ഇരുള്‍ ഉള്‍വലിയാത്ത അതിരാവിലെ നാലു മണിക്ക് ഡെബോറ നദിക്കരയെ ലക്ഷ്യമാക്കി നടന്നുനീങ്ങി. മരങ്ങള്‍ ചൂഴ്ന്നു നിന്നിരുന്ന നിരത്തിന്റെ നടുവിലൂടെ മഴക്കാലങ്ങളില്‍ ഭീമാകാരനായ ഒരു മണ്‍പുഴു ഇഴഞ്ഞുനീങ്ങിയ വഴിപോലെയുള്ള ഇടുങ്ങിയ ഒറ്റയടി മണ്‍പാത ഇറുകിയ മൗനത്തോടെ കാണപ്പെട്ടു. കുറച്ചു പിന്നിലായി അവളെ പിന്തുടര്‍ന്ന് അവളുടെ വെള്ളനിറത്തിലുള്ള വളര്‍ത്തുനായയും വന്നുകൊണ്ടിരുന്നു. ചെറുശബ്ദം പോലുമില്ലാതെ ചെറുതായി കാറ്റടിക്കുകയാല്‍ മരങ്ങളില്‍ ചെറുചലനം മാത്രമുണ്ടായിരുന്നു. നദിയിലേക്ക് അടുത്തുകൊണ്ടിരിക്കെ ഈറന്‍കാറ്റും കുളിരും അമ്പത്തിയാറു വയസ്സിന്റെ ഉടലില്‍ പ്രഹരിച്ച് അവരുടെ കൈകളില്‍ രോമാഞ്ചമുണ്ടാക്കി. നദിയോരത്ത് ഇടുപ്പുയരത്തില്‍ വളര്‍ന്നുകിടക്കുന്ന ഞാങ്ങണകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അതിനെയും കടന്ന് അവള്‍ നദിയുടെ മുന്നില്‍വന്നുനിന്നു. പുഴവെള്ളം കരയില്‍ തട്ടുമ്പോഴുള്ള ‘ചളപ്പ്… ചളപ്പ്… ചളപ്പ്…’ എന്ന ശബ്ദം ചെറുതായി കേട്ടു. വിശാലമായ നദിയുടെ സമഗ്രമായ പരപ്പിനെയറിയാതെ ഇരുട്ടിനുള്ളില്‍ മുങ്ങി നീണ്ടദൂരം തറയില്‍ മുഴുവനും ഈര്‍പ്പത്തിന്റെ പളപളപ്പ് മാത്രം തെളിഞ്ഞു.
പുഴയോരം മുഴുവനും വെള്ളാരങ്കല്ലുകള്‍ നിറഞ്ഞു കിടന്നിരുന്നു. കല്ലുകളെ ചവിട്ടിമെതിച്ച് നദിജലം കരകവിയുന്നയിടത്ത് ചെന്ന് അവര്‍ നിന്നു. കല്ലുകളെ മെതിച്ച് നടക്കവേ അവ കൂട്ടിയിരുമ്മുമ്പോഴുണ്ടാകുന്ന ശബ്ദം കേട്ടു. നേരം ഇരുള്‍പകുതി മൂടിയ നിലയിലായിരുന്നതിനാല്‍ നിലാവെളിച്ചത്തില്‍ പുഴ മനോഹരമായി കാണപ്പെട്ടു. ചെറുതായി വീശുന്ന കാറ്റിനാല്‍ ഉരുവപ്പെടുന്ന ചെറിയ അലകളില്‍ പതിഞ്ഞ നിലാവ് ഉടഞ്ഞ് നീളത്തിലുള്ള വെള്ളവര വെളിപ്പെട്ടു. നീണ്ടദൂരത്തോളം നിലാവിന്റെ വെള്ളിവെളിച്ചം നദിയില്‍ ആടിയുലഞ്ഞുകൊണ്ടിരുന്നു. കരയോരം ചേര്‍ന്ന് വെള്ളാരങ്കല്ലുകള്‍ ചവിട്ടി അൽപ്പദൂരം നടന്ന് അവര്‍ ഒരിടത്തിരുന്നു. കല്ലുകള്‍ക്ക് മീതെ ഈര്‍പ്പമില്ലാതെ തണുപ്പ് മാത്രം വദ്ധിച്ചിരുന്നു. വളര്‍ത്തുനായ വെള്ളാരങ്കല്ലുകളിലേക്കിറങ്ങാതെ കരയില്‍ തന്നെ നിന്നു.
തന്റെ വസ്ത്രങ്ങളഴിച്ചു വെച്ച് നഗ്നമേനിയുമായി പുഴയെയും നോക്കി അവളിരുന്നു. തണുപ്പ് നിതംബത്തിലേക്ക് അരിച്ചു കയറി അവളുടെ ഉടല്‍മുഴുക്കെ വ്യാപിച്ചു. കാലുകളെ കുറുകെ ഗുണനചിഹ്ന വടിവില്‍വെച്ച് മുഴങ്കാലുകളെ കെട്ടിപ്പിടിച്ചു. വളര്‍ത്തുനായ അവരുടെ മുതുകിന് പിന്നില്‍ മുന്‍കാലുകളെ മടക്കിവെച്ച് നദിയുടെ മണല്‍ത്തിട്ടയിലിരിന്നു. നെടുനേരം അവര്‍ അങ്ങനെത്തന്നെ അമര്‍ന്നിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന വില്യമിന്റെ ആത്മഹത്യ, ഡെബോറയുടെ മനസ്സമാധാനം നഷ്ടപ്പെടുത്തിയിരുന്നു. അന്നുതൊട്ടാണ് അസ്വസ്ഥമായ അവസ്ഥയുമായി അവര്‍ കഴിയുന്നത്. തന്നെ ശ്രദ്ധിക്കാനായി ഒരു മനുഷ്യനുമില്ലാത്ത ചുറ്റുപാടിനെപ്പറ്റി വളരെയേറെ സമയം ചിന്തിച്ചുകൊണ്ടേയിരുന്നു. വില്യം തന്റെ നാല്‍പതാമത്തെ വയസ്സില്‍ ഇത്തരത്തിലുള്ളയൊരു തീരുമാനമെടുക്കുമെന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല. വില്യം ഉയരം കുറഞ്ഞ മനുഷ്യനാണ്. വെല്ലിംഗ്ടണില്‍ എല്ലാവരും അവനെ കുള്ളനെന്ന് കളിയാക്കും. ദേവാലയത്തിലെ മൂത്ത പാതിരി അവനെ ‘ലിറ്റില്‍ബോയ്’ എന്നാണ് വിളിക്കുന്നത്. അവന്‍ അതിനെ മാനിക്കില്ല. ഡെബോറയുടെ അകന്ന ബന്ധുവിന്റെ മകനാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്നുവര്‍ഷമായിക്കാണും. ഭൂരിപക്ഷം ബ്രിട്ടീഷ് കുടുംബങ്ങള്‍ ഇന്ത്യവിട്ട് പോയെങ്കിലും കുറച്ചു കുടുംബങ്ങള്‍ മാത്രം വെല്ലിംഗ്ടണില്‍തന്നെ തങ്ങി. ഇന്ത്യക്കാരുമായി വിവാഹബന്ധം സ്ഥാപിച്ച ചിലരും ഇന്ത്യൻ ജീവിതരീതിയോടും കാലാവസ്ഥയോടും സമരസപ്പെട്ട ചിലരും ഇവിടെത്തന്നെ പിറന്നു വളര്‍ന്നവരും ഇംഗ്ലണ്ടില്‍ ബന്ധങ്ങളില്ലാത്ത കുറച്ചു പേരുമായിരുന്നു അവർ. നാല്‍പ്പതിലധികം ബ്രിട്ടീഷ് കുടുംബങ്ങള്‍ വെല്ലിംഗ്ടണില്‍ കഴിയുന്നുണ്ട്.
ഊട്ടിയില്‍ തീവണ്ടിയുടെ ലോക്കോ പൈലറ്റായി ജോലി ചെയ്യുന്നയാളായിരുന്നു വില്യമിന്റെ അച്ഛന്‍. കുട്ടിത്തം നിറഞ്ഞ മനുഷ്യനാണ് വില്യം. പലരും അവനെയൊരു തമാശ വസ്തുവായാണ് കണ്ടത്. ഇന്ത്യാക്കാരിയായ ഒരു വിധവയെ അവന്‍ സ്നേഹിച്ചിരുന്നതായി പറയപ്പെടുന്നു. ഏതോ കാരണത്താല്‍ വീടിന്റെ മധ്യത്തിലുള്ള മുറിയിലെ മച്ചില്‍തൂങ്ങി അവന്‍ ജീവന്‍ വെടിഞ്ഞു. ആ മുറിയുടെ ഉയര്‍ന്നുകിടക്കുന്ന കൊളുത്തില്‍ കയറിടാനായി മേശയും അതിന്റെ മേലെ കസേരകളും കൂടാതെ പൊക്കം മതിയാകാതെ മുക്കാലിയുംവെച്ച് അടുക്കുകളുണ്ടാക്കിയിരുന്നു. ഉയരക്കുറവ് കാരണം മേശയുടെ മീതെ കയറാന്‍ സാധിക്കാത്തത്തിനാല്‍ അയല്‍പക്കത്തുള്ള വീടുകളില്‍നിന്നും കസേരകള്‍ കൊണ്ടുവന്നു ഉയര്‍ത്തിവെച്ചാണ് മുകളില്‍ കയറിയിരിക്കുന്നത്. നാലഞ്ചു തവണ അടിതെറ്റി വീണിരിക്കണം. അവന്റെ കൈകളിലും മൂക്കിലും പല്ലുകളിലും വീണതിന്റെ അടയാളമായി ചോരക്കറയുണ്ടായിരുന്നു. അത്രയും വേദനയോടെയും തന്റെയുടലിനെ കയറില്‍തൂക്കി ചെറിയ പെന്‍സില്‍പോലെ അവന്‍ വിറച്ചുകിടന്നു. അവിടെയുമിവിടെയുമായി കസേരകള്‍ ചിതറിക്കിടന്നിരുന്നു. അയല്‍വാസികള്‍ തങ്ങളുടെ കസേരകളെ അടയാളം കാട്ടി സംസാരിച്ചുകൊണ്ടിരുന്നു. ഒരു കുട്ടിപയ്യന്റെ താല്പര്യമില്ലാത്ത കളി പോലെയുണ്ടായിരുന്നു ആ മരണം.
ഡെബോറ കാല്‍മുട്ടില്‍ നിന്ന് കൈകളെയെടുത്ത് മാറ്റി തന്റെ നഗ്നദേഹത്തെ ഒരു വശത്തേക്ക് ചരിച്ച് ശരീരത്തെ അകത്തേക്ക് വളച്ച് വെള്ളാരങ്കല്ലുകള്‍ക്കു മീതെ കിടന്നു. വലിയ പ്രാവുകളുടെ മുട്ടകള്‍ പോലെയുണ്ടായിരുന്നു ഉരുണ്ട വടിവിലുള്ള വെള്ളാരങ്കല്ലുകള്‍. പുറകിലിരിക്കുന്ന വളര്‍ത്തുനായയുടെ കണ്ണുകള്‍ക്ക് ഈ ചിത്രം തീര്‍ച്ചയായും മുട്ടകള്‍ക്ക് മേലെ അടയിരിക്കുന്ന പെണ്ണിനെപ്പോലെത്തന്നെ തോന്നും. വിശാലമായ അവളുടെ തങ്കനിറവും നരച്ച വെള്ളമുടികളും ഉണ്ടക്കല്ലുകളില്‍ വിരിഞ്ഞുകിടന്നു. സമീപത്തൂടെ ഒഴുകുന്ന വെള്ളത്തിന്റെ ‘ചളപ്പ് ചളപ്പ്’ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.
മനസ്സു നിറയെ ശൂന്യത നിറഞ്ഞു നിന്നിരുന്നു. ഇനിയുമെത്ര നാൾ ഈ ജീവിതത്തെ ജീവിച്ചു തീര്‍ക്കണമെന്ന് അവരോര്‍ത്തു. യാതൊരു രുചിയുമില്ലാത്ത ഒന്നിനെയൊന്ന് വേര്‍തിരിച്ചു കാണിക്കാന്‍ സാധിക്കാത്ത ഒരേ തരത്തിലുള്ള ദിവസങ്ങളാണിവ. ഇരുവശത്തും ഉയരത്തിൽ കോട്ടകള്‍ പടുത്തുയര്‍ത്തിയ കറുത്ത നിറത്തിലുള്ള നെടുമ്പാതയിലൂടെ ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടുന്നതുപോലെ ആയാസകരമായ യാത്രയാണ് ഈ ജീവിതം. തുടര്‍ന്നും ജീവിക്കുന്നതിന് ഒരു കാരണവുമില്ല. തന്റെ പക്കല്‍ ആവശ്യത്തിലധികം ദിവസങ്ങളുള്ളതുപോലെ അവര്‍ക്ക് തോന്നി. ഈയിടെയായി വാര്‍ദ്ധക്യത്തെയും രോഗത്തെയുംകുറിച്ചുള്ള ഭയം അധികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇനിയും ചില വര്‍ഷങ്ങളില്‍ വാര്‍ധക്യം പിടികൂടുമെന്നും മുമ്പത്തെക്കാള്‍ വേഗതയോടെ ചലിച്ച് തന്നെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നതായും അവര്‍ കരുതുന്നു. തനിക്ക് യാതൊരു രോഗങ്ങളില്ലാത്തപ്പോഴും പല സമയത്തും ഓരോരോ രോഗങ്ങളും തന്റെ ശരീരത്തിലേക്ക് പ്രവേശിച്ചതായി വിഭാവനം ചെയ്ത് അവ ഉടലിലുണ്ടാക്കുന്ന ഫലങ്ങളെയും ആ രോഗകാലത്ത് തനിക്കുണ്ടാകുന്ന വേദനകളെയും തന്റെ അഴകിന്റെ തേയ്മാനത്തെയും ദേഹത്തിലെ പരുക്കളെയും പുണ്ണുകളെയും പഴുപ്പിനെയും ദുര്‍ഗന്ധത്തെയും സങ്കല്‍പ്പിച്ച് അവർ ഓര്‍ത്തുകൊണ്ടിരിക്കും. ഉണ്ണുമ്പോഴും കുളിക്കുമ്പോഴും പരസഹായം വേണ്ടിവരും. അതുപോലെയുള്ള അസുഖം ബാധിച്ചു കിടക്കുന്ന നാളുകളിൽ തന്നെ ശ്രദ്ധിക്കാൻ ആരെങ്കിലും ഇല്ലാത്ത അവസ്ഥ വളരെ ദാരുണമായിരിക്കുമെന്ന് അവർ സ്വയം ഓർത്തു കൊണ്ടിരുന്നു.
നേരം പതിയെ പുലരാൻ തുടങ്ങുകയും നദിയുടെ മറുകര കലങ്ങി മറിഞ്ഞതായി കാണുവാനും തുടങ്ങിയപ്പോൾ എഴുന്നേറ്റ് അവർ തന്റെ ഉടുപ്പുകളെടുത്ത് ധരിച്ചു. പിന്നീട് ചരൽക്കല്ലുകളെ ചവിട്ടിമെതിച്ച് ശബ്ദമുണ്ടാക്കത്തവിധം നടന്ന് മൺപാതയിൽ കയറി വീടെത്തിച്ചേർന്നു. പടിപ്പുരയിൽ മരവാതിൽ തുറന്നപ്പോൾ വെള്ളനിറത്തിലുള്ള വളർത്തുനായ അവരെ മറികടന്നോടി വീടിന്റെ വരാന്തയിൽ കിടക്കുന്ന പാത്രത്തിൽനിന്ന് വെള്ളം നക്കി നക്കി കുടിച്ചു. തൊട്ടപ്പുറത്തെ ദേവാലയത്തിലെ വെങ്കലമണിയടിയുടെ ഉച്ചത്തിലുള്ള ശബദം കേട്ടു. അത് എപ്പോഴും രാവിലെ ആറു മണിക്ക് കൃത്യമായി അടിക്കും. കഴിഞ്ഞയാഴ്ച വരെ വില്യമായിരുന്നു ആ ജോലി ചെയ്തുകൊണ്ടിരുന്നത്. മണിയിൽനിന്ന് നീണ്ടുകിടക്കുന്ന കയറിൽ പിടിച്ച് അവൻ തൂങ്ങും. വെങ്കലമണിയുടെ വലിയ ഭാരം അവന്റെ ചെറിയ ഉയരത്തെ മുകളിലേക്ക് പൊക്കും. വീണ്ടും തന്റെ ഭാരത്തെ മുഴുവനായും പകർന്ന് തറയിലേക്ക് വലിക്കും. താഴേക്കിറങ്ങിയും മുകളിലേക്ക് പൊങ്ങിയും കളിചിരിയുമായി ആ ദേവാലയമണി ശബ്‌ദിച്ചുകൊണ്ടിരിക്കും. വീടിന്റെ കതക്‌തുറക്കാൻ താക്കോലിന്റെ ദ്വാരത്തിലിടുന്ന ശബ്ദം കേട്ടതും അകത്തുനിന്ന് മറ്റൊരു നായയുടെ വെറിപിടിച്ച കുരയ്ക്കുന്ന ശബ്ദം കേട്ടു.
ഡെബോറ തിടുക്കത്തിൽ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു. കറുപ്പും ചെന്നിറവും കലർന്ന ആ നായ ഇറുക്കമുള്ളതും കനത്തതുമായ ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരുന്നു. അവരെ കണ്ടതും അത് ഘോരമായി പല്ലുകൾ കാട്ടി മുരണ്ടു. അതിന്റെ വായിൽ നിന്ന് ഈത്ത ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. യാതൊരു അനക്കവുമില്ലാതെ ഡെബോറ അതിനെത്തന്നെ നോക്കിക്കൊണ്ടിരുന്നു. അതപ്പോൾ കരയുന്നതു പോലെയൊരു ശബ്ദം പുറപ്പെടുവിച്ച് ‘എന്നെ തനിച്ചാക്കി എങ്ങോട്ടാണ് പോയത്’ എന്നു ചോദിക്കുമ്പോലെ അവളെ നോക്കി. അതെപ്പോഴാണ് ഇണങ്ങുന്നതെന്നും അതെപ്പോഴാണ് കടിക്കുന്നതെന്നും അനുമാനിക്കാൻ സാധിക്കില്ല. ചില മനുഷ്യരെപ്പോലെയാണ് ചിത്തഭ്രമം. ഇതുവരെ കുറേ പേരെ അവന്‍ കടിച്ചിട്ടുണ്ട്. പലരും വെറി പിടിച്ച നായയെ കൊന്നു കളയണമെന്ന് പറഞ്ഞപ്പോഴും ഡെബോറ മറുത്തു കളഞ്ഞു.
നാടു മുഴുവനും വെളിച്ചം പരത്തി അവിടെയുമിവിടെയുമായി ദൂരെയുള്ള വീടുകളും ശോഭിച്ചുകിടന്നിരുന്നു. എല്ലാ കതകുകളെയും ജനാലകളെയും തുറന്ന് വീടു മുഴുവൻ വെളിച്ചം നിറയാൻ അവർ അനുവദിച്ചു. സാധാരണ ദിവസങ്ങളെക്കാളും വെളിച്ചം നിറഞ്ഞ് വീട്‌വെടിപ്പോടെ അഴുക്കൊന്നുമില്ലാതെ കാണപ്പെട്ടു. അടുക്കളയിലേക്ക്‌ചെന്ന് ചായയുണ്ടാക്കി വന്ന് വരാന്തയിലെ ചൂരൽകസേരയിൽ അവർ ഇരുന്നു. കാൽചുവട്ടിൽ അവരുടെ വെളുത്ത വളർത്തുനായയും വന്നു കിടന്നു. പടിവാതിലിന്റെ അടച്ചിരിക്കുന്ന മരവാതിലിലേക് കണ്ണുകൾ പായിച്ചുകൊണ്ട് രണ്ടു മൂന്നു തവണ ചായ മൊത്തിക്കുടിച്ചു. പെട്ടെന്ന് തന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ കടന്നുവരുന്ന മയിലിനെ അവർക്ക് ഓർമ്മ വന്നു. അതിനെ അവസാനമായി കണ്ടിട്ട് മൂന്നു നാലു മാസമായിക്കാണും. ചിലപ്പോഴൊക്കെ തുടർച്ചയായി രണ്ടു മൂന്നു ദിവസങ്ങൾ വന്നുപോകും. മറ്റു ചിലപ്പോൾ മൂന്നു നാലു മാസം ഈ വഴിക്ക്‌തന്നെ വരില്ല. ഇളംപ്രായമുള്ള ആൺമയിലാണത്. തറയിലൂടെ വലിച്ചിഴച്ച്‌പോകുന്ന നീണ്ട പീലികൾ.
നൂറുകണക്കിന് കണ്ണുകളാണ് അതിന്റെ പീലിക്കെട്ടിൽ. കഴുത്തിൽ നീലയും പച്ചയും നിറങ്ങൾ വിതറിയ പോലെയുണ്ടായിരുന്നു. എപ്പോഴെങ്കിലും വീടിന്റെ മുൻഭാഗത്തേക്ക് വരുന്ന സമയത്ത് ഡെബോറ വീട്ടിലില്ലെങ്കിൽ അതു ഉറക്കെ നിലവിളിക്കും. അവർ വെളിയിലേക്ക് വന്ന് നോക്കിയാൽ മുക്കാൽ വട്ടത്തിൽ പീലികൾ വിടർത്തി അങ്ങോട്ടുമിങ്ങോട്ടും നടന്നു കാട്ടും. അങ്ങനെ അത് വരുന്ന ദിവസങ്ങളിൽ വരാന്തയിലിരുന്ന് അതിന് ധാന്യങ്ങൾ വിതറിക്കൊണ്ട് ദിവസം മുഴുവനും ഡെബോറ അതിനെയും നോക്കിക്കൊണ്ടിരിക്കും. അങ്ങനെയുള്ള സമയങ്ങളിൽ ഉണ്ണാൻപോലും വീട്ടിനകത്തേക്ക് എഴുന്നേറ്റ് ചെല്ലാതെ പച്ചയും കരിംനീലവും കലർന്ന അതിന്റെ നിറത്തെയും വെയിലിൽ അതിന്റെ തിളക്കത്തെയും രസിച്ചുകൊണ്ടിരിക്കും. ദിവസം മുഴുവനും കണ്ടാലും അതിനെ കണ്ടു തീർന്നിട്ടില്ലെന്നപോലെയും മുഷിപ്പു വരാത്തതുപോലെയും അവർക്ക് തോന്നും. ഇന്നെന്തോ അതിനെ കാണണമെന്ന ആസക്തി അവൾക്കുണ്ടായി. വീടിന്റെ മുൻമുറ്റത്തിലെ പുൽപ്പരപ്പിനു മീതെ ‘ക്വാക്ക്… ക്വാക്ക്…’ എന്നു ശബ്ദമുണ്ടാക്കിക്കൊണ്ട് പൂർണ്ണമായ വെള്ളനിറത്തിലും കറുപ്പും വെളുപ്പും കലർന്നതും തവിട്ടുനിറത്തിലുമുള്ള താറാവുകൾ അലഞ്ഞുനടക്കുന്നുണ്ടായിരുന്നു.
എഴുന്നേറ്റ് ചെന്ന് അവർ മറ്റുള്ള കൂടുകളെയും തുറന്നുവിട്ടു. ചെമ്പൻ നിറത്തിലും ചുവപ്പും കറുപ്പും കലർന്ന നിറത്തിലുമുള്ള പൂവന്മാർ… വർണ്ണാഭായ കോഴികൾ അതിൽനിന്നും പുറത്തേക്ക്‌വന്നു. മറ്റൊരു കൂടിൽനിന്ന് വെളുപ്പും കറുപ്പും തവിട്ടും നിറത്തിലുള്ള മുയലുകൾ വെളിയിലേക്കിറങ്ങി പുൽത്തകിടിയിലേക്ക് വന്നു. അതിനു തൊട്ടടുത്തുള്ള കൂടുകളിൽ പല വർണ്ണത്തിലുള്ള പ്രാവുകളുണ്ടായിരുന്നു. അവയുടെ കുറുകൽ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അരികിലേക്ക് ചെന്ന് അവർ അവയെ നീണ്ടനേരം നോക്കി നിന്നു.
വസൂരി ബാധിച്ച് പതിനാലു വയസ്സുള്ള തന്റെ മകൾ മരിച്ചതിനു ശേഷവും അഞ്ചുവർഷങ്ങൾക്ക്‌മുമ്പ് ഡബ്ല്യു. എച്ച്. പെറോസിന്റെ വിയോഗത്തിനുശേഷവും മറ്റു മനുഷ്യരുടെ അഭാവത്തിന്റെ സങ്കടത്തെ ഈ ജീവികളാണ് ഇല്ലാതാക്കിയതെന്ന് മനസിലോര്‍ത്തുകൊണ്ടുതന്നെ അവയുടെ കൂടുകളുടെ എല്ലാ വാതിലുകളെയും അവർ തുറന്നുവിട്ടു. നടന്നുചെന്ന് വീതികൂടിയ പടിപ്പുര വാതിൽ തുറന്ന് ‘പോകുന്നവർക്ക് പോകാം’ എന്നതുപോലെ താറാവുകളെയും കോഴികളെയും മുയലുകളെയും വാതിലിന് വെളിയിലേക്ക് ആട്ടിയോടിച്ചു. അവ മടിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു. ഒന്നു രണ്ടു മുയലുകൾ വാതിലിന് വെളിയിലേക്ക് തുള്ളിച്ചാടിപ്പോയി. തുടർന്ന് മറ്റു ചില ജീവികളും വെളിയിലേക്കിറങ്ങാൻ തുടങ്ങി. ഡെബോറ വീട്ടിനുള്ളിലേക്ക് തിരിച്ചുനടന്നു.. കുറേശ്ശെയായി വാർദ്ധക്യത്തോടടുത്തു നിൽക്കുന്ന തന്റെയുടലിനെ ചൂടുവെള്ളമൊഴിച്ച് നന്നായി കുളിപ്പിച്ചു.
നനഞ്ഞ ശരീരത്തെ നന്നായി തുടച്ച് കുപ്പായം പോലുള്ള തനിക്കിഷ്ടമുള്ള നീണ്ട വെള്ളയുടുപ്പിനെ അവർ ധരിച്ചു. ഈറൻ തലയിൽ മുടികൾ കുലപോലെ ഒട്ടിക്കിടന്നിരുന്നു. നടക്കുമ്പോൾ കാലിനു കുറുകെ പൂച്ചകളും അതിന്റെ കുഞ്ഞുങ്ങളും തടസ്സം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. വീടിനു വെളിയിൽ പൂവൻ കൂവുന്ന ശബ്ദം കേട്ടു. അതിനെത്തുടർന്ന് പ്രാവുകളുടെ കുറുകലും താറാവുകളുടെ ‘ക്വാക്ക്… ക്വാക്ക്…’ശബ്ദവും കേട്ടു. പിന്നീട് എല്ലാ ശബ്ദങ്ങളും കൂടിച്ചേർന്ന് വലിയൊരു മുഴക്കമായി മാറി അവളെ വീടിനു വെളിയിലേക്ക് പോകാൻ പ്രേരിപ്പിച്ചു. അവൾ വീടിന്റെ വരാന്തയിലേക്ക് വന്നു. എല്ലാ പ്രാവുകളും അവയുടെ കൂടുകളിലേക്ക് മടങ്ങിയിരുന്നു. താറാവുകൾ തങ്ങളുടെ ചന്തി കുലുക്കിക്കൊണ്ട് പുൽമേടിൽ ഉലാത്തുന്നുണ്ടായിരുന്നു.
വീണ്ടും വീണ്ടും അവയെ വീടിന് വെളിയിലേക്ക് ’ശൂ… ശൂ…’ വെന്ന് അവൾ തുരത്തി. പറവകൾ തങ്ങളുടെ സ്വരമുയർത്തി ’നിന്നെ വിട്ട് പോകില്ല’യെന്നതുപോലെ എതിർപ്പ് പ്രകടിപ്പിച്ചു. ശോഭയോടെ ഒന്നുമുരിയാടാതെ അവൾ വീട്ടിനകത്തേക്ക് വന്നു. അടുക്കളയിലേക്ക്‌ചെന്ന് കുറച്ച് ധാന്യങ്ങളും തീറ്റയും വെവ്വേറെ പാത്രങ്ങളിൽ കൂട്ടിക്കലര്‍ത്തുവാന്‍ തുടങ്ങി. അടുക്കളത്തട്ടിലേക്ക് കയറി കൂട്ടികുഴയ്ക്കുന്ന സാധനങ്ങളെ പൂച്ചകൾ പരുഷമായി നോക്കി. കോഴികൾ,പറവകൾ, താറാവുകൾ, പൂച്ചകൾ, പട്ടികൾ എന്നിങ്ങനെ ഓരോരോ ജീവിവർഗങ്ങൾക്കും വെവ്വേറെയായി ഇഷ്ടപ്പെട്ട ആഹാരങ്ങളെ കൈയ്യിട്ട് കുഴച്ചു. എഴുന്നേറ്റു ചെന്ന് നടുത്തളത്തിലുള്ള കന്യാമറിയത്തിന്റെ തിരുരൂപചിത്രത്തിന് മുന്നിൽ വന്ന് നിന്നു. അതിന്റെ ഇടതുവലതായി കിടക്കുന്ന മെഴുതിരികളിൽ അവൾ തീ കൊളുത്തി. മഞ്ഞവെളിച്ചം അവയിൽനിന്ന് മെല്ലെ തെളിയാൻ തുടങ്ങി. കന്യാമറിയത്തിന്റെ പടത്തെയും തിരികളിൽനിന്ന് ഉയരുന്ന നാളത്തെയും അവൾ നീണ്ടനേരം നോക്കിക്കൊണ്ടിരുന്നു. കണ്ണുകളിൽനിന്ന് നീർത്തുള്ളികൾ ഒഴുകി കഴുത്തിലൂടെയിറങ്ങി വസ്ത്രത്തിലേക്ക് വീണ് നനഞ്ഞു.
ആഹാരപാത്രങ്ങളെ ഓരോന്നായി എടുത്തു കൊണ്ടു ചെന്ന് പടിവാതിലിൽനിന്ന് ആരംഭിച്ച് പുൽത്തകിടിയിൽ പടർത്തിവെച്ചു. താറാവുകൾ സ്വയം അവളുടെയരികിലേക്ക് വന്നണഞ്ഞു. വെള്ളത്തിൽ കുഴച്ച ചോളത്തവിടുകളെ ചെറിയ ചെറിയ ഉരുളകളാക്കി അവയെ തീറ്റിച്ചു. അവയുടെ നീണ്ട കഴുത്തിലൂടെ ഭക്ഷണം ഇറങ്ങുന്നത് കണ്ടു. അതുകഴിഞ്ഞ് മുയലുകൾക്കും കോഴികൾക്കും അതേപോലെത്തന്നെ തീറ്റിച്ചു. പ്രാവുകളുടെ കൂട്ടിൽ ധാന്യപ്പാത്രത്തെ അവൾ വെച്ചതും അവ അതിനെ കൊത്തിപ്പറിക്കാൻ തുടങ്ങി. താറാവുകൾ കഴുത്തുകളുയർത്തി ശബ്ദമുണ്ടാക്കാൻ നോക്കി. കരകരപ്പുപോലെ ഉടഞ്ഞ ചെറുസ്വരം ഉയർന്നുവരികയും നേർത്തില്ലാതാവുകയും ചെയ്തു. വീണ്ടും വീണ്ടും കഴുത്തുകളുയർത്തി ശബ്ദം പുറപ്പെടുവിക്കാൻ ശ്രമിച്ച് അവ തോറ്റുപോയി. ശബ്ദം വന്നതേയില്ല. പൂവങ്കോഴികളും കൂവാൻ ശ്രമിച്ചു ശ്രമിച്ച് പരാജയപ്പെട്ടു. പ്രാവിൻക്കൂടുകളിൽ പടപടായെന്ന് ചിറകുകളടിക്കുന്ന ശബ്ദം. അവൾ തിരിഞ്ഞുനോക്കാതെ നടന്നുനീങ്ങി വരാന്തയിൽ കിടക്കുന്ന വെള്ളനിറത്തിലുള്ള വളർത്തുനായയുടെ അരികിലേക്ക്‌ചെന്നു. അത് കണ്ണുകൾ അടക്കാതെ ഇറുങ്ങിയ മുഖവുമായി പ്രാവുകളുടെ ഉടലുകൾ ചെരിഞ്ഞു ചരിഞ്ഞ് തറയിൽ വീണ് പിടയ്ക്കുന്നത് കണ്ടു.
കൈയ്യിലുള്ള ഭക്ഷണപാത്രത്തെയും നായയുടെ കണ്ണുകളെയും ഡെബോറ നോക്കി. വളർത്തുനായ അനങ്ങാതെ അവളെയും നോക്കി. അതിന്റെ കണ്ണുകളെ നോക്കാൻ അവളാൽ കഴിഞ്ഞില്ല. ചാരുകസേരയുടെ മീതെ കിടന്നിരുന്ന തുണികൊണ്ട് അവര്‍ തന്റെ കണ്ണുകളെ ഇറുക്കിക്കെട്ടി. തുണിക്കെട്ടിൽനിന്ന് കണ്ണുനീർ പൊഴിഞ്ഞുകൊണ്ടിരുന്നു. വരാന്തയിലെ തറയിൽ അവര്‍ ഇരുന്നു. വളർത്തുനായ സ്വയമേ വന്ന് അവരുടെ തുടയിൽ തന്റെ കവിൾത്തടവെച്ച്‌കിടന്നു. ഡെബോറയുടെ കൈകൾ നടുങ്ങുവാൻ തുടങ്ങി. തനിക്ക്‌ഭക്ഷണം നൽകണമെന്നു പറയുമ്പോലെ അതവരുടെ കരങ്ങളെ നക്കി. ഒരു പിടി ആഹാരമെടുത്ത് അതിന്റെ വായരികിലേക്ക് അവര്‍ തന്റെ കൈനീട്ടി. അതിനപ്പുറം ശക്തിയില്ലാതായി പാത്രത്തെ താഴെവെച്ച് അവര്‍ വീട്ടിനുള്ളിലേക്ക് പോയി. നടന്നുനീങ്ങവെ നായ ഭക്ഷണം കഴിക്കുന്ന ശബ്ദം അവര്‍ കേട്ടു. കണ്ണുകളടച്ചു തുറന്നപ്പോൾ പൂച്ചകൾ തങ്ങളെ ഊട്ടണമെന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് പറഞ്ഞു. പൂച്ചകൾക്കുള്ള പാത്രങ്ങളെ കൊണ്ടുന്നു വെച്ചയുടനെ നാലു പൂച്ചകളും തമ്മിൽ കടിപിടി കൂടാതെ ഓരോ ദിശയിലും നിന്നുകൊണ്ട് ശാന്തമായി ഭക്ഷിച്ചു. വരാന്തയിൽനിന്ന് കാലിട്ടടിക്കുന്ന ഒച്ചയും നഖങ്ങൾ തറയെ മാന്തുന്ന ശബ്ദവും ഇടവിടാതെ കേട്ടുകൊണ്ടിരുന്നു. അരികെ കിടന്ന തുണികൊണ്ട് ചെവിയുടെ ഇരുവശവും അവര്‍ അടച്ചു. അൽപം കഴിഞ്ഞ് തുണി നീക്കുമ്പോൾ ഒരേയൊരു തവണ പതിഞ്ഞ കാലിട്ടടി ശബ്ദം മാത്രം കേട്ടു. അവസാനത്തെ ഭക്ഷണപാത്രത്തെയും എടുത്തുകൊണ്ട് അവൾ പിറകുവശത്തേക്ക് ചെന്നു.
പട്ടിയെ കെട്ടിയിരുന്ന ഇരുമ്പു ചങ്ങലയെ അഴിച്ചുമാറ്റി. ഈത്ത വഴിയുന്ന ഘോരമുഖവുമായി പട്ടി അവളുടെ മുഖത്തെയെല്ലാം നക്കി. സന്തോഷമുള്ളതുപോലെ അത് തുള്ളിത്തുള്ളിച്ചാടി. അവയുടെ കണ്ണുകൾ ഒളിമിന്നി ജ്വലിച്ചുകൊണ്ടിരുന്നു. ഡെബോറ സങ്കോചിച്ച മുലക്കണ്ണുകളുള്ള അതിന്റെ തളർന്ന വയറിനെ തഴുകിക്കൊണ്ടിരുന്നു. ഏതൊരു ജീവിവർഗമാണെങ്കിലും പെണ്ണിന്റെ ജീവിതം ഒരേപോലെയാണെന്ന് അവൾ ചിന്തിച്ചുകൊണ്ടിരുന്നു. ആഹാരപാത്രത്തെ അതിന്റെ മുന്നിൽ വെച്ചപ്പോൾ ‘അവുക്ക്… അവുക്ക്… ‘എന്ന് വളരെ വേഗത്തിൽ ഭക്ഷിച്ചു. ഡെബോറ അവിടെനിന്ന് എഴുന്നേറ്റ് തന്റെ ഭക്ഷണപാത്രത്തെ നോക്കി നടന്നു. ഭക്ഷണം കഴിച്ച്‌തീർന്നതും ചുണ്ടിനരികിൽ പറ്റിക്കിടന്നിരുന്ന വറ്റുകളെ വെള്ളത്തുണിയാൽ തുടച്ച് പാത്രത്തെ വെള്ളംകൊണ്ട് കഴുകിവെച്ചു. പിന്നീട് എല്ലാം നിറവേറിയെന്നതുപോലെ തന്റെ കിടപ്പറയിലേക്ക് തപ്പിത്തടഞ്ഞ്‌ചെന്നു. കുറച്ചു നേരം വെളിയിൽ മഴ പെയ്യുന്ന ശബ്ദം ഡെബോറ കേട്ടു. പിന്നെയും നീണ്ടസമയം മഴ പെയ്തെങ്കിലും അവളുടെ ചെവികൾക്കുള്ളിലേക്ക് യാതൊരു ശബ്ദവും കയറിയില്ല.
വൈകുന്നേരം നാലുമണിക്ക് മഴ നിന്ന് ആകാശം വിളറി പരിസരം കഴുകിവൃത്തിയായതുപോലെയുണ്ടായിരുന്നു. അപ്പോഴാണ് ആ മയിൽ എവിടെനിന്നോ മുറ്റത്തേക്ക് വന്നത്. പുൽത്തകിടിയിൽ നീണ്ട പച്ചപ്പരപ്പിൽ കറുപ്പ് വെള്ള ചുവപ്പ് ചാമ്പൽ തവിട്ടു നിറങ്ങൾ വിറച്ചു കിടക്കുന്നത് കണ്ട് അലറി നിലവിളിച്ചു.
‘ഒയാങ്ങ് ഒയാങ്ങ്… ഒയാങ്ങ് ഒയാങ്ങ്… ഒയാങ്ങ് ഒയാങ്ങ് ഒയാങ്ങ് ഒയാങ്ങ്… ഒയാങ്ങ് ഒയാങ്ങ്…’
പ്രാവുകളുടെ കൂട്ടിലേക്ക് കഴുത്തു നീട്ടി നോക്കി.
വീണ്ടും ‘ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്’
നടന്ന് വരാന്തയിലേക്ക്‌വന്ന് വളർത്തുനായയെയും അതിനു തൊട്ടടുത്ത് തറയിൽ നഖങ്ങളാലുണ്ടായ കീറലുകളെയും കണ്ടു.
‘ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്’
മയിൽ വീട്ടിനകത്തേക്ക്‌പ്രവേശിച്ചു. വീട്ടിനുള്ളിൽ അത് നടന്നു നീങ്ങവെ മഴപെയ്ത് ഈറനായ മണ്ണിൽ ചവിട്ടിയ അതിന്റെ കാൽത്തടം നാലു മുനകളുള്ള നക്ഷത്രം ചിതറിയതുപോലെ വെള്ളത്തറയിൽ പതിഞ്ഞു. ഡെബോറയെ തേടി അത് അവളുടെ മുറിക്കുള്ളിലേക്ക്‌വന്നു. ഡെബോറ തന്റെ കൈകളെ നെഞ്ചിനു മീതെ ഇടംവലമായി വെച്ച് അനക്കമില്ലാതെ ഉറങ്ങുന്നവളെപ്പോലെ തോന്നിച്ചു. ‘ഒയാങ്ങ് ഒയാങ്ങ്… ഒയാങ്ങ് ഒയാങ്ങ്… ഒയാങ്ങ്’
അലറിയവിധം അത് ഡെബോറ കിടന്നിരുന്ന കട്ടിലിനു ചുറ്റും വലംവെച്ചു നടന്നു.
‘ഒയാങ്ങ്… ഒയാങ്ങ്… ഒയാങ്ങ്,’ ശബ്ദം വീട്ടിനുള്ളിൽ ശക്തിയായി മാറ്റൊലി തീർത്തു. തന്റെ പീലിക്കെട്ടിനെ മുക്കാൽ വട്ടത്തിൽ വിടർത്തി ചുറ്റിചുറ്റി നടന്നു.
ഡെബോറ എഴുന്നേൽക്കുന്നില്ലെന്നതുകണ്ട് വീണ്ടും വീണ്ടും ‘ഒയാങ്ങ് ഒയാങ്ങ്… ഒയാങ്ങ്…’ ആ മുറിയിൽനിന്ന് വെളിയിലേക്കിറങ്ങി പിൻപുറം ലക്ഷ്യമാക്കി അത് നീങ്ങി. പോകുന്ന വഴിയിൽ കന്യാമറിയത്തിന്റെ ഇടംവലമായി കിടന്നിരുന്ന മെഴുകുതിരികൾ പിന്നെയും എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അതിന്റെ മഞ്ഞവെളിച്ചത്തെ കണ്ടതും…
‘ഒയാങ്ങ്‌ഒയാങ്ങ്… ഒയാങ്ങ്’
പിൻഭാഗത്ത് എല്ലായ്പ്പോഴും ഈത്ത വഴിയുന്നതും ഭീതി ജനിപ്പിച്ചിരുന്നതുമായ മുഖത്ത് സന്തോഷവും നിതാന്ത ശാന്തതയും നിഴലിച്ചിരുന്നു. രാത്രി വരെ വീടു മുഴുവൻ ചുറ്റിക്കറങ്ങി ഇടവിടാതെ അത് നിലവിളിച്ചു കൊണ്ടിരുന്നു.
’ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…ഒയാങ്ങ്…ഒയാങ്ങ് ഒയാങ്ങ്…’
പിന്നീട് പാത്രങ്ങളിൽ ബാക്കികിടന്നിരുന്ന ഭക്ഷണത്തെ അത് കൊത്തിക്കൊത്തി തിന്നാൻ തുടങ്ങി. ഓരോ തവണ വിഴുങ്ങിയതിനു ശേഷവും ‘ഒയാങ്ങ്… ഒയാങ്ങ് ഒയാങ്ങ്…’
പാതിരാത്രിക്ക് ശേഷം ‘ഒയാങ്ങ്… ഒയാങ്ങ്‌ഒയാങ്ങ്…’ ശബ്ദം തീർത്തും നിലച്ചു പോയി.
The post മയിൽ-നരൻ എഴുതിയ തമിഴ് കഥ, മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ് appeared first on Indian Express Malayalam.