നേപിതോ
പുറത്താക്കപ്പെട്ട ഭരണാധികാരി ഓങ് സാൻ സൂകിക്ക് അഴിമതിക്കേസിൽ അഞ്ചുവർഷം തടവ് വിധിച്ച് മ്യാന്മർ കോടതി. യാങ്കൂൺ മന്ത്രിയായിരുന്ന ഫിയോ മെയ്ൻ തെയ്നിൽനിന്ന് ആറുലക്ഷം ഡോളർ പണവും ഏഴ് സ്വർണക്കട്ടികളും കൈപ്പറ്റിയെന്നാണ് ആരോപണം. സൂകി ഇത് നിഷേധിച്ചിട്ടുണ്ട്. സൂകിക്കെതിരെ 10 അഴിമതിക്കേസുകൂടി പട്ടാളം ചുമത്തിയിട്ടുണ്ട്. മറ്റ് കേസുകളിൽ നേരത്തേതന്നെ ആറുവർഷം ശിക്ഷ വിധിച്ചിരുന്നു. എല്ലാ കേസുകളും കൂട്ടിയാൽ 100 വർഷംവരെ തടവ് ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ജീവിതകാലം മുഴുവൻ ജയിലിലിട്ട് സൂകിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനാണ് സൈന്യം ശ്രമിക്കുന്നതെന്ന് സൂകി അനുകൂലികൾ ആരോപിച്ചിരുന്നു. ഇതിനൊപ്പം അവരുടെ വിശ്വാസ്യതകൂടി തകർക്കാനാണ് അഴിമതിക്കേസിൽപ്പെടുത്തിയതെന്നും ആരോപണമുണ്ട്.
തലസ്ഥാനമായ നേപിതോയിൽ അടച്ചിട്ട കോടതിമുറിയിലായിരുന്നു വിചാരണ. സൂകിയുടെ അഭിഭാഷകരെയും മാധ്യമങ്ങളോട് സംസാരിക്കുന്നതിൽനിന്ന് കോടതി വിലക്കി.