ്റ് സ്ഥലങ്ങളിലും വൈറസ് കണ്ടെത്താനുള്ള സാധ്യത തള്ളി കളയാനാവില്ല. ആഫ്രിക്കയുടെ കിഴക്കൻ ഭാഗങ്ങൾ, സൗത്ത് ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലും നിപ വൈറസ് പരത്തുന്ന പഴംതീനി വവ്വാലുകളെ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.