ഇന്ധന വിലവർദ്ധനവിനെതിരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിവരുന്ന പ്രതിഷേധത്തിനുപയോഗിക്കുന്ന പ്ലക്കാർഡുകൾ നഗരസഭാ ഓഫീസിനു സമീപം സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നും മോഷ്ടിച്ച പ്ലക്കാർഡുകളാണ് സമരത്തിന് ഉപയോഗിച്ചതെന്നും ശരത്ത് ആരോപിച്ചു. അമളി പറ്റിയെന്ന് മനസിലാക്കിയതോടെ പ്ലക്കാർഡ് വലിച്ചു കീറി നശിപ്പിച്ചു. ഇത്തരത്തിൽ ഇരുപതോളം പ്ലക്കാർഡുകൾ മോഷണം പോയെന്നാണ് ആരോപണം.
ഇന്ധന വിലവർദ്ധന തുടരുന്ന സാഹചര്യത്തിൽ തുടർ സമരങ്ങൾക്കായി പ്ലക്കാർഡുകൾ വീണ്ടെടുത്തു നൽകണമെന്നാണ് ഡിവൈഎഫ്ഐ പരാതിയിൽ പറയുന്നത്. ആറ്റിങ്ങൾ പോലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി കിട്ടിയ കാര്യം ആറ്റിങ്ങൽ പോലീസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു വനം കൊള്ളയ്ക്കെതിരെ ആറ്റിങ്ങൽ നഗരസഭാ കാര്യാലയത്തിനു മുന്നിൽ ബിജെപി സമരം സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പത്തോളം പ്രവർത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. ഇതിൽ ഒരു പ്രവർത്തക വഹിച്ചിരുന്ന പ്ലക്കാർഡിൽ ‘ഇന്ധന വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക, ഡിവൈഎഫ്ഐ.’ എന്നായിരുന്നു ഉണ്ടായിരുന്നത്. മാധ്യമ പ്രവർത്തകരും കണ്ടു നിന്നവരും ശ്രദ്ധയിൽ പെടുത്തിയതോടെ കൗൺസിലര്‍മാര്‍ പ്ലക്കാര്‍ഡ് വലിച്ചു കീറുകയായിരുന്നു.