ന്യൂഡൽഹി: ചൈനീസ് സ്ഥാപനങ്ങൾക്കും മൊബൈൽ ആപ്പുകൾക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികൾ അനിയന്ത്രിതമാവുന്നുവെന്നും ചൈനയിൽ നിന്നുള്ള കമ്പനികളെ അടച്ചുപൂട്ടുന്നത് വെറും രാഷ്ട്രീയ താൽപര്യത്തോടുകൂടിയുള്ള നടപടിയാണെന്നും ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ്.
രാജ്യസുരക്ഷയ്‍ക്ക് ഭീഷണിയാണെന്ന് കാണിച്ച് 54 ചൈനീസ് ആപ്പുകൾക്ക് അടുത്തിടെ ഇന്ത്യ നിരോധനം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചൈനീസ് കമ്പനിയായ വാവേയുടെ ഇന്ത്യയിലുടനീളമുള്ള ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയും നടന്നു. നേരത്തെ ഷാവോമി, ഓപ്പോ തുടങ്ങിയ കമ്പനികളിലും പരിശോധന നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗ്ലോബൽ ടൈംസ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതിർത്തിയിൽ ചൈനയുമായി പ്രശ്നങ്ങളുണ്ടാക്കി ചൈനീസ് സൈനികരിൽ നിന്ന് കനത്ത പ്രതികരണം ഉണ്ടായതോടെ നേട്ടമൊന്നും ലഭിക്കാതായതോടെയാണ് ഇന്ത്യയിലെ ചൈനീസ് കമ്പനികൾക്ക് നേരെ ഇന്ത്യൻ ഭരണകൂടം തിരിഞ്ഞതെന്ന് ഗ്ലോബൽ ടൈംസ് ലേഖനത്തിൽ ആരോപിക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡസൻ കണക്കിന് ചൈനീസ് മൊബൈൽ ആപ്പുകൾ ഇന്ത്യൻ അധികൃതർ നിരോധിച്ചു, ചൈനീസ് കമ്പനികളുടെ പ്രാദേശിക ശാഖകൾ നികുതിവെട്ടിപ്പ് അന്വേഷണമെന്ന പേരിൽ റെയ്‌ഡ് ചെയ്തു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ആരോപിക്കുന്നു.
കമ്പനികൾക്കെതിരെയുള്ള നടപടികളിൽ ചൈനീസ് അധികൃതർ ഇതുമായി ബന്ധപ്പെട്ട ആശങ്ക പ്രകടിപ്പിച്ചതായും ചൈനീസ് സ്ഥാപനങ്ങളോട് മാന്യമായി പെരുമാറണെന്നാവശ്യപ്പെട്ടതായും ഗ്ലോബൽ ടൈംസ് പറയുന്നു.
ചൈനീസ് കമ്പനികൾക്ക് നിയമപരമായുള്ള അവകാശങ്ങൾക്കും താൽപര്യങ്ങൾക്കും എതിരാണ് ഈ നടപടികളെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ആരോപിച്ചു. ചൈന ഇതിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു.
ഇന്ത്യ ചൈനയുടെ ക്ഷമ നിരന്തരം പരീക്ഷിക്കുകയാണെങ്കിലും ഇന്ത്യയോട് പകരത്തിന് പകരം നടപടി സ്വീകരിക്കുന്നതിൽ നിന്ന് മാറി നിൽക്കുന്നത് ചൈന തുടരാാണാ സാധ്യത. അങ്ങനെയെങ്കിലും വിവേചനപരമായ നടപടികൾ നേരിടുന്ന വിദേശ രാജ്യങ്ങളിൽ ചൈനയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസ് പറഞ്ഞു.
Content Highlights: Indias crackdown on Chinese firms, apps chinese global times editorial