കുട്ടൻ എഴുന്നേൽക്കുമ്പോൾ അമ്മാമ്മ കട്ടിലിനരികിൽ ഇരിപ്പുണ്ടായിരുന്നു. രാത്രിയിൽ അവന്റെ അരികിൽ ഇരുന്ന അതേ ഇരിപ്പ്. അതേ വെളുത്ത ചട്ടയും നീലയിൽ വെള്ളക്കള്ളികളുള്ള കള്ളിമുണ്ടും. കഴുത്തിൽ ഇളം നീല നിറമുള്ള ഉരുളൻ കൊന്തമണികൾ.
‘പനി വിട്ടല്ലാ.. വാ’
കുനിഞ്ഞപ്പോൾ വെന്തിങ്ങയിലെ വിശുദ്ധ യൂദാശ്ലീഹായുടെ രൂപം അവന്റെ നെറ്റിയിൽ ചെന്നുതൊട്ടു.
പുതപ്പിനടിയിൽ നിന്ന് മെലിഞ്ഞു വിളറിയ ശരീരം പുറത്തെടുത്ത് അമ്മാമ്മ കുട്ടനെ പുഴക്കരയിലേക്ക് കൊണ്ടുപോയി. ഉമിക്കരി നുള്ളി അവന്റെ മോണയിൽ അമർത്തി തേച്ചു. ഈർക്കിലി രണ്ടായി കീറി നാക്കുവടിച്ചു. അലക്കുകല്ലിനരികിൽ ഇരുന്നിരുന്ന ചളുങ്ങിയ കുടത്തിൽ നിന്ന് വെള്ളം എടുത്ത് മുഖവും വായയും കഴുകിച്ച് തിരികെ കട്ടിലിൽ കൊണ്ടിരുത്തി അമ്മാമ്മ പറഞ്ഞു.
‘മോനിവിട ഇരി. അമ്മാമ്മ ചൂട് കഞ്ഞി കൊണ്ടരാം’
കുട്ടൻ മുറ്റത്തേക്ക് നോക്കി. വെയിൽ അടുപ്പിൽ വച്ച പാത്രത്തിലെന്നോണം തിളക്കുന്നു. കുഴിപ്പാത്രത്തിൽ കഞ്ഞിയും തേങ്ങാചമ്മന്തിയുമായി അമ്മാമ്മ പ്രത്യക്ഷപ്പെട്ടു. രണ്ടായി വീണ്ട തിണ്ണയിൽ കാലും നീട്ടിയിരുന്ന് വിളിച്ചു.
‘വാ മോനെ..’
കട്ടിലിനടിയിൽ നിന്ന് പച്ച നിറമുള്ള ഓട്ടോറിക്ഷ തപ്പിയെടുത്ത് തിണ്ണയുടെ കയറ്റിറക്കങ്ങളിലൂടെ ഓടിക്കുന്നതിനിടയിൽ അമ്മാമ്മയുടെ ഓരോ വിളിക്കും കുട്ടൻ ഒരു കിളിക്കുഞ്ഞിനെപ്പോലെ വായ തുറന്നു. അവസാനത്തെ വറ്റ് വായിൽ സ്വീകരിച്ച് മുറ്റത്തേക്കിറങ്ങി.
‘ന്നെഴുന്നേറ്റ് പോണ്ടാ…’
അമ്മാമ്മയുടെ ആക്രോശം കേട്ടാണ് തിരിഞ്ഞുനോക്കിയത്. തൊണ്ട രണ്ടായി ചീന്തിയ ഒച്ച. അപ്പാപ്പയോടാണ്.
‘ചോറും കറീം വച്ചേക്കണ്.. എഴുന്നേറ്റ് കേറ്റടോ..സൂര്യൻ മൂട്ടിലടിച്ചാലും എണീക്കില്ല…’
വാക്കുകളുടെ വക്കുകളിൽ കോർത്തുവച്ച പരിഹാസത്തിന്റെ മീൻ മുള്ളുകളേറ്റ് കുട്ടന് മുറിഞ്ഞു.
ദുസ്വപ്നത്തിൽ നിന്ന് തെന്നിമാറുന്നത് പോലെ അപ്പാപ്പ ചാടിയെണീക്കുന്നത് കണ്ടു. തുരുമ്പിച്ചു മുറുകാത്ത ആണികളുള്ള, വിറക്കുന്ന മരക്കട്ടിലിൽ ഇരുന്ന് ചുറ്റും നോക്കി. കപ്പൽഛേദത്തിൽപ്പെട്ട നാവികൻ ഏകാന്തദ്വീപിൽ ഉണർന്നത് പോലൊരു പകപ്പ് അൽപനേരം മുഖത്ത് തങ്ങിനിന്ന് മടങ്ങിപ്പോയി. വെട്ടിയൊതുക്കാത്ത താടി അമർത്തിയുഴിഞ്ഞ് താടിരോമം വായിലിട്ട് ചവച്ചു.
‘അത് രാജൻ തന്നാർന്ന…’
‘ഏത് രാജൻ..? ങ്ങടേ പീലാസമോൻ രാജനാ…?’
ചോറും ചാളവറുത്തതുമായി വരികയായിരുന്ന അമ്മാമ്മയുടെ പരിഹാസശരങ്ങൾക്കു മുന്നിൽ അപ്പാപ്പ ബധിരനെപ്പോലെ നടിച്ചു. അനപത്യതയുടെ അടിവേരുകളിലെവിടെയോ അത് പോറലുണ്ടാക്കിയിട്ടും താനുദ്ദേശിച്ചത് അടിയന്തിരാവസ്ഥയുടെ കരിങ്കടൽ ക്ഷോഭത്തിൽ കാലിടറിപ്പോയ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ ആയിരുന്നെന്ന് വിശദീകരിക്കാൻ അപ്പാപ്പ ശ്രമിച്ചതുമില്ല.
എഴുന്നേറ്റ് മുണ്ട് മടക്കിക്കുത്തി മുൻ വരാന്തയിൽ ഇരുന്ന കുട്ടന്റെ അടുത്തേക്ക് ചെന്നു. ബീഡിമണമുള്ള, തഴമ്പ് നിറഞ്ഞ കൈ അവന്റെ മുഖത്തമർന്നു. കണ്ണുകൾ മൂടിയ കൈപ്പത്തി നെറ്റി ലക്ഷ്യമാക്കി നീങ്ങി മുഖം മുഴുവൻ വാത്സല്യപൂർവ്വം തഴുകിയിറങ്ങി.
‘പനി പോയീട്ടാ…’
ഉച്ചവെയിലിനോടെന്ന പോലെ പറഞ്ഞ് തെങ്ങിൻ തടത്തിലെത്തി. കുടം ചരിച്ച് മുഖം കഴുകി. ഒരു ഉണക്കത്തേങ്ങ അപ്പാപ്പയുടെ കയ്യകലത്തിൽ വീണു തെറിച്ചു. തെങ്ങിൻ മുകളിലേക്ക് നോക്കി കുലുങ്ങിചിരിച്ച് എഴുന്നേറ്റ് കുടത്തിലെ വെള്ളം കാലിലേക്ക് കമിഴ്ത്തി. മണ്ണിൽ കുത്തിയ വെള്ളം കാലുകളിൽ വീണ്ടും മണ്ണു തെറിപ്പിച്ചത് അപ്പാപ്പ ഗൗനിച്ചില്ല. ശൂന്യമായ കുടം ദൂരേക്ക് തട്ടിത്തെറിപ്പിച്ച് കുട്ടനെ നോക്കി കുലുങ്ങിചിരിച്ചു. കണ്ണിറുക്കി. കുടം തട്ടിത്തെറിപ്പിക്കുന്നത് കണ്ടുകൊണ്ട് വന്ന അമ്മാമ്മയുടെ കണ്ണുകളിൽ അഗ്നിസ്ഫുലിംഗങ്ങൾ ചിതറി.
‘വല്ല പ്രാന്താശുപത്രീലും കൊണ്ടുപോകേണ്ട നേരോയി…’
കൊച്ചുപറമ്പിൽ വീട്ടുകാരുടെ മാനസികാരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് അമ്മാമ്മ വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുപോയി. അലക്കുകല്ലിനരികിൽ ആകാശം നോക്കിക്കിടന്ന കുടത്തെ ഒന്നുകൂടി തട്ടി, ഗോളടിച്ച ശേഷം എതിർ ഗോൾമുഖത്ത് നിന്നു മടങ്ങുന്ന കളിക്കാരന്റെ സംതൃപ്തിയോടെ അപ്പാപ്പ വീട്ടിലേക്ക് കയറി.
കാലിന്മേൽ കാൽ കയറ്റി പെട്ടിപ്പുറത്തിരുന്നു ചോറുപാത്രം തനിക്കഭിമുഖമായി തിരിച്ചുവച്ചു. അപ്പാപ്പയുടെ ഇടത്തെ കൈ ചാഞ്ഞ മരത്തിന്റെ താങ്ങുപോലെ പെട്ടിയുടെ വക്കിൽ കുത്തിവച്ചിരുന്നു. വെള്ളച്ചോറിന്റെ ചെറിയൊരു കുന്ന്. തലേന്ന് പുഴയിലൂടെ ഒഴുകിവന്ന, കക്കൂസിന്റെ കൽക്കെട്ടിൽ തങ്ങിനിന്ന ശവത്തിന്റെ കണ്ണുകൾ കൊത്തുന്ന രണ്ട് മത്സ്യങ്ങൾ കറിപ്പാത്രത്തിൽ അനക്കമില്ലാതെ കിടക്കുന്നത് നോക്കി ഊറിച്ചിരിച്ചു.
മലയുടെ അടിവാരത്തിൽ നിന്ന് തോട് വെട്ടുന്നത് പോലെ ചോറുമല രണ്ടായി പിളർന്നു. തവിയിൽ കൊണ്ടുവന്ന മീൻ ചാർ അമ്മാമ്മ അതിലേക്കൊഴിച്ചു. ചോറ് കൈവെള്ളയിൽ ഉരുട്ടുമ്പോൾ ശരീരം ഒരു പ്രത്യേക താളത്തിൽ ആടി.
അനാഥശവങ്ങൾ പുഴയിലൂടെ ഒഴുകിനടന്ന കാലമായിരുന്നു. ആദ്യമൊക്കെ, കരിങ്കൽക്കെട്ടുകളിലെ വിള്ളലുകളിൽ ഉടക്കിക്കിടന്ന ശവങ്ങൾ കണ്ട് കുട്ടികളോ സ്ത്രീകളോ അലമുറയിട്ട് പ്രദേശം മുഴുവൻ ഉണർത്തിയിരുന്നുവെങ്കിൽ, പോകെപ്പോകെ ശവങ്ങൾ കുത്തിവിടുന്നത് നാട്ടിലെ ഏതു കൊച്ചുകുട്ടിയും പല്ലുതേക്കുന്ന ലാഘവത്തോടെ നിർവഹിക്കുന്ന ഒന്നായി മാറി.
തലേദിവസം കണ്ട ശവം പത്തിരുപത് വയസ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്റേതായിരുന്നു. മലർന്ന് കിടന്ന് നീന്തുന്നതിനിടയിൽ കരിങ്കൽക്കെട്ടിൽ കൈപിടിച്ച് വിശ്രമിക്കുന്നത് പോലെ ആയിരുന്നു.
ഞായറാഴ്ച്ച കുർബാന കഴിഞ്ഞുവന്ന് കുരുമുളകിട്ട് വരട്ടിയ പോത്തിറച്ചിയും കൂട്ടി വയറുനിറച്ചുണ്ട് കൊച്ചുപറമ്പിൽ വീട് മയങ്ങുകയായിരുന്നു. വയറ്റിൽ ഗ്യാസ് പെരുത്തു മേൽശ്വാസവും കീഴ്ശ്വാസവും ഒരുമിച്ച് വീട്ട് കക്കൂസിലേക്കോടിയ കുഞ്ഞപ്പാപ്പ അതേ വേഗത്തിൽ തിരിച്ചോടി കത്തിക്കാളുന്ന വെയിലിലേക്ക് നോക്കി ഉറക്കെ കൂവി.
‘ശവം കെടക്കണേ….പൊഴേല് ‘
ഉറങ്ങുകയായിരുന്ന അപ്പാപ്പ തന്നെ ചാടിയിറങ്ങി വന്ന് പത്തൽ കൊണ്ട് ശവത്തെ തള്ളിവിട്ട് കുലുങ്ങിചിരിച്ച് ഒന്നുമറിയാത്ത പോലെ പോയിക്കിടന്നുറങ്ങി.
അഞ്ചുവിരലുകളും മീൻ ചാറിൽ മുക്കി ആസ്വദിച്ചുനക്കി എഴുന്നേറ്റു. മീൻ ചാർ മുട്ടുകൈ വഴി ഒഴുകി പെട്ടിപ്പുറത്ത് ചോരക്കൂത്തുകൾ തീർത്തു.
തെങ്ങിൻ ചോട്ടിൽ കാർക്കിച്ച് തുപ്പി മുഖം കഴുകി അക്കരയിലെ ചേട്ടന്മാർ കാൽപ്പന്ത് കളിക്കുന്നത് നോക്കി പുഴക്കരയിൽ ഇരുന്ന കുട്ടന്റെ അടുത്തേക്ക് നടന്നു. കക്ഷത്തിൽ പിടിച്ചുപൊക്കി അവന്റെ കാലുകൾ രണ്ടുവട്ടം പുഴയിൽ മുട്ടിച്ചു. പുഴ അവന്റെ കാലുകളെ വേദനിപ്പിക്കാതെ കടിച്ചു. കാൽവെള്ളയിൽ ഇക്കിളിയിട്ടു.
‘അപ്പാപ്പാ.. ഇനീം.. ഇനീം..’
കുട്ടൻ പറഞ്ഞു. പക്ഷെ, അമ്മാമ്മ അപ്പാപ്പാനെ കയ്യോടെ പിടിക്കുക തന്നെ ചെയ്തു. കുരിശിൽ തറച്ച് കൊച്ചുപറമ്പിൽ വീട്ടിലെ പുരുഷന്മാരുടെ അപഹാസ്യമായ ചരിത്രത്തിന്റെ തുരുമ്പിച്ച ആണി ദാക്ഷിണ്യമില്ലാതെ അടിച്ചുകയറ്റി.
‘കൊച്ചു മൂക്കുകുത്തി പൊഴേലേക്ക് വീണുപോയാ നിങ്ങ എന്ത് ചെയ്യും?’
അമ്മാമ്മ കലി കൊണ്ടു വിറച്ചു. അമ്മാമ്മയുടെ കണ്ണുതെറ്റിയ നേരത്തൊക്കെ കുരിശിൽ കിടന്ന യേശു കുട്ടനെ വിഷമിക്കേണ്ടെന്ന് കണ്ണിറുക്കി. പിറുപിറുത്തുകൊണ്ട് അമ്മാമ്മ അടുക്കളച്ചുമരിനപ്പുറത്ത് മറഞ്ഞപ്പോൾ കുട്ടനെ പൂണ്ടടക്കം പിടിച്ച് കുലുങ്ങിചിരിച്ചു.
‘ഇവളുമാർക്കെന്തറിയ ആണുങ്ങക്കട മനസ്.. പോകാൻ പറടാ…’
അപ്പാപ്പ പുഴപ്പടവിൽ ചമ്രം പടിഞ്ഞിരുന്നു. അരികിൽ കുട്ടനും. കല്ലുകൾക്കിടയിൽ നിന്ന് ഒരു വലിയ ഞണ്ടും പിന്നാലെ ചെറിയ ഞണ്ടും പുറത്തിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു. കയ്യും കലാശവും കാർക്കിച്ചു തുപ്പലുമായി അപ്പാപ്പ പറഞ്ഞു.
‘വളരെ മുൻപ്.. നീയും ഞാനുവൊക്കെ ജനിക്കണെന് കൊറേ മുൻപാണ്..’
കൃത്യമായി പറഞ്ഞാൽ 1926 ലോ 27 ലോ. അന്നിവിടെ ടാർറോഡില്ല. ഈ പുഴയാണ് എല്ലാരടേം റോഡ്. നീ കളിക്കണ പറമ്പ് അന്ന് മാളികപ്പറമ്പൻ ദേവസിയുടെ പുഞ്ചപ്പാടം. ഇന്നത്തെ ടാർ റോഡ്, അഞ്ചാറടിപ്പൊക്കത്തിൽ കമ്മ്യൂണിസ്റ്റ് പച്ചയും കാട്ടുപൊന്തയും തിങ്ങിയ, അണലികൾ മയങ്ങിക്കിടന്ന, കാൽ തെറ്റിയാൽ ഇരുവശത്തേക്കും വഴുതിപ്പോവുന്ന പാടവരമ്പ്.
അപ്പാപ്പ അടിവശം പരന്ന കല്ലെടുത്ത് പുഴയിലേക്കെറിഞ്ഞു. വെള്ളത്തെ കീറിമുറിച്ചുകൊണ്ട് കല്ല് ചാടിച്ചാടി കുറെ ദൂരം സഞ്ചരിച്ചു. അപ്പാപ്പ കാൽവണ്ണകളിൽ പറ്റിയ മണ്ണ് തൂത്ത് പുഴയിലേക്കിട്ടു. കണ്ണുകളിൽ ഓർമ്മനക്ഷത്രങ്ങൾ തെളിഞ്ഞു.
‘അതൊരു ഉത്സവമായിരുന്നു… വെതക്കലും കൊയ്യലും കറ്റമെതീം പാട്ടും ബെഹളോം.. സൃഷ്ടിയുടെ ആഘോഷം…’
1927 സെപ്റ്റംബർ അവസാനമായിരുന്നു അപ്പാപ്പെടെ അപ്പൻ വറീച്ചന്റെ കല്യാണമെന്ന് അപ്പൻ പറഞ്ഞ് അപ്പാപ്പാക്ക് മങ്ങിയൊരു ഓർമയുണ്ട്. പക്ഷെ അപ്പന്റെ കല്യാണം ചരിത്രവുമായി ബന്ധപ്പെടുത്തി പറയുവാനാണ് അപ്പാപ്പാക്ക് ഇഷ്ടം.
അപ്പന്റെ കല്യാണത്തിന് ഒൻപത് ദിവസം മുൻപാണ് ഗാന്ധിജി മഹാരാജാസ് കോളേജിൽ വന്നതെന്ന് അപ്പനൊരിക്കൽ അപ്പാപ്പയോട് പറഞ്ഞിട്ടുണ്ട്.
വട്ടക്കണ്ണട വച്ച അർദ്ധനഗ്നദേഹം രാജകീയ കലാലയത്തിലെ ചവിട്ടുപടിയിൽ ഇരുന്ന് വിയർപ്പാറ്റിയത്. ഗാന്ധിഫണ്ടിലേക്കുള്ള സംഭാവനയായി ചുറ്റും കൂടിനിന്നിരുന്ന പുരുഷാരം കയ്യിലുണ്ടായിരുന്ന സമ്പാദ്യം ഒരു മടിയുമില്ലാതെ എടുത്തു കൊടുത്തത്. മഹാരാജാസിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് സ്വാതന്ത്ര്യ സമര മുദ്രാവാക്യങ്ങൾ ഉയർന്നത്. അപ്പാപ്പ പൊടുന്നനെ നിശബ്ദനായി. കുട്ടന് സംശയങ്ങൾ മുളപൊട്ടി.
‘ആരാ കാന്തിജി? മ്മട വീട്ടീ വന്നാ?’
ഉത്തരം കിട്ടിയില്ല. അവന്റെ ചോദ്യം മുഖവിലക്കെടുത്തതായിപ്പോലും തോന്നിയില്ല.
മുതിർന്നതിനു ശേഷം ഗാന്ധിയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കുമ്പോളാണ് അപ്പാപ്പ പറയാതെ വിട്ട ചോദ്യങ്ങളെ കുറിച്ച് ആലോചിച്ചത്. കോളേജിലേക്കുള്ള യാത്രക്കിടയിൽ സത്യാന്വേഷണപരീക്ഷണങ്ങൾ തുറന്ന് കുട്ടൻ സ്വയം ചോദിച്ചു.
‘ആരാണ് ഗാന്ധി?’
എളുപ്പത്തിൽ ഉത്തരം പറയാവുന്ന ചോദ്യമല്ല ഗാന്ധി. ഗാന്ധി തന്നെ ഒരു ചോദ്യമാണ്. ഓരോ ഭാരതീയനും അവനവനോട് തന്നെ ചോദിക്കേണ്ട ചോദ്യം. ഉത്തരവും ഗാന്ധി തന്നെയാണ്. ഭാരതത്തിന്റെ എല്ലാ പ്രതിസന്ധികൾക്കുമുള്ള ഉത്തരം.
അന്നുച്ചയ്ക്ക് മഹാരാജാസിൽ ഗാന്ധി ഇരുന്ന ചവിട്ടുപടിയിൽ കുട്ടനൊന്ന് ഇരുന്നു നോക്കി. ഗാന്ധി ഇരുന്നിടത്ത് ഇരിക്കുക അത്ര എളുപ്പമല്ല.
ഗാന്ധിയെ പാതിയിൽ വിട്ട് അപ്പാപ്പ കൊച്ചുപറമ്പിൽ വറീച്ചൻ എന്ന തന്റെ അപ്പനിലേക്ക് മടങ്ങിപ്പോയി.
കയർ വ്യാപാരിയായ വറീച്ചൻ അന്നക്കുട്ടിയെന്ന ഇട്ടൂക്കരക്കാരിയെ കെട്ടിക്കൊണ്ട് ആനക്കരപ്പുഴയിലൂടെ അലങ്കരിച്ച കല്യാണ വള്ളത്തിൽ വരുകയാണ്. വറീച്ചന്റെ ആത്മസുഹൃത്തും നാടക നടനുമായ പണിയംപറമ്പിൽ ആന്റപ്പൻ തുഴയുന്ന കല്യാണവള്ളത്തിലെ മൂന്നാം കളത്തിൽ തൂവെള്ള പോളിസ്റ്റർ ഷർട്ടും പച്ചക്കരയുള്ള വെള്ള മുണ്ടുമുടുത്ത് വറീച്ചൻ ഇരിക്കുകയാണ്. ഷേവ് ചെയ്ത് മിനുക്കിയ കവിളിൽ സൂര്യ രശ്മികളുടെ മിന്നലാട്ടം.
ചട്ടയിലും മുണ്ടിലും അതീവ സുന്ദരിയായിരുന്നു അന്നക്കുട്ടി. തെളിഞ്ഞ നീർത്തടാകം പോലെ വലിയ കണ്ണുകൾ കൊണ്ട് അലസമായി ഒഴുകുന്ന ഓളങ്ങളെ ലജ്ജയോടെ നോക്കി ഇരിക്കുകയാണ്.
വള്ളത്തിൽ നാടകക്കാരൻ ആന്റപ്പനെ കൂടാതെ വറീച്ചന്റെ മൂന്നു കൂട്ടുകാർ, തുഴക്കാരൻ വക്കോ, ഇറച്ചിക്കാരൻ മത്തായി, കുതിര അന്തോ. നല്ലൊരു ഗായകനും കൂടിയായ തുഴക്കാരൻ വക്കോ പാടുകയാണ്.
‘വറീച്ചൻ ഇട്ടൂക്കര പോയല്ലോ…കിളിപോലൊരു പെണ്ണിനെ കണ്ടല്ലോ…:
മത്തായിയും അന്തോയും വില്ലിയിൽ താളം പിടിച്ചു.
‘തകതാരോ തയ്‌താരോ…’
പാട്ടു മുറുകുന്തോറും നാണത്താൽ തുടുക്കുന്ന അന്നക്കുട്ടിയുടെ മുഖം. കറുത്ത ടൂത്ത് ബ്രഷ് മീശയിൽ സ്വപ്നത്തിലെന്നോണം വിരലോടിക്കുന്ന വറീച്ചൻ.
അപ്പാപ്പ പുഴക്കക്കരെ ചാഞ്ചാടുന്ന തെങ്ങോലകളെ നോക്കി സ്വയം മറന്ന് ഇരുന്നു. ശബ്ദം ഒഴുകുന്ന പുഴവെള്ളം പോലെ തരളിതമായി.
‘അമ്മച്ചിയേം കെട്ടിക്കൊണ്ടുള്ള അപ്പന്റ വരവ്…ന്റ കുട്ടാ അതൊരു വരവാരുന്ന്…’
പിന്നിൽ നേർത്ത നിഴൽ അനങ്ങിയപ്പോൾ അപ്പാപ്പയും കുട്ടനും തിരിഞ്ഞുനോക്കി. അലക്കുകല്ലിനരികിൽ നവവധുവിന്റെ ശരീരഭാഷയോടെ അമ്മാമ്മ. എന്തുകൊണ്ടോ താൻ ഇരിക്കുന്നത് ഒരു കല്യാണ വഞ്ചിയിലാണ് എന്ന് കുട്ടന് തോന്നി. പിയാനോ കട്ടകളിലെന്ന പോലെ മീശയിൽ വിരലോടിച്ച് അന്നക്കുട്ടിയെ നോക്കിയ വറീച്ചന്റെ മുഖത്തോടെ അപ്പാപ്പ അമ്മാമ്മയെ നോക്കി. അമ്മാമ്മയുടെ മുഖത്ത് ഇഷ്ടത്തിന്റെ ചെതുമ്പലുകൾ തിളങ്ങി. അപ്പാപ്പ മെല്ലെ എഴുന്നേറ്റ് അരികിലെത്തി അമ്മാമ്മയുടെ ചുളുങ്ങിയ കരം ഗ്രഹിച്ചു. എത്ര പെട്ടെന്നാണ് അമ്മാമ്മയുടെ ശരീരത്തിലെ ചുളിവുകൾ പൊഴിയുന്നത്.
പുതിയ ആളുകളിലൂടെ പുതിയ തലമുറകളിലൂടെ, പുതിയ ജീവിതങ്ങളിലൂടെ ചരിത്രം പുനരവതരിക്കുന്ന വിസ്മയാവഹമായ കാഴ്ച്ച കുട്ടൻ കണ്ടുനിന്നു.
ഇപ്പോൾ പുഴപ്പടവിൽ വള്ളം അടുപ്പിച്ച് പത്രോച്ചനോ വറീച്ചനോ കർമിലിയോ അന്നക്കുട്ടിയോ എന്ന് വേർതിരിച്ചറിയാനാവാത്ത രണ്ടുപേർ കരങ്ങൾ കോർത്തുപിടിച്ച് വീട്ടിലേക്ക് കയറുകയാണ്.
————-
കഥാകൃത്ത് : ജോമോൻ ജോസ്
ചിറയിൽ, കൈരളി നഗർ
തച്ചേത്തുമല, കണ്ടനാട്.