പേപ്പർ കമ്മലുകളുണ്ടാക്കിയാണ് റ്റീനു തന്റെ ബിസിനസ്സ് പരീക്ഷണങ്ങൾ ആരംഭിച്ചത്. ഏറെ പ്രതീക്ഷയോടെ തുടങ്ങിയത് പാതിയിൽ നിന്നെങ്കിലും ഈ മിടുക്കി തളർന്നില്ല. ബോട്ടിൽ ആർട്ടും, ഡ്രീം കാച്ചറും എല്ലാം തയ്‌യാറാക്കി വീണ്ടും ഓടി എന്നാൽ ക്ലച്ച് പിടിച്ചത് കേക്ക് ബേക്കിങ്ങിലാണ്. ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ ഹോബിയിലൂടെ ഇന്ന് മികച്ച വരുമാനം ഈ കോട്ടയംകാരി നേടുന്നു
ലോക്ഡൗൺകാലത്തെ പാചക പരീക്ഷണം
കഴിഞ്ഞ ലോക്ഡൗൺകാലത്താണ് പാചക പരീക്ഷണങ്ങളിൽ സജീവമായത്. പാചകത്തോട് പണ്ടേ താത്‌പര്യമായിരുന്നു. അക്കാലത്ത് സോഷ്യൽ മീഡിയയിൽ ഹിറ്റായ എല്ലാ ഭക്ഷണവും തയ്‌യാറാക്കിയിരുന്നു. കിഴി പൊറോട്ട, ഡാൽഗോണ കോഫി, അങ്ങനെ പലതും ചെയ്തു നോക്കി.അങ്ങനെയാണ് കേക്കിലെത്തിയത്. നന്നായി ചെയ്‌യുന്നത് കണ്ട് വീട്ടുകാരും സപ്പോർട്ട് ചെയ്‌യാൻ തുടങ്ങി. എന്തായാലും നന്നായി ചെയ്‌യാൻ പറ്റുന്നുണ്ട് എന്നാൽ ചെറിയ രീതിയിൽ ബേക്കിങ്ങ് ബിസിനസ്സ് തുടങ്ങാമെന്ന ചിന്ത വരുകയായിരുന്നു. എന്റേത് കൂട്ടുകുടുബമാണ് അത് കൊണ്ട് വലിയൊരു ഓഡിയൻസും എന്റെ പരീക്ഷണങ്ങൾക്ക് കൂട്ടായുണ്ടായിരുന്നു
കേക്ക് ഉണ്ടാക്കുന്ന കോഴ്സിനൊന്നും പോയിട്ടില്ല. വീട്ടിലാരും കേക്ക് ഉണ്ടാക്കുന്നത് കണ്ടിട്ടും ഇല്ല. യൂട്യൂബും കൂട്ടുകാരുടെ ടിപ്സുമാണ് എന്റെ ഗുരു. ക്രാഫ്റ്റ് വർക്കിൽ താത്‌പര്യമുള്ളത് കൊണ്ട് ആ കഴിവുകൾ കേക്ക് തയ്‌യാറാക്കുമ്പോൾ ഉപയോഗപ്പെടുത്താൻ കഴിയുന്നു. ഓവനില്ലാതെയാണ് ആദ്യം കേക്കുണ്ടാക്കി. ഇപ്പോൾ ഓവനും മറ്റ് സാമഗ്രഹികളും വാങ്ങി.
ആദ്യം വീട്ടുകാരുടെയും കൂട്ടുകാരുടെയും ഓർഡറുകളാണ് വന്നത്. പതിയെ നമ്മുടെ ബിസിനസ്സ് എല്ലാവരിലേക്കും എത്തുകയായിരുന്നു. ഗൂഗിൾ റിവ്യു കണ്ടാണ് പലരും വാങ്ങാൻ എത്തുന്നത്. ഒരു കൊല്ലം കൊണ്ട് 500 ലധികം കേക്ക് തയ്‌യാറാക്കി. ചില സമയത്ത് തിരക്ക് കാരണം ഓർഡറുകൾ എടുക്കാൻ പറ്റാതെ വന്നിട്ടുണ്ട്. നല്ല രീതിയിൽ മുന്നോട്ട് പോവാനാണ് ആഗ്രഹം. തീം കേക്കുകളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ക്രിയേറ്റിവായൊരു ഇടം നമുക്ക് അതിൽ കിട്ടുന്നുണ്ടലോ.
ആരോഗ്യപ്രവർത്തകയായ അമ്മയ്‍ക്ക് വേണ്ടി മകൻ ഒരു കേക്ക് ആവശ്യപ്പെട്ടു അവർക്ക് മാസ്ക്കും സ്തെസ്ക്കോപ്പും ഒക്കെ ആകൃതിയിലുളള കേക്ക് നൽകി. പിന്നീട് ഷിപ്പിൽ ജോലിയുള്ള ആൾക്ക് കപ്പലിന്റെ മാതൃകയിൽ ഒരെണ്ണം തയ്‌യാറാക്കി. അങ്ങനെയാണ് തീം കേക്കുകളുടെ ആരംഭം. പിന്നീടിപ്പോൾ തീം കേക്കുകൾക്ക് തന്നെയാണ് ആവശ്യക്കാർ. നമ്മൾ ഒരു തീം കേക്കുണ്ടാക്കി വാങ്ങുന്നവർ അത് കണ്ട് സന്തോഷിക്കുന്നത് കാണുന്നതാണ് ഏറ്റവും വലിയ കാര്യം.വാൻചോ ചോക്ളേറ്റ് തുടങ്ങിയ കേക്കുകൾക്ക് ആവശ്യക്കാർ ഏറെയാണ്
പേപ്പർ കമ്മലിനായി തുടങ്ങിയ ഇൻസ്റ്റാഗ്രാം പേജ്
കേക്ക്സ്മിത്ത് എന്ന പേരിൽ ഇൻസ്റ്റാഗ്രാം പേജിലൂടെയും ഒരുപാട് ഓർഡറുകൾ ലഭിക്കാറുണ്ട്. സത്യത്തിൽ ആ പേജിന്റെ പേര് ആദ്യം അതായിരുന്നില്ല. ആദ്യം പേപ്പർ ഓർണമെന്റസ് തയ്‌യാറാക്കുമായിരുന്നു അതിന്റെ ചിത്രങ്ങളിട്ടായിരുന്നു തുടക്കം. പിന്നീട് ബോട്ടിൽ ആർട്ടിലും കൈവെച്ചു.സത്യത്തിൽ അതൊന്നും ക്ലിക്കായില്ല. പിന്നീട് ബേക്കിങ്ങ് തുടങ്ങിയപ്പോൾ പുതിയൊരു പേജ് തുടങ്ങാൻ തോന്നിയില്ല. അതിന്റെ പേര് മാറ്റി.. ഇന്ന് ഈ പേജിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഒത്തിരി സ്വപ്നങ്ങൾ
തുടക്കകാലത്ത് നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഒരു കിലോ കേക്ക് ഓർഡർ ചെയ്താൽ ആ അളവിൽ എങ്ങനെ ഉണ്ടാക്കിയെടുക്കുമെന്നത് വലിയ പ്രതിസന്ധിയായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം മറികടന്നു. ഒരു ഷോപ്പ് തുടങ്ങണമെന്നുണ്ട്. എന്നാൽ അതിന്റെ ലൈസൻസ്, മുതൽമുടക്ക് എന്നിവയെല്ലാം ഓർക്കുമ്പോൾ ടെൻഷനാണ്. ഇപ്പോൾ ചെയ്‌യുന്ന ഈ പ്രവർത്തനങ്ങൾ വിപുലമാക്കണമെന്ന് തന്നെയാണ് ആഗ്രഹം.
ഐടി മേഖലയിൽ ജോലി ചെയ്‌യുകയാണ് ഭർത്താവ് ഷിജിൻ. ഈ സംരംഭത്തിന് പൂർണ്ണപിന്തുണ നൽകി അദ്ദേഹം കൂടെയുണ്ട്. അടുക്കളയിൽ തുടങ്ങി വിപണനത്തിന് വരെ അദ്ദേഹം സഹായിക്കുന്നു.
Content Highlights: About baker Teenu Mathew, Customized cakes