ദുബായ്: ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ പ്രകടനത്തിന്റെ മികവിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബുംറ ആദ്യ പത്തിൽ തിരിച്ചെത്തി. ക്യാപ്റ്റൻ കോഹ്ലിക്ക് ഒരു സ്ഥാനം നഷ്ടമായി അഞ്ചാമതെത്തി. കഴിഞ്ഞ മത്സരത്തിൽ റൺസൊന്നും നേടാനാവാതെ ആദ്യ പന്തിൽ തന്നെ കോഹ്ലി പുറത്തായിരുന്നു.
ആദ്യ മത്സരത്തിൽ ഒമ്പത് വിക്കറ്റുകൾ നേടിയ ബുംറ 110 പോയിന്റുകൾ നേടിയാണ് ഒമ്പതാം സ്ഥാനത്തേക്ക് എത്തിയത്. ആദ്യ മത്സരത്തിൽ ഒരു സെഞ്ചുറിയും അർദ്ധ സെഞ്ചുറിയും നേടിയ ഇംഗ്ലണ്ട് ക്യപ്റ്റൻ ജോ റൂട്ടാണ് കൊഹ്‌ലിയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തുമാണ് ആറ്, ഏഴ് സ്ഥാനങ്ങളിൽ.
ഇന്ത്യൻ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ ബാറ്റിങ്ങിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 36-മത് എത്തി. ആദ്യ ഇന്നിങ്സിൽ അർദ്ധ സെഞ്ചുറി നേടിയ കെഎൽ രാഹുൽ വീണ്ടും റാങ്കിങ്ങിൽ ഇടം കണ്ടെത്തി. 56-ാം സ്ഥാനത്താണ്.
Also read: മൂന്ന് ഫോര്‍മാറ്റിലും ബുംറയ്ക്ക് അതിശയകരമായ മികവുണ്ട്: ജോണി ബെയര്‍സ്റ്റോ
ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ജഡേജ രണ്ടാം സ്ഥാനത്തെത്തി. രവിചന്ദ്ര അശ്വിൻ പട്ടികയിൽ നാലാം സ്ഥാനത്താണ്. ബോളർമാരുടെ പട്ടികയിൽ അശ്വിൻ രണ്ടാം സ്ഥാനം നിലനിർത്തി. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാമത്.
ഇന്ത്യൻ ബോളർ ശാർദൂൽ താക്കൂർ 55-ാം സ്ഥാനത്തെത്തി. അതേസമയം ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതായി.
The post ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബുംറ ആദ്യ പത്തിൽ തിരിച്ചെത്തി; കോഹ്‌ലി താഴേക്ക് appeared first on Indian Express Malayalam.