ന്യൂഡല്‍ഹി: ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയം വിരാട് കോഹ്ലിയുടെ നായകത്വത്തെ ചോദ്യം ചെയ്തവരെ നിശബ്ദരാക്കിയിരിക്കുകയാണ്. അഞ്ചാം ദിനം ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുമെന്ന് കരുതിയ സ്ഥാനത്ത് നിന്നായിരുന്നു ആതിഥേയരെ 120 റണ്‍സിന് പുറത്താക്കി ചരിത്ര വിജയം നേടിയത്.
ഇന്ത്യയുടെ പേസ് ബൗളര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ തകര്‍ത്ത്. ബുംറയും ഷമിയും ചേര്‍ന്ന് നേടിയ 89 റണ്‍സ് കൂട്ടുകെട്ടും 272 എന്ന വിജയലക്ഷ്യം ഉയര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചു.
കളിയില്‍ എടുത്ത പറയേണ്ട ഒന്ന് എല്ലാ ഇന്ത്യന്‍ താരങ്ങളും പരസ്പരം പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും മുന്നോട്ടെത്തി എന്നുള്ളതാണ്. മൂന്നാം ദിനം മുതല്‍ ഇരു ടീമുകളിലേയും താരങ്ങള്‍ തമ്മില്‍ വാക്കേറ്റങ്ങള്‍ ഉണ്ടായിരുന്നു. നിര്‍ണായകമായ അഞ്ചാം ദിനത്തില്‍ 11 താരങ്ങളും ഒന്നായി കളിച്ചപ്പോള്‍ ഇംഗ്ലണ്ടിന് വിജയം എത്തിപ്പിടിക്കാനാകാതെ പോയി.
ഇന്ത്യയുടെ പ്രകടനത്തിന് കാരണം ഡ്രസിങ് റൂം മുതലുള്ള താരങ്ങളുടെ ഒത്തൊരുമായാണെന്നാണ് മുന്‍ താരം പാര്‍ഥിവ് പട്ടേലിന്റെ അഭിപ്രായം. “ഡ്രസിങ് റൂമിലെ കാഴ്ചകള്‍ പരിശോധിച്ചാല്‍, ഇഷാന്ത് ശര്‍മയും കോഹ്ലിയും ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതായി കാണാം, ഇഷാന്തും ഉമേഷ് യാദവും ഒരുമിച്ച് സമയം ചിലവിടുന്നു, രണ്ട് ദ്രുവങ്ങളില്‍ നിന്നുള്ളവരായ റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും സൗഹൃദത്തിലാകുന്നു,” പാര്‍ഥിവ് പറഞ്ഞു.
“ഉദാഹരണം, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ. ഇവര്‍ നല്ല സുഹൃത്തുക്കളാണ്. ഒരാള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ല, മറ്റൊരാള്‍ക്ക് ഹിന്ദിയും. ആശയവിനിമയം നടത്താതെ തന്നെ നന്നായി പോകുന്നു. ഇന്ത്യയിപ്പോള്‍ നന്നായി കളിക്കുന്നുണ്ടെങ്കില്‍ അവര്‍ ഒരുമിച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ കാരണം ഐപിഎല്ലാണ്,” പാര്‍ഥിവ് വ്യക്തമാക്കി.
Also Read: സിറ്റിക്കും ലിവര്‍പൂളിനും ജയം; ബാഴ്സലോണയ്ക്ക് സമനില
The post എല്ലാ ക്രെഡിറ്റും ഐപിഎല്ലിന്; ഇന്ത്യയുടെ വിജയരഹസ്യം പറഞ്ഞ് പാര്‍ഥിവ് പട്ടേല്‍ appeared first on Indian Express Malayalam.