“തൊണ്ടടുക്കി കത്തിച്ച കാലങ്ങള്‍ തൊണ്ടിമുതല്‍ തെണ്ടിനടക്കാനൊടുവില്‍ ചിരട്ടമാത്രം ഈര്‍ക്കില്‍പരുവത്തിലായല്ലോ ഉലകം” വി. വിനയകുമാർ എഴുതിയ കവിത
തെങ്ങിന്‍പൂങ്കുല തെയ്യമാടുമ്പോള്‍
വിരക്തിയാടിക്കളിച്ചൂ അവള്‍:
”തേങ്ങയില്ലെങ്കിലും ജീവിച്ചുപോകാം;
ഓല, ചൂട്ട്, കോഞ്ഞാട്ട, മടല്‍, തൊണ്ട്,
ചിരട്ട, ഈര്‍ക്കില്‍ ഇല്ലെങ്കിലോ?”
അതാണു ചൊല്ലുള്ളത്
പ്രണയലോകത്തര്‍ത്ഥം പലതെന്ന്.
അര്‍ത്ഥങ്ങള്‍ പഠിപ്പിച്ചുപോയവള്‍
അര്‍ത്ഥശാസ്ത്രത്തിലും മിടുക്കി.
ഓലയെ റോക്കറ്റാക്കി ‘ഒലെ ഓലെ’ പാട്ടിനൊപ്പം
‘ചൂട്ട് നഹീം ബോലോ’ പറഞ്ഞ് കര്‍ഷകസ്‌നേഹം
കോഞ്ഞാട്ടകളെ കൊട്ടാരങ്ങളിലെത്തിച്ചു
‘മടലേറി’ന് ലൗജിഹാദെന്ന് പേരിട്ടു
തൊണ്ടടുക്കി കത്തിച്ച കാലങ്ങള്‍ തൊണ്ടിമുതല്‍
തെണ്ടിനടക്കാനൊടുവില്‍ ചിരട്ടമാത്രം
ഈര്‍ക്കില്‍പരുവത്തിലായല്ലോ ഉലകം.
അതാണ് ചൊല്ലില്ലാത്തത്
പ്രണയലോകത്തര്‍ത്ഥങ്ങളില്ലെന്ന്.
എന്തായാലും, ഞാനൊരു
തെങ്ങുനട്ടതിനുമുകളില്‍.
പൂങ്കുലകള്‍
പിറക്കുന്നതോ വളരുന്നതോ
കാലപ്പഴക്കംകൊള്ളുന്നതോ
സ്മാരകങ്ങള്‍?
കണ്ണിമയിലെത്തെങ്ങിനിപ്പോള്‍
പീലിയാട്ടം, നടുനടുക്കായ്
മഞ്ഞളാടും പൂങ്കുലയില്‍
കുഞ്ഞു കൊച്ചങ്ങകള്‍.
ഒരുമ്മ കൊടുത്താലോ?
കൊഴിഞ്ഞു
പോയാലോ?
കഴിയുമല്ലേ, കവിത?