കൊല്ലം: എൻസിപി നേതാവ് പത്മാകരൻഅപമാനിക്കാൻ ശ്രമിച്ച സംഭവം ഒത്തുതീർപ്പാക്കാൻ വിളിച്ച മന്ത്രി ശശീന്ദ്രൻ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലെന്ന് പരാതിക്കാരി. പരാതി നൽകിയതിനെ തുടർന്ന് എൻസിപി ജില്ലാ നേതാക്കൾ തന്നെയും പിതാവിനെയും നേരിട്ട് വിളിച്ചു. മന്ത്രി ശശീന്ദ്രൻ, വർക്കല രവികുമാർ എന്നിവർ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നുംപരാതിയുമായി മുന്നോട്ട് പോകാതെ കേസ് ഒത്തുതീർക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും വഴങ്ങിയില്ലെന്നും പോലീസിന്റെ ഭാഗത്ത് നിന്നും നീതിപൂർണമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
നടന്ന് പോകുമ്പോൾ കാശ് തരാം എന്ന് പറഞ്ഞ ശേഷം പത്മാകരൻ തന്റെ അനുവാദമില്ലാതെ കൈയിൽ കയറി പിടിച്ചതിനാലാണ് പരാതി നൽകിയത്. ജൂൺ 28ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 30ന് രാവിലെ 10 മണിക്ക് കുണ്ടറ സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. ഒൻപത് മണിക്ക് സ്റ്റേഷനിലെത്തിയെങ്കിലും കാത്തുനിൽക്കാനാണ് പോലീസ് ആവശ്യപ്പെട്ടത്. 11 മണിവരെ അകത്തേക്ക് വിളിപ്പിക്കാതിരുന്നപ്പോൾ കാര്യം തിരക്കി. 10 മണിക്ക് കക്ഷികൾ വന്ന് പോയി എന്നാണ് പോലീസുകാർ പറഞ്ഞത്. നിങ്ങൾ സ്വാധീനത്തിന് വഴങ്ങുകയാണോ എന്ന് ചോദിച്ചപ്പോൾ സി.ഐയോട് നേരിട്ട് തിരക്കിക്കോളൂ, നിങ്ങളോട് സംസാരിക്കേണ്ട കാര്യമില്ല എന്ന മറുപടിയാണ് പോലീസുകാർ നൽകിയതെന്നും പരാതിക്കാരി പറയുന്നു.
അന്നേ ദിവസം തന്നെ സി.ഐ സ്ഥലം മാറി പോയി.പുതിയ സിഐയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ കേസ് പഠിക്കട്ടെ എന്ന മറുപടിയാണ് ലഭിച്ചത്. ഇന്നുവരെ എഫ്ഐആർ ഇടാനോ തുടർ നടപടികൾ സ്വീകരിക്കാനോ പോലീസ് തയ്യാറായിട്ടില്ലെന്നും യുവതി ആരോപിക്കുന്നു. എൻസിപി നേതാക്കളുടെയും പത്മാകരന്റെയും ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായെന്നും താൻ താമസിക്കുന്നത് എവിടെയാണ് എന്ന് തിരക്കി ഭീഷണിപ്പെടുത്താൻ പത്മാകരൻ ശ്രമിച്ചുവെന്നും പരാതിക്കാരി വെളിപ്പെടുത്തി. കേസിൽ പോലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥയെ തന്റെ സഹപ്രവർത്തകരായ യുവമോർച്ച പ്രവർത്തകർ പല തവണ നേരിട്ട് ചോദ്യം ചെയ്തെങ്കിലും പോലീസ് അനങ്ങിയില്ലെന്നും പരാതിക്കാരി പറയുന്നു.
അച്ഛന്റെ രാഷ്ട്രീയത്തിന് വിപരീതമായി മകൾ പ്രവർത്തിക്കുന്നത് പണത്തിന് വേണ്ടിയാണെന്ന പേരിലായിരുന്നു ആക്ഷേപം. ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച പോസ്റ്ററുകൾ ഉപയോഗിച്ച് എൻസിപി ഗ്രൂപ്പുകളിൽ അപമാനിക്കാൻ ശ്രമിച്ചതിന്റെ സ്ക്രീൻഷോട്ട് കൈവശമുണ്ടെന്നും പരാതിക്കാരി പറയുന്നു. അപമാനിച്ചതിന് മാപ്പ് പറയണം എന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് പരാതിയുമായി മുന്നോട്ട് പോയതെന്നും യുവതി പറയുന്നു. പോലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നപ്പോൾ വിഷയം പൊതുസമൂഹത്തെ അറിയിക്കണമെന്ന് സഹപ്രവർത്തകർ പറഞ്ഞുവെന്നും എന്നാൽ സ്ത്രീ എന്ന നിലയിൽ അതിനുള്ള ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്താണ് പരാതി നൽകാതിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു.
പരാതി നൽകി രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് മന്ത്രി തന്നെ വിളിച്ചതെന്നും കേസ് ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ടുവെന്നും പരാതിക്കാരിയുടെ പിതാവ് പറയുന്നു. വിളിക്കുന്നത് ആരാണെന്ന് ചോദിച്ചപ്പോൾ ആണ് മന്ത്രിയാണെന്ന് വ്യക്തമായത്. അവിടെ ഒരു പാർട്ടി പ്രശ്നമുണ്ടല്ലോ എന്നാണ് മന്ത്രി ആദ്യം പറഞ്ഞതെന്നും എന്നാൽ പാർട്ടി പ്രശ്നമല്ലെന്നും തന്റെ മകളെ പത്മാകരൻ കൈക്ക് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് മന്ത്രിയോട് വ്യക്തമായി പറഞ്ഞതാണെന്നും പിതാവ് പറയുന്നു. ആ കേസ് എനിക്ക് അറിയാം, അതങ്ങ് ഒത്തുതീർപ്പാക്കിയിട്ട് ഇനി സംസാരിച്ചാൽ മതിയെന്നാണ് ഭീഷണിയുടെ സ്വരത്തിൽ മന്ത്രി പറഞ്ഞതെന്നും പിതാവ് പറയുന്നു.
Content Highlights: victim explains the context of molesty case which minister Sasheendran tried to settle