(a+b)² – ഉം ടിഎം ജേക്കബുമൊക്കെ ചേർന്ന് വഴിയാധാരമാക്കിയ എന്റെ ജീവിതത്തിലേക്കാണ് ഒമ്പതാം തരത്തിൽ വച്ച് അശ്വതി കടന്നു വരുന്നത്.
മൂന്നാം ഗ്രൂപ്പ് എടുത്തു പഠിക്കാൻ ഏഴാം തരത്തിലേ തീരുമാനിച്ച എന്നെ എന്തിനാണ് (a+b)², ഓർഗാനിക് കെമിസ്ട്രി, ന്യൂട്ടന്റെ ചലന നിയമങ്ങൾ ഒക്കെ പഠിപ്പിക്കുന്നതെന്നറിയാതെ ഞാൻ അന്തംവിട്ടിരുന്നു.
പഠിക്കണമെന്ന് തോന്നിയാൽ തന്നെ പാഠപുസ്തകമെവിടെ? എട്ടാം തരം മുതൽ പാഠപുസ്തകങ്ങൾ മാറിക്കൊണ്ടേയിരുന്നു. അന്നത്തെ കരുണാകരൻ സർക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രി ടിഎം ജേക്കബിന്റെയും പരിഷ്കാരങ്ങളാണ്. പാഠപുസ്തകങ്ങൾ പ്രസിലെത്തുകപോലും ചെയ്യാതിരുന്നിട്ടും ഞങ്ങൾ പരീക്ഷകൾ എഴുതിക്കൊണ്ടേയിരുന്നു, പ്രോഗ്രസ് കാർഡുകൾ വരികയും പോകയും ചെയ്തു.
പുസ്തകങ്ങളില്ലാതെ ദാസൻ സാറും ശ്രീമതി സാറും ഗോപാലകൃഷ്ണൻ സാറും ലീല സാറുമൊക്കെ ഞങ്ങളെ പഠിപ്പിച്ചു കൊണ്ടേയിരുന്നു. എനിക്ക് ജീവിതത്തിലൊരിക്കലും പ്രയോജനപ്പെടാതെ പോകുന്ന പൈ ആർ സ്ക്വയറും ഓർഗാനിക് കെമിസ്ട്രിയുമൊക്കെ എന്നെ നോക്കി കൊഞ്ഞനം കുത്തി. ഞാൻ മുഖം കുനിച്ച് ഒമ്പത്-സിയിലെ കാലിളകിയ മേശമേൽ നോക്കിയിരുന്നു. മേശയിൽ കോമ്പസിനാൽ കൊത്തിവച്ച സുകുമാരൻ + റജീനയും അമ്പേറ്റ ഹൃദയവും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അന്നേരമാണ് അശ്വതിയുടെ വരവ്.
മരിച്ചാൽ സൈക്കിളിടിച്ചു മരിക്കുന്നതെന്തിന്? ബെൻസ് കാർ തന്നെയാവണം. സ്കൂളിലെ എന്റെ ഒന്നാം സ്ഥാനത്തെ ഇടിച്ചു തെറിപ്പിക്കാനായി, അയൽപക്കത്തെ വാണിവിലാസം സ്കൂളിൽ നിന്നും ഞങ്ങളുടെ ചമ്മനാട് സ്കൂളിലെ ഒമ്പത്-എയിലേയ്ക്ക് വന്ന ബെൻസായിരുന്നു അശ്വതി.
അശ്വതിയുടെ വരവിൽ ഏറ്റവും സന്തോഷിച്ചതും ഞാൻ തന്നെയാ യിരുന്നു. ഒന്നാം തരം മുതൽ മൂക്കില്ലാരാജ്യത്തെ മുറിമൂക്കനും ഒന്നാം സ്ഥാനക്കാരനുമായിരുന്ന എന്റെ പെടാപ്പാടുകൾക്ക് ചമ്മനാട്ടമ്മ തന്ന സമ്മാനമായിരുന്നു അശ്വതി. ഒന്നാം തരം മുതൽ എനിക്കൊപ്പം കളിച്ചു വളർന്ന ഒരുത്തനും എന്റെ ഒന്നാം സ്ഥാനം കൊണ്ടു പോകുന്നത് എനിക്കു സഹിക്കുമായിരുന്നില്ല എന്ന ഒറ്റക്കാരണത്താലാണ് ഞാനും പഠിത്തവും തമ്മിലുണ്ടായിരുന്ന പ്രണയബന്ധത്തെ തകർക്കാൻ ടി. എം. ജേക്കബും (a+b)² – ഉം ഒക്കെച്ചേർന്ന് ആവുന്നത്ര ശ്രമിച്ചിട്ടും, ഞാനാ ഒന്നാം സ്ഥാനത്തെ പാടുപെട്ടു കാത്തുസൂക്ഷിച്ചത്. ഇനി അതിന്റെ ആവശ്യമില്ല.
ഞാൻ ആശ്വാസത്തോടെ, സന്തോഷത്തോടെ, നന്ദിയോടെ ഒമ്പത്-സിയിലിരുന്ന് ഒമ്പത്-എയിലെ അശ്വതിയെ നോക്കി. ഒമ്പത്-എയിൽ ക്ലാസ് ടീച്ചറായ ആനന്ദവല്ലി സാർ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. ആനന്ദവല്ലി സാർ എന്ന എന്റെ അമ്മയുടെ വളർത്തുമകളായി മാറിക്കഴിഞ്ഞ അശ്വതി എന്റെ ചിന്തകളേതുമേ അറിയാതെ ബോർഡിൽ നോക്കിയിരിക്കയാണ്.
ഈ സരസ്വതി ക്ഷേത്രത്തിൽ…
ഭാസി മാനേജരുടെ കഞ്ഞി മുക്കിയ ഖദർ പോൽ വടിവൊത്ത ശബ്ദം മുഴങ്ങുന്നു. ഒമ്പതാം തരത്തിലെ വാർഷികപ്പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിനുള്ള സമ്മാനം ഭാസി മാനേജരിൽ നിന്ന് ഏറ്റുവാങ്ങാനായി ഫുൾ പാവാടയുടുത്ത്, മുടി പിന്നി, തലയുയർത്തി അശ്വതി നടന്നുവരവേ ഒരു കുട്ടി ആഞ്ഞു കൈയ്യടിച്ചു കൊണ്ടിരുന്നു. അന്നോളം സമ്മാനം ഏറ്റുവാങ്ങിയിരുന്ന ഒരാൾ. ആ കയ്യടിയുടെ മുഴക്കം ഇന്നുമെന്റെ കാതിലുണ്ട്.
എല്ലാ ഭാരങ്ങളും ഇറക്കിവച്ച്, കണക്കും സയൻസുമൊക്കെ മറന്ന് ഞാൻ മലയാളം-സാമൂഹ്യപാഠം വിഷയങ്ങളിലും ലൗകിക വിഷയങ്ങളിലും മുഴുകി.
പാഠപുസ്തകം പ്രസിൽ തന്നെയാണ്. വിഷമിക്കുന്നതെന്തിന്? മനോരാജ്യം-എസ് ടി റെഡ്യാർ- മാതൃഭൂമി പ്രസുകളിൽ ചലച്ചിത്രം, നാന, ചിത്രഭൂമി വാരികകൾ കൃത്യമായി അച്ചടിക്കുകയും ബാപ്പൂഞ്ഞിന്റെ പീടികയിൽ തൂങ്ങുകയും ഞാനവയെല്ലാം അരിച്ചുപെറുക്കി വായിക്കുകയും ചെയ്തു. എന്നിട്ട് വളരെ ശ്രദ്ധയോടെ ‘ഇടനാഴിയിലൊരു കാലൊച്ച’യിലെ കാർത്തികയുടെയും ‘ശ്യാമ’യിലെ നദിയാ മൊയ്തുവിന്റെയും ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ ശാരിയുടെയും കവർചിത്രങ്ങൾ ഇളക്കിയെടുത്ത് നോട്ടുപുസ്തകങ്ങൾ പൊതിഞ്ഞു. പിൻകവറിൽ ‘നഖക്ഷതങ്ങൾ’ക്ക് പി. എൻ. മേനോനും ‘രാജാവിന്റെ മകന്’ ഗായത്രി അശോകനും ‘സുഖമോ ദേവി’ക്ക് സന്തോഷും നിറങ്ങൾ ചാലിച്ച പരസ്യ ങ്ങൾ നോക്കിയിരിക്കയും ഞാനവയെല്ലാം പകർത്തി വരയ്ക്കയും ചെയ്തു.
സ്കൂൾ യുവജനോത്സവ വേദിയിൽ ശ്രീലതികകൾ തളിരണിഞ്ഞുലയു കയും ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിക്കയും ചെയ്തു.
രാജീവൻ സാറിന്റെ വിളികേട്ട് ഞാൻ ഞെട്ടിയെഴുന്നേറ്റു. ചമ്മനാട് പ്രതീക്ഷ ട്യൂഷൻ സെന്റർ നടത്തുന്ന രാജീവൻ സാർ. പള്ളിക്കൂടത്തിലെ ഒന്നാം സ്ഥാനക്കാരിയായ അശ്വതി, നായ്ക്കൻ സാറിന്റെ ശ്രീ വെങ്കിടേശ്വര ട്യൂഷൻ സെന്റർ എന്ന എസ് വി ടി സി യിലാണ്. രണ്ടാം സ്ഥാനക്കാരനായ എന്നെ പ്രതീക്ഷയ്ക്ക് വേണം, ഞാനിങ്ങെടുക്കുവാ എന്നു പറയാൻ വന്നതാണ് രാജീവൻ സാർ.
പള്ളിക്കൂടത്തിലെ പഠിത്തം തന്നെ ആവശ്യത്തിലധികമായ ഞാൻ ഓടി രക്ഷപ്പെടാൻ നോക്കി. രാജീവൻ സാറും ഖദർ കുപ്പായവും കൂടി എന്റെ പിന്നാലെ ഓടുകയും കോൺഗ്രസുകാരന്റെ സ്വതസിദ്ധമായ മികവോടെ എന്നെ ചാക്കിൽ പിടിച്ചിടുകയും ചെയ്തു. ഒരു മാസം വെറുതെ പ്രതീക്ഷ യിൽ ചെന്നിരുന്നാൽ മതി. പരീക്ഷാഫലം വരുമ്പോൾ പ്രതീക്ഷയുടെ നോട്ടീസിൽ പേരും ഫോട്ടോയും ചേർക്കാനാണ്. സംഗതി കുഴപ്പമില്ല. പത്ത്-എയിലെ സുന്ദരികളാം രണ്ടുപേർ പ്രതീക്ഷയിലുണ്ടുതാനും. ആ പ്രതീക്ഷയോടെ ഞാൻ രാജീവൻ സാറിനെ നോക്കി ചിരിച്ചു. സാറും മാർച്ചിലെ സൂര്യനും ഒരേപോലെ ചിരിച്ചു.
അതേ മാർച്ച് അവസാനം അന്നപ്പെമ്പിള്ളയുടെ പീടികയുടെ നിരപ്പലക യിൽ ‘ഒന്നു മുതൽ പൂജ്യം വരെ’യുടെ പോസ്റ്റർ പതിഞ്ഞു. മാതൃഭൂമിയും രഘുനാഥ് പലേരിയും ഞങ്ങളുടെ സ്വന്തമാണ്. അച്ഛനും അമ്മയും ചേച്ചിയും ഞാനും കൂടി കുത്തിയതോട് സാരഥിയിലേയ്ക്ക് വച്ചു പിടിച്ചു. രാത്രി തിരികെ വീട്ടിലേയ്ക്കു നടക്കവേ സാരഥിയിൽ നിന്നും പലേരിയും ഗീതുവും ആഷാ ജയറാമും ലാലേട്ടനും ഒഎൻവിയും മോഹൻ സിതാര യും ഷാജിയും ഞങ്ങളെ പിന്തുടരുകയും അവരൊക്കെയും ഞങ്ങളുടെ പഴയതാം വീട്ടിൽ താമസിക്കയും ചെയ്തു.
മഞ്ഞിൽ വിരിഞ്ഞ ലാലേട്ടനെപ്പോലെ മുടി ചീകി ഞാൻ ഗീതാ സ്റ്റുഡിയോ യിലെ ക്യാമറയ്ക്ക് മുന്നിലിരുന്നു. ആ ഫോട്ടോയിൽ ഹെഡ്മാസ്റ്റർ ഇളയത് സാർ പച്ചമഷിയാലേ വേലികെട്ടി. 1987 ലെ 1200 മാർക്കിന്റെ, ഇനിയൊരി ക്കലും ആവർത്തിക്കപ്പെടാതെ ചരിത്രമായി മാറാൻ പോകുന്ന മുറം പോലത്തെ എസ് എസ് സി ബുക്കിന്റെ കോണിൽ പതിനഞ്ച് വയതിനിലേ ഞാനും വരച്ചു. ജീവിതത്തിലെ ആദ്യത്തെ ഒപ്പ്.
മാർച്ചിലെ മാർച്ചിങ് ടു പരീക്ഷാ ഹാൾ.
പല പാഠപുസ്തകങ്ങളും മാർച്ചിലും കൈയിലെത്താത്തതിനാൽ എസ് എസ് സി പരീക്ഷ മാർച്ച് അവസാന-ഏപ്രിൽ ആദ്യവാരങ്ങളിലാണ്. ഞാൻ ചുവന്ന ബി എസ് എ സൈക്കിളിൽ പള്ളിക്കൂടത്തിലെത്തുകയും ഉച്ചയ്ക്ക് വീട്ടിലെത്തി ഊണു കഴിച്ച് വീണ്ടും പരീക്ഷയെഴുതാൻ പോകയും ചെയ്തു. ആറു ദിവസങ്ങൾ, പന്ത്രണ്ട് പരീക്ഷകൾ; ഇടയിലൊരു ശനിയും ഞായറും. മലയാളവും സാമൂഹ്യശാസ്ത്രവുമൊക്കെ ഞാൻ കണ്ണടച്ചെഴുതുകയും കണക്ക്-ഊർജ്ജതന്ത്രം ചോദ്യക്കടലാസൊക്കെ വിയർത്തു കുളിച്ച് നോക്കിയിരിക്കയും ചെയ്തു.
ദിവസം, മണിക്കൂർ, നിമിഷങ്ങൾ… – അങ്ങനെ എണ്ണിയെണ്ണിയാണല്ലോ എല്ലാ പരീക്ഷാവസാനങ്ങളുടെയും കൗണ്ട് ഡൗൺ.
പരീക്ഷ തീർന്നു! നിശ്ശൂന്യത നടമാടും…
ഞാനും സൈക്കിളും മാത്രം ശേഷിക്കുന്നു. ചമ്മനാട് മൈതാനം സാക്ഷി.
ഫസ്റ്റ് ഷോയ്ക്ക് എരമല്ലൂർ ജോസിലേയ്ക്ക്. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ രണ്ടാം കാഴ്ച.
പിന്നെ ഗുൽമോഹറുകൾ പൂക്കയും കൊഴിയുകയും ചെയ്തു. മെയ് ഇരുപത്തിയേഴിന് ഞാനും സൈക്കിളും ചമ്മനാട് പള്ളിക്കൂടത്തിന്റെ മുറ്റത്തു ചെന്നു നിന്നു. പരീക്ഷാഫലം തരപ്പെടുത്താൻ ആലപ്പുഴയ്ക്ക് പോയ രാജീവൻ സാർ തിരികെയെത്തണം.
അശ്വതി 1100 മാർക്കോടെ ഒന്നാമത്. ഞാൻ 830, രണ്ട്.
സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ മലയാളം ഒന്നാം പേപ്പറിന് 93. രണ്ടാം പേപ്പറിന് 54 മാത്രം. നന്നായെഴുതിയ ചരിത്രത്തിനും കുറവ്. എന്നും ആവേശത്തോടെ, ഇഷ്ടത്തോടെ മാത്രം എഴുതിയ പരീക്ഷകളാണ്. ഉള്ളിലൊരു അന്ധകാരനഴി ഇരമ്പുന്നുണ്ട്. പൊടുന്നനെ മാർക്ക് നൂറിലായപ്പോൾ അദ്ധ്യാപകർ മാർക്കിടാൻ പിശുക്കിയതാവാമെന്ന് പറഞ്ഞ് മലയാളം മാഷായ അച്ഛനും ഇംഗ്ലീഷ് അദ്ധ്യാപികയായ അമ്മയും അന്ധകാരനഴിക്ക് ബണ്ട് കെട്ടാൻ ശ്രമിക്കുന്നുണ്ട്.
കണക്കിന് 57, 54. ജയിച്ച ആശ്വാസത്തോടെ സങ്കടങ്ങൾക്ക് തടയിട്ട് ഭക്രാ-നംഗൽ കെട്ടി ഞാൻ.
മൂന്നര ദശകങ്ങൾക്കിപ്പുറവും ഹാൾ ടിക്കറ്റ് കാണാതെയും കണക്ക് ചോദ്യക്കടലാസ് കണ്ടും വിയർത്തു കുളിച്ചു ഞാൻ ഞെട്ടിയുണരുന്നുണ്ട്.
(a+b)² നോട് പകയുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ല. എന്നാലും (a+b)² നോട് ഒരുപിടി ചോദ്യങ്ങൾ ബാക്കിയാവുന്നു. പിന്നീടൊരിക്കലും എന്റെ നടവഴിയിലൊരിക്കലും നമ്മൾ തമ്മിൽ കണ്ടുമുട്ടില്ലെന്നുറപ്പായിരുന്നിട്ടും നിങ്ങളെന്തിനാണ് എന്നെത്തേടി വന്നത്? ഇന്നുമീ കൊടുംമഴയത്ത് എന്നെ തനിച്ചിങ്ങനെ നിർത്തിയിരിക്കുന്നത്? എന്റെ സ്വപനങ്ങളിൽ കണ്ണീരു പെയ്യിച്ചതും പെയ്യിക്കുന്നതുമെന്തിനാണ്?
ഒരു കടലിരമ്പം കേൾക്കുന്നുവോ?
ഉള്ളിലൊരു അന്ധകാരനഴി ഇന്നും ഇരമ്പുന്നുണ്ട്.
The post 1987 – മുറം നിറയും എസ് എസ് സി ഓർമ്മകളും 1200 സങ്കടങ്ങളും appeared first on Indian Express Malayalam.