കാണാൻ സുന്ദരനാണെങ്കിലും ആൾ അപകടകാരിയാണ് കൊച്ചിയിൽ നിരവധിയാളുകളാണ് ഇവൻ്റെ ആക്രമണത്തിൽ ചികിത്സ തേടിയിരിക്കുന്നത്. ശരിക്കും തീപ്പൊരി! പേര് ബ്ലിസ്റ്റർ വണ്ട് (ബ്ലിസ്റ്റർ ബീറ്റിൽ). സൗകര്യത്തിനു ‘പൊള്ളും വണ്ട്’ എന്നു മലയാളീകരിക്കാം. പേരു സൂചിപ്പിക്കും പോലെ ആളെ പൊള്ളിക്കലാണു മുഖ്യ വിനോദം. ശത്രുക്കളിൽനിന്നു രക്ഷപ്പെടാൻ ഇവ വിസർജിക്കുന്ന അമ്ലാംശവും കടുത്ത വിഷവുമുള്ള സ്രവം മനുഷ്യ ചർമത്തിൽ പുരണ്ടാൽ തീപ്പൊരി തെറിച്ചു വീണതു പോലെ പൊള്ളും. പിന്നെ പഴുക്കും. സമയത്തു വൈദ്യസഹായം തേടിയില്ലെങ്കിൽ കുഴപ്പമാകും.
പ്രജനനം നടക്കുന്ന മഴക്കാലത്താണ് കൂടുതലായും ഇവ സവാരിക്കിറങ്ങുക. സംസ്ഥാനത്തു വേനൽ മഴയും ന്യൂനമർദ മഴയും കനത്തതോടെ ഇവയുടെ പൊള്ളലേറ്റു ചർമരോഗ വിദഗ്ധരുടെ സേവനം തേടിയെത്തുന്നവരുടെ എണ്ണം കൂടി. പകൽ സമയത്തു പുറത്തിറങ്ങാത്ത ഇവ രാത്രിയിൽ ശക്തമായ പ്രകാശമുള്ള സ്ഥലങ്ങളിലേക്കു പറന്നെത്തും. ഹാലജൻ, എൽഇഡി തുടങ്ങിയവയുടെ വെളിച്ചത്തോടാണ് കൂടുതൽ പ്രിയം. ശരീരത്തേക്കു പറന്നു വീഴുമ്പോൾ അടിച്ചു കൊല്ലാൻ ശ്രമിക്കുകയോ തട്ടിയെറിയുകയോ ചെയ്യുമ്പോഴാണ് ഇവ പ്രാണരക്ഷാർഥം സ്രവം പ്രയോഗിക്കുക. ‘കാന്താരിഡിൻ’ എന്ന വിഷവസ്തുവാണു സ്രവത്തിലുള്ളത്.
ഇതിനു മണമോ നിറമോ ഇല്ല. ശരീരത്തിൽ പുരണ്ടാൽ തിരിച്ചറിയാനാകില്ല. എന്നാൽ, അൽപസമയത്തിനകം ഇതു പുരണ്ട സ്ഥലം ചുവപ്പു നിറത്തിലായി സ്രവം നിറഞ്ഞ ചെറു കുമിളകൾ പ്രത്യക്ഷപ്പെടും. പൊട്ടിപ്പഴുക്കുകയും പൊള്ളലേറ്റതു പോലെയുള്ള മുറിവായി മാറുകയും ചെയ്യും. വായിലൂടെ അബദ്ധത്തിൽ മനുഷ്യ ശരീരത്തിനുള്ളിൽ കടന്നാൽ ഇതിന്റെ വിഷം വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കും. മെലോയ്ഡെ(Meloidae) കുടുംബത്തിൽപെട്ട ഷഡ്പദങ്ങളാണിവ. സ്പാനിഷ് ഫ്ലൈ എന്നും അറിയപ്പെടുന്നു.
ശരീരത്തിൽ വന്നിരുന്നാൽ അടിച്ചുകൊല്ലാൻ ശ്രമിക്കരുത്;. സൂക്ഷ്മതയോടെ എടുത്തു മാറ്റുക.
സ്രവം പുരണ്ടു പൊള്ളിയാൽ ആ ഭാഗം ശക്തി കുറഞ്ഞ സോപ്പ് ലായനിയും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കണം.
പൊള്ളലേറ്റ സ്ഥലത്തു ദിവസം നാലഞ്ചു തവണ ഐസോ തണുത്ത വെള്ളമോ പിടിക്കുന്നതു നല്ലത്.
കണ്ണിലും മുഖത്തും സ്രവമേറ്റാലും ആഴത്തിൽ മുറിവുണ്ടെങ്കിലും ഉടൻ ഡോക്ടറെ കണ്ടു ചികിത്സ തേടണം.
രാത്രി കിടക്ക പരിശോധിച്ചു പ്രാണികളില്ല എന്നുറപ്പാക്കുകയും വാതിലും ജനലുകളും അടച്ചിടുകയും ചെയ്താൽ ഇവയെ അകറ്റിനിർത്താം.
(ഡോ.സൗമ്യ ജഗദീശൻ, കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി)