സാംസങിന്റെ ഏറ്റവും പുതിയ ടാബ് ലെറ്റുകളായ ഗാലക്സി ടാബ് എസ്8, ടാബ് എസ്8 പ്ലസ്, ടാബ് എസ്8 അൾട്ര എന്നിവ അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. 60000 രൂപയിൽ തുടങ്ങുന്ന വിലയായിരിക്കും ഇവയ്ക്കെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലെ പ്രീമിയം പതിപ്പായ ഗാലക്സി ടാബ് എസ്8 അൾട്രയ്‍ക്ക് 120000 രൂപയോളം വിലയുണ്ടാവുമെന്നും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്‌യുന്നു.
ഗാലക്സി ടാബ് എസ്8 , ഗാലക്സി ടാബ് എസ്8 പ്ലസ് എന്നിവ 8ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനിലും ലഭ്യമാണ്. അതേസമയം ഗാലക്സി ടാബ് എസ് 8 അൾട്രയുടെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നീ ഓപ്ഷനുകൾക്കൊപ്പം 16 ജിബി റാം 512 ജിബി സ്റ്റോറേജ് മോഡലും ലഭിക്കും.
സാംസങ് ഗാലക്സി എസ്8
11 ഇഞ്ച് WQXGA (2560×1600 പിക്സൽ) എൽടിപിഎസ് ടിഎഫ്ടി ഡിസ്പ്ലേയാണിതിന്. 4എൻഎം ഒക്‍ടാകോർ പ്രൊസസർ ചിപ്പിന്റെ പിൻബലത്തിൽ 12 ജിബി വരെ റാം ശേഷിയുണ്ട് ഇതിന്. സ്നാപ്ഡ്രാഗൺ 8ജെൻ 1 പ്രൊസസർ ആണിത് എന്നാണ് കരുതുന്നത്.
ഡ്യുവൽ റിയർ ക്യാമറയാണ് ഈ ടാബ് ലെറ്റിനുള്ളത്. അതിൽ 13 എംപി പ്രധാന ക്യാമറയും ആറ് എംപി അൾട്ര വൈഡ് ക്യാമറയും ഉൾപ്പെടുന്നു. സെൽഫിയ്‍ക്ക് വേണ്ടി 12 എംപി അൾട്രാ വൈഡ് ക്യാമറയാണ് നൽകിയിരിക്കുന്നത്.
8000 എംഎഎച്ച് ബാറ്ററിയിൽ 45 വാട്ട് വരെ വേഗതയിൽ ചാർജ് ചെയ്‌യാൻ സാധിക്കുന്ന സൂപ്പർ ഫാസ്റ്റ് ചാർജിങ് സൗകര്യമുണ്ട്.
സാംസങ് ഗാലക്സി എസ് 8 പ്ലസ്
12.4 ഇഞ്ച് WQXGA+ (2800×1752 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണിതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. ഒരു ഒക്‍ടാകോർ പ്രൊസസർ ചിപ്പാണ് ഇതിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്.
ഗാലക്സി എസ് 8 ലെ അതേ ഡ്യുവൽ ക്യാമറ ഫീച്ചർ ആണ് ഇതിലുമുള്ളത്. സെൽഫിയ്‍ക്കും വീഡിയോ കോളുകൾക്കുമായി 12 എംപി അൾട്രാ വൈഡ് ക്യാമറയും നൽകിയിരിക്കുന്നു.
ഇതിലെ 10090 എംഎച്ച് ബാറ്ററിയിൽ സൂപ്പർ ഫാസ്റ്റ്ചാർജ് സൗകര്യമുണ്ട്.
സാംസങ് ഗാലക്സി എസ്8 അൾട്ര
കൂട്ടത്തിൽ ഏറ്റവും വില കൂടിയ മോഡലാണിത്. 14.6 ഇഞ്ച് വലിപ്പമുള്ള WQXGA+ (2960×1848 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. മറ്റ് രണ്ട് ടാബുകളിൽ ഉള്ള 4എൻഎം ഒക്‍ടാകോർ പ്രൊസസർ ചിപ്പ് തന്നെയാണിതിലും.
ഇതിലെ ഡ്യുവൽ റിയർ ക്യാമറയിൽ 13 എംപി പ്രൈമറി സെൻസറും 6എംപി അൾട്രാ വൈഡ് സെൻസറും ഉൾക്കൊള്ളുന്നു.
11200 എംഎഎച്ച് ബാറ്ററിയിൽ അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്.
Content Highlights: Galaxy Tab S8 series arriving in India next week