ന്യൂഡൽഹി > മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് എതിരെ ഉത്തർപ്രദേശ് പൊലീസ് ആദ്യം ചുമത്തിയകുറ്റങ്ങൾ മഥുര കോടതി ഒഴിവാക്കി. പൊതുസമാധാനം തകർക്കാനുള്ള ശ്രമം(ഐപിസി151), കുറ്റകൃത്യത്തിനുള്ള പ്രേരണ നൽകല്(107), തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം( 116) എന്നീ വകുപ്പുകളാണ് ഒഴിവാക്കിയത്. ഈ കുറ്റങ്ങൾ സ്ഥാപിക്കാൻ സിആർപിസി 116 (6) വകുപ്പ് പ്രകാരം ആറ് മാസത്തിനുള്ളിൽ പൊലീസ് തെളിവ് സമർപ്പിക്കണം. പൊലീസ് തെളിവ് നല്കാത്തതിനാല് ഈ കുറ്റങ്ങൾ ഒഴിവാക്കാൻ മാണ്ട് സബ്ഡിവിഷണൽ മജിസ്ട്രേറ്റ് നിർദേശിച്ചു.
യുപിയിലെ ഹാഥ്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് കാപ്പനെ അറസ്റ്റ് ചെയ്തത്. സമാധാനം തകർക്കാൻ ശ്രമം, കുറ്റകൃത്യം ചെയ്യാൻ നീക്കം തുടങ്ങിയ വകുപ്പാണ് ചുമത്തിയത്. പിന്നീട് രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി.
കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയിൽനിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്ന അവസരത്തിൽ സിദ്ദിഖ് കാപ്പൻ പ്രതികരിച്ചു. നീതി ഉറപ്പായും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.