ന്യൂഡല്‍ഹി: വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തെ തന്ന മുന്‍നിര ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് ശിഖര്‍ ധവാന്‍. എന്നാല്‍ ട്വന്റി 20 ടീമില്‍ രോഹിത് ശര്‍മയ്ക്ക് ഒപ്പം ഓപ്പണറായി ഇറങ്ങുന്നത് സംബന്ധിച്ച് ധവാന്റെ ആരാധകര്‍ക്ക് പോലും സംശയമുണ്ടാകാം. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന ശിഖര്‍ ട്വന്റി 20 ടീമില്‍ ഇടം നേടുന്ന കാര്യം സംശയകരമാണെന്നാണ് മുന്‍ താരം അജിത് അഗാര്‍ക്കറുടെ പക്ഷം.
ടെസ്റ്റിലും ഏകദിനത്തിലും തന്റേതായ രീതിയില്‍ ടീമിനായി മികവ് പുലര്‍ത്താന്‍ ധവാനായിട്ടുണ്ട്. എന്നാല്‍ ട്വന്റി 20 യില്‍ കാര്യങ്ങള്‍ മറിച്ചായിരുന്നു. കെ.എല്‍ രാഹുല്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ ആരംഭിച്ചതോടെയാണ് ധവാന്റെ സ്ഥാനത്തിന് ഇളക്കം വന്നത്. രാഹുല്‍ തുടര്‍ച്ചയായി 140 പ്രഹരശേഷിക്ക് മുകളില്‍ സ്കോര്‍ ചെയ്തു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട് പോലെയുള്ള ശക്തരായ ടീമുകള്‍ക്കെതിരെ ധവാന്റെ പ്രഹരശേഷി 127 മാത്രമായിരുന്നു. താരം ടീമില്‍ നിന്ന് പുറത്തായതോടെ ഓപ്പണിങ്ങില്‍ രാഹുല്‍ സ്ഥിര സാന്നിധ്യമായി. മാറ്റങ്ങള്‍ക്ക് ശ്രമിക്കുമ്പോഴും ധവാനായിരുന്നില്ല ആദ്യ പരിഗണന. രാഹുലിന്റെ അഭാവത്തില്‍ രോഹിതിനൊപ്പം നായകന്‍ വിരാട് കോഹ്ലി ആയിരുന്നു ബാറ്റ് ചെയ്തിരുന്നത്.
“രാഹുലും രോഹിതും ധവാനേക്കാള്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ റണ്‍സ് നേടി ധവാന് രാഹുലില്‍ സമ്മര്‍ദം ചെലുത്താനാകും. ഉപനായകന്‍ കൂടിയായ രോഹിതിന് ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയില്ല. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് റണ്‍സ് വാരിക്കൂട്ടിയാല്‍ മാത്രമെ ധവാന് തിരിച്ചു വരാന്‍ കഴിയു,” അഗാര്‍ക്കര്‍ പറഞ്ഞു.
“ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ലഭിച്ചതുകൊണ്ട് ടീമിലേക്ക് മടങ്ങിയെത്താന്‍ ധവാന് സാധിക്കില്ല. 6-0 ന് പരമ്പര സ്വന്തമാക്കിയാല്‍ പോലും സ്ഥിതിഗതികള്‍ക്ക് മാറ്റം വരില്ല. ഇവിടെ ആവശ്യമായത് റണ്‍സ് ആണ്. ധവാന്‍ അത് നേടിയെ മതിയാകു,” അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ‘മാർക്കസ് റാഷ്ഫോർഡ്, 23 വയസ്, കറുത്തവൻ’; വംശീയ അധിക്ഷേപത്തിൽ പ്രതികരണവുമായി താരം
The post ട്വന്റി 20 ടീമിലേക്കുള്ള ധവാന്റെ മടക്കം കടുപ്പമേറിയത്: അഗാര്‍ക്കര്‍ appeared first on Indian Express Malayalam.