രോഗം പടരുന്നത്
കൊതുകുകൾ വഴിയാണ് മനുഷ്യരിലേക്ക് സിക്ക വൈറസ് എത്തുന്നത്. സാധാരണ വലിയ പ്രയാസങ്ങൾക്ക് കാരണമാകാറില്ലെങ്കിലും ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും സിക്ക വൈറസ് ബാധ വലിയ ഭീഷണിയാണ്. ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞിനെ നഷ്ടമാകുകയോ നാഡീവ്യൂഹവുമായി ബന്ധപ്പെട്ട തകരാറുകളോടെ ജനിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ആരോഗ്യമുള്ളവരിൽ സിക്ക ബാധിക്കുന്നത് ഡെങ്കി, ചിക്കുൻഗുനിയ എന്നിവയോട് സമാനമായ പനിയും അനുബന്ധ പ്രശ്നനങ്ങളുമാണ് ഉണ്ടാക്കുന്നത്. വളരെ അപൂർവമായി മാത്രമേ സാധാരണ ആളുകളിൽ സിക്ക മരണകാരണമായ മാറുകയുള്ളൂ.
സിക്ക എന്നാൽ:
പകൽ സമയത്ത് കടിക്കാറുള്ള ഈഡിസ് വിഭാഗത്തിലെ കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോപിക്റ്റസ് എന്നിവയാണ് കൂടുതൽ അപകടകാരികൾ. കറുപ്പ് നിറത്തിൽ വെള്ള നിറത്തിലുള്ള പുള്ളികളോട് കൂടിയതാണ് ഈ കൊതുകുകൾ. പകൽ സമയങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ഡെങ്കു, ചിക്കുൻഗുനിയ, യെല്ലോ ഫീവർ എന്നിവ പരത്തുന്നതും ഈ കൊതുകുകളാണ്. 1947 ൽ ഉഗാണ്ടയിലെ സിക്ക വനത്തിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. കൊതുകുകളിൽ നിന്നാണ് സാധാരണയായി രോഗം പകരുന്നതെങ്കിലും രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും സിക്ക പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സാധാണയായി സിക്ക വൈറസിന്റെ ഇൻക്യൂബേഷൻ കാലയളവ് 3 – 14 ദിവസം വരെയാണ്. വൈറസ് ബാധിച്ചവയിൽ രണ്ടു മുതൽ ഏഴ് ദിവസം വരെ രോഗാവസ്ഥ തുടരും.
ലക്ഷണങ്ങൾ :
*കടുത്ത പനി
*തലവേദന
*ശരീരവേദന
*ശരീര ഭാഗങ്ങളിൽ ചുവന്ന പാടുകൾ
*കണ്ണുകളിൽ ചുവന്ന പാടുകൾ
*അമിതമായ ക്ഷീണം
ഗർഭിണികൾക്ക് കരുതൽ വേണം:
ഗർഭിണികളിലെ വൈറസ് ബാധ വലിയ തോതിലുള്ള അനാരോഗ്യാവസ്ഥ സൃഷ്ടിക്കും. ഗർഭസ്ഥ ശിശുവിന്റെ മാനസികവും ശാരീരികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കും. മാസം തികയും മുൻപുള്ള പ്രസവം, ജനിതക വൈകല്യങ്ങളോടെയുള്ള ജനനം തുടങ്ങിയവ സംഭവിക്കാറുണ്ട്. സിക്ക ഗർഭസ്ഥ ശിശുക്കളെ ബാധിക്കുന്നത് ഇങ്ങനെ:
*കലകൾ നശിക്കുന്നത് കാരണം തലച്ചോറിന്റെ വളർച്ച മുരടിക്കുന്ന അവസ്ഥ
*കണ്ണുകൾക്ക് പുറകിൽ അണുബാധയുണ്ടാക്കുന്നു
*സന്ധികൾ സാധാരണ നിലയിൽ പ്രവർത്തിക്കാതിരിക്കുകയും ചലനാവസ്ഥ നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥ (ക്ലബ് ഫൂട്ട് പോലുള്ള രോഗാവസ്ഥ)
*മസിൽ ടോൺ കൂടുന്നത് കാരണം കുഞ്ഞിന്റെ ശരീരത്തിന് ചലനം നിലയ്ക്കുന്ന അവസ്ഥ
പ്രത്യേക ചികിത്സയില്ല, വിശ്രമം പ്രധാനം:
സിക്ക വൈറസിന് പ്രത്യേകമായി ചികിത്സയില്ല, എന്നാൽ, ലക്ഷണങ്ങൾ പരിഗണിച്ചുകൊണ്ട് സമാന അവസ്ഥകൾക്കുള്ള മരുന്നുകൾ നൽകുകയാണ് പതിവ്. ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തവർ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ശ്രദ്ധിക്കുന്നതാണ് നല്ലത്. ശരീരത്തിനും മനസിനും നല്ല വിശ്രമം നൽകുക, നിർജലീകരണം തടയാനായി ധാരാളം വെള്ളം കുടിയ്ക്കുക തുടങ്ങിയവ നിർബന്ധമായും ചെയ്യണം.
കൊതുകു കടിയേൽക്കാതെ നോക്കാം:
ഏത് സമയത്താണെങ്കിലും കൊതുകുകടിയേൽക്കുന്നത് നല്ലതല്ല. സിക്ക പടരുന്നത് തടയാനായി പകൽ സമയത്ത് കൊതുക് കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഗർഭിണികൾ, ചെറിയ കുട്ടികൾ എന്നിവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.