കറി വെയ്ക്കുമ്പോൾ വെള്ളം കൂടി പിന്നെ അത് എങ്ങനെ ശരിയാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഈ വിദ്യകൾ പരീക്ഷിക്കാം
കോൺഫ്ളോർ
അടുക്കളയിൽ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സഹായമായി എത്തുന്നതാണ് കോൺഫ്ളോർ. ചൈനീസ് വിഭവങ്ങളായ മഞ്ചൂരിയൻ, ചില്ലി പൊട്ടാറ്റോ എന്നിവയിലാണ് ഇവ ധാരാളമായി ഉപയോഗിക്കുന്നത്. രണ്ട് ടേബിൾ സ്പൂൺ പൊടിയിൽ കാൽ കപ്പ് വെള്ളം ഒഴിച്ച് മിക്സ് ചെയ്യാം. ഇത് കറിയിലേക്ക് ഒഴിച്ചാൽ ഒരു മിനിറ്റിന് ഉള്ളിൽ തന്നെ കട്ടിയായി ലഭിക്കും. സ്ഥിരമായി ഇവ കറിയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
തക്കാളി പ്യൂരി
വേവിച്ച തക്കാളി നല്ലവണ്ണം ഉടച്ച് ഉപയോഗിക്കുന്നതാണ് പ്യുരി. റെസ്റ്റോറന്റ് സ്റ്റൈൽ കറിയുടെ രുചി ലഭിക്കാൻ ഇവ ഉപയാഗിക്കാവുന്നതാണ്. തക്കാളി വേവിക്കുന്നതിനോടൊപ്പം വെളുത്തുള്ളിയും ഉപ്പും ചേർക്കാവുന്നതാണ്. കറി കട്ടിയാവാൻ ഇവ മികച്ച ഉപാധിയാണ്.
നട്സ്
കശുവണ്ടി, ബദാം പോലെയുള്ളവ അരച്ച് കറിയിൽ ചേർക്കുന്നതും നല്ലതാണ്. കറിയുടെ അളവിന് അനുസരിച്ച് ചൂട് വെള്ളം ചേർത്ത് അരച്ചെടുക്കാം.
മുട്ട
നിങ്ങൾ നോൺവെജിറ്റേറിയനാണെങ്കിൽ കറിക്ക് കട്ടി കൂടാൻ മുട്ടപൊട്ടിച്ചൊഴിക്കാം. ഒരു മുട്ട തന്നെ കറി കട്ടിയാവാൻ ധാരാളമാണ്. അൽപ്പം കറി ഒരു കപ്പിലേക്ക് മാറ്റുക ഇതിലേക്ക് മുട്ട പൊട്ടിച്ച് നന്നായി അടിച്ച് ചേർക്കാം. ഈ മിശ്രിതം കറിയിലേക്ക് ഒഴിക്കാം. മുട്ട കട്ട പിടിക്കാതെ കറിയിൽ കിടക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്.
കടലമാവ്
കടലമാവ് ചൂടി വെള്ളത്തിൽ കലക്കി കട്ട പിടിക്കാതെ മിശ്രിതമാക്കി കറിയിൽ ഒഴിക്കാം. ഒരു ടേബിൾസ്പൂൺ അരകപ്പ് വെള്ളത്തിൽ എന്ന കണക്കിന് ഒഴിക്കാം.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച് ആവശ്യാനുസരണം കറിയിൽ ചേർക്കാം. കറി പെട്ടെന്ന് തന്നെ കട്ടിയായി മാറും
Content Highlights: easy ways to thicken the gravy