കഴിഞ്ഞ നൂറ്റാണ്ടിലെ നിധികാക്കുന്ന ഭൂതങ്ങൾ കേരളത്തിൽ പല രൂപത്തിലുണ്ടായിരുന്നു. തലസ്ഥാനമായതിനാൽ കൂടതലും തിരുവനന്തപുരത്ത് ആയിരുന്നു ആ ഭൂതങ്ങളും അവരുടെ നിലവറകളും.. ഇന്നിപ്പോൾ ഏറെ വിവാദവും ചർച്ചയുമായിട്ടുള്ള പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയും നിധിയുമൊന്നും അന്നൊന്നും ആരും പരിഗണിക്കുക പോലും ചെയ്തിട്ടില്ല. അതിനേക്കാൾ വലിയ നിധി, ജീവിതത്തെ ബാധിക്കുന്നവയായിരുന്നു ആ നിധി.
.
ആ നിധി സൂക്ഷിച്ചിരുന്ന നിലവറകൾ തിരുവനന്തപുരത്ത് മൂന്നിടത്താ യിരുന്നു ഉണ്ടായിരുന്നത്. അതിൽ പ്രധാനപ്പെട്ട നിലവറ ഇപ്പോഴത്തെ നിലവാരം വച്ച് പറഞ്ഞാൽ ബി നിലവറ പൂജപ്പുരയിലായിരുന്നു. അത്രയില്ലെങ്കിലും ഉള്ള മറ്റൊന്ന് പാളയത്തും ആയിരുന്നു. പൂജപ്പുരയിലെ പ്രധാന നിലവറ തുറന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞായിരിക്കും പാളയത്തെ നിലവറ തുറക്കുക. പുജപ്പുര ബി നിലവറയുടെ രഹസ്യം പൊതുജനസമക്ഷം തുറക്കുന്നത് സ്റ്റാച്യുവിലെ നിലവറയിൽ വച്ചാണ്. ഇവിടെയും എല്ലാവർക്കും പ്രവേശനമില്ല.
പൂജപ്പുരയിലെ പരീക്ഷാഭവനിലെ നിലവറയിലാണ് എസ് എസ് എൽ സി ഫലം കേന്ദ്രീകൃത മൂല്യനിർണയം കഴിഞ്ഞുവരുന്ന എസ് എസ് എൽ സി മാർക്കുകൾ ടാബുലേഷൻ നടത്തുന്നത്. പരീക്ഷ ബോർഡ് കൂടി മോഡറേഷനും വിജയശതമാനവും നിശ്ചയിക്കുന്നത് എല്ലാം കഴിഞ്ഞ് നടത്തുന്ന ഫലപ്രഖ്യാപനം വരെയുള്ള ഏകദേശം മൂന്ന് മാസങ്ങൾ. ഇതായിരുന്നു എഴുപതുകളുടെ അവസാനം മുതൽ ഏതാണ്ട് 2005 വരെയുള്ള 25-30 വർഷത്തെ സ്ഥിതി.
പാളയത്ത് അന്നത്തെ പ്രീഡിഗ്രി മുതൽ മുകളിലോട്ടുള്ള സകലമാന ഡിഗ്രികളുടെയും ഫലം പ്രഖ്യാപിക്കുന്ന കേരള സർവകലാശാലാ ആസ്ഥാനം. എസ് എസ് എൽ സി ഫലം വന്ന് ഏതാനും ആഴ്ചകൾക്കകം അന്ന് കേരള സർവകലാശാല ഫലം വരും. ഏതാണ്ട് ഇതേ സമയത്ത്, തന്നെ ഗാന്ധി സർവകലാശാലയും (പിന്നീട് മഹാത്മാഗാന്ധി സർവകലാശാല) കാലിക്കറ്റ് സർവകലാശാലയുടെയും ഫലങ്ങളും വരും. ഇവ രണ്ടും യഥാക്രമം കോട്ടയവും മലപ്പുറവും ജില്ലകളിലെ നിധികുംഭങ്ങളാണ്.
മൂന്ന് സർവകലാശാലകളിലും പരീക്ഷാഫല കഥകളിയുണ്ടെങ്കിലും മേജർ സെറ്റ് കളി എസ് എസ് എൽ സിയാണ്. കേരളം മുഴുവനുള്ള കുട്ടികളുടെ ഫലമാണ്. ഏകദേശം ആറ് ലക്ഷത്തോളം കുട്ടികളാണ് അന്നൊക്കെ ഓരോ വർഷവും പത്താംതരം പരീക്ഷ എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ പരീക്ഷാഭവനും അവിടുത്തെ ജീവനക്കാർക്കം അവിടെ എന്തെങ്കിലും ബന്ധമുള്ളവർക്കും എന്തിന് തിരുവനന്തപുരത്തുള്ള വർക്കൊക്കെ ആ ഏതാനും ആഴ്ചകളിൽ വലിയ വിലയാണ്.
പരീക്ഷാഫലം വരുന്ന വഴികൾ
എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞാൽ ആദ്യമൊക്കെ എല്ലാവരും ആഘോഷപൂർവ്വം തിമിർത്ത് നടക്കുമെങ്കിലും മെയ് മാസം ആകുന്നതോടെ അന്നൊക്കെ കളിയുടെ കളം മാറും വിദ്യാർത്ഥികളിലും രക്ഷാകർത്താക്കളിലും ചെറിയൊരു അങ്കലാപ്പ് തുടങ്ങും എന്താവും ഫലം. ജയിക്കുമോ? ഫസ്റ്റ് ക്ലാസ് കിട്ടുമോ? ഡിസ്റ്റിങ്ഷൻ കാണുമോ? 500 മാർക്കിന് മുകളിൽ ഉണ്ടാകുമോ? എന്നിങ്ങനെ കാലത്തിനനുസരിച്ച് ആകാംക്ഷയുടെയും നെഞ്ചിടപ്പിന്റെയും തോതിന് വ്യത്യാസം വന്നുകൊണ്ടിരുന്നു. ഇന്ന് ഓൺലൈൻ ക്ലാസുകളിൽ പഠിക്കുന്ന തലമുറയ്ക്ക് ഓഫ്ലൈൻ പരീക്ഷാഫലത്തിന് പുറകെയുള്ള പാച്ചിൽ കെട്ടുകഥയായി തോന്നാം.
തിരുവനന്തപുരത്ത് പരീക്ഷാഭവനിൽ അക്കാലത്ത് വലിയ സെക്യൂരിറ്റിയാണ്. പൊലീസ് ഉണ്ട്. സെക്യൂരിറ്റിക്കായി പൊലീസിന് പുറമെ വേറെ ഉദ്യോഗസ്ഥരുണ്ട്. അവരൊക്കെ നിധികാക്കുന്ന ഭൂതങ്ങളെ പോലെ കാവൽ നിന്നു. അതിനിടിലൂടെ വേണം ഫലമറിയാനുള്ള ശ്രമം നടത്താൻ. പലരും ടെൻഷൻ മൂത്ത് പരീക്ഷഭവന്റെ മതിലിന് വെളിയിൽ പോയി അങ്ങോട്ട് നോക്കി നിൽക്കുന്ന കാഴ്ച 1990 കളുടെ അവസാനം പോലും ഉണ്ടാകാറുണ്ടായിരന്നു.
1980 കളായപ്പോഴേക്കും എസ് എസ് എൽ സി പരീക്ഷഫലം നൽകുന്ന ടെൻഷൻ മഹാമാരി പോലെ പടർന്ന് പിടിച്ചുകഴിഞ്ഞു. ടാബുലേഷൻ തുടങ്ങിക്കഴിയുമ്പോൾ മുതൽ കേരളത്തിലെ പലഭാഗങ്ങളിൽ നിന്നും തിരുവനന്തപുരത്തുള്ള ബന്ധുക്കൾക്കും പരിചയക്കാർക്കും വിളി വന്നുതുടങ്ങും പരീക്ഷാഭവനിൽ എന്തെങ്കിലും പിടിയുണ്ടോ എന്നാകും അന്വേഷണം. അന്നൊക്കെ ഫോൺ തന്നെ കുറവ്. കൂടുതലും ഓഫീസുകളിൽ മാത്രമാണ്. മൊബൈൽ ഫോണൊക്കെ വരുന്നതിനും എന്തിന് എസ് ടി ഡി ഫോൺ വരുന്നതിനും മുമ്പുള്ള കാലത്ത് ഇത് തുടങ്ങുന്നു. ട്രങ്ക് ബുക്ക് ചെയ്തും ഓഫീസ് ഫോണിലെ സാധ്യതകൾ ഉപയോഗിച്ചും പഴയ നീല ഇൻലൻഡിലും മഞ്ഞകവറിലും കത്തെഴുതിയും ഹാൾടിക്കറ്റ് നമ്പരും പേരും സ്കൂളുമൊക്കെ എഴുതി ബന്ധുക്കൾക്ക് എത്തിച്ചും അവർ കാത്തിരുന്നു.
പരീക്ഷാ ഭവനുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരിലേക്ക് പാലം കെട്ടാൻ പല വഴികൾ നോക്കും അതിലെ ഫലം അനുസരിച്ചിരിക്കും റിസൾട്ട് നേരത്തെ അറിയുന്നത്. ഇതിനായി ജോലി ചെയ്യുന്ന ആൾ താമസിക്കുന്ന വാടക വീട്ടിലെ ഉടമസ്ഥൻ, ചായക്കടയിലെ സപ്ലൈയർ മുതൽ കട ഉടമസ്ഥൻ വരെയുള്ളവർ, പലചരക്ക് കടക്കാരൻ തുടങ്ങി പലവഴികളിൽ സ്വാധീനം ചെലുത്താൻ ആളുകൾ വഴി തേടും. ഇങ്ങനെ ഫലം അറിഞ്ഞ് കൊടുക്കാനുള്ള ശ്രമത്തിൽ വിള്ളൽ വീണ കുടുംബബന്ധം വിളക്കി ചേർക്കപ്പെടുകയും നല്ല ബന്ധത്തിൽ നിലനിന്നിരന്ന ബന്ധങ്ങളിൽ വിള്ളൽ വീഴുകയും ചെയ്ത സംഭവങ്ങളുമുണ്ട്.
ഇതെല്ലാം മറികടന്ന് പരീക്ഷാ ഭവനിൽ പിടിയുള്ള ആരെയെങ്കിലും കണ്ടുപിടിക്കും. എന്നാൽ, വീണ്ടും പ്രതിസന്ധികളുണ്ട്. നേരെ പോയി റിസൾട്ട് അറിയാൻ അവർക്ക് പറ്റണമെന്നില്ല.
അവരുടെ കൈവശം കടലാസിൽ എഴുതിയ ഹാൾടിക്കറ്റ് നമ്പർ നൽകും. അവർ അത് വളരെ രഹസ്യമായി കൊണ്ടുപോകും ഷർട്ടിലെ മടക്കിൽവച്ചോ ചോറുപാത്ര ബാഗിൽ കൂടിയോ ഒക്കെ. അവിടെ നിന്നും അവർ എഴുതി കൊടുക്കുന്ന ഫലം പലവഴികളിലൂടെ പുറത്ത് കടത്തും. ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നതിന് മുമ്പേ പുറത്ത് ഫലം ലീക്ക് ചെയ്ത രീതികളിതൊക്കെ ആയിരുന്നു.
ജയിച്ചവരുടെ മാർക്ക് മാത്രമേ അവർ പുറത്ത് പറയാറുണ്ടായിരുന്നുള്ളൂ. തോറ്റുപോയാൽ പറയില്ല. പകരം അത് ആയില്ല എന്നോ അറിയാൻ പറ്റിയില്ല എന്നോ ഒക്കെ എന്തെങ്കിലും പറഞ്ഞ് തടിതപ്പും. തോറ്റുപോയി എന്ന് അറിയക്കുന്നത് മരണവിവരം അറിയിക്കുന്നത് പോലെ ഒന്നായിരുന്നു അന്ന്. ഇന്ന് തോൽവിയില്ലാത്തതിനാൽ അതൊരു അത്ഭുതമായി ഗ്രേഡിങ് തലമുറയ്ക്ക് തോന്നിയേക്കാം.
അങ്ങനെയൊക്കെ മാർക്ക് അറിയുന്ന വീടുകളിൽ ടെൻഷൻ ഒഴിയാറില്ല. അതൊക്കെ അങ്ങനെ തന്നെ നിൽക്കും ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ. അതിൽ പ്രതീക്ഷയും നിരാശയുമുണ്ടായും. മാർക്കിലെ വ്യത്യാസത്തിലാണ് പ്രധാന പ്രതീക്ഷ. ഫലം വരുമ്പോൾ പലപ്പോഴും അത് നിരാശയാകും നേരത്തെ അറിഞ്ഞ മാർക്ക് തന്നെയാകും.
“ഉയ്യന്റെപ്പാ…നമ്മക്കിട്ടി, എനി ബേമ്പുവാ…” “പയലുകൾ കാത്ത് നിക്കണ് ഓടിപ്പോയിനടെ…”
ഫലം പ്രഖ്യാപിക്കുന്നതിന് തലേദിവസം തിരുവനന്തപുരം നഗരത്തിൽ അപരിചിതരുടെ പെരുന്നാളായിരികും. അപരിചതത്വത്തിലെ പരിചയമാണ് അവിടെ നിറഞ്ഞുനിൽക്കുക. ഏതാണ്ട് രാവിലെ മുതൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് ചുറ്റവട്ടത്ത് ചെറുപൂരത്തിനുള്ള ആളുകൾ ഉണ്ടാകും. പല മലയാളം സംസാരിക്കുന്നവർ. അവിടെ ചെന്നാൽ, മലയാള ഭാഷയുടെ ബഹുസ്വരത നേരിട്ട് കേൾക്കുകയും കാണുകയും ചെയ്യാമായിരുന്നു. മഞ്ചേശ്വരം മുതൽ കളിയിക്കാവിളവരെ സെക്രട്ടേറിയറ്റിന് മുന്നിൽ ചുറ്റുന്ന സമയം. ഇസ്കൂൾ, ഉസ്കൂൾ, സ്കൂൾ, ഇജ്ജ് അണ്ണൻ, ഏട്ടൻ, ചേട്ടൻ, മാഷ്, മൂപ്പര്, തുടങ്ങി കടലവറുക്കുന്നത് പോലെ പലതരം വിളികൾ കേൾക്കാൻ കഴിയും. പക്ഷേ, എല്ലാവരും ഒരേ ആവശ്യക്കാർ.
ഇവിടെ സെക്രട്ടേറിയറ്റിലാണ് പൂജപ്പുരയിലെ നിലവറയിൽ നിന്നും കൊണ്ടുവരുന്ന എസ് എസ് എൽ സി ഫലം രഹസ്യനിധി തുറക്കുന്നത്. അത് കിട്ടാനാണ് ഈ അപരിചിതരുടെ ആൾക്കൂട്ടം.
കേരളത്തിൽ 90കളുടെ അവസാനം വരെ സജീവമായിരുന്ന ഒന്നാണ് പാരലൽ കോളജുകൾ അഥവാ ട്യൂട്ടോറിയൽ കോളജുകൾ എന്നറിയപ്പെടുന്ന വിദ്യാഭ്യാസ സംവിധാനം. പല പാരലൽ കോളജുകളിലും പത്താം ക്ലാസിന് പല ബാച്ചുകൾ ഉണ്ടായിരന്നു. സാധാരണ സ്കൂൾ ഗോയിങ് ബാച്ചിനൊപ്പം ഫെയിൽഡ് ബാച്ച് എന്നൊരു പ്രശസ്ത ബാച്ച് കൂടെ അക്കാലത്ത് ഉണ്ടായിരുന്നു. തോറ്റുപോയവർ പിന്നീട് പഠിച്ച് പരീക്ഷയെഴുതുന്നതായിരന്നു അത്. അത് ഫെയിൽഡ് ബാച്ച് എന്നറിയപ്പെടും. പിന്നെ ഓൾഡ് സിലബസ് ബാച്ച് (പാഠപുസ്തകം മാറിക്കഴിഞ്ഞാൽ അതിന് മുമ്പ് പഠിച്ച പാഠപുസ്തകം അടിസ്ഥാനമാക്കി പരീക്ഷ എഴുതുന്നവർ) എന്നിവർക്കൊ പ്രധാന അത്താണി പാരലൽ കോളജ് ആയിരുന്നു.
ഇവരുടെയൊക്കെ പരീക്ഷാഫലം കിട്ടാനാണ് കേരളത്തിലെ ഓരോ പ്രദേശത്തെയും പാരലൽ കോളജ് ഉടമകളും അധ്യാപകരും വണ്ടിയും വള്ളവും പിടിച്ച് തിരുവനന്തപുരത്ത് വരുന്നത്. അന്ന് തിരുവനന്തപുരത്ത് കോളടിക്കുന്നത് ചിലരുണ്ട്. തട്ട് കടക്കാർ, ഹോട്ടലുകാർ, ടെലിഫോൺ ബൂത്തുകാർ, ഫോട്ടോ സ്റ്റാറ്റുള്ളവർ, ഫാക്സ് മെഷീൻ ഉള്ളവർ തുടങ്ങിയവർ. ഇതിന് പുറമെ സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള കമ്പിത്തപാലാഫീസിലും തിരക്കേറും.
ഇതിനെല്ലാം പുറമെ വർഷത്തിലെ ബംമ്പർ ലോട്ടറി അടിക്കുന്നത് സായാഹ്ന പത്രങ്ങൾക്കാണ്. ഓരോ ജില്ലയിൽ മാത്രം എഡിഷനുള്ള പത്രങ്ങളാണ് അവർ. അതാത് ജില്ലകളിൽ തന്നെ പലതും കൃത്യമായി ഇറങ്ങാറില്ല. ഇറങ്ങിയാലും ഇത്രയും ഫലം പോയിട്ട് ജില്ലയിലെ ഫലം പൂർണമായി അച്ചടിക്കാനുള്ള പേജുകൾ അവർക്കില്ല. അപ്പോൾ പിന്നെ കിട്ടിയ നിധികളയേണ്ടതില്ല എന്ന് അവർ തീരുമാനിക്കും.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന പാരലൽ കോളജ് ഉടമകൾക്കും അധ്യാപകർക്കും അവർ തങ്ങൾക്ക് ലഭിക്കുന്ന ഫലം അടങ്ങിയ പുസ്തകക്കെട്ട് കൈമാറും. അത് തന്നെ വീതം വച്ചായിരിക്കും നൽകുക. അതിന് പല രീതികളുണ്ട്. ചിലർ ജില്ല തിരിച്ച് ഹോൾസെയിൽ വിൽപ്പനയായകും നടത്തുക. ചിലർ അതിനെയും വീണ്ടും മുറിച്ച് അവശ്യക്കാർ ആവശ്യമുള്ള പേജ് മാത്രമായി നൽകും. കണ്ണൂർ നഗരത്തിൽ പാരലൽ കോളജ് നടത്തുന്നയാൾക്ക് ഇരിട്ടിയിലെ സ്കൂളിലെ ഫലം ആവശ്യമില്ലല്ലോ. അപ്പോൾ ആ അധ്യാപകന് കണ്ണൂരിലെ മാത്രം മതിയാകും ചിലർ ഒന്നിച്ച് വാങ്ങി നാട്ടിൽ വിൽപ്പന നടത്തിയാതും കഥകൾ കേട്ടിട്ടുണ്ട്.
തലേദിവസം കണ്ണൂർ, മലബാർ എക്സപ്രസ്സിലും ബസിലും ജീപ്പും കാറുമൊക്കെ പിടിച്ച് സംഘമായും ഒക്കെ എത്തിയവ പാരലൽ കോളജുകാർ ഇതുമായി തിരികെ പോകും അതിനിടയിൽ അത്യാവശ്യ ഫലങ്ങളൊക്കെ സ്വന്തം പാരലൽ കോളജിന് നോട്ടീസ് അടിക്കാൻ വിളിച്ച് കൊടുക്കും ഫലമൊക്കെ സംഘടിപ്പിച്ച്, “ഉയ്യന്റെപ്പാ…നമ്മക്കിട്ടി,എനി ബേമ്പുവാ”, “പയലുകൾ കാത്ത് നിക്കണ് ഓടിപ്പോയിനടെ” എന്നൊക്കെയുള്ള വടക്ക്, തെക്ക് ആരവങ്ങളോടെ പാരലൽ സംഘം ആവേശത്തോടെ തിരുവനന്തപുരം നഗരം വിടുമ്പോഴേക്കും കേരളത്തിലെ പത്രമോഫീസുകളിലെ അടുത്ത ദിവസത്തെ പത്രത്തിലേക്ക് അച്ച് നിരത്താൻ തുടങ്ങിയിരിക്കും. പിന്നീട്, കാലം മാറിയപ്പോൾ ടൈപ്പ് ചെയ്ത് കയറ്റുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കും. അത് ആദ്യം ജില്ല തിരിച്ചും പിന്നീട് എണ്ണം കൂടിയതോടെ താലൂക്ക് തിരിച്ചും പിന്നെ എഡിഷൻ തിരിച്ചുമായി ഫലപ്രഖ്യാപനം.
ഇതെല്ലാം ആഘോഷമായി നടക്കുന്നതിനിടയിലാണ് ഫ്ലോപിയും സി ഡിയും കേരളത്തിലേക്ക് കടന്നുവന്നത്. അതോടെ എസ് എസ് എൽ സി റിസൾട്ട് പുസ്തക അച്ചടിയും കോലാഹലവും നിലച്ചു. എല്ലാ പത്രക്കാർക്കും മൊത്തം ഫലം ഉൾപ്പെടുന്ന സി ഡി യായി നൽകുന്നത്. 1999-2000ത്തോടെയാണ് ഫലപ്രഖ്യാപനം പൂർണ്ണമായും സി ഡിയിലേക്ക് മാറിയത്. ഇതോടെ റിസൾട്ട് കച്ചവടം വേറെ വഴിയിലായി. സി ഡി കൊടുക്കുന്നെങ്കിൽ ഒരാൾക്ക് മാത്രമേ കൊടുക്കാൻ സാധിക്കുകയുള്ളൂ. പിന്നെ, ചിലർ അതിൽ നിന്നും പ്രിന്റ് എടുത്ത് കൊടുത്തു. അന്ന് മെയിൽ ചെയ്യാനുള്ള സൗകര്യം കുറവായിരുന്നു. കേരളത്തിൽ വ്യാപകമായി കംപ്യൂട്ടർ സംവിധാനം വന്നിട്ടുമില്ല. അത്യാവശ്യം എ ഒ എല്ലും യാഹൂവുമൊക്കെയായി ചെറിയ തോതിൽ ആളുകൾ പരിചയപ്പെട്ടു വരുന്നതേയുള്ളൂ.
ഈ കാലങ്ങളിലൊക്കെ അടുത്ത ദിവസം സ്കൂളുകളിലും പാരലൽ കോളജുകളിലും വായനശാലകളിലും ഫലമറിയാൻ തിരക്കായിരിക്കും. ഇതിന് പുറമെ കേരളത്തിൽ ഏറ്റവും കൂടുതൽ പത്രം വിൽക്കുന്നതും വായിക്കുന്നതുമായ ദിവസവും ആ ഫലപ്രഖ്യാപന ദിവസങ്ങളായിരുന്നു. പത്താംക്ലാസ് പരീക്ഷയെഴുതിവരും അവരുടെ രക്ഷിതാക്കളുമൊക്കെ ഒന്നിലേറെ തവണ ആ ഫലം നോക്കുമായിരിന്നു.
2000ത്തിലെ തുടക്കത്തിൽ തന്നെ ഫലം സമ്പൂർണമായി ഓൺലൈനായി നൽകി അതോടെ ഈ നിധിവേട്ടയുടെ ഒരു ചടങ്ങ് അവസാനിച്ചു. മന്ത്രി ഫലം പ്രഖ്യാപിക്കുമ്പോൾ തന്നെ സൈറ്റിൽ ഫലം വരുന്ന സംവിധാനവും തുടങ്ങി. പക്ഷേ ഫലപ്രഖ്യാപനത്തിലെ നിലവറ സംവിധാനം തുടരന്നുണ്ട്. ഇപ്പോൾ ഗ്രേഡിങ്ങിലേക്ക് മാറിയിട്ടും നിലവറയുടെ രഹസ്യാത്മകത അങ്ങനെ തന്നെ തുടരുന്നു. വിശ്വാസം, അതല്ലേ എല്ലാം എന്ന മട്ടിൽ അവിടുത്തെ രഹസ്യത്തിൽ വിശ്വസിച്ച് പത്താം ക്ലാസ് ഫലം കാത്ത് ഇന്നും വിദ്യാർത്ഥികൾ കാത്തിരിക്കുന്നു. ഒപ്പം രക്ഷിതാക്കളും അധ്യാപകരും.
നിങ്ങൾക്കും എഴുതാം, ഇവിടെ ഈ പംക്തിയിൽ. നൊസ്റ്റോളജിയ, അന്നൊക്കെയായിരുന്നു, പഴയകാല ഓർമ്മകൾ എന്നിവ പങ്ക് വെക്കുന്ന ഈ ഇടത്തില്‍ നിങ്ങള്‍ക്കും എഴുതാം. എഴുത്തുകള്‍ iemalayalam@indianexpress.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. സബ്ജക്റ്റ് ലൈനില്‍ ‘ഓര്‍മ്മകള്‍-നൊസ്റ്റോളജി’ എന്ന് ചേര്‍ക്കുക.
The post എസ് എസ് എൽ സി ഫലമറിയാനുള്ള നിഗൂഢവഴികൾ അഥവാ ഇരുപതാം നൂറ്റാണ്ടിലെ ബി നിലവറ appeared first on Indian Express Malayalam.