“തണുപ്പ് തീരെസഹിക്കവയ്യാതെ ആയപ്പോഴാണ് കണ്ണുതുറന്നത്. ഉപ്പുഭരണിയിൽ പെട്ടതുപോലെ. ചുറ്റുമിതെന്താണ്?. വെളുത്ത മണ്ണ്. കിടക്കയിൽ നിന്ന് ഒരുപിടി വാരി നോക്കി. മഞ്ഞാണ്.” ഡി പി അഭിജിത്ത് എഴുതിയ കഥ
1
“പുസ്തകങ്ങളും മനുഷ്യരാണ്.” ‘കൂടി’ലേക്ക് വരാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചവർക്കെല്ലാംചേർത്ത് വക്കീൽ ഒറ്റവരിയിൽ ഉത്തരം കൊടുത്തു. തിണ്ണയിൽ അകലംപാലിച്ചിരുന്ന ആറാളും കൗതുകം പൂണ്ടയാളെ നോക്കി. അത്രയും ആവേശത്തിൽ അയാളെയവർ കാണുന്നത് ആദ്യമായിരുന്നു.
“ഒന്നോർത്താ പിള്ളേര് പറയുന്നേം കേട്ട് അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാനുള്ളതാ. എന്നാ, അറുപത് കഴിഞ്ഞെന്നും പറഞ്ഞു നമ്മള് മരണോം കാത്തിരിക്കുവാന്നോ. മനസിൽ വിശ്വസിക്കുന്നോര്‍ക്ക് പ്രായം വെറും അക്കങ്ങളാ.”
അതുകൂടി കൂട്ടിച്ചേർക്കുമ്പോൾ, നടന്നതെല്ലാം മാജിക്കൽ റിയലിസം പോലെ മഞ്ഞ് മേലാവരണമിട്ടതാണെന്നയാൾക്ക് തോന്നി.
മകളും മരുമകനും ചേര്‍ന്ന് പുനഃപരിശോധനയില്ലാതുറപ്പിച്ച അനിശ്ചിതകാല ഏകാന്ത തടവിലേക്ക്, കൃത്യം നൂറ് ദിവസം മുൻപ് അകപ്പെട്ടത് മുതൽ തൊട്ടുമുൻപ് അവരുടെ സമ്മതത്തോടെ അതുഭേദിച്ച് ഇറങ്ങിയതുവരെയുള്ള സംഭവങ്ങൾ ഒന്നൊന്നായി അയാളെ വന്നുമുട്ടി.
വീടും ‘കൂടും’ വിട്ട് എങ്ങോട്ടും പടരാത്ത റൂട്ട് മാപ്പുള്ള അയാളെ സംബന്ധിച്ച് വീട്ടിലിരിപ്പ് പ്രയാസമുള്ളതായിരുന്നില്ല. പണ്ടും, കോടതിവളപ്പിലെ ഒച്ചപ്പാടും തിക്കിക്കളിയും കഴിഞ്ഞാല്‍ അരണ്ട നിറങ്ങളിലുള്ള നിശ്ശബ്ദചിത്രം പോലെയായിരുന്നു ജീവിതം. ഏകാന്തത നിത്യവൃത്തിപോലെ വഴക്കം. അക്കണക്കിന് ആകെക്കൂടി നഷ്ടമായത് ‘കൂടി’ലെ സായാഹ്നങ്ങളായിരുന്നു.
ആഴ്ചയിലൊരിക്കൽ അയാൾ അവിടേക്ക് ചെല്ലും. വർത്തമാനങ്ങളൊന്നുമില്ല. ചെസ്സുകളിച്ചിരിക്കും. ഇരുട്ടു കനക്കുമ്പോൾ തിരിച്ചുമടങ്ങും.
പ്രായം ചെന്നവര്‍ക്ക് ഒത്തുകൂടാനുള്ള ‘കൂട്’, അഞ്ചുകൊല്ലം മുന്‍പ് മരുമകന്റെ കമ്പനിയുടെ പങ്കാളിത്തത്തോടെ അയാൾ പണിതതാണ്. അകാലത്തില്‍ പൊലിഞ്ഞ അമ്മയുടെ ഓര്‍മ്മമണ്ണ് പൊതുവകയാക്കുന്നതിലുള്ള പുത്രീക്ഷോഭത്തിന്റെ ചില്ലയിൽ, ഒട്ടും ഇളക്കം തട്ടാതെയയാൾ കൂടിനെ ഉറപ്പിച്ചുനിർത്തി. ആദ്യമൊന്നും ആരാലും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പതിയെ വൃദ്ധക്കുരുവികൾ കൂടണഞ്ഞു തുടങ്ങി. നോട്ടം തട്ടി തുടങ്ങിയപ്പോൾ വാർധക്യത്തിന്റെ കരുതല്‍ മാതൃകയായി വാര്‍ത്തകളില്‍ നിറഞ്ഞ ‘കൂടി’ന്‍റെ മുഴുവന്‍ ക്രഡിറ്റും വക്കീല്‍ മകൾക്ക് വച്ചൊഴിഞ്ഞു. അവൾക്ക് സ്ഥാനക്കയറ്റം കിട്ടിയ മാസത്തിൽ ‘കൂടി’ന് നിറം വച്ചു. നരച്ച ശരീരങ്ങള്‍ക്ക് വേണ്ടി പിന്നീട് പലയിടത്തും കമ്പനി കൂടുകള്‍ കൂട്ടി.
എല്ലാ സൗകര്യങ്ങളോടുമുള്ള മുറി. സമയാസമയങ്ങളില്‍ ആഹാരം. ആരോഗ്യ പരിരക്ഷയ്ക്ക് ഹോം നഴ്സ്. ശല്യമേതും ചെയ്യാത്ത കൊച്ചു മക്കള്‍. സ്വസ്ഥം. സമാധാനം. ദിവസം മിനിറ്റുകളും സെക്കന്റുകളുമായി നീണ്ടിട്ടും മുറിയടച്ചുള്ള ഇരുപ്പ് അയാളെ ചടപ്പിച്ചില്ല.
ആവിധം ആവർത്തനങ്ങളാൽ അലിഞ്ഞു തീരേണ്ട കാലത്തിൽനിന്ന്, അയാളെ ഇവിടെ കൊണ്ടെത്തിച്ചത് സത്യത്തിൽ ഗാബോയായിരുന്നു.
“അച്ഛന് മാർക്കേസിനെ ഇഷ്ടപ്പെടും. ചുമ്മാതിരിക്കുവല്ലേ വായിക്ക്,” ഒരു വൈകുന്നേരത്ത് പുസ്തകം മേശപ്പുറത്തു കൊണ്ടുവച്ച് മകൾ പറഞ്ഞു.
ആദ്യത്തെ ഒരാഴ്ച അയാളതിലേക്ക് നോക്കുകപോലും ചെയ്തില്ല. തീര്‍ത്തും വിരസമായ ചില ദിനരാത്രങ്ങള്‍ക്ക് ശേഷം വെയിൽ തിളയ്ക്കുന്ന ഒരു വൈകുന്നേരം അനാരോഗ്യകരമാകുന്ന പതിവുമയക്കത്തെ നിയന്ത്രിക്കാനെന്നോണം പുസ്തകം കയ്യിലെടുത്തു.
കുറച്ചുനേരം അലക്ഷ്യമായി പുറം ചട്ടയിൽ കണ്ണോടിച്ചിരുന്നു. നൊബേല്‍ സമ്മാനം കിട്ടിയ നോവലാണ്. നിസ്സാരമായിരിക്കില്ലെന്നുറപ്പ്. പക്ഷേ, പുസ്തകത്തില്‍ ആദ്യംതന്നെ ചേര്‍ത്തിരുന്ന വംശാവലി കണ്ടായാള്‍ക്ക് ഇച്ഛാഭംഗം തോന്നി. തെല്ലു സഹതാപത്തോടെ പേജുകൾ മറിച്ചു.
വിചാരിച്ചതിലും വിരസമായിരുന്നു വായന. പല ദിവസങ്ങളെടുത്ത് ആദ്യത്തെ ഏതാനും പേജുകള്‍ മാത്രം വായിച്ചു. കട്ടിയുള്ള മഞ്ഞുപാളികൾ. അലിയുന്നില്ല. എല്ലാപ്പഴുതുകളും അടഞ്ഞ കേസുപോലെ വലിയ പ്രലോഭനം. വിട്ടില്ല. പിന്നാലെ കൂടി.
വായനയിൽ പറയത്തക്ക മുൻ പരിചയങ്ങളൊന്നും ഇല്ലായിരുന്നിട്ടും ആ കളിയില്‍ വക്കീലിന് വേഗം ലഹരി പിടിച്ചു. മുന്നോട്ടുള്ള വായന പല തവണ പിന്നിലേക്ക് നീണ്ടു. കഥാപാത്രങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. ക്ഷമാപണത്തോടെ വീണ്ടും വീണ്ടും വംശാവലിയില്‍ ചെന്നുമുട്ടി. കഥയുടെ സുഖം കെടുത്തുന്ന ഏര്‍പ്പാടായി തോന്നി. മുറിയിലേയ്ക്ക് ഉരുണ്ടുവന്ന ചെറിയൊരു ക്രയോൺ കൊണ്ട് അയാളതിന് പരിഹാരം കണ്ടു.
*മക്കൊണ്ടയില്‍ അതുവരെ വന്നു പോയ സകലരും കട്ടിലിന് മുന്നിലെ ഭിത്തിയില്‍ നിന്ന് ആദരവോടെ അയാളെ നോക്കി.
“തന്തയ്ക്ക് പ്രാന്തിന്‍റെ ആരംഭമാ.”
കുട്ടികളെയും ചീത്തപറഞ്ഞു കളറിങ് സാധനങ്ങളും പെറുക്കി പോകുമ്പോള്‍ മരുമകൻ ഈർഷ്യയോടെ പറഞ്ഞു.
2
അന്‍പതാംവയസിൽ, ജോലിയോട് സലാം പറഞ്ഞതു മുതൽ ദിവസത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉറങ്ങിത്തീര്‍ക്കുകയും ബാക്കിസമയം അര്‍ധമയക്കമെന്ന് തോന്നിപ്പിക്കും വിധം ആലോചനാനിമഗ്നനായും കാണപ്പെട്ടിരുന്ന അയാൾ പരിസരം മറന്നിരുന്ന് പുസ്തകം വായിച്ചു തുടങ്ങി. മുറിയിലിരുന്ന് ആയവിധം കൈകാലനക്കി. മൂളിപ്പാട്ട് പാടി. സദാ പ്രസന്നനായി കാണപ്പെട്ടു. അടുത്തറിയുന്നവരെ സംബന്ധിച്ച് അയാള്‍ അതിവിചിത്രനായി മാറുകയായിരുന്നു.
നോവല്‍ അവസാനിച്ച ദിവസം അയാൾക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി. ആരോടെങ്കിലുമൊന്ന് സംസാരിക്കാനായെങ്കിൽ. ആരുമടുത്തില്ല. ഫോണും ചത്തിരിപ്പാണ്. അയാൾ ഭിത്തിയിൽ ചാരിയിരുന്നു. കട്ടിലിന് താഴെ **മഗ്ദലേന ഒഴുകുന്നു. അതിന്റെ അടിത്തട്ടിൽ യൗവ്വനം തെളിഞ്ഞുകാണാം. പ്രേമമയം. താൻ ആദ്യമായി മഞ്ഞുകട്ടകണ്ട സന്ദർഭം അയാൾ ഓർമ്മയിൽ പരതി. കണ്ണുകളിൽ മയക്കം തൊട്ടു.
തണുപ്പ് തീരെസഹിക്കവയ്യാതെ ആയപ്പോഴാണ് കണ്ണുതുറന്നത്. ഉപ്പുഭരണിയിൽ പെട്ടതുപോലെ. ചുറ്റുമിതെന്താണ്?. വെളുത്ത മണ്ണ്. കിടക്കയിൽ നിന്ന് ഒരുപിടി വാരി നോക്കി. മഞ്ഞാണ്.
തൊട്ടു മുന്നിൽ, താൻ വരച്ച മക്കൊണ്ടോയിലേക്ക് നോക്കി ഒരാൾ നിൽക്കുന്നു. അധികം ഉയരമില്ല. കറുത്ത വേഷം. അയാൾ തിരിഞ്ഞ് ഒരു ചുരുട്ട് ചുണ്ടിൽവച്ച് കത്തിച്ചു. കനൽ അത്രയും ഭാഗത്തെ മഞ്ഞ് വലിച്ചു കുടിച്ചപ്പോൾ അയാളുടെ മുഖം കാണാനായി. എൺപതിന് മേൽ തോന്നിക്കും. തലമുടിയും മീശയും പുരികവുമെല്ലാം നരച്ചിരിക്കുന്നു. കറുത്ത കട്ടിക്കണ്ണട.
പരിചയമുണ്ട്, പക്ഷേ തിരിയുന്നില്ല.
“ആരാണ്?” അൽപ്പമുറക്കെ വക്കീൽ ചോദിച്ചു..
“മൂപ്പിലാനെ ഞാനാ.” ഹോം നേഴ്സ് വാതിൽ തുറന്നു വന്നു.
“അല്ല മഞ്ഞ്,” അയാളറിയാതെ പറഞ്ഞു പോയി.
“മഞ്ഞോ,” പെണ്ണ് പൊട്ടിച്ചിരിച്ചു.
കലണ്ടറിൽ മാസം മറിച്ചിട്ടുകൊണ്ടവൾ അയാളെ നോക്കി.
“ഉറക്കമായിരുന്നോ? ദേണ്ടെ, ആളുവായൊക്കെ ഒലിച്ചിറങ്ങുന്നു.”
അയാളൊന്നും മറുപടി പറഞ്ഞില്ല. മുണ്ടിന്റെ അറ്റം കൊണ്ട് ചുണ്ടും താടിയും തുടച്ചു. സ്വതവെ മുഷിപ്പന്‍ സ്വഭാവക്കാരനായ അയാളോട് കുറച്ചെങ്കിലും അടുപ്പമുള്ളത് അവള്‍ക്കാണ്. താൽപ്പര്യമൊന്നും പുറത്തുകാട്ടാതെയാണെങ്കിലും പെണ്ണിന്റെ കിന്നാരമായാൾ കേട്ടിരിക്കും.
അവൾ തുടർന്നു.
“മൂപ്പിലാൻ അറിഞ്ഞാരുന്നോ കീഴേലെ മൂത്തേടം നമ്പൂരി രാവിലെ പടമായി. പെടുത്ത് നാറ്റിയതൊക്കെ വാരിക്കഴുകാൻ ചെല്ലുമ്പഴാണ് ഞാൻ കാര്യമറിയുന്നത്. ട്വിസ്റ്റൊന്താന്നു വച്ചാ അയാളുടെ എളേത്, അമ്മാളിന്റെ ഭര്‍ത്താവ് പത്തു മുപ്പതു കൊല്ലം മുൻപ് തീവണ്ടി മുട്ടി മരിച്ചാരുന്നത്രേ.”
‘ങേ’ എന്ന വ്യാക്ഷേപകം അയാളില്‍ നിന്നും പുറത്തുചാടി.
“കാണാതായപ്പോ തെരക്കിപ്പോയ മൂത്തേടം എല്ലാമറിഞ്ഞിട്ടും അമ്മാളിന്റെ നമ്പൂരി കേദാര്‍നാഥിലുണ്ടെന്നും ഏതോ വലിയ പൂജകഴിഞ്ഞു മടങ്ങി വരുമെന്നും പറഞ്ഞുപരത്തി. ഒക്കെ കള്ളമാരുന്നു. അവർക്ക് വേറെ എനത്തിലൊരു ഇഷ്ടക്കാരനുണ്ടായിരുന്നെന്നും സത്യമെല്ലാമറിയുമ്പോ അയാൾക്കൊപ്പം ഇറങ്ങിപ്പോയാ ഇല്ലത്തിന്റെ മാനം പോകുമല്ലോന്നുമോര്‍ത്തിട്ടൊള്ള ചെയ്ത്താരുന്നു. മരിക്കും മുമ്പ് കെളവൻ എല്ലാം തുറന്നു പറഞ്ഞു.”
“അമ്മാളിനെ ഞാൻ കേറി കണ്ടാരുന്നു. പാവം. അവർക്ക് സങ്കടമൊന്നുമില്ല, ഈയുള്ളകാലമത്രയും കരഞ്ഞു തീർത്തതല്ലേ. പക്ഷെ കുടുംബക്കാരു പ്രശ്നമാക്കി. മൊത്തവും വിറ്റുതൊലയ്ക്കാൻ തക്കം നോക്കിയിരുന്നതല്ലിയോ…” പെണ്ണ് വിശദീകരിക്കുമ്പോള്‍ അയാള്‍ ശ്വാസമെടുക്കാന്‍ പാടുപെടുന്നുണ്ടാ യിരുന്നു.
വൃദ്ധജനങ്ങള്‍ക്ക് തങ്ങളെക്കാള്‍ മുതിര്‍ന്നവരെ കാണുമ്പോഴുണ്ടാകുന്ന ഉന്മാദകരമായ സന്തോഷത്തെക്കുറിച്ചും സമകാലികരുടെ വിയോഗത്തിലുണ്ടാകുന്ന ഭയാകുലമായ വ്യസനത്തെപ്പറ്റിയുമോർത്ത് പറഞ്ഞതിൽ ശങ്കിച്ചു നിൽക്കുമ്പോഴാണ് അയാളിലെ സഹാനുഭൂതി ചെറുപുഞ്ചിരിയായി മാറിയത്.
ഏതെങ്കിലും കടുത്ത രോഗങ്ങളുടെ തുടക്കമാണോ എന്നുപോലും തോന്നിക്കുംവിധം ഭയാവഹമായിരുന്നു ആ കാഴ്ച. പക്ഷെ അറുപതില്‍നിന്നും പതിനാറിലേക്കുള്ള കാലാനുഭൂതിയുടെ തിരിപ്പടിയായിരുന്നതെന്ന് കുറച്ചു ദിവസങ്ങള്‍കൂടി കഴിഞ്ഞിട്ടാണവള്‍ക്ക് മനസ്സിലായത്.
പരിചിതമല്ലാത്തൊരു ശബ്ദം മുറിക്കുള്ളിൽ മുഴങ്ങുന്നതറിഞ്ഞാണ് അന്നുരാത്രി വക്കീൽ ഉറക്കം പൊട്ടിയെഴുന്നേറ്റത്. കടുത്ത തണുപ്പ്. ചുറ്റും കണ്ണാടി ഭിത്തിപോലെ വെളുത്ത മഞ്ഞ്. കോട വകഞ്ഞുമാറ്റി മുന്നിലേക്ക് നോക്കി.
അരികിൽ ഒരാളുണ്ട്. ഉച്ചയ്ക്ക് കണ്ട അതേ മനുഷ്യൻ. ഇത്തവണ കൂടുതൽ പരിചിതമായ മുഖം.
ഇത് അയാൾ തന്നെ! വക്കീൽ കൈയകലത്തിൽ നോവലിനായി പരതി. ഇല്ല.
“ക്മോ ഇഷ്ട്സ് ക്യമറട,” ആഗതൻ സൗമ്യമായി ചോദിച്ചു.
സ്പാനിഷാണെന്ന് വക്കീലിന് മനസ്സിലായി.
“മാർക്കേസ്?”
“ഹ… ഹ സുഖമാണോടോ സഖാവേ?”
ഗാബോ മലയാളി ചിരിചിരിച്ചു.
“ഹോ! വിശ്വസിക്കാനാകുന്നില്ല. താങ്കളെങ്ങനെ…” വക്കീൽ സംശയം നടിച്ചു.
“വിഡ്ഢിത്തം ചോദിക്കാതിരിക്കൂ പ്രിയ സുഹൃത്തേ” ഗാബോ പിന്നെയും ചിരിച്ചു.
“ഒൻപത് ആഴ്ചകൾ രണ്ടു ദിവസങ്ങൾ നാലുമണിക്കൂറുകൾ താങ്കളീ പാഴ് നോവലുമായി ഇതിനുള്ളിൽ കളഞ്ഞു. അതിനാലൊന്നു കാണണമെന്ന് തോന്നി.”
വക്കീൽ മറുത്തൊന്നും പറഞ്ഞില്ല. കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായി ചിരിക്കാൻ ശ്രമിച്ചു.
മാർക്കേസ് ഇടം കയ്യിലൊതുക്കി വച്ചിരുന്ന നോവൽ തുറന്ന് തലയിൽ കമഴ്ത്തി വച്ചുകൊണ്ട് പറഞ്ഞു
“ഇത് ഞാൻ എടുക്കുന്നു. പകരം, നിങ്ങൾക്ക് ഇപ്പോളുതകുന്നത് ഇതാണ്…” ഗാബോ ഒരു പുസ്തകം വക്കീലിനു നേരെ നീട്ടി.
“അപ്പോ ലാൽ സലാം.”
ഒരുകൂട്ടം മഞ്ഞ ചിത്രശലഭങ്ങൾ മുറിയിലേക്ക് പറന്നു വന്നയാളുടെ ദേഹത്തിരുന്നു. മാർക്വേസ് പതിയെ മഞ്ഞിലലിഞ്ഞു.
പിറ്റേന്ന് ഉണർന്നയുടനെ കട്ടിലിലിരുന്ന പുസ്തകമായാൾ കയ്യിലെടുത്തു. അതിന്റെ ആദ്യതാളിലെ ‘കോളറ’ എന്നത് വെട്ടി, മലയാളത്തിൽ ‘കൊറോണ’ എന്നെഴുതിയിരിക്കുന്നു.
തൊട്ടുതാഴെ ചരിഞ്ഞു നിൽക്കുന്ന മൂന്നു കുന്നുകൾപോലെ ഗാബോയുടെ ഒപ്പും.
അയാൾ കയ്യിലൊന്ന് അമർത്തി നുള്ളി. വീണ്ടും പുസ്തകത്തിലേക്ക് നോക്കി. സത്യം.
അയാൾക്ക് നാണം തോന്നി. അതിന്റെ പേരുവിവരം മറച്ചുവയ്ക്കാനെന്നോണം പത്രത്താളു കൊണ്ട് പൊതിയിട്ടു. പിന്നെ, ആർത്തിപിടിച്ച് വായന തുടങ്ങി.
പുറത്ത് ഇരുട്ടും വെളിച്ചവും ഒളിച്ചുകളിക്കുന്നതും പുറത്ത് താടി രോമങ്ങൾ വളർന്നു വെളുക്കുന്നതും വക്കീലറിഞ്ഞില്ല. രോഗാതുരമായ പ്രേമകാലത്തിന്റെ കപ്പൽ കരയ്ക്കടുപ്പിക്കുന്നത് മാത്രമായിരുന്നു ചിന്ത.
ഇതിനിടയ്ക്ക് പലദിവസങ്ങളിലും പുസ്തകത്തില്‍ നിന്ന് കണ്ണെടുക്കാതെ പെണ്ണിനോടയാള്‍ അമ്മാളുടെ ക്ഷേമം തിരക്കി. ഒരു സഹജീവിയോടുള്ള പരിഗണനയെ തെല്ലു സന്ദേഹത്തോടെയാണെങ്കിലും അവൾ ആദരിക്കുകയും വിശേഷങ്ങള്‍ വിശദമായിത്തന്നെ പറയുകയും ചെയ്തു. എങ്കിലും വക്കീലിന്‍റെ പരിണാമവും ആ പ്രത്യേക താൽപ്പര്യവും കൂട്ടിവായിക്കുമ്പോൾ, അമ്മാളിന്റെ പഴയ ഇഷ്ടക്കാരനെപ്പറ്റി പെണ്ണിനൊരൂഹം കിട്ടി. അതിലേക്ക് ഒന്നെറിഞ്ഞു നോക്കാൻ തന്നെയവൾ തീരുമാനിച്ചു.
“നമ്മടെ അമ്മാളിനെ ഇപ്പകണ്ടാലും എന്നാ അഴകാ. വയസ് അൻപതൊണ്ടെന്ന് കണ്ടാ തോന്നുവോ? വേളി കഴിഞ്ഞേപ്പിന്നെ മൂപ്പിലാനവരെ കണ്ടിട്ടുണ്ടോ?”
ചോദിക്കുമ്പോൾ അയാളുടെ മുഖത്തേക്ക് ചൂഴ്ന്നുനോക്കിക്കൊണ്ട് ഊഹം ബലപ്പെടുത്തി. വക്കീൽ പിടികൊടുത്തില്ല. പെണ്ണും കുറച്ചില്ല. പുതുവെള്ളത്തിലിറങ്ങി വരുന്ന മീനുകൾക്കായി തീറ്റ കൊരുത്ത് ചൂണ്ടയിറക്കും പോലെ, അങ്ങുമിങ്ങും തൊടാതെ അമ്മാളിന്റെ ദുരിതത്തെപ്പറ്റിയും സഹോദരങ്ങ ളുടെ ഉപദ്രവത്തെപ്പറ്റിയുമൊക്കെ കണ്ണീരുചേര്‍ത്ത് കുറേ വാചകങ്ങളെറിഞ്ഞുവച്ചു. അടുത്ത രണ്ടു ദിവസവും അയാളതില്‍ക്കുരുങ്ങി തൊണ്ട പതറുന്നതറിഞ്ഞിട്ടും മനഃപൂര്‍വം സംഭാഷണം ഒഴിവാക്കി. ‘പിടഞ്ഞു തുടങ്ങട്ടെ’ എന്നു മനസ്സില്‍ പറഞ്ഞു. മൂന്നാംദിനം വക്കീലിനെയവള്‍ ക്രോസ്സു വിസ്താരം നടത്തി. പാവം പൂണ്ടടക്കം വീണു.
“പ്രേമത്തിന് പ്രായമൊന്നുമില്ല മാഷെ. പക്ഷേ, അവരടെ മനസ്സറിയണം. അതെനിക്കു വിട്.”
കാര്യങ്ങളെല്ലാം കേട്ടപ്പോൾ പെണ്ണ് തറപ്പിച്ചു പറഞ്ഞു. അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി അരമനസോ ടെയാണെങ്കിലും അമ്മാളിന് ഒരു കത്ത് മുഴുമിപ്പിച്ചു. കാര്യങ്ങളെല്ലാം പെണ്ണ് വേണ്ടവിധം മുന്നോട്ടു നീക്കി.
3
“ഈ മനുഷ്യർക്കൊക്കെ വാലുകൾ വരച്ചത് നീയാണോ?” പിറ്റേന്ന് പെണ്ണുവന്നപ്പോൾ വക്കീൽ അതീവ ഗൗരവത്തോടെ തിരക്കി.
“പിന്നേ… പടം വരച്ച് കളിക്കാനല്ലേ ഞാനിങ്ങോട്ട് വരുന്നത്,” അവളത് അവഗണിച്ചുമാറി.
അയാൾ എല്ലാവർക്കും നേരെ ഒച്ചയുണ്ടാക്കി.
“നോക്ക്, അത് പന്നിവാലാ”
അതുപറഞ്ഞയാൾ പിന്നെയും വ്യസനിക്കുന്നത് കേട്ട് പെണ്ണ് ഉറക്കെ ചിരിച്ചുപോയി. അയാൾ വിമ്മിട്ടപ്പെട്ട് പെണ്ണിനെ നോക്കി. പിന്നെ അവസരം മറന്ന്, സ്വിച്ചിട്ടപോലെ ചിരി തുടങ്ങി. മകളും മരുമകനും മുറിയിലെ ചിരിവെട്ടത്തിൽ വെളിച്ചപ്പെട്ടു.
“വയസുകാലത്ത് തന്ത ഇതെന്നാ ഭാവിച്ചാ. പേരുദോഷമാക്കും മുൻപ് പെണ്ണിനെയങ്ങു പറഞ്ഞു വിട്ടേക്കാം. നമുക്ക് ചെയ്യാനാകുന്നതൊക്കെയേ ഇപ്പോ ഉള്ളൂ.”
ദിവസങ്ങൾ വേഗത്തിൽ പെയ്തുപോയി. ഒരു തുണ്ട് കടലാസില്‍ അമ്മാളിന്‍റെ മറുപടി വന്നു. അതു കണ്ടപാടെ വക്കീല്‍ പെണ്ണിനെ കെട്ടിപ്പിടിച്ചു. അയാളുടെ എഴുന്നുനിന്ന നീളന്‍ രോമങ്ങള്‍ക്ക് മീതെ ചെറുമഞ്ഞുത്തുള്ളികള്‍ മൂളിപ്പാട്ടായി വിടർന്നു.
“Many years later!” ഉച്ചയുറക്കത്തിൽ മാർക്കേസിനെ കണ്ടപാടെ വക്കീൽ കട്ടിലിലേക്കാനയിച്ചു.
” ട്രെയിന്റയ് ഡോസ്. മുപ്പത്തി രണ്ട്.” ഗാബോ സൗമ്യമായി പറഞ്ഞു.
വക്കീൽ ചിരിച്ചു.
“ഈ വെള്ളക്കുപ്പായത്തിൽ ഗാബോ കൂടുതൽ സുന്ദരനായിരിക്കുന്നു.”
മറുപടിയായി മാർക്കേസ് മുഖം ചുളുക്കി മൂളിപ്പാട്ട് പാടി. സന്തോഷമില്ലാതെ ചിരിച്ചു.
“എന്തു പറ്റി? ഗാബോ അസ്വസ്ഥനാണോ?”
“ഏയ്. ദുഃഖം വെള്ളിയുടേതാകും. അൽപം തിരക്കുണ്ട്. മെർസിഡസുമൊത്തുള്ള ആദ്യ ഈസ്റ്ററല്ലേ. പിന്നെ അവൾക്കൊപ്പം അൽകപുൾകോയിൽ പോണം. ചിലരുടെ പ്രാർത്ഥനകളിൽ പങ്കുചേരണം.”
വക്കീലെല്ലാം മീണ്ടുകേട്ടു.
“പിന്നെ ഇപ്പൊ വന്നത് ഒരാശംസ പറയാനാ. വയസാംകാലത്തെ ചുറ്റിക്കളിയൊക്കെ അറിഞ്ഞു. വിട്ടുകളയണ്ട. കാര്യങ്ങളൊക്കെ ഉഷാറായി നടക്കും.”
അന്നേരമുണ്ടായ ഗൗളിയൊച്ച കേട്ട് ഗാബോ ഉറപ്പിച്ചു: “ദേ… സത്യം”
“ഞാൻ അന്ധവിശ്വാസിയല്ല.” വക്കീൽ ചിരിച്ചു. മാർക്കേസും.
“എല്ലാം കഴിഞ്ഞ് രണ്ടുപേരുംകൂടി ഒരീസം തലശ്ശേരിക്ക് പോര്.”
മാർക്കേസ് കൈവീശി.
ഇത്തവണ ബദാംകായ്കളുടെ രൂക്ഷഗന്ധത്തോടെയാണ് അദ്ദേഹമലിഞ്ഞു പോയത്.
4
പുറത്ത് പെണ്ണിനോടിനി വരണ്ടെന്ന് ചട്ടം കെട്ടുന്നതുകേട്ട് വക്കീലാകെ അസ്വസ്ഥനായി.
കണക്ക് തീർത്തു പോകാൻ നേരം പെണ്ണിന്റെ കണ്ണ് നിറയുകയായിരുന്നു. കൊഴിഞ്ഞുവീണ മുടിയെപ്പോലെ അയാളവളെ നോക്കി. മൂര്‍ധാവില്‍ കൈവെച്ചാശംസിച്ചു.
“ഞാറാഴ്ച വീതംവയ്പ്പാ അതു കഴിഞ്ഞാല്‍പ്പിന്നെ അമ്മാളിനവിടെ നില്‍ക്കാന്‍ പറ്റത്തില്ല. വീട്ടുകാരേതാണ്ട് ഉപേക്ഷിച്ച കണക്കാ. അവരെ ഞാൻ ‘കൂടി’ലോട്ടു കൊണ്ടുവരാം. ഇവുടുന്ന് എങ്ങനേലും ചാടാന്‍ നോക്ക്.” പോകാന്‍ നേരം രഹസ്യംപോലെ പെണ്ണ് പറഞ്ഞു.
വക്കീലിന് മുന്‍പില്‍ ഞായറാഴ്ചയിലേക്ക് മൂന്നു ദിവസങ്ങളുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കരുക്കള്‍ മാത്രം നീക്കാനുള്ള സമയം. അതിനുള്ളില്‍ ആര്‍ക്കും സംശയം തോന്നാത്തവിധം ‘കൂടി’ലെത്തണം. ആ രാത്രി ആലോചിച്ചു വെളുപ്പിക്കുമ്പോള്‍ ഏറ്റവും ഹീനമായ നീക്കങ്ങള്‍ പോലും പ്രവൃത്തിയിലേക്കുള്ള ദൂരം നോക്കി അയാൾക്ക് ചുറ്റുമിരുന്നു.
പിറ്റേന്ന് രാവിലെ വളരെ ക്ലേശിച്ചാണെങ്കിലും സ്വന്തം കിടക്കയില്‍ അയാള്‍ ശോധന നിര്‍വ്വഹിച്ചു. അന്നേദിവസം വീട് സൂര്യകാന്തിപ്പൂക്കളാല്‍ കലുഷിതമായി. ആദ്യത്തേതിന്റെ സൗരഭ്യം കെട്ടണയും മുന്‍പ് തല്‍സ്ഥാനത്ത് പൂര്‍ണ്ണശോഭയില്‍ വീണ്ടും മഞ്ജിമ വിടര്‍ന്നു.
കാര്യങ്ങൾ കണക്കുകൂട്ടൽ പോലെ തന്നെ നീങ്ങി. കഴിഞ്ഞരാത്രിയിൽ കുളിമുറിക്കുള്ളിലെ നിതാന്ത പരിശ്രമത്തിന്റെ തെളിച്ചത്തില്‍ കിടപ്പ് മുറിയില്‍ നിന്നു അടുക്കളവരെ നടന്നുകൊണ്ടയാൾ മൂത്രമൊഴിച്ചു. പ്രശ്നം സങ്കീർണ്ണമായി. അച്ഛന് സ്ഥിരത നഷ്ടപ്പെട്ടെന്ന വിലയിരുത്തലിലെത്താൻ അധികനേരം വേണ്ടിയിരുന്നില്ല. വൈകുന്നേരം പ്രായമായവര്‍ക്കുള്ള ഡയപ്പര്‍ വാങ്ങിക്കൊടുത്ത് മകൾ താൽക്കാലിക പരിഹാരം കണ്ടെത്തി.
അയാളും വിട്ടുകൊടുത്തില്ല. രാത്രി ഉപയോഗിച്ച ഡയപ്പറുകള്‍ വീടിന്‍റെ പലഭാഗങ്ങളിലേക്ക് കുത്തിപ്പൊട്ടിച്ചു വലിച്ചെറിഞ്ഞു. പിറ്റേന്ന് അവയ്ക്കിടയിലിരുന്ന് കൊച്ചുമക്കള്‍ക്കൊപ്പം കളിച്ചു. കാര്യങ്ങള്‍ കയ്യാങ്കളിവരെയെത്തി.
ഞായറാഴ്ച ഉച്ചയുറക്കത്തിൽ നിന്നുമുണരുമ്പോള്‍ കട്ടിലിന്‍റെ ഒരറ്റത്ത് രണ്ടുപേരുമുണ്ട്. അച്ഛനെ സുരക്ഷിതമാക്കി മറ്റൊരിടത്തേക്ക് മാറ്റുന്നതിനെപ്പറ്റി പ്രയാസപ്പെട്ടവർ പറഞ്ഞൊപ്പിക്കുമ്പോള്‍ അയാള്‍ ക്രാന്തദര്‍ശിയായി.
വിസര്‍ജ്യാര്‍ച്ചനയെക്കാളും കുഞ്ഞുങ്ങളോട് കാണിച്ച സ്നേഹാഭിഷേകമാകും ക്ഷിപ്രപ്രസാദം നല്‍കിയതെന്നൊരു ക്രൂരഫലിതവും അയാള്‍ക്കന്നേരം തോന്നി.
സമയമെടുത്ത് കുളിച്ചു. വളര്‍ന്നു കൂടിയ താടിരോമങ്ങളെ ശ്രദ്ധയോടെ വടിച്ചുകളഞ്ഞു. മീശയും മുടിയും കറുപ്പിച്ചു. കണ്ണാടിയിൽ പഴയ കാമുകൻ. മുഖത്ത് കുറച്ചു ചുളിവുകൾ വീണിട്ടുണ്ട്, വേറൊന്നുമില്ല. വൈകിട്ടത്തെ ചായകുടികഴിഞ്ഞ് അത്യാവശ്യ സാധനങ്ങളുമെടുത്ത് പുറത്തിറങ്ങി. അനുഗമിക്കാനൊരുങ്ങയ മകളെ കൈകൊണ്ടു വിലക്കി. പിന്നെ, ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തെപ്പറ്റി കേട്ടുപഴകിയൊരു അഫിഡവിറ്റ് കാച്ചി.
“ജീവിതം നോവലുപോലാണ്. എന്തും കുത്തി നിറക്കാന്‍ പാകത്തിലൊരു കീറച്ചാക്ക്. നടക്കുന്നതെല്ലാം അതിലെ അദ്ധ്യായമാണെന്ന് കരുതിയാമതി.”
സ്വരം വിതുമ്പിപ്പിച്ച്, തണുത്ത കാറ്റുപോലെ വാക്കുകളെ എയ്തുവിടുമ്പോള്‍ വ്യസനം പെയ്യാന്‍ പാകത്തിന് ഇരുണ്ടുതൂങ്ങിനിന്ന മക്കളുടെ മുഖമോർത്തയാൾക്ക് പിന്നെയും ചിരിപൊട്ടി.
5
വക്കീൽ ഗാബോയെപ്പറ്റിയോർത്തു. പാവത്തിന് ഇങ്ങനെ അലഞ്ഞു തിരിഞ്ഞു കഷ്ടപ്പെടാതെ ഇവിടെ സുഖമായിട്ടു കഴിയാമായിരുന്നു.
പോട്ടെ, അയാൾ സ്വയം സമാധാനിച്ചു. പിന്നെ അയവുള്ളൊരു ചിരി ചുണ്ടിൽ കൊരുത്തിട്ട്, ദൂരെയെഴുന്നു നില്‍ക്കുന്ന കുന്നിലേക്ക് കണ്ണും കയ്യും ചൂണ്ടി. പതിഞ്ഞ ഒച്ചയിൽ വക്കീൽ പറഞ്ഞുതുടങ്ങി.
”ദാ അങ്ങോട്ട് നോക്കിയേ, നമ്മടെ അപ്പൂപ്പൻ കുന്ന്. ആയ കാലത്ത് നമ്മെളെത്രവട്ടം കയറിയെറങ്ങിയിട്ടുള്ളതാ. മനസ്സില്‍ കാണുന്ന കാര്യം നടക്കാൻ അപ്പൂപ്പന് എന്തോരം കള്ള് നേര്‍ന്നിട്ടൊള്ളതാ.”
എല്ലാവരുടെയും നോട്ടം ചൂണ്ടുവിരലിലേക്ക് നീണ്ടു. അതിനറ്റത്ത്, അണഞ്ഞു കൂമ്പിയ കൂണുപോലെ പള്ളയൊട്ടിയ കുന്ന്. അപ്പൂപ്പൻ അവർക്കു നേരെ കൈ വീശി. ചെറിയ കാറ്റ്. ആരാരുമനങ്ങുന്നില്ല.
“ഇന്ന്… ദേ, ഇപ്പോ, നമ്മളൊന്നൂടെ മലകേറുന്നു. എന്തേ…?”
അനക്കം പൊട്ടിച്ച് ഉറച്ച ശബ്ദത്തിലയാൾ തിരക്കി. ആർക്കും എതിരഭിപ്രായമുണ്ടായില്ല. പ്രായത്തിന്റെ അസ്കിതകൾ പോലും മറന്ന് എല്ലാരും യാത്രയ്ക്ക് തയ്യാറായിക്കഴിഞ്ഞിരുന്നു.
കിളികൾ കൂടണഞ്ഞു തുടങ്ങിയ നേരം. അവയുടെ ചെറിയ കൂക്കിവിളികൾ പോലും അറുപതുകാരെ ഉത്സാഹത്തിലാക്കി. മുഖാവരണവും കുപ്പിവെളളവുമായി എല്ലാവരും കുന്നിനെ ലാക്കാക്കി നടന്നുതുടങ്ങി.
പരിഭ്രമത്തിനും സന്തോഷത്തിനുമിടയിൽ നിന്ന് പരുങ്ങിയ അമ്മാളിനെ കണ്ണടച്ചു കാട്ടി ഹോംനേഴ്സ് പെണ്ണ് സമാധാനിപ്പിച്ചു. കൈപിടിച്ചു കൂട്ടു നടന്നു.
ഇടയ്ക്ക് രണ്ടാളും വക്കീലിനെ പാളി നോക്കി.
തൊട്ടു പിന്നിലായ് നടന്ന ഹോംനേഴ്സ് പെണ്ണിനെ നന്ദിച്ചിരിയോടെ നോക്കി. എല്ലാത്തിനും കൂട്ടായതിന്‍റെ ചാരിതാര്‍ത്ഥ്യം അവളെച്ചുറ്റിക്കിടപ്പുണ്ടായിരു ന്നു.
മുന്നിൽ മല തുടങ്ങുന്നു. ആവേശം കുന്നിൽ പള്ളയിലൂടെ ചരിഞ്ഞു പെയ്യുമ്പോൾ ഒച്ചയുണ്ടാക്കി ഓടിക്കയറണമെന്നയാൾക്ക് തോന്നി. തൊട്ടടുത്ത് അമ്മാള്‍. ജീവിതം മുഴുവനും കണ്ട സ്വപ്നം. കള്ളുനേർന്ന മോഹം. കുളിരുകോരുന്നു. ഈ നിമിഷത്തില്‍ മരിച്ചുപോകാൻ പോലും തയ്യാർ.
ജയിച്ചവന്റെ ചിരി ജീവിതത്തിൽ ആദ്യമായി മുഖത്തു പടരുന്നത് അയാളറിഞ്ഞു. അമ്മാളുടെ അടുത്തേക്ക് അൽപം കൂടി ചേര്‍ന്നുനിന്നു. വിറയ്ക്കുന്നു. ഒരു വിരൽ അടുപ്പത്തിന് ആകാശത്തോളം ദൂരം. കണ്ണുകള്‍ കൂട്ടിമുട്ടാതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചു. എന്തൊക്കെയോ പറയാൻ മുട്ടുന്നു. ശ്രദ്ധ പാളി. ഒച്ച പൊട്ടി. സംസാരശേഷി കിട്ടിയ ഊമയെപ്പോലെ പകപ്പ്. കണ്മുന്നിലൊരു വാക്കടല്‍.
ഇളം ചൂടുള്ള കാറ്റ്.
ഇലയാടി. കൈകള്‍ തട്ടിയുരുമ്മി. തണ്ടനങ്ങി. വിരലുകൾ തമ്മിൽ കോര്‍ത്തു. മുറുകി. ഒന്നുചേർന്നു.
സാവധാനം മുകളിലേക്ക് കയറി.
മഞ്ഞുപുതച്ച ഒരു വൃദ്ധൻ ചെറുചിരിയോടെ അന്നേരമവരെ കടന്നുപോയി. മഞ്ഞനിറത്തിൽ കുറെ പൂമ്പാറ്റകളും.
* ‘ഏകാന്തതയുടെ നൂറുവർഷങ്ങളി’ലെ ഗ്രാമം
**നോവലിൽ കടന്നുവരുന്ന നദി
Web Title: Dp abhijith malayalam short story visudha chodanakalude sayamkalam519436