നിയമവിരുദ്ധ വീഡിയോകൾ നിരോധിക്കുമെന്ന് ഒൺലി ഫാൻസ് വെബ്സൈറ്റ്. നിരവധി ഓൺലൈൻ സെലിബ്രിറ്റികളുടെ അക്കൗണ്ടുകൾ ഉണ്ടെങ്കിലും നഗ്ന വീഡിയോകളും ഉള്ളടക്കളും ലഭ്യമാകുന്നതിന്റെ പേരിൽ മാത്രം പ്രശസ്തി നേടിയ വെബ്സൈറ്റാണ് ഒൺലി ഫാൻസ്. നിയമവിരുദ്ധ ഉള്ളടക്കങ്ങളോട് ഒൺലി ഫാൻസ് സഹിഷ്ണുത കാണിക്കുന്നുവെന്ന ബിബിസി അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.
ഒക്‍ടോബർ ഒന്നുമുതൽ അശ്ലീല ഉള്ളടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്നാണ് ഒൺലി ഫാൻസിന്റെ പ്രഖ്യാപനം. ജനപ്രിയമായ ചില അക്കൗണ്ടുകളിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ വന്നാലും ചില ഇളവുകൾ കമ്പനി നൽകുന്നുവെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്.
ചോർന്നുകിട്ടിയ ചില രേഖകളുടെയും ആശങ്കകളുടെയും അടിസ്ഥാനത്തിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്‌യുന്നതുമായി ബന്ധപ്പെട്ട് പ്രതികരണമാരാഞ്ഞ് ബിബിസി കമ്പനിയെ സമീപിച്ചിരുന്നു.
നിയമവിരുദ്ധമായ സെക്സ് വീഡിയോകൾക്ക് നിരോധനം ഏർപ്പെടുത്തിയാലും നഗ്ന ചിത്രങ്ങളും വീഡിയോകളും സൈറ്റിൽ തുടർന്നും അനുവദിക്കുമെന്നാണ് ഒൺലി ഫാൻസ് പറയുന്നത്.
18 വയസിൽ താഴെയുള്ളവരിലേക്ക് അശ്ലീല ഉള്ളടക്കം എത്തുന്നത് തടയുന്നതിൽ ഒൺലി ഫാൻസ് പരാജയപ്പെട്ടുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്‌യുന്നു. വെബ്സൈറ്റിൽ വേശ്യാവൃത്തി പരസ്യം ചെയ്‌യുക, ഭവനരഹിതരായ ആളുകളെ ലൈംഗികമായി ചൂഷണം ചെയ്‌യുക ഉൾപ്പടെയുള്ള കുറ്റകരമായ പ്രവൃത്തികൾ ഒൺലി ഫാൻസിൽ പങ്കുവെക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇതിലെ വെളിപ്പെടുത്തലുകൾ പലതും കമ്പനി നിഷേധിക്കുന്നുണ്ട്.
12 കോടിയിലേറെ വരിക്കാരുള്ള വെബ്സൈറ്റാണ് ഒൺലി ഫാൻസ്. ഫാഷൻ മോഡലുകളും പോൺ താരങ്ങളും ഈ വെബ്സൈറ്റിൽ ആരാധകർക്ക് വേണ്ടി മാത്രമായി വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നുണ്ട്. മാസ വരിസംഖ്യ നൽകുന്നവർക്കാണ് ഒൺലി ഫാൻസ് വെബ്സൈറ്റിലെ ഉള്ളടക്കങ്ങളിലേക്ക് പ്രവേശനമുള്ളത്. ക്രിയേറ്റർമാർക്ക് ലഭിക്കുന്ന തുകയുടെ 20 ശതമാനം കമ്പനിയും ഈടാക്കുന്നു.