“ചില സ്വപ്നങ്ങളിൽ എത്ര വെള്ളം കണ്ടാലും നമ്മൾ കരയിലേക്ക് ചാടുന്ന മീനിനെപ്പോലാകും” വിബിൻ ചാലിയപ്പുറം എഴുതിയ കവിത
പച്ചപ്പായലൊട്ടിപ്പിടിച്ച
ഇടവഴി നടന്നുകയറിയാൽ
ആള് നിറഞ്ഞ പാർക്കാണ്.
തണലിൽ കിടക്കുന്നവർ
കളിക്കളങ്ങളിൽ കുട്ടികൾ
ആരുമറിയാക്കാഴ്ചകളിലേക്ക്
വിത്തെറിയുന്ന ശലഭക്കൂട്ടങ്ങൾ,
ഒറ്റക്കൊരു ബെഞ്ച്
കിട്ടാനേ പ്രയാസം.
പിറകിൽ കുളമാണ്,
അരികിൽ വലയെറിയുന്നവരും
കരയിൽ മീൻ വിൽക്കുന്നവരും.
ആകെ ബഹളമയം,
ആൾക്കൂട്ടം.
അന്തിമൂത്തന്നേരം കുളത്തിൽ
മീൻപുളപ്പുകൾക്കു മുകളിൽ
കുമിഞ്ഞുകൂടിയ ഓലച്ചൂട്ടുകളാൽ
തീക്കുണ്ഡം
പഞ്ചാരിമേളം
ചുറ്റിലും തിറ
ഭഗവതി വെള്ളാട്ട്
നാഗകാളി
തീച്ചാമുണ്ഡി.
അക്കരെ ബലൂണുകൾക്കിടയിൽ
പൊട്ടുപോലെ
അവൻ ചിരിച്ചതിന്നടയാളം.
കണ്ടുകൊണ്ടിരിക്കാനാവുന്നില്ല,
കുളത്തിൽ മുങ്ങിപ്പോവുന്നുണ്ട്.
കണ്ണിലൊരു മീൻ കൊത്തവേ
വിയർത്തെഴുന്നേറ്റു.
സമയം
പുലർച്ചെ രണ്ടേ മുപ്പത്.
പനി വിട്ടിട്ടുണ്ട്.
അടച്ചിട്ട വാതിൽ,
ഫാനിന്റെ ശബ്ദം,
ചില സ്വപ്നങ്ങളിൽ
എത്ര വെള്ളം കണ്ടാലും
നമ്മൾ
കരയിലേക്ക് ചാടുന്ന
മീനിനെപ്പോലാകും.
ഒരു ക്വാറന്റൈൻ റൂമിനെ
തിരിച്ചറിഞ്ഞത്
കിടന്നകിടപ്പിൽ പിന്നേയും
എത്ര നേരം കഴിഞ്ഞാണ്!