ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഏതാനും പുതിയ ഫീച്ചറുകൾ ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ (ഡിസപ്പിയറിങ് മെസേജസ്) ഫീച്ചറിലെ മെച്ചപ്പെടുത്തലുകളും വാട്സ്ആപ്പ് അവതരിപ്പിക്കും. ഒരു തവണ മാത്രം ചിത്രങ്ങൾ കാണിക്കുന്ന ‘സീ വൺസ്’ ഫീച്ചർ അടക്കമുള്ള മറ്റു ഫീച്ചറുകളും വാട്സ്ആപ്പിൽ ഉൾപ്പെടുത്തും.
വാട്ട്‌സ്ആപ്പിന്റെ വെബ് പതിപ്പിൽ കോളിംഗ് ഫീച്ചർ ഉൾപ്പെടുത്തുമെന്നും കരുതപ്പെടുന്നു. മൾട്ടി-ഡിവൈസ് പിന്തുണ ഉടൻ പ്ലാറ്റ്ഫോമിൽ എത്തുമെന്ന് കമ്പനിയുടെ തലവൻ വിൽ കാത്കാർട്ട് അടുത്തിടെ വെളിപ്പെടുത്തി. വരാനിരിക്കുന്ന വാട്ട്‌സ്ആപ്പ് ഫീച്ചറുകളെക്കുറിച്ച് കൂടുതലറിയാം.
ഡിസപ്പിയറിങ് മോഡ്
വാട്‌സ്ആപ്പിൽ ഇതിനകം തന്നെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ അയക്കാനുള്ള ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഈ ഫീച്ചർ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. വാട്ട്‌സ്ആപ്പ് ഡിസപ്പിയറിങ് മോഡ് അവതരിപ്പിക്കുമെന്ന് ഫേസ്ബുക്കിന്റെ സിഇഒ മാർക്ക് സക്കർബർഗ് സ്ഥിരീകരിച്ചു. ഇത് വഴി എല്ലാ ചാറ്റ് ത്രെഡുകളിലും അപ്രത്യക്ഷമായ സന്ദേശങ്ങൾ പ്രവർത്തനക്ഷമമാക്കാൻ കഴിയും.
Read More: പേ ടിഎമ്മിലൂടെ കോവിഡ് വാക്സിനേഷൻ ബുക്ക് ചെയ്യാം
നിലവിൽ, ഡിസപ്പീയറിങ് മെസേജസ് ഫീച്ചർ ഓരോ ചാറ്റിനും പ്രത്യേകം പ്രത്യേകം ക്രമീകരിക്കാൻ കഴിയും. ഈ ഫീച്ചർ ഒരു ചാറ്റിൽ സജ്ജമാക്കിയാൽ നിശ്ചിത സമയപരിധി കഴിഞ്ഞാൽ ആ മെസേജ് അപ്രത്യക്ഷമാവും.
‘വ്യൂ വൺസ്‘ ഫീച്ചർ
ഒരുതവണ മാത്രം കാണാനാകുന്ന തരത്തിൽ ഫോട്ടോകളും വീഡിയോകളും അയക്കാൻ കഴിയുന്ന വ്യൂ വൺസ് ഫീച്ചർ അവതരിപ്പിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിരുന്നു. ഇത് ഇൻസ്റ്റാഗ്രാമിലുള്ള അദൃശ്യമാവുന്ന ഫൊട്ടോയോ വീഡിയോയോ അയക്കാനുള്ള ഫീച്ചറിന് സമാനമാണ്. ഈ ഫീച്ചർ വഴി സ്വീകർത്താവ് കണ്ടു കഴിഞ്ഞാൽ അപ്രത്യക്ഷമാവുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും അയക്കാനാവും.
ഒന്നിലധികം ഉപകരണങ്ങൾക്ക് പിന്തുണ
വാട്‌സ്ആപ്പ് മാസങ്ങളായി ഒന്നിലധികം ഉപകരണങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള ഫീച്ചർ പരീക്ഷിക്കുന്നു. ഒടുവിൽ ഇത് ഉടൻ എത്തുമെന്ന് സ്ഥിരീകരിച്ചു. “അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ” പബ്ലിക് ബീറ്റ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാവുമെന്നാണ് റിപ്പോർട്ട്.
Read More: റിയൽമി മുതൽ സാംസങ് വരെ; ഉടൻ വിപണിയിലെത്തുന്ന ഫോണുകൾ ഇവയാണ്
ഈ ഫീച്ചർ വഴി ഒരേ സമയം ഒന്നിലധികം ഉപകരണങ്ങളിലായി നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ നിങ്ങൾക്ക് കഴിയും.
മിസ്ഡ് ഗ്രൂപ്പ് കോൾ
മിസ്ഡ് കോൾ അലർട്ട് പോലെ മിസ്ഡ് ഗ്രൂപ്പ് കോൾ അലർട്ട് ഫീച്ചരും വാട്സ്ആപ്പിൽ വരാനിരിക്കുന്ന പതിപ്പുകളിൽ ഉൾപ്പെടുത്തം. ഒരു ഗ്രൂപ്പ് കോളിൽ ചേരാൻ ആരെങ്കിലും നിങ്ങളെ ക്ഷണിക്കുകയും നിങ്ങൾക്ക് ഇപ്പോൾ ചേരാൻ കഴിയാതിരിക്കുകയും ചെയ്താൽ, കോൾ അവസാനിച്ചില്ലെങ്കിൽ പിന്നീട് ആ കോളിൽ ചേരാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും.
റീഡ് ലേറ്റർ
ചാറ്റുകൾ പിന്നീട് വായിക്കുന്നതിനായി സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള റീഡ് ലേറ്റർ ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള ചാറ്റ് ആർക്കീവ് ചെയ്യാനുള്ള ഫീച്ചറിന് പകരമാണ് ഇത് ആരംഭിക്കുകയെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.
The post WhatsApp: വാട്സ്ആപ്പിൽ ഉടൻ ലഭ്യമായേക്കാവുന്ന അഞ്ച് ഫീച്ചറുകൾ appeared first on Indian Express Malayalam.