അടുക്കള വീടിന്റെ ഹൃദയമാണ്. അപ്പോൾ ആ ഹൃദയം വെടിപ്പോടു കൂടി സൂക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. അടുക്കളയും അതിലെ വസ്തുക്കളും നല്ല വെടിപ്പും വൃത്തിയോടും കൂടി സൂക്ഷിക്കാൻ അൽപ്പം നേരത്തെ ശ്രമം മതി. ഇതിന് സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം
1. അടുക്കളയിൽ എന്തു ജോലി ചെയ്‌യുന്നതിനു മുൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
2. ഇറച്ചിയും മീനും പച്ചക്കറിയും മറ്റും അരിയാൻ ഉപയോഗിക്കുന്ന പലക, കത്തി എന്നിവ ഉപയോഗശേഷം നന്നായി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്‍ക്ക് വെയിലത്തു വച്ച് ഉണക്കുകയാണെങ്കിൽ ബാക്‍ടീരിയ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവ നശിപ്പിക്കപ്പെടും.
3. ആഴത്തിലുള്ള വെട്ടുകൾ ഉണ്ടെങ്കിൽ ആ പലക (കട്ടിങ് ബോർഡ്) ഉപയോഗിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. അല്ലെങ്കിൽ, അതിനിടയിലൂടെ മാംസങ്ങളുടെ ചാറും മറ്റും കടന്ന് ബാക്‍ടീരിയ കുമിഞ്ഞുകൂടും.
4. കേടായ ഭക്ഷണ പദാർഥങ്ങൾ എത്രയും പെട്ടെന്ന് അടുക്കളയിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ ഇടുന്ന കുട്ടയിലേക്ക് മാറ്റുകയും താമസിക്കാതെ അത് സംസ്കരിക്കുകയും ചെയ്‌യുക. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഇവയുടെ അടുത്ത് വച്ചിരിക്കുന്ന മറ്റ് ആഹാര പദാർഥങ്ങൾ കേടാകുന്നതിനും സാധ്യതയുണ്ട്. മാത്രമല്ല, അതിൽ നിന്നുള്ള ദുർഗന്ധം അടുക്കളയിൽ തളം കെട്ടി നിൽക്കും.
5. അടുക്കളയിൽ പാത്രം പിടിക്കാനും കൈ തുടയ്‍ക്കാനും മറ്റും ഉപയോഗിക്കുന്ന തുണികൾ, എന്നും മുടങ്ങാതെ കഴുകി വൃത്തിയാക്കി വെയിലത്തിട്ട് ഉണക്കുക. ഒരു തുണി തന്നെ അടുപ്പിച്ച് ഉപയോഗിക്കുന്നതു വഴി അതിൽ പറ്റിപ്പിടിക്കുന്ന അഴുക്ക് ഭക്ഷണ പദാർഥങ്ങളിലേക്ക് എത്തിപ്പെടാൻ സാധ്യതയുണ്ട്.
6. മസാലകൾ, പലചരക്കുകൾ ഇട്ടുവയ്‍ക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ അവ തീരുമ്പോൾ നന്നായി കഴുകി, വെയിലത്ത് ഉണക്കി, വീണ്ടും നിറച്ച് ഉപയോഗിക്കുക.
7. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബ്ബറുകൾ അതിനു വേണ്ടി മാത്രം ഉപയോഗിക്കുക. സിങ്ക് വൃത്തിയാക്കാനും അടുപ്പ് വൃത്തിയാക്കാനും മറ്റൊരു തുണി, അല്ലെങ്കിൽ സ്ക്രബ്ബർ ഉപയോഗിക്കുക. പാത്രങ്ങൾ കഴുകിക്കഴിഞ്ഞതിനു ശേഷം സ്ക്രബ്ബറും നല്ലവണ്ണം കഴുകി വൃത്തിയാക്കുക. മാത്രമല്ല, ഒരു മാസത്തിൽ അധികം, അല്ലെങ്കിൽ ഉപയോഗമനുസരിച്ച് സ്ക്രബ്ബറുകൾ മാറ്റേണ്ടതാണ്.
8. ഭക്ഷണം പാകം ചെയ്‌യുമ്പോൾ തെറിച്ചുവീഴുകയോ മറ്റോ ചെയ്‌യുന്ന അവശിഷ്ടങ്ങൾ അപ്പോൾത്തന്നെ വൃത്തിയാക്കാൻ നോക്കുക. അല്ലെങ്കിൽ, അത് നമ്മൾ മറന്നു പോകുകയാണെങ്കിൽ ബാക്‍ടീരിയ ഉണ്ടാക്കുകയും മാത്രമല്ല, ഈച്ച മുതലായവയെ ആകർഷിക്കുകയും ചെയ്‌യും.
9. അടുക്കളയിൽ വാട്ടർ ഫിൽറ്റർ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അവയുടെ നോബിന്റെയും പൈപ്പിന്റെയും ഇടയിലുള്ള കണക്‍ടർ പൈപ്പ് ഇടയ്‍ക്ക് എടുത്ത് വൃത്തിയാക്കുക. ചൂടുവെള്ളം ഉപയോഗിച്ച് സ്റ്റെറിലൈസ്ഡ് ആക്കാൻ പറ്റുമെങ്കിൽ അതും ചെയ്‌യുക.
10. ഫ്രിഡ്ജിലെ ഫിൽറ്റർ, വാട്ടർ പ്യൂരിഫൈർ ഫിൽറ്റർ, ഗ്യാസ് സിലിണ്ടർ, കണക്‍ടർ പൈപ്പ് എന്നിവ കാലാവധി നോക്കി കൃത്യമായി മാറ്റുക.
11. ഭക്ഷണം പാചകം ചെയ്‌യുമ്പോൾ, അല്ലെങ്കിൽ മസാലകൾ ഉപയോഗിച്ചതിനു ശേഷം കൈ കഴുകാൻ പൈപ്പ് തുറക്കുമ്പോൾ മിക്കവാറും അവശിഷ്ടങ്ങൾ അവിടെ പറ്റിപ്പിടിക്കും അതുകൊണ്ട് എല്ലാ ദിവസവും, കിച്ചൻ സിങ്ക്, കിച്ചൻ പൈപ്പ്, കിച്ചൻ കൗണ്ടർ ടോപ്പ്, അടുപ്പ് എന്നിവ പാചകത്തിന് ശേഷം വൃത്തിയായി തുടയ്‍ക്കുക. ഇടയ്‍ക്ക് വിനാഗിരി, അല്ലെങ്കിൽ നാരങ്ങ കലർത്തിയ വെള്ളം ഉപയോഗിച്ച് തുടയ്‍ക്കുക.
12. രാത്രി കിടക്കുന്നതിനു മുൻപ് പാത്രം കഴുകി വയ്‍ക്കുന്നത് ശീലമാക്കുക. അല്ലെങ്കിൽ രാത്രി പാറ്റ, പല്ലി മുതലായവ സിങ്കിൽ കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളിലും പാത്രങ്ങളിലും വന്നിരിക്കാൻ സാധ്യതയുണ്ട്.
13. തേങ്ങ ചിരവാൻ ഉപയോഗിക്കുന്ന ചിരവയുടെ നാക്ക് ഇപ്പോഴും മൂടി സൂക്ഷിക്കുക. നനച്ചു തുടച്ചതിനു ശേഷം മാത്രം തേങ്ങ ചിരവുക.
14. മൈക്രോവേവും ഇടയ്‍ക്ക് നന്നായി തുടച്ച് ഭക്ഷണാവശിഷ്ടങ്ങൾ നീക്കംചെയ്‌യുക.
15. ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന പലകയും എന്നും വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്‍ക്ക് വെള്ളത്തിൽ കഴുകി, വെയിലത്തു വച്ച് ഉണക്കുക.
Content Highlights: kitchen tips