കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശമാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) 40-ാം വാർഷികത്തിന്റെ ഭാഗമായി ഒരു ഓൺലൈൻ ലക്കി ഡ്രോ മത്സരം സംഘടിപ്പിക്കുന്നു എന്നതും അതിൽ മത്സരിച്ചു വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നുണ്ട് എന്നതും. ഐഒസിഎലിൽ നിന്നും വരുന്ന സന്ദേശം എന്ന വ്യാജേന ഒരു ലിങ്ക് ഉൾപ്പടെയുള്ള മെസ്സേജ് വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ഇടങ്ങളിലാണ് പ്രചരിക്കുന്നത്. മത്സരത്തിൽ ജയിക്കുന്നവർക്ക് സമ്മാനമായി മൊബൈൽ ഫോൺ, ടിവി എന്നിവ നൽകുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
ഈ വ്യാജ സന്ദേശതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരോട് ഒരു ചോദ്യാവലി പൂർത്തിയാക്കി ആകർഷകമായ സമ്മാനങ്ങൾ നേടൂ എന്നാണ് പറയുന്നത്. എന്നാൽ ഈ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യുറോ (പിഐബി) യുടെ ഫാക്ട് ചെക്ക് ടീം. ഐഒസിഎൽ ഇത്തരത്തിൽ ഒരു ഓൺലൈൻ ലക്കി ഡ്രോ മത്സരങ്ങളും സംഘടിപ്പിക്കുന്നില്ലെന്നും ഐഒസിഎലിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും പിഐബി ട്വിറ്ററിലൂടെ വ്യക്തമാക്കി.
എന്താണ് ഈ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്താൽ സംഭവിക്കുക?
ഇത്തരം ലിങ്കുകളെ ഫിഷിങ് ലിങ്കുകൾ എന്നാണ് പറയുക. ഇന്റർനെറ്റ് വഴി ഒരാളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്നതിനാണ് ഫിഷിങ് എന്ന് പറയുന്നത്. ഇത്തരം ലിങ്കുകൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നവരുടെ പ്രധാന ഉദേശങ്ങളിൽ ഒന്ന് അത് തന്നെ ആയിരിക്കും. ലിങ്കിൽ ക്ലിക്ക് ചെയുന്ന വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ അവർ സ്വന്തമാക്കും.
ചില ലിങ്കുകൾക്ക് നമ്മൾ അറിയാതെ തന്നെ നമ്മുടെ ഡിവൈസിൽ വൈറസ് കയറ്റാൻ സാധിക്കും. അതും നമ്മുടെ വ്യക്തി വിവരങ്ങളുടെ സുരക്ഷയെയും. ഡിവൈസിന്റെ സുരക്ഷയെയും ബാധിക്കുന്നവയാണ്. ഇത്തരത്തിലുള്ള ചില ലിങ്കുകൾ നിരുപദ്രവകരമായതും ആകാം. അതായത് ചിലത് വെബ്സൈറ്റിന്റെ ട്രാഫിക് വർധിപ്പിക്കുന്നതിനും, കൂടുതൽ പരസ്യ വരുമാനം നേടുന്നതിനുമാവും ഉപയോഗിക്കുന്നത്.
Read Also: WhatsApp new features: വാട്സാപ്പിൽ പുതിയ രണ്ടു ഫീച്ചറുകൾ കൂടി
എങ്ങനെ ഇത്തരം അപകടങ്ങളിൽ നിന്നും സുരക്ഷിതരാകാം?
ഇത്തരം ലിങ്കുകൾ ലഭിക്കുന്നത് പരിചയമില്ലാത്തവരിൽ നിന്നാണെങ്കിൽ തുറക്കാതിരിക്കുക. അവരെ ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യുക. സുഹൃത്തുക്കളിൽ നിന്നോ ഗ്രൂപ്പുകളിൽ നിന്നുമാണ് ലഭിക്കുന്നതെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഭാഗ്യപരീക്ഷണം നടത്തും മുൻപ് ഗൂഗിളിൽ ഇങ്ങനെ ഒരു മത്സരം നടക്കുന്നുണ്ടോ എന്ന് സെർച് ചെയ്ത് നോക്കുക. പ്രധാനപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിന്റെ പേരിൽ വരുന്ന സന്ദേശമാണെങ്കിൽ അവരുടെ ഔദ്യോഗിക വെബ്സൈറ്റുകളോ, സമൂഹ മാധ്യമ അക്കൗണ്ടുകളോ സന്ദർശിച്ച് ഇത്തരം ഒരു മത്സരം അവർ സംഘടിപ്പിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക. വ്യാജമാണെന്ന് തോന്നിയാൽ സുഹൃത്തിനെ അറിയിക്കുക സന്ദേശം ഡിലീറ്റ് ചെയ്യാനും അയച്ചവർക്ക് മുന്നറിയിപ്പ് നൽകാനും ആവശ്യപ്പെടുക.
The post ഐഒസിഎൽ 40-ാം വാർഷികത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ, ടിവി എന്നിവ നൽകുന്നുണ്ടോ? സത്യമിതാണ് appeared first on Indian Express Malayalam.