”ഇനിയിപ്പോ ഞാന്‍നോക്കീട്ട് ഒരൊറ്റ വഴിയേയുള്ളൂ.” ”സംഗതി സിംപിളാണ്. നൈസായി ഊരിപ്പോരാം.” ”നിങ്ങള് കാര്യം പറയ് ജോസേട്ടാ..” ”ആ ബോംബ് നീയങ്ങ് പൊട്ടിക്കണം.” അജിജേഷ് പച്ചാട്ട് എഴുതിയ നോവലെറ്റ് “ഷ്രോഡിങ്ങറുടെപൂച്ച” രണ്ടാം ഭാഗം
കോളിങ്ങ് ബെല്‍തുടരെത്തുടരെ മുഴങ്ങാന്‍ തുടങ്ങിയതും സുട്ടാപ്പി മുറിയിലേക്ക് തിരിച്ചു കയറി മൊബെലെടുത്ത് സൈലന്റാക്കി കൈയ്യില്‍അമര്‍ത്തി പിടിച്ചു.
അധികം വൈകാതെ മൊബെലിന്റെ സ്‌ക്രീനില്‍അച്ഛന്റെ നമ്പര്‍തെളിഞ്ഞു. മുഴുവന്‍ റിങ് ചെയ്തിട്ടും അവന്‍ അങ്ങനെത്തന്നെയിരുന്നു. പ്രതീക്ഷിച്ചതു പോലെ തൊട്ടടുത്ത നിമിഷം സുമേഷിന്റെ വിളിയെത്തിയതും സുട്ടാപ്പി പതുക്കെ ഫോണെടുത്തു.
”വാതില് തുറക്ക് ചെങ്ങായ്, ഞങ്ങള്‍ എത്തീണ്ട്. ഹലോ… ഹലോ…”
താഴെ നിന്നും ഉറക്കെ വിളിക്കുന്നത് സുട്ടാപ്പിക്ക് ഫോണിലൂടെയല്ലാതെയും മുകള്‍നിലയിലേക്ക് കേള്‍ക്കാമായിരുന്നു.
”നീയൊന്ന് കുറച്ചപ്പുറത്തേക്ക് മാറി നിന്നേ…” സുട്ടാപ്പി മുറുകിയ ശബ്ദത്തില്‍പറഞ്ഞു.
അല്‍പസമയത്തെ നിശബ്ദതക്ക് ശേഷം അപ്പുറത്ത് നിന്നും സുമേഷിന്റെ മറുപടി വന്നു. ”പറയ്..”
”ശ്രദ്ധിച്ച് കേള്‍ക്കണം. വെറുതെ ഒച്ചയെടുത്ത് ആളെ കൂട്ടരുത്.” അങ്ങേത്തലയ്ക്കല്‍ ഫോണ്‍ ചെവിയില്‍ ചേര്‍ത്ത് നെറ്റി ചുളിക്കുന്ന സുമേഷിനെ സുട്ടാപ്പി ഇങ്ങേത്തലയ്ക്കലുള്ള ഇരുട്ടില്‍ നിന്നുകൊണ്ട് ഊഹിച്ചു.
”നീ അച്ഛനേം അമ്മയേയും കൊണ്ട് എത്രയും വേഗം നമ്മുടെ കോമ്പൗണ്ടീന്ന് രക്ഷപ്പെടണം.”
”രക്ഷപ്പെടുകയോ? മനസ്സിലായില്ല. എന്താ പ്രശ്‌നം?”
”വീട്ടിലൊരു ബോംബുണ്ട്. അത് ചിലപ്പോള്‍പൊട്ടും.”
”ബോംബോ!” സുമേഷ് നിലവിളിക്കുന്ന പോലെ ചോദിച്ചു. ”നീയെന്തൊക്കെയാ ഈ പറയുന്നത്?”
”പതുക്കെ, അച്ഛന്‍കേള്‍ക്കണ്ട.”
”ആരാ ബോംബ് വെച്ചത്,” സുമേഷിന്റെ ശബ്ദം താഴ്ന്നു.
”അത് ഞാന്‍ തന്നെയാ.”
രണ്ടുപേരും നാലഞ്ച് നിമിഷത്തേക്ക് നിശബ്ദരായി.
”ഡാ കോപ്പേ ഒരുമാതിരി കളി കളിക്കല്ലേ,” സുമേഷിന്റെ ശബ്ദം അവന്റെ തന്നെ പല്ലുകള്‍ക്കിടയില്‍ കിടന്ന് ഞെളിപിരി കൊണ്ടു.
”കിലോമീറ്ററുകളോളം വണ്ടിയോടിച്ച് പച്ചവെള്ളം കിട്ടാതെ വരികയാണ് ഞങ്ങള്‍. വെറുതെ തമാശ കളിക്കാതെ വന്ന് വാതില് തൊറക്ക്. കൂടിയ എനം വലിച്ചുകേറ്റീട്ട് ചെലയ്ക്കാന്‍നിന്നാലുണ്ടല്ലോ കേറി വന്ന് മുട്ടുകാല് കേറ്റും ഞാന്‍. പറഞ്ഞില്ലാന്ന് വേണ്ട,” അവന്‍നിന്ന് അണച്ചു.
”നീ നിന്റെ വാട്ട്‌സാപ്പൊന്ന് തുറന്നു നോക്കിക്കേ,” ഒരു യോഗിയുടെ ശാന്തതയോടെ അതും പറഞ്ഞ് സുട്ടാപ്പി പതുക്കെ മുറിയുടെ തെക്ക് ഭാഗത്തുള്ള ജന്നവാതില്‍ ഒച്ചയുണ്ടാക്കാതെ പാതി തുറന്നുവെച്ചു. തണുത്ത കാറ്റിന്റെ ഓളമുള്ള ഇരുട്ടില്‍താഴെ സപ്പോട്ട മരത്തിന്റെ അപ്പുറം സുമേഷ് നില്‍ക്കുന്നത് സുട്ടാപ്പിക്ക് കാണാന്‍കഴിഞ്ഞു. മുകളില്‍നിന്നും സെന്റ് ചെയ്ത ഫോട്ടോ അപ്പോഴേക്കും അവന്‍ ഓപ്പണ്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ട്.
”ടൈം പാസിന് യൂട്യൂബില്‍ കേറി ഉണ്ടാക്കി നോക്കിയതാ. കഷ്ടകാലത്തിന് അതിപ്പോള്‍ നിര്‍വ്വീര്യമാക്കാന്‍ പറ്റുന്നില്ല. ശരിക്കും പെട്ടതാണ്.”
കുറച്ച് നിമിഷങ്ങള്‍ അവന്റെ ശ്വാസം മാത്രം നേര്‍ത്തു കേട്ടു. സുട്ടാപ്പി അതിന് ശേഷമുള്ള പറച്ചിലിനായി കാത്തുനിന്നു.
”നിനക്ക് എന്തിന്റെ സൂക്കേടാ? വെറുതെയിരുന്ന് തിന്നതിന്റെ എല്ല് ഇറച്ചീല്‍കുത്തീട്ടാണോ മൈ***.”
സുമേഷ് താഴെനിന്നും പാതി തുറന്ന ജന്നലിന് നേരെ നോക്കി.
”നീ വാതില് തുറക്കുന്നുണ്ടോ ഇല്ലയോ?”
”നിനക്ക് പറഞ്ഞാല്‍ മനസ്സിലാവൂലേ? നീയിപ്പോ അവരേം കൊണ്ട് എങ്ങോട്ടെങ്കിലുമൊന്ന് പോ. നിങ്ങളും കൂടി ഇതില്‍ പെടണ്ട എന്നു കരുതി പറയുന്നതാണ്. ഞാനിത് എന്തേലുമൊക്കെ ചെയ്യാനുള്ള പരിപാടിയിലാണ്. പ്ലീസ്, പറയുന്നതൊന്ന് കേള്‍ക്ക്. ഒരബദ്ധം പറ്റിപ്പോയതാ. ഇതീന്ന് രക്ഷപ്പെടാന്‍എനിക്ക് കുറച്ച് സമയം താ.”
”ഒരബദ്ധവുമല്ല. നീയും നിന്റെ സംഘവും ചേര്‍ന്ന് മനഃപൂര്‍വ്വമുള്ള കളിയാ ഇത്. കുറേക്കാലമായിട്ട് നീ ഓങ്ങിനടക്കുകയാണെന്നെനിക്കറിയാം.”
സുട്ടാപ്പിയുടെ നിയന്ത്രണം വിട്ടു. കാലമെത്രയും പിടിച്ചുവെച്ചത് ഒന്നാകെ കെട്ടുപൊട്ടി പുറത്തേക്ക് ചാടി. അവന്റെ ഭാവം മാറി. ”എന്ത് മൈ**** ഞാന്‍ നിന്റെ നേരെ ഓങ്ങി നടക്കണത്. നീയാരാ ടാറ്റായോ അതോ ബിര്‍ളയോ? പന്നമോനേ, പറയണ പോലെ ചെയ്തില്ലെങ്കില്‍ ഇതീന്ന് ഏതേലുമൊരു വയറ് വലിച്ച് ഞാനെന്റെ തടി കാലിയാക്കും. എന്നിട്ട് ഒരേ വയറ്റീന്ന് പോന്നതാണെന്ന് നീ മറക്കാറുള്ളതുപോലെ ഞാനുമങ്ങു മറക്കും. കാണണോ നിനക്ക്? കാണണോന്ന്?”
അതിന് മറുപടിയുണ്ടായില്ല. സുമേഷ് ഒന്ന് പേടിച്ചിട്ടുണ്ടെന്ന് സുട്ടാപ്പിക്ക് തോന്നി. അതിന്റെ ചലനങ്ങള്‍ മുകളില്‍ നിന്നും നോക്കുമ്പോള്‍ ജനലിലൂടെ കാണാന്‍കഴിയുന്നുണ്ട്.
”ഒരൊറ്റ കോള് മതി നീ തൂങ്ങാന്‍.” അവസാനശ്രമമെന്ന രീതിയില്‍സുമേഷ് ചെറുതായി മുരണ്ടു.
സുട്ടാപ്പി ചിരിച്ചു. ”അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍വിളിക്ക്. ബോംബുണ്ടാക്കിയവന്റെ ഏട്ടന്‍ എന്നത് അത്യാവശ്യം റേഞ്ച് കിട്ടാന്‍സാധ്യതയുള്ള പോസ്റ്റാ. വിളിക്ക്. നമ്പര് ഞാന്‍തരാം. വിളിക്ക് മൈ***.”
ആ വര്‍ത്തമാനത്തില്‍ സുമേഷ് വീണു. കുറച്ചു നേരത്തേക്ക് അവന്‍ നിശബ്ദമായി.
”ആളിവിടെ വയറ്റില്‍ തീ കത്തി നില്‍ക്കുമ്പോഴാ അവന്റെയൊരു മറ്റോടത്തെ കാര്‍ന്നോരുകളി. പണീംതൊരോം ഇല്ലാന്ന് വെച്ചിട്ടങ്ങ് അടിമയാക്കാമെന്ന് കരുതല്ലേ.”
”സത്യം പറഞ്ഞോ, എന്താ നിന്റെ ഉദ്ദ്യേശം?” സുമേഷിന്റെ ശബ്ദം പെട്ടെന്ന് വിറച്ചുപോവുകയും നിസ്സഹായമാവുകയും ചെയ്തു.
സുട്ടാപ്പി ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. ”തല്‍ക്കാലം നീ അവരേം കൂട്ടി എവിടേക്കെങ്കിലും പോ.. ബാക്കി ഞാന്‍ പിന്നീടെപ്പോഴെങ്കിലും വിശദമായി പറയാം.”
അവന്‍ഫോണ്‍കട്ട് ചെയ്ത് കട്ടിലില്‍വന്നിരുന്നു. ഇനി അടുത്തത് എന്താണ് ചെയ്യേണ്ടതെന്ന ചിന്തയായിരുന്നു അപ്പോള്‍ മനസ്സില്‍നിറയെ. പെട്ടെന്നാണ് ദൃശ്യയെ ഓര്‍മ വന്നത്. നമ്പര്‍ ഡയല്‍ചെയ്തപ്പോള്‍ അവള്‍ ബിസി.
”ചാറ്റിലെ ബിസി.” അവന്‍പ്രാകി.
താഴെ നിന്നും കാറ് സ്റ്റാര്‍ട്ടാവുന്ന ശബ്ദം കേട്ടപ്പോള്‍എഴുന്നേറ്റ് ജന്നലിലൂടെ നോക്കി. കാറ് പതുക്കെ വീട്ടില്‍നിന്നും റോഡിലേക്കിറങ്ങി ഇരുട്ടിലേക്ക് ലയിച്ചില്ലാതെയായി.
അവന്‍ ഒരിക്കല്‍ക്കൂടി ദൃശ്യയെ വിളിച്ചു. അപ്പോഴാണ് അവള്‍ നമ്പര്‍ ബിസി മോഡിലാക്കി വെച്ചിരിക്കുകയാണെന്ന് മനസ്സിലാവുന്നത്. ഫോണ്‍ ത്രീഫോര്‍ത്തിന്റെ കീശയിലേക്കാഴ്ത്തി പതുക്കെ ബോംബിനടുത്തെത്തി. തെല്ല് പേടിയോടെ അതെടുത്ത് നീട്ടിപ്പിടിച്ച് വാതിലിന് നേരെ നടന്നു.
പെട്ടെന്നായിരുന്നു ഫോണ്‍ മുരണ്ടത്, ഞെട്ടിപ്പോയ അവന്റെ കൈയ്യില്‍നിന്നും ബോംബ് താഴേക്ക് വീഴാന്‍പോയി. നോക്കിയപ്പോള്‍ അറിയാത്ത നമ്പരാണ്. എടുക്കണോ വേണ്ടയോ എന്ന നിലയില്‍കുറച്ചുനേരം നിന്നു. പിന്നെ രണ്ടും കല്‍പ്പിച്ച് ബോംബ് മേശപ്പുറത്ത് വെച്ച് ഫോണെടുത്തു.
”ഹലോ മിസ്റ്റര്‍ സുട്ടാപ്പീ…” അതുവരെ കേള്‍ക്കാത്ത ഒരു പരുക്കന്‍ശബ്ദം. അവന് ആളെ മനസ്സിലായില്ല.
”കാര്യങ്ങളൊക്കെ ഞങ്ങളറിഞ്ഞു. താങ്കളുടെ കൈയ്യിലുള്ള ബോംബു കൊണ്ട് ഏകദേശം എത്രയാളുകളെ കൊല്ലാന്‍പറ്റും?”
ചോദ്യം കേട്ട മാത്രയില്‍ അവന്‍ വിറച്ചുപോയി.
”ബോംബോ? ഏത് ബോംബ്? നിങ്ങളാരാണ്?”
എത്ര ശ്രമിച്ചിട്ടും നോട്ടം മേശപ്പുറത്തെ ബോംബിലേക്കൊന്ന് തെന്നിവീണു.
”ഡിയര്‍ സുട്ടു, നിങ്ങളെ കുറിച്ചുള്ള സകല ഡാറ്റയും ഇപ്പോള്‍ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്. വിളിച്ചത് ബുദ്ധിമുട്ടാക്കാന്‍ വേണ്ടിയല്ല, മറിച്ച് ആ ബോംബ് കൊടുക്കുന്നുണ്ടോ എന്നറിയാനാണ്. ഞങ്ങള്‍ക്ക് ഒരു ബോംബ് വളരെ അത്യാവശ്യമായിരുന്നു. നിങ്ങള്‍ തരികയാണെങ്കില്‍ അതേറ്റെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.”
സുട്ടാപ്പി ഫോണ്‍ ചെവിയില്‍ നിന്നെടുത്ത് നമ്പര്‍ ഒന്നുകൂടി നോക്കി. ഏതോ നെറ്റ് നമ്പരാണ്. അവന്‍ വേഗം കോള് കട്ട് ചെയ്ത് ഫോണ്‍ മേശപ്പുറത്തേക്കിട്ട് ഫോണിലേക്കും ബോംബിലേക്കും ഒരേ ഭീതിയോടെ നോക്കി കിതച്ചു.
ഫോണ്‍ വീണ്ടും മുരളാന്‍ തുടങ്ങി. അവനതിന്റെ കൊരവള്ളിക്ക് അമുക്കി പിടിച്ച് ബോധം കെടുത്തിക്കളഞ്ഞു.
പൊടുന്നനെ പുറത്ത് റോഡില്‍ഏതോ വാഹനം വന്ന് നില്‍ക്കുന്ന ശബ്ദം കേട്ടു. ഒരു കുതിപ്പില്‍സുട്ടാപ്പി ബാല്‍ക്കണി വാതിലിന്റെ തൊട്ടരികിലുള്ള ജനവാതില്‍ തുറന്ന് റോഡിലേക്ക് നോക്കി.
ഗേറ്റിനരികില്‍ പൊലീസ് ജീപ്പ്! നെഞ്ചിനുള്ളിലൊരു മുള്ളന്‍പന്നി നിവര്‍ന്നപോലെ അവനൊന്ന് പിടഞ്ഞു.
ജീപ്പില്‍നിന്നും പുറത്തേക്കിറങ്ങിയ എസ്. ഐയോട് തൊട്ടുപിറകിലായി ഇറങ്ങിവന്ന പൊലീസുകാര്‍ വീട് ചൂണ്ടിക്കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. സുട്ടാപ്പി ഒന്ന് നടുങ്ങി. എസ് ഐ കീശയില്‍നിന്നും ഫോണെടുത്ത് നമ്പരുകളമര്‍ത്തി ചെവിയിലേക്ക് ചേര്‍ക്കുന്നു. പൊലീസുകാരില്‍ ചിലര്‍ ഗേറ്റിനേയും പിന്നെ ഇരുവശത്തേക്കുമായി വളര്‍ന്ന് ചുറ്റുന്ന മതിലിനെയും നിരീക്ഷിച്ചുകൊണ്ട് നടക്കുന്നു.
ഗേറ്റിന് തൊട്ടപ്പുറത്തുള്ള സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ എല്ലാം വ്യക്തമായി കാണാം.
തൊട്ടയല്‍പ്പക്കത്തുള്ള വീടുകളില്‍നിന്നെല്ലാം ആളുകള്‍ മാസ്‌കുകള്‍ ധരിച്ച് അവരവരുടെ ഗേറ്റിങ്കലേക്ക് വന്ന് എത്തിനോക്കല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. പൊലീസുകാര്‍ അവര്‍ക്കരികില്‍പോയി എന്തൊക്കെയോ പറയുന്നുണ്ട്. അത് കേട്ട് അവര്‍ ഓരോരുത്തരായി ധൃതിയില്‍ഉള്ളിലേക്ക് കയറിപ്പോകുന്നു.
സുട്ടാപ്പി മേശയ്ക്കരികിലെത്തി. എല്ലാം ഏകദേശം പിടിവിട്ടു കഴിഞ്ഞിരിക്കുകയാണ്. അവന്‍പതുക്കെ ഫോണെടുത്ത് സ്വിച്ച്-ഓണ്‍ചെയ്തു. പോയ ജീവന്‍തിരിച്ചുകിട്ടിയതിന്റെ പരാക്രമം പോലെ ഫോണില്‍നിന്നും തുടരെത്തുടരെ മിസ്ഡ് കോള്‍ അലേര്‍ട്ട് വരുന്നതിന്റെ ഞെരക്കങ്ങളുണ്ടായി. ഉടനെത്തന്നെ മൊബെല്‍ ഒരിക്കല്‍ക്കൂടി സ്വിച്ചോഫ് ചെയ്ത് ജന്നലിനരികില്‍പോയി അവന്‍ പിന്നെയും താഴേക്ക് നോക്കി.
വാഹനങ്ങള്‍വന്നുകൊണ്ടേയിരിക്കുന്നു. ഇടയ്ക്കിടെ ഒന്നുരണ്ട് ആംബുലന്‍സുകളുടെ ശബ്ദം.
അപ്പോഴേക്കും തൊട്ടരികിലുള്ള വീടുകളിലെ ഒട്ടുമിക്കപേരും കുടുംബസമേതം പുറത്തേക്കിറങ്ങി കാറുകളിലും ആംബുലന്‍സുകളിലുമൊക്കെയായി യാത്രയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു.
ഉഗ്രന്‍ ശബ്ദത്തിൽ സൈറണ്‍ മുഴക്കിക്കൊണ്ട് ഫയര്‍ഫോഴ്‌സിന്റെ മൂന്നാല് വണ്ടികള്‍കൂടി അങ്ങോട്ടേക്കെത്തി. അതിന് തൊട്ടുപിന്നാലെ പൊലീസ് ബസ്സുകളും. റോഡുകള്‍ പൊലീസ് വാഹനങ്ങളെ കൊണ്ട് നിറഞ്ഞു. കൂട്ടംകൂടി നിന്ന ആളുകളെ മാറ്റാന്‍ പൊലീസുകാര്‍ പാടുപെടുന്നത് കാണാം. ഒരുപറ്റം പൊലീസുകാര്‍ അവര്‍ക്കിടയിലൂടെ ഒരു നായയേയും ചങ്ങലക്കിട്ടുകൊണ്ട് ഗേറ്റിങ്കലേക്ക് എത്തി.
മതിലിന് ചുറ്റും പോലീസുകാര്‍ വളഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഏതൊക്കെയോ ചാനലുകാരുടെ വണ്ടികള്‍ പലയിടങ്ങളിലായി നിര്‍ത്തിയിട്ടിട്ടുണ്ട്. അവര്‍ തിരക്കിട്ട് ക്യാമറകളും മറ്റും വീടിന് നേരെ ഘടിപ്പിച്ച് തുടങ്ങി.
റോഡുകളിലെ തിരക്കുകള്‍ക്കിടയില്‍ നിന്നുകൊണ്ട് ആരൊക്കെയോ മൈക്ക് പിടിച്ച് സംസാരിക്കുന്നു. ഒന്നും വ്യക്തമാവുന്നില്ല. സുട്ടാപ്പി കാഴ്ച മതിയാക്കി മേശപ്പുറത്ത് നിന്നും ബോംബെടുത്ത് വേഗം സ്റ്റെയര്‍കെയ്‌സ് ഇറങ്ങാന്‍ തുടങ്ങി. അടുക്കളഭാഗത്തെ വാതില്‍ വളരെ ബുദ്ധിമുട്ടി ഒട്ടും ഒച്ചയുണ്ടാക്കാതെ തുറന്നു. വര്‍ക്ക്-ഏരിയയോടെ ചേര്‍ന്നുള്ള വിറകുപുരയിലാണ് പിക്കാസ്. വര്‍ക്ക് ഏരിയയില്‍നിന്നും പുറത്തിറങ്ങാന്‍തുനിഞ്ഞപ്പോഴാണ് ചുറ്റുമുള്ള മതിലിന്റെ മുകളില്‍നിരനിരയായി വീട്ടിലേക്ക് നീട്ടപ്പെട്ട തോക്കിന്‍കുഴലുകള്‍കണ്ടത്. അവന്‍ പൊടുന്നനെ ഉള്ളിലേക്കുതന്നെ തിരിച്ചുകയറി വാതിലടച്ചു.
അടുക്കളയിലെത്തിക്കഴിഞ്ഞ് ബോംബ് എവിടെ ഒളിപ്പിക്കും എന്ന തിരച്ചിലിനൊടുവില്‍ കണ്ണുകള്‍ റേക്കിന് മുകളിലെ ഡാള്‍ഡയുടെ, പഴക്കമുള്ള വലിയ മഞ്ഞപ്പാട്ടയിലുടക്കി. സ്റ്റൂള് വെച്ച് ടിന്ന് തുറന്ന് ബോംബ് പതുക്കെ പഞ്ചസാരക്കുള്ളിലേക്ക് പൂഴ്ത്തി. എന്നിട്ട് ഡൈനിങ്ങ് ഹാളിലെത്തി ടി വി ഓണ്‍ചെയ്ത് വോള്യം കുറച്ചു. പടപടേന്ന് ഞെക്കി ചാനല്‍വാര്‍ത്തകളിലേക്ക് മാറ്റി. ഒരു ചാനലില്‍ അതാ വീടിന്റെ ഗേറ്റ്!
അപ്പോള്‍സംസാരിക്കാനായി കാത്തുനില്‍ക്കുന്നത് ഇമ്പാച്ചി ഗോപാലേട്ടനായിരുന്നു.
”ശരിക്കും ഇയാളില്‍ ഇങ്ങനെയൊരു ദുരൂഹത നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ,” വെളുത്ത് കുറുതായിട്ടുള്ള റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു.
”പ്രതീക്ഷിച്ചിരുന്നോന്നാ, ഇവരൊക്കെ ഒരു പണിക്കും പോകാതെ തെക്കോട്ടും വടക്കോട്ടും നടക്കുന്നത് കണ്ടപ്പോഴേ ഞങ്ങള്‍ ഇതൊക്കെ പ്രതീക്ഷിച്ചതാ.”
രാവിലെ സൊസൈറ്റിയില്‍ പാല് കൊടുക്കാന്‍ തന്റെ വണ്ടിക്ക് പിന്നിലിരുന്ന് പോയ മനുഷ്യനാണ്, സുട്ടാപ്പി അണപ്പല്ല് ഞെരിച്ചു.
”അപ്പോള്‍ ഈ നാട്ടില്‍ പണിക്ക് പോകാതെ തേരാപാരാ നടക്കുന്നവരൊക്കെ ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെന്നാണോ നിങ്ങള്‍പറഞ്ഞു വരുന്നത്?”
”അങ്ങനെയല്ല,” പറഞ്ഞയാള്‍ അല്‍പ്പം ജാള്യനായതുപോലെ പിന്നോട്ട് വലിഞ്ഞു.
അതോടെ റിപ്പോര്‍ട്ടര്‍ മൈക്ക് ഒന്നൂടി ആഞ്ഞുപിടിച്ച് മുന്നോട്ട് കയറി ക്യാമറയ്ക്ക് അഭിമുഖമായി നെഞ്ചുവിരിച്ചു.
”അതായത് ഈ സുട്ടാപ്പി എന്നു പറയുന്ന വ്യക്തി യാതൊരു പണിക്കും പോകാതെ വെറുതെ വായില്‍നോക്കി നടക്കുന്നയാളാണെന്നാണ് ഇവിടുത്തെ ആളുകള്‍പറയുന്നത്. ഒരുപക്ഷേ കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിരിക്കും അയാൾ ഈയൊരു സാഹസത്തിന് മുതിര്‍ന്നത്. അടച്ചിടല്‍ കാലത്ത് ഇത്തരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ആരും അറിയില്ല എന്ന ചിന്തയും അയാളെ ഇതിന് പ്രേരിപ്പിച്ചിരിക്കാം. എന്തായാലും നിലവില്‍കിട്ടിയ രഹസ്യ വിവരമനുസരിച്ച് നോക്കുകയാണെങ്കില്‍ ഇയാള്‍ ദിവസങ്ങളോളമായി വീട്ടില്‍ ബോംബ് നിര്‍മാണത്തിലായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. അങ്ങനെ നോക്കുമ്പോള്‍ ഇയാള്‍ ആര്‍ക്ക് വേണ്ടിയാണ് ബോംബുണ്ടാക്കിയത് അതല്ലെങ്കില്‍ ഇയാള്‍ഏത് സംഘത്തില്‍പെട്ട ആളാണ് എന്നെ ല്ലാമുള്ള അന്വേഷണങ്ങള്‍ തീര്‍ച്ചയായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കുഴപ്പിക്കുക തന്നെ ചെയ്യും. എന്തായാലും ദില്‍ഷ, പൊലീസ് പുറത്ത് നിന്നുകൊണ്ട് ഇയാളുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അയാള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്തുവെച്ചുകൊണ്ട് യാതൊരു വിധത്തിലും പിടി കൊടുക്കുന്നില്ല എന്നാണ് അറിയാന്‍കഴിയുന്നത്.”
”അപ്പോള്‍ സിജു, എങ്ങനെയായിരിക്കും ഇത്തരമൊരു സങ്കീര്‍ണ്ണതയിലേക്ക് ബന്ധപ്പെട്ടവരുടെ ഇടപെടലുണ്ടാവുക എന്നതിന് വല്ല ഊഹവുമുണ്ടോ?” വാര്‍ത്താ അവതാരക തിടുക്കപ്പെട്ടു.
”ഇല്ല ദില്‍ഷ. ഒന്നും പറയാറായിട്ടില്ല. കളക്ടറും എസ്പിയും അടങ്ങുന്ന പൊലീസ് സംഘം ഇവിടെ തിരക്കിട്ട ചര്‍ച്ചകളിലാണ്. ഉടനെത്തന്നെ അവര്‍ ഒരു തീരുമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. അതിനിടയില്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം സംഭവിച്ചിട്ടുണ്ട് ദില്‍ഷ, എന്താണെന്ന് വെച്ചാല്‍ പ്രതിയുടെ വീടിനോട് ബന്ധപ്പെട്ട് ഒരു കിലോമീറ്റര്‍ചുറ്റളവിലുള്ള മുഴുവന്‍വീട്ടുകാരേയും ഇവിടെ നിന്നും മറ്റുള്ള സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.”
“അതില്‍നിന്നും നമ്മള്‍മനസ്സിലാക്കേണ്ടത് സുട്ടാപ്പി കീഴടങ്ങാന്‍ സാധ്യതയില്ല എന്നു തന്നെയാണ്. അതുകൊണ്ടു തന്നെ പൊലീസിന്റെ ഭാഗത്തു നിന്നും ഏത് നിമിഷവും ഒരു എന്‍കൗണ്ടറിനുള്ള സാധ്യത തള്ളിക്കളയാന്‍പറ്റില്ല എന്ന് പറയേണ്ടിവരും. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ഈ സുട്ടാപ്പി എന്ന വ്യക്തി ജലാറ്റിന്‍ സ്റ്റിക്ക് ബോംബ് മുതല്‍ ടൈംബോബ് വരെ പ്രൊഡ്യൂസ് ചെയ്ത് ഒരു മുറി മുഴുവന്‍ നിറച്ചുവെച്ചിട്ടുണ്ട് എന്നുള്ളതാണ്. അങ്ങനെ നോക്കുമ്പോള്‍ ദില്‍ഷ, പൊലീസിന് പുറത്ത് നോക്കി നില്‍ക്കാനും വയ്യ അറ്റാക്ക് ചെയ്ത് ഉള്ളില്‍ കയറാനും വയ്യ എന്ന വല്ലാത്ത അവസ്ഥയിലൂടെയാണ് ഇപ്പോള്‍കാര്യങ്ങള്‍നീങ്ങിക്കൊണ്ടിരിക്കുന്നത്.”
ശരീരം കുഴയുന്നതുപോലെ തോന്നിയപ്പോള്‍ അവന്‍ സോഫയില്‍ നിന്നും നിലത്തേക്ക് ഊര്‍ന്നിരുന്നു. പിന്നെ കൈയ്യില്‍പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ചസാര ത്തരികളിലേക്ക് ദയനീയമായി നോക്കി.
പതുക്കെ ചാനല്‍വീണ്ടും മാറ്റി.
”വിവേക്, ഇതുവരെ കിട്ടിയ വിവരങ്ങളനുസരിച്ച് സുട്ടാപ്പി എന്ന വ്യക്തി യാതൊരുവിധത്തിലുള്ള ക്രൈമിലും ഉൾപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ പറ്റുന്നത്. മാത്രമല്ല, അയാള്‍ഏതൊക്കെയോ പി എസ് സി ലിസ്റ്റുകളില്‍ ഉണ്ട് എന്നും നിയമനം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഒരു മനുഷ്യബോംബായി സ്വയം ബലിയാടാവാന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്നാണ് ഇപ്പോള്‍ അവസാനം കിട്ടിയ വിവരം.”
“അങ്ങനെയാണെങ്കില്‍ വിവേക്, ഇത് തികച്ചും മാനുഷിക പരിഗണന അര്‍ഹിക്കുന്ന സംഭവമാണെന്ന് നമുക്ക് പറയേണ്ടി വരും. കാരണം സര്‍ക്കാര്‍ നിയമനങ്ങളിലുള്ള അനാസ്ഥയും പിടിപ്പുകേടും കാരണം ജീവിതം വഴിമുട്ടി നില്‍ക്കുന്ന വിദ്യാ സമ്പന്നരായ ഒരുപറ്റം ചെറുപ്പക്കാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ ഒരു രക്തസാക്ഷിയായി ഒരു പക്ഷേ സുട്ടാപ്പി മാറിയേക്കും. എന്തായാലും അയാള്‍ അയാളുടെ കുടുംബത്തെ വീട്ടില്‍നിന്നും മാറ്റിയിട്ടുണ്ട്. മാത്രവുമല്ല യാതൊരു വിധത്തിലുള്ള ഉപാധികളും സര്‍ക്കാരിന് മുന്നിലേക്ക് അയാള്‍ വെച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അങ്ങനെയൊക്കെ നോക്കുമ്പോള്‍ സ്വയം ഇല്ലാതായിക്കൊണ്ട് സര്‍ക്കാരിന് നേരെയുള്ള ഒരു പരിഹാസ പ്രതികരണമായിരിക്കാം അയാള്‍ ഉദ്ദ്യേശിക്കുന്നത് എന്ന് നമുക്ക് പറയേണ്ടിവരും.”
സുട്ടാപ്പി അന്തംവിട്ടുകൊണ്ട് സ്വന്തം ശരീരത്തിലേക്കും ടി.വിയിലേക്കും മാറിമാറി നോക്കി. കാഴ്ച അടുത്തചാനലിലേക്കെത്തി.
”അതായത് പ്രതിയുടെ വീട്ടില്‍ അല്‍പ്പസമയം മുമ്പുവരെ മൂന്നു കൂട്ടുകാര്‍ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ അവസാനം കിട്ടിയ വിവരം ദിവ്യാ. അവരെ മദ്യപിക്കാന്‍ വേണ്ടി പ്രതി അങ്ങോട്ട് വിളിക്കുകയായിരുന്നു. മദ്യപിക്കുന്ന സമയത്താണ് അവര്‍ക്ക് വീട്ടിലെ ബോംബ് സമ്പാദ്യത്തിനെക്കുറിച്ച് അറിയാന്‍കഴിഞ്ഞത്. അപ്പോള്‍തന്നെ കൂട്ടുകാര്‍ അവിടെ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സുട്ടാപ്പി എന്ന വ്യക്തിയുടെ അധോലോകബന്ധവും ഭീകരപ്രവര്‍ത്തനവും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.”
“ദിവ്യാ, ഇപ്പോള്‍പൊലീസിന്റെ ഭാഗത്തു നിന്നും വളരെ നിര്‍ണ്ണായകമായ ഒരു തീരുമാനം ഉണ്ടായിക്കഴിഞ്ഞിരിക്കുകയാണ്. അതായത് കോമ്പൗണ്ടിനുള്ളില്‍എന്തെല്ലാം നീക്കങ്ങളാണ് പ്രതി നടത്തിയിരിക്കുന്നത് എന്നറിയാനായി ഒരു ഡ്രോണ്‍ ക്യാമറ ഓപ്പറേഷനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ് സംഘം. അതെത്രത്തോളം വിജയകരമാവുമെന്ന് നമുക്ക് ഇപ്പോള്‍പറയാന്‍കഴിയില്ല. കാരണം, ആകെ സിറ്റൗട്ടില്‍ഒരു ലൈറ്റ് മാത്രമാണ് ഓണായി കിടക്കുന്നത്. മാത്രവുമല്ല ജനവാതിലുകളൊന്നും തുറന്നത് കാണുന്നുമില്ല. അങ്ങനെയാവുമ്പോള്‍ ഉള്ളിലെ കാഴ്ചക്ക് ഡ്രോണ്‍എത്രത്തോളം പ്രായോഗികമാണെന്ന് പറയാന്‍പറ്റില്ല. എങ്കിലും അതില്‍നിന്നും എന്തെങ്കിലും പോസിറ്റീവ് മൂവ്‌മെന്റ് ലഭിക്കും എന്നുതന്നെയാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ ദിവ്യാ.”
പെട്ടെന്ന് പുറത്ത് നിന്നും ഒരു പെരപെര ശബ്ദം കേള്‍ക്കാന്‍തുടങ്ങി. സുട്ടാപ്പി റിമോട്ട് സോഫാസെറ്റിയിലേക്കിട്ട് സ്റ്റെയര്‍കേയ്‌സ് ഓടിക്കയറി മുകളിലെ മുറിയില്‍ നേരത്തെ തുറന്നിട്ട ജന്നലയ്ക്കരികില്‍പോയി നിന്ന് പുറത്തേക്ക് നോക്കി.
അപ്പോഴേക്കും കോമ്പൗണ്ട് മൊത്തം കാണുവാന്‍വേണ്ടി മൂന്നാല് ലൈറ്റുകള്‍ ക്രെയിന്‍വഴി പതുക്കെ വീടിന് നേരെയുള്ള ആകാശത്തേക്ക് നീട്ടപ്പെട്ടുകഴിഞ്ഞിരുന്നു. അവ ഓണ്‍ചെയ്തപ്പോള്‍ മുറിയില്‍ നേര്‍ത്ത വെളിച്ചമുണ്ടായി. അവന്‍ ഓടിനടന്ന് പൊടുന്നനെ മുറിയുടെ സകല ജന്നവാതിലുകളുടേയും കര്‍ട്ടണുകള്‍വലിച്ചിട്ടു. എന്നിട്ട് നേരത്തെ കുറച്ചുമാത്രം തുറന്നു വെച്ച ജന്നല്‍വിടവിലൂടെ ഗേറ്റിങ്കലേക്ക് നോക്കി.
അപ്പോഴേക്കും ഡ്രോണ്‍ പതുക്കെ പൊങ്ങിത്തുടങ്ങിക്കഴിഞ്ഞിരുന്നു. വല്ലാത്ത മൂളക്കത്തോടെ അത് ആദ്യം മുകളിലേക്ക് കുതിച്ചു. പിന്നെ വീടിന് നേരെ വന്ന് വശങ്ങളിലൂടെ മണ്ണുകുഴച്ച് കൂടുണ്ടാക്കാന്‍ഒരുങ്ങുന്ന വേട്ടാളനെപ്പോലെ വട്ടമിട്ട് പറക്കാന്‍തുടങ്ങി. പെട്ടെന്ന് അവന്‍നിന്നിരുന്ന ജന്നവാതിലിന്റെ വിടവിന് നേരെ താഴ്ന്ന് അത് വായുവില്‍കുറച്ചുനേരം അവനോട് എന്തോ രഹസ്യം പറയാനെന്നവണ്ണം നിന്നു. സുട്ടാപ്പി വേഗം ചുമരിലേക്ക് പറ്റിനിന്ന് ജനൽ പോലുമറിയാതെ പതുക്കെ ഉള്ളിലേക്ക് വലിച്ചു. കുറച്ചുനേരം അത് ജനലിനെ ചുറ്റിപ്പറ്റിനിന്ന ശേഷം വീടിന്റെ പിന്നാമ്പുറത്തേക്ക് ഇരച്ചുകൊണ്ട് പറന്നുപോയി.
പൊടുന്നനെ താഴെ നിന്നും മെഗാഫോണിലൂടെ അനൗണ്‍സ്‌മെന്റ് ഉണ്ടായി.
”മി. സുട്ടാപ്പി, താങ്കള്‍ചെയ്ത പ്രവൃത്തി അത്യധികം നിയമവിരുദ്ധവും മനുഷ്യവിരുദ്ധവുമാണെന്ന് അറിയിക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ ഉടനെ കീഴടങ്ങേണ്ടതുണ്ട്. അല്ലാത്ത പക്ഷം മറ്റു നടപടികള്‍ സ്വീകരിക്കേണ്ടതായി വരും. ഇത് പോലീസിന്റെ മുന്നറിയിപ്പാണ്. നാടിന്റെ ക്രമസമാധാനം തകര്‍ക്കാതെ ഉടനെ കീഴടങ്ങുക.”
പിന്നെയും രണ്ടുമൂന്ന് തവണകളിലായി അനൗണ്‍സ്‌മെന്റുകള്‍ ഉയര്‍ന്നു കേട്ടു. അവന്‍ മേശയ്ക്കരികിലെത്തി പതുക്കെ ഫോണ്‍ സ്വിച്ചോണ്‍ ചെയ്തു. പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയായ കണവ ജോസേട്ടനിലായിരുന്നു ബാക്കിയുള്ള പ്രതീക്ഷ. എത്ര വിളിച്ചിട്ടും പക്ഷേ അയാള്‍ ഫോണെടു ത്തില്ല.
മൊബെല്‍ തലചുറ്റി വലിച്ചെറിഞ്ഞാലോ എന്നാലോചിക്കുമ്പോഴാണ് ഫോണ്‍ മിന്നാന്‍ തുടങ്ങിയത്. നോക്കിയപ്പോള്‍ അറിയാത്ത നമ്പരില്‍നിന്നുള്ള വാട്ട്‌സാപ്പ് കോളാണ്. എടുക്കണോ വേണ്ടയോ എന്ന ശങ്കയില്‍ഒന്നുരണ്ടുനിമിഷം നിന്നു. പിന്നെ രണ്ടും കല്‍പ്പിച്ച് ഫോണെടുത്തു.
”പേഴ്‌സണല്‍ നമ്പരീന്ന് വിളിക്കാന്‍ പറ്റൂലഡാ. അറിയാലോ, ഇത് കേസ് വേറെയാണ്.”
കണവയുടെ ശബ്ദം കേട്ടപ്പോള്‍അവന്റെ കണ്ണുകള്‍നിറഞ്ഞു.
”ജോസേട്ടാ, സത്യായിട്ടും അബദ്ധത്തില്‍പറ്റിപ്പോയതാണ്. ഉണ്ടാക്കണമെന്ന് കരുതി ഇറങ്ങിയതല്ല. നിങ്ങളെന്നെ ഇതീന്ന് എങ്ങനെയെങ്കിലുമൊന്ന് സ്‌ക്കൂട്ടാക്കിത്തരണം. വീടിന് ചുറ്റും പൊലീസാ.” സുട്ടാപ്പി കരച്ചിലിന്റെ വക്കിലെത്തി അന്തിച്ചു നിന്നു.
”നടപടിയാവുമെന്ന് തോന്നണില്ല സുട്ട്വോ. കുറച്ച് നേരത്തെയാണേല്‍നോക്കായിരുന്നു. ഇതിപ്പോള്‍കൈയ്യീന്ന് പോയിട്ടുണ്ട്രാ. അതാ.”
”ജോസേട്ടാ,” സുട്ടാപ്പിയുടെ ശബ്ദം വിറച്ചു. ”അങ്ങനെ പറയല്ലേ ജോസേട്ടാ, എന്തു വേണേലും ചെയ്യാം.”
കുറച്ചുനേരത്തേക്ക് കണവ ഒന്നും മിണ്ടിയില്ല. സുട്ടാപ്പി കാത്തുനിന്നു.
”ജോസേട്ടാ…” അവന്‍ വീണ്ടും വിളിച്ചു.
”ഇനിയിപ്പോ ഞാന്‍ നോക്കീട്ട് ഒരൊറ്റ വഴിയേയുള്ളൂ.സംഗതി സിംപിളാണ്. നൈസായി ഊരിപ്പോരാം.”
”നിങ്ങള് കാര്യം പറയ് ജോസേട്ടാ…”
”ആ ബോംബ് നീയങ്ങ് പൊട്ടിക്കണം.”
ഭൂമി ഒരൊറ്റ സ്‌ഫോടനത്തില്‍ രണ്ടായി പിളര്‍ന്നതുപോലെ തോന്നി സുട്ടാപ്പിക്ക്. ചെവികള്‍ക്കുള്ളില്‍ നിര്‍ത്താത്തതെയുള്ള മൂളക്കം. അവന്‍ ഫോണും പിടിച്ച് വിറച്ചുകൊണ്ട് കട്ടിലിലേക്ക് തളര്‍ന്നിരുന്നു പോയി.