നാട്ടിലെ പ്രമാണിയുടെ ഏകമകളുടെ ആറ്റുനോറ്റിരുന്ന കല്യാണം ആർഭാടമില്ലാതെ നടത്തേണ്ടിവന്നതു മുതൽ കൊറോണ വൈറസിന്റെ ഉദ്ഭവം ലാബിൽനിന്നാണോ എന്ന് അന്വേഷിക്കുമെന്ന യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന വരെ… സാഹിത്യകാരനെന്ന് സ്വയം അവകാശപ്പെടുന്ന സുഹൃത്തിന്റെ പുതിയ രചനയിലെ ആഴവും പരപ്പും തൊട്ട് കോപ്പ അമേരിക്ക ഫുട്ബോളിൽ ചിലിക്കെതിരെ ലയണൽ മെസ്സി ഫ്രീ കിക്കിലൂടെ നേടിയ ഗോൾ വരെ… ചർച്ചകൾ പൊടിപൊടിക്കുകയാണ്.
അന്തിച്ചർച്ചയെന്നും ചായക്കട ചർച്ചയെന്നും കേട്ടുമാത്രം പരിചയമുള്ള മലയാളിക്ക് പുതിയൊരു ചർച്ചാവേദി രൂപപ്പെട്ടുകഴിഞ്ഞു -ക്ലബ്ബ് ഹൗസ്.കോവിഡിന്റെയും ലോക്ഡൗണിന്റെയും വർക്ക്അറ്റ് ഹോമിന്റെയും ഫലമായി മുറിഞ്ഞുപോയ ചർച്ചകൾ പൂർവാധികം ശക്തിയോടെ മുറുകിയതോടെ പുതിയ സൈബർ കൊമ്പിൽ ചേക്കേറിയിരിക്കുകയാണ് മിക്കവരും.
പാട്ട് പാടാനും ഒ.ടി.ടി.റിലീസായ പുതിയ സിനിമയെക്കുറിച്ച് സംസാരിക്കാനും സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് വിശകലനം ചെയ്‌യാനുമെല്ലാം ജില്ലയിൽനിന്ന് പുതിയ ക്ലബ്ബിൽ അംഗത്വമെടുത്തത് ഒട്ടേറെപ്പേർ.
എന്താണ് ക്ലബ്ബ് ഹൗസ്?
ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സാമൂഹികമാധ്യമ ആപ്പാണ് ക്ലബ്ബ്ഹൗസ്. ഓഡിയോ ചാറ്റിങ്ങിലൂടെ സാധ്യമാകുന്ന ഒരു സൈബർകൂട്ടായ്മ. 2020 മാർച്ചിൽ ഐ.ഒ.എസ്. പ്ലാറ്റ്ഫോമിൽ തുടങ്ങിയ ക്ലബ്ബ് ഹൗസ് 2021 മേയിൽ ആൻഡ്രോയ്‌ഡ് പ്ലാറ്റ്ഫോമിലേക്കുമെത്തി. പേടിയോ സഭാകമ്പമോ കൂടാതെ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഈ തത്സമയ ശബ്ദ ചാറ്റിലൂടെയാവും. ആപ്പിൽ ഒരുതരത്തിലുമുള്ള റെക്കോർഡിങ്ങും സാധ്യമല്ല.
ക്ലബ്ബ് ഹൗസിൽ അംഗമാകാം
- മൊബൈൽ ഫോണിൽനിന്ന് (ആൻഡ്രോയ്‌ഡ് ആണെങ്കിൽ പ്ലേ സ്റ്റോറിൽനിന്ന് ഐ ഫോണാണെങ്കിൽ ആപ്പ് സ്റ്റോറിൽനിന്ന്) ക്ലബ്ബ് ഹൗസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌യാം
- ആദ്യം ഫോൺ നമ്പർ നല്കുക. അപ്പോൾ ഒ.ടി.പി. നമ്പർ ലഭിക്കും. തുടർന്ന് പേര്, യൂസർ നെയിം, ഫോട്ടോ, താത്‌പര്യമുള്ള വിഷയങ്ങൾ എന്നിവ നൽകുക
- തുടർന്ന് നമ്മുടെ കോൺടാക്‍ടിലുള്ളവരും ക്ലബ്ബ് ഹൗസിൽ അംഗത്വമുള്ളവരുമായവരെ ഫോളോ ചെയ്‌യാനുള്ള പേജിലെത്തും
- റഫറൻസ് /ഇൻവിറ്റേഷൻ വഴി മാത്രമാണ് പ്രവേശനം
- പ്രവേശനം നേടി പേജിലെത്തിയാൽ ചർച്ചകൾ നടക്കുന്ന വ്യത്യസ്ത റൂമുകൾ കാണാം. റൂമിൽ കയറിയാൽ ചർച്ചയിൽ പങ്കെടുക്കാതെ കേൾവിക്കാരനായി തുടരാം
- ചർച്ചയിൽ പങ്കെടുക്കാനായി റേസ് ദി ഹാൻഡ് എന്ന ബട്ടൺ അമർത്തുക മോഡറേറ്റർ തീരുമാനിച്ചാൽ ചർച്ചയിൽ പങ്കെടുത്തുതുടങ്ങാം.
- ലീവ് ക്വയറ്റ്ലി ബട്ടൺ അമർത്തിയശേഷം റൂമിൽനിന്ന് പുറത്തിറങ്ങാം
ഗുണങ്ങളേറെ ദോഷവും
ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ ഏതെങ്കിലും വിഷയത്തെക്കുറിച്ച് നാം അഭിപ്രായപ്രകടനം നടത്തിയാൽ അത് അച്ചടിച്ചതുപോലെ നമ്മുടെ പ്രൊഫൈലിന് താഴെ രേഖപ്പെടുത്തപ്പെടും. എന്നാൽ, ക്ലബ്ബ് ഹൗസിൽ ഇത് പേടിക്കേണ്ട. പലതരം ആളുകളുമായും പ്രശസ്തരുമായും സംവദിക്കാനുള്ള മാർഗമാണ്.
മറ്റ് സാമൂഹിക മാധ്യമങ്ങളിലേതുപോലെ ഇവിടെയുമുണ്ട് തട്ടിപ്പിനുള്ള സാധ്യതകൾ. ആൾമാറാട്ടമാണ് പ്രധാന വെല്ലുവിളി. ഈ ആപ്പിൽ സെൻസർഷിപ്പോ ചെക്കിങ്ങോ ഇല്ലാത്തതിനാൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയാനും വ്യക്തിത്വഹത്യ നടത്താനും സാധ്യതയേറെ.
ചർച്ചയുമായി മാതൃഭൂമി ഓൺലൈനും ക്ലബ്ബ് എഫ്.എമ്മും
ഇതുവരെയായി ആറ് ചർച്ചകളാണ് മാതൃഭൂമി ഓൺലൈൻ സംഘടിപ്പിച്ചത്. അഴിച്ചുപണിയണോ സാഹിത്യം സിനിമയാകുമ്പോൾ, 50 വർഷങ്ങൾ-സത്യനും മരണമില്ലാത്ത കഥാപാത്രങ്ങളും ആരൊക്കെ വാഴും ആരൊക്കെ വീഴും യൂറോയിൽ, കോവിഡ് 19- ആശങ്കയായി ഉയരുന്ന മരണം, എടുക്കാനുണ്ടോ എണ്ണം പറഞ്ഞ കഥകൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചർച്ച. നിരവധി പ്രഗല്ഭരാണ് ചർച്ചകളിൽ പങ്കെടുത്തത്. ക്ലബ്ബ് എഫ്.എമ്മും ചർച്ചകളുമായി രംഗത്തുണ്ട്.
Content Highlights: Clubhouse, Drop In Audio, invitation-only social media app