ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് യാത്ര ചെയ്യും. കഴിഞ്ഞ ആഴ്ച മറ്റൊരു കോടിശ്വരനായ വിർജിൻ ഗാലക്റ്റിക് ഉടമ റിച്ചാർഡ് ബ്രാൻസൺ ബഹിരാകാശത്തേക്ക് യാത്ര ചെയ്തിരുന്നു അതിനു പിന്നാലെയാണ് ജെഫ് ബെസോസിന്റെ യാത്ര.
ബ്ലൂ ഒറിജിന്റെ ‘ന്യൂ ഷെപ്പേർഡ്’ എന്ന റോക്കറ്റിലാണ് ജെഫ് ബെസോസും സംഘവും യാത്ര ചെയ്യുക. പടിഞ്ഞാറൻ ടെക്‌സാസിൽ നിന്നും കുതിച്ചുയരുന്ന റോക്കറ്റ് 62 മൈൽ ദൂരം സഞ്ചരിക്കാൻ ആണ് പദ്ധതി. റിച്ചാർഡ് ബ്രാൻസണും സംഘവും 50 മൈൽ ദൂരമാണ് സഞ്ചരിച്ചത്.
ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6:30 നാണ് സംഘം യാത്ര തിരിക്കുക. വൈകുന്നേരം അഞ്ചു മണി മുതൽ കമ്പനിയുടെ യൂട്യൂബ് ചാനലിൽ റോക്കറ്റ് വിക്ഷേപണം തത്സമയം കാണാൻ സാധിക്കും. അപ്പോളോ 11 ചന്ദ്രനിൽ ഇറങ്ങിയതിന്റെ 52-മത് വാർഷിക ദിനത്തിലാണ് ജെഫ് ബോസോസും സംഘവും ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്.
അമേരിക്കയിൽ നിന്നും ആദ്യം ബഹിരാകാശത്ത് എത്തിയ അലൻ ഷെപ്പേർഡിന്റെ പേരിൽ നിന്നുമാണ് ബ്ലൂ ഒറിജിൻ റോക്കറ്റിന് ന്യൂ ഷെപ്പേർഡ് എന്ന പേര് നൽകിയിരിക്കുന്നത്. വിർജിൻ ഗാലക്‌റ്റിക്ക് സംഘം യാത്ര ചെയ്തത് ബഹിരാകാശ വിമാനത്തിൽ ആണെങ്കിൽ ജെഫ് ബോസോസും സംഘവും റോക്കറ്റിലാണ് യാത്ര ചെയ്യുന്നത്.
15 തവണ പറക്കൽ പരീക്ഷണം നടത്തിയിട്ടാണ് ന്യൂ ഷേപ്പാർഡ് ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നത്. 15 പറക്കലിൽ ആദ്യത്തെ തവണ ഒഴികെ റോക്കറ്റ് സുരക്ഷിതമായി താഴെ ഇറക്കിയിരുന്നു.
ജെഫ് ബെസോസിന് പുറമെ സഹോദരൻ മാർക്ക് ബെസോസ്, നെതർലണ്ടിൽ നിന്നുള്ള പതിനെട്ടുകാരനായ വിദ്യാർത്ഥി ഒലിവർ ഡീമൻ, പൈലറ്റായ മേരി വാലൈസ് ഫങ്ക് എന്നിവരാണ് ഇന്ന് യാത്ര ചെയ്യുന്നത്.
The post ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ റോക്കറ്റ് ഇന്ന് ബഹിരാകാശത്തേക്ക്, എങ്ങനെ കാണാം? appeared first on Indian Express Malayalam.