കൊച്ചി> സംവിധായിക ഐഷ സുൽത്താനക്ക് മുൻക്കൂർ ജാമ്യഹർജിയിൽ ഹൈക്കോടതി താൽക്കാലിക ജാമ്യം അനുവദിച്ചു. ചോദ്യം ചെയ്യലിനായി ഐഷ ഞായറാഴ്ച കവരത്തിയിൽ ഹാജരാവണം. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്നും അറസ്റ്റിന് ശേഷം വിണ്ടു ചോദ്യം ചെയ്യണമെങ്കിൽ അഭിഭാഷകൻ്റെ സാന്നിദ്ധ്യം അനുവദിക്കണമെന്നും ജസ്റ്റീസ് അശോക് മേനോൻ വ്യക്തമാക്കി.
കേസിൽ കക്ഷി ചേർക്കണമെന്ന പരാതിക്കാരനായ അജീഷ് വിശ്വനാഥൻ്റെ അപേക്ഷ കോടതി തള്ളി. കേന്ദ്ര സർക്കാരിൻ്റെയും ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെയും ശക്തമായ എതിർപ്പ് തള്ളിയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്
ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതിനെ തുടർന്നാണ് ഐഷ കോടതിയെ സമീപിച്ചത്.
ലക്ഷദീപ് സ്വദേശിയാ താൻ ദ്വീപിൽ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങൾക്കെതിരെയാണ് പ്രതികരിച്ചതെന്നും തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണന്നും ഐഷ കോടതിയെ ബോധിപ്പിച്ചിരുന്നു.
രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലന്നും വിദ്വേഷം പരത്തുന്നതോ, സംഘർഷം സൃഷ്ടിക്കുന്നതോ ആയ പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ലന്നും ബോധിപ്പിച്ചു. രാഷ്ട്രീയ ചർച്ചയിൽ ന്യായമായ വിമർശനം മാത്രമാണ് നടത്തിയിട്ടുള്ളുവെന്നും തന്നെ തെറ്റായി കേസിൽ പെടുത്തിയിരിക്കുകയാണന്നും. ഹർജിയിൽ ബോധിപ്പിച്ചിരുന്നു.