ലക്നൗവിലായിരുന്നു,ട്രെയിനിങ് കാലം. ഹസ്രത്ത് ഗഞ്ചിലെ ഗലികളിലൂടെ നടക്കുകയാണ്. ഞായറാഴ്ചയാണ്. കർശനമായ ട്രെയിനിങ്ങിനിടയിലെ ഒഴിവുദിവസം തെരുവുകളിലൂടെ അലഞ്ഞുതിരിയുന്നത് ശരിക്കും ഒരു സ്ട്രെസ് ബ്രേക്കർ തന്നെയാണ്.
നീണ്ടു നീണ്ട്, കുറുകെയും നെടുകെയും ഒക്കെ ഇഴപിരിഞ്ഞ് ഗലികൾ. ഇപ്പോൾ ഇത് ചിത്രംവരക്കാരുടെ കൊച്ചുഗലിയാണ്. ചിത്രങ്ങളും, കൊത്തുപണികൾ ചെയ്ത ഓട്ടുപാത്രങ്ങളും മറ്റ് അലങ്കാര വസ്തുക്കളും വിൽക്കുന്ന കുഞ്ഞു കുഞ്ഞു കടകൾ. വഴിയോരത്തിരുന്ന് പഴയ രീതിയിൽ മുഗൾ മിനിയേച്ചർ പെയിന്റിങ് വരച്ച് വിൽക്കുന്നയാളുടെയടുത്ത് വെറുതെ പടിഞ്ഞിരുന്നു. കുനുകുനുത്ത വരകളിലും ചായങ്ങളിലും രാജാക്കന്മാരും കൊട്ടാരങ്ങളും നായാട്ടുഘോഷങ്ങളും ഒക്കെ വിടർന്നു വരുന്നു. കടും നിറക്കൂട്ടുകളുടെ ധാരാളിത്തത്തിൽ നവാബുമാരുടെ നൃത്തസന്ധ്യാ സദസുകളും.
ആനപ്പുറത്തിരിക്കുന്ന ഒരു റാണിയുടെ ചിത്രത്തിൽ കണ്ണുടക്കി. തോക്കുമേന്തി നിൽക്കുന്ന ഇരുണ്ട സുന്ദരി പെൺകുട്ടിയോട് കുനിഞ്ഞ് തലതാഴ്ത്തി രഹസ്യം പറയുന്ന റാണി.
ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ ചിത്രകാരൻ സന്തോഷത്തോടെ വാചാലനായി. ബ്രിട്ടീഷുകാരോട് സിംഹിണിയെ പോലെ എതിരിട്ട അവധ് ബീഗവും അവർ വാർത്തെടുത്ത വനിതാ ബറ്റാലിയന്റെ കമാൻഡറും യുദ്ധതന്ത്രങ്ങൾ മെനയുകയാണ്.
1857മാണ്ട്. ഒന്നാം സ്വാതന്ത്ര്യ സമരം. മുൻ നിരയിൽ നിന്ന് ആ രണ്ട് സ്ത്രീകൾ യുദ്ധം നയിക്കുകയാണ്! ബീഗം ഹസ്രത്ത് മഹലും വനിതാ ബറ്റാലിയൻ കമാൻഡർ ഉദാദേവിയുമാണവർ. ഒരു പട്ടാളക്കാരിക്ക് ചിത്രത്തോട് ആഗ്രഹം തോന്നാൻ ഇനിയെന്തു വേണം.
പക്ഷേ, ആ ചിത്രം മാത്രം തരില്ല എന്നയാൾ ഉറപ്പിച്ചു പറഞ്ഞു. കൊട്ടാരത്തിൽ നിന്നാരോ ഇളമുറക്കാർ പറഞ്ഞ് ഏൽപ്പിച്ചിട്ട് ചെയ്ത ചിത്രമാണ്, ഇനിയൊന്ന് ഇതുപോലെ തന്നെ വരച്ചു തരാമെന്ന്. (അതൊരിക്കലും നടന്നതുമില്ല).
ചിത്രം തരാനാവാത്ത വിഷമം ചിത്രകാരൻ കഥ പറഞ്ഞു തീർത്തു. ഒരു അടിമപ്പെണ്ണിന്റെയും മറ്റൊരു അടിമപ്പെണ്ണിന്റെയും കഥ. തീയിൽ കുരുത്ത രണ്ട് പെണ്ണുങ്ങൾ – രണ്ട് പോരാളികൾ – വിപ്ലവകാരികൾ . സങ്കടക്കഥയാണ്. ഒരാൾ പടക്കളത്തിൽ മരിച്ചു വീണു, മറ്റെയാളോ അഭയം തേടിയ അന്യനാട്ടിൽ പ്രവാസിയായും. പക്ഷേ, സ്നേഹം നൽകുന്ന അപാരമായ ധൈര്യത്തിന്റെ രസതന്ത്രം പറയുന്നുണ്ട് ആ കഥ, സ്വാതന്ത്ര്യ ദാഹത്തിനും പറക്കാൻ കൊതിക്കുന്ന ചിറകുകൾക്കും കൊടുക്കേണ്ടി വന്ന വിലയുടെ കണക്കുകളും.
അടിമയുടെ മകളായിരുന്നു മുഹമ്മദി. അത്ര ദാരിദ്ര്യമുള്ളതിനാൽ കോത്തയിലെ (ഗണികാലയം) അടിമപ്പെണ്ണായി അവളെ അവർ തീരെ കുഞ്ഞിലേ വിറ്റു. അടിമയുടെ മകൾ അടിമപ്പെണ്ണായിത്തീരുകയും പിന്നെ വൻ മാളികകളുടെ പിൻചായ്പ്പുകളിൽ നിശബ്ദമായി ജീവിച്ചൊടുങ്ങുകയും ചെയ്യുക എന്നതാണല്ലോ എക്കാലത്തെയും നാട്ടുനടപ്പ്.
അവിടെ വളർന്ന മുഹമ്മദിയെ നൃത്തവും പാട്ടും പഠിപ്പിച്ചത് ഗണികമാരാണ്. നൃത്തത്തിലും പാട്ടിലും മിടുക്കിയായിരുന്നതിനാൽ കൊട്ടാരത്തിലെ ഹാരത്തിലെ (അന്തഃപുരം) പരിചാരികയാകാനായി. അതിസുന്ദരിയും നൃത്തക്കാരിയുമായ മുഹമ്മദി ഹാരത്തിലെ ശ്രദ്ധാകേന്ദ്രമായി. നൃത്തനൈപുണ്യത്താൽ അവൾക്ക് പരിഖാനയിലേക്ക് പ്രവേശനം കിട്ടി. കലാകാരനായ നവാബിന്റെ ഉദ്യമമായിരുന്നു പരിവീട് – (പരി- എന്നാൽ നമ്മുടെ മാലാഖയ്ക്കും യക്ഷിക്കും ഇടയിൽ നിൽക്കുന്ന ഒരർത്ഥമാണ് )
നവാബ് വാജിദ് അലി ഷാ എന്ന ലക്നൗ നവാബ് കലയുടെ ഉപാസകനായിരുന്നു, സ്വയമൊരു തിയേറ്റർ ആർട്ടിസ്റ്റും. തിയറ്ററിൽ പല പല പരീക്ഷണങ്ങൾ നടത്തിയിരുന്ന കലാകാരൻ. നല്ലൊരു കഥക് നർത്തകൻ. കഥകിൽ താക്കൂർ പ്രസാദ്ജിയുടെ ശിഷ്യൻ. അദ്ദേഹത്തിന്റെ കാലത്ത് കഥകിന് ലക്നൗ ഘരാന എന്നൊരു വിഭാഗം തന്നെ രൂപപ്പെട്ടു.
തന്റെ പരീക്ഷണ തിയേറ്ററിനും നൃത്ത സംഘത്തിനും വേണ്ടി ദേശത്തെ ഏറ്റവും മിടുക്കരായ നർത്തകിമാരെ അദ്ദേഹം പരിഖാന എന്ന ട്രൂപ്പായി വളർത്തിയെടുത്തു. ‘ദർബാരി കഥക് ‘ എന്ന നൃത്തസന്ധ്യാ സദസുകളിൽ നവാബെഴുതിയ പാട്ടുകൾക്ക് പരിഖാനയിലെ സുന്ദരിമാരും ചുവടുകൾ വെച്ചു. ആദ്യമായി പെൺകുട്ടികൾ കഥക് നൃത്തം ചെയ്യുന്നത് അന്നാണ്. അതുവരെ കഥക് പുരുഷൻമാരുടെ മാത്രമായിരുന്നു. രാജസദസിലെ നർത്തകിമാർക്ക് ദേശത്ത് നല്ല നിലയും വിലയുമുണ്ടായി. കലാകാരികൾ നാട്ടിൽ ബഹുമാനിക്കപ്പെട്ട കാലം.
പരിവീട്ടിലേക്ക് പ്രവേശനം കിട്ടിയതോടെ മുഹമ്മദിയുടെ പേര് മാറി .അവൾ ‘മെഹക് പരി ‘ എന്ന് അറിയപ്പെട്ടു. പരി വീട്ടിലെ ഏറ്റവും സുന്ദരി, ഏറ്റവും മിടുക്കി. മെഹക് എന്നാൽ ഉറുദുവിൽ പരിമളം എന്നർത്ഥം. ഇളം കാറ്റിൽ തൂവൽ ഒഴുകി നടക്കുമ്പോലെ, അത്രമേൽ അനായാസമായ നൃത്തച്ചുവടുകളാൽ അവൾ ദർബാറി കഥകിന്റെ തട്ടുകളിൽ പാറി നടന്നു.
എല്ലാവർക്കുമെന്ന പോലെ നൃത്തം അവൾക്ക് ജീവനമല്ല അതിജീവനമായിരുന്നു. അടിമത്തത്തിന്റെ ലോകത്ത് നർത്തനം അവൾക്ക് സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസം തന്നെയായി. ഗുന്ഗ്രു മണികളുടെ കിലുക്കം കൊണ്ടു മാത്രം അടിമചങ്ങലകളഴിച്ചവൾ.
ദർബാരി കഥക് അവളുടെ മായിക ചലനങ്ങളിൽ മയങ്ങി, നവാബും. അങ്ങനെ അൽത്തയണിഞ്ഞ കാൽപ്പാദങ്ങൾ സിംഹാസനമേറി. മെഹക് പരി വാജിദ് അലി ഷായുടെ ഭാര്യമാരിലൊരാളായി.
നവാബിന്റെ മകനെ പ്രസവിച്ചപ്പോൾ ബീഗം എന്ന സ്ഥാനക്കയറ്റമായി. കൊട്ടാരവളപ്പിൽ അവൾക്കായി നവാബ് ഒരു മഹൽ പണിതു. പേരും മാറി- ബീഗം ഹസ്രത്ത് മഹൽ. മഹാറാണി.
അമ്മ മഹാറാണിക്ക് പക്ഷേ, അവൾ ചതുർത്ഥിയായിരുന്നു ബാക്കിയുളള റാണിമാർക്കും. അവരെപ്പോലെ രാജ പാരമ്പര്യമില്ലാത്തവൾ, നീലരക്തവേരുകൾ പോയിട്ട് ബന്ധുബലം പോലുമില്ലാത്തവൾ. ഗണികാലയത്തിന്റെ ഇരുൾ കാലമുള്ളവൾ. എത്ര അഴിച്ചുകളയാൻ ശ്രമിച്ചിട്ടും പറ്റിക്കിടക്കുന്ന കറപിടിച്ച അങ്കി പോലെ ഭൂതകാലം അവളെ വിടാതെ പിൻതുടർന്നു, കീഴാള മുദ്രകളും. വശീകരണക്കാരി, ആട്ടക്കാരി.
കൊട്ടാരത്തിൽ ചടങ്ങുകൾക്ക് ഹസ്രത്ത് പലപ്പോഴും മാറ്റി നിർത്തപ്പെട്ടു. ദാസിമാരാൽ അപഹസിക്കപ്പെട്ടു. പക്ഷേ, അവളോ തെല്ലും വാടിയില്ല. വേനലിന്റെ കടുപ്പം കൂടുന്തോറും അതിമധുരം ചുരത്തുന്ന മലിഹാബാദിലെ ദസരി മാമ്പഴങ്ങൾ പോലെ അവൾ കനിവിന്റെ തേൻ മധുരം ഒഴുക്കി.(ലക്നൗവിന്റെ പ്രാന്തത്തിലുള്ള പുരാതന മാമ്പഴ ഗ്രാമമാണ് മലീഹാബാദ്).
കരുണയുള്ള റാണിയുടെ മഹലിന് ചുറ്റും പട്ടിണിപ്പാവങ്ങൾ കൂട്ടം കൂടി. ആശ്രയിച്ചു വരുന്നവരെ ആരെയും തിരിച്ചയക്കാത്ത അവധിന്റെ പുതിയ മഹാറാണി അതിവേഗം സാധാരണക്കാരുടെ പ്രിയങ്കരിയായി. നവാബിന് ബീഗത്തിനെ വലിയ പ്രിയം ആയിരുന്നു. അവളുടെ കഴിവുകളെ അയാൾ ആരാധിച്ചു, വിശ്വസിച്ചു. ആ വിശ്വാസം ഒരിക്കലും തെറ്റായില്ല.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അമൂല്യ സമ്പത്തുള്ള ലക്നൗവിന്റെ ഖജനാവിൽ കണ്ണു വച്ചപ്പോൾ അവധിന്റെയും നവാബുമാരുടെയും ചരിത്രം മാറ്റിയെഴുതപ്പെട്ടു. തന്റെ മാന്തോപ്പുകളിലെ പൂന്തോട്ട സൽക്കാരങ്ങളിലും നൃത്ത സംഗീത സായാഹ്നങ്ങളിലും സ്ഥിരം അതിഥികളും സുഹൃത്തുക്കളു മായിരുന്ന ബ്രിട്ടീഷുകാർ ഈ ചതി ചെയ്യുമെന്ന് സരള ഹൃദയനായിരുന്ന നവാബിന്റ സങ്കൽപ്പത്തിൽ പോലുമില്ലായിരുന്നു.
ഈസ്റ്റ് ഇന്ത്യാ കമ്പനി അവധിന് വൻതുകയുടെ കടം തിരിച്ചു കൊടുക്കാനുണ്ടായിരുന്നു പോലും. കടം വീട്ടാതിരിക്കാൻ എന്ത് സിമ്പിളായ പരിഹാരം! നവാബ് കലാപ്രവർത്തനങ്ങൾക്ക് കണ്ടമാനം പണം ചെലവാക്കുന്നു എന്നൊരു കാരണവും. പെട്ടെന്നൊരു ദിവസം നവാബിനെ കൽക്കത്തയിലേക്ക് നാടുകടത്തി. രാജഭരണം കമ്പനി പിടിച്ചെടുത്തു. കവിയായ, സ്വപ്ന ജീവിയായ വാജിദ് അലി ഷായ്ക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല.
തെരുവിന്റെ ഇരുവശവും അറിഞ്ഞു കേട്ടോടി വന്ന പ്രിയപ്പെട്ട പ്രജകൾ നിരന്നു നിന്നു, കണ്ണീരൊഴുക്കിക്കൊണ്ടിരുന്നപ്പോൾ നവാബിനെയും പരിവാരങ്ങളെയും കൊണ്ട് കാരവൻ വംഗനാട്ടിലെ പ്രവാസത്തിലേക്ക് അതിവേഗം നീങ്ങി.
ലക്നൗ ഉപേക്ഷിച്ചുള്ള യാത്രയെക്കുറിച്ച് ഹൃദയം തകർന്ന് നവാബ് എഴുതിയ കവിത പിന്നെ സൈഗാളിന്റെ ദുഃഖ സ്ഥായിയായ ശബ്ദത്തിൽ പ്രശസ്തമായ ആ ഗീതമായി – ഇന്നും പ്രിയതരമായ ആ ഭൈരവിരാഗ ഗാനം.
‘ബാബുൽ, മോരാ നൈഹറ് ഛൂട്ടോ ഹോ ഗയേ’
‘അച്ഛാ, ഞാനെന്റെ പട്ടണം ഉപേക്ഷിച്ച് പോവുകയാണ്’
ബ്രിട്ടീഷുകാരോട് എതിർക്കാൻ മാത്രം ശക്തിയുള്ളതായിരുന്നില്ല സൈന്യം. ആരും പ്രതീക്ഷിക്കാത്തതായിരുന്നു അത്. ചതി. കൊട്ടാരം ഇടിവട്ടേറ്റ പോലെ സ്തംഭിച്ചു നിന്നു. നവാബിനെ സ്നേഹിച്ച ജനങ്ങൾ പരിഭ്രാന്തരായി. അമ്മ മഹാറാണി വിക്ടോറിയ രാജ്ഞിയോട് നേരിട്ട് സംസാരിക്കാൻ ലണ്ടനിലേക്ക് പോയി. വഴിയിൽ പാരീസിൽ വെച്ച് മരിച്ചു. നാഥനില്ലാക്കളരി പോലെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞപ്പോൾ, മറ്റ് റാണിമാർ അന്തഃപുരങ്ങളിൽ മറകൾക്ക് പിന്നിൽ കരഞ്ഞു കൊണ്ടിരുന്നപ്പോൾ ഒരുവൾ മറനീക്കി പുറത്തേയ്ക്ക് വന്നു. ഹസ്രത്ത് ബീഗം .
തീയിൽ കുരുത്തവൾക്ക് വെയിൽ എന്ത്? അവൾക്ക് പ്രിയപ്പെട്ടവനെ രക്ഷിക്കണം. തിരിച്ചു കൊണ്ടുവരണം. അവളുടെ മകൻ വീണ്ടും അടിമയാകുന്നത് അവൾ സഹിക്കില്ല. ഒരു അടിമപ്പെണ്ണിനെ പോലെ സ്വാതന്ത്ര്യത്തിന്റെ വില വേറെ ആർക്കറിയാം.
പ്രണയത്തിന്റെ നഗരം കത്തിപ്പോയപ്പോൾ അതിനെ വീണ്ടെടുക്കാൻ മുറിവേറ്റ സിംഹിണിയെപ്പോലെ തിരിഞ്ഞു നിന്ന ഒരുവൾ. സ്നേഹത്തോളം ബലം പകരുന്നതെന്തുണ്ട്? അത് സാമ്രാജ്യങ്ങളെ തകർത്തെറിയും. വിപ്ലവങ്ങൾ നയിക്കും. സമാന്തര രാജ്യങ്ങൾ പണിതുയർത്തും. ആന്തരിക ലോകത്തിൽ മാത്രമല്ല, ഭൗതിക ലോകത്തും.
ദേശം ഒരിക്കലും കാണാത്ത കാര്യങ്ങൾ കണ്ടു. മുഖപടം ഉപേക്ഷിച്ച് ബീഗം ദർബാറിലേക്ക് കടന്നുവന്നു. അങ്ങനെ അവധിന് ആദ്യവും അവസാനവുമായൊരു രാജ്ഞി ഉണ്ടായി. അവസാനത്തെ നവാബിന്റെ ബീഗം . ബാലനായ മകന് വേണ്ടി ഹസ്രത്ത് രാജ്യഭരണം ഏറ്റെടുത്തു. പൗരപ്രമുഖരെ വിളിച്ചു കൂട്ടി ചർച്ചകൾ നടത്തി. സൈന്യത്തെ ശക്തിപ്പെടുത്തി. ഹിന്ദു, മുസ്‌ലിം നേതാക്കളെ ഒരുമിച്ച് നിർത്തി. ഈ സന്നിഗ്ദ്ധ സന്ദർഭത്തിൽ മത വ്യത്യാസമില്ലാതെ പടയിൽ അണി ചേരാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. തങ്ങളുടെ റാണിയുടെ അഭ്യർത്ഥിനയിൽ ജനങ്ങളുണർന്നു.
ഗ്രാമങ്ങളിൽ നിന്ന് കർഷകരും ദളിതരും പടയ്ക്ക് ചേരാൻ ഒഴുകി വന്നു. ധനികരും ദരിദ്രരും, ഹിന്ദുക്കളും മുസ്‌ലിങ്ങളും പൗരപ്രമുഖരും സാധാരണക്കാരും എല്ലാവരും റാണിയുടെ പതാകയുടെ പിന്നിൽ അണിനിരന്നു.
ഒരു തീപ്പൊരിക്ക് കാത്തിരുന്ന ഉണക്കമരക്കാടു പോലെ ബ്രിട്ടീഷ്കാരോടുള്ള ദേഷ്യത്താൽ വിങ്ങി നിന്നിരുന്ന അവധ് സാമ്രാജ്യം കത്തിയെരിയാൻത്തുടങ്ങി.
വില്യം റസ്സൽ തന്റെ ഇന്ത്യൻ മ്യൂട്ടണി ഡയറിയിൽ എഴുതുന്നു ‘ബീഗത്തിന്റെ അപാരമായ ഊർജ്ജവും കഴിവും അവധ് രാജ്യത്തെ ഉണർത്തി, ഇളക്കിമറിച്ചു. അവർ ഞങ്ങൾക്കെതിരെ നിലയ്ക്കാത്ത യുദ്ധം – Undying War- പ്രഖ്യാപിച്ചു.’
പരിചയമുള്ള പടത്തലവിയെപ്പോലെ, വാർറൂമിൽ തന്റെ ജനറൽമാരുമൊത്ത് രാത്രി പകലാക്കി ബീഗം യുദ്ധതന്ത്രങ്ങൾ മെനഞ്ഞു. രണ്ട് ലക്ഷത്തിലധികം പേരുള്ള സൈന്യവുമായി അവൾ ബ്രിട്ടീഷുകാരെ എതിരിട്ടു.
പടത്തലവൻ അതിവിദഗ്ദ്ധനായിരുന്നു -രാജാ ജയ് ലാൽ സിങ് എന്ന യുദ്ധതന്ത്രജ്ഞനായ രാജാവ്. തീരെ പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അടി തെറ്റി. ഗോലിയാത്ത് വീഴ്ത്തപ്പെട്ടു. കമ്മീഷണറടക്കം അടക്കം ബ്രിട്ടീഷ് ഉന്നതർ ലക്നൗവിൽ ദീർഘനാളുകൾ തടവിലാക്കപ്പെട്ടു.
ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ഏറ്റവും കൂടുതൽ കാലം പിടിച്ചു നിന്നത് ബീഗം ഹസ്രത്ത് മഹലിന്റെ സൈന്യമാണ്. ഏറ്റവും കൂടുതൽ ഭൂമി തിരിച്ചു പിടിച്ചതും അവധ് സേന തന്നെ.
ബീഗം ഹസ്രത്തിന്റെ യുദ്ധതന്ത്രങ്ങളെ കുറിച്ച് 1858-ലെ ടൈംസ് ലണ്ടൻ എഴുതുന്നത് ഇങ്ങനെയാണ്, ‘അവധിലെ ബീഗം യുദ്ധതന്ത്രത്തിലും ധൈര്യത്തിലും തന്റെ ജനറലുമാരെക്കാൾ എത്രയാ മുൻപിലാണ് !’
ഒരു യുദ്ധത്തിലും തോറ്റു പിൻമാറാൻ ബീഗം ഒരുക്കമല്ലായിരുന്നു. ഏത് യുദ്ധവും അവൾ അവസാനത്തെ യുദ്ധം പോലെ പൊരുതി. മരിച്ചു യുദ്ധം ചെയ്യുന്ന നീറിനെപ്പോലെ ഏഴ് തവണ തോറ്റിട്ടും എട്ടാം തവണയും സൈന്യവുമായി തിരിച്ചു വന്നു. ആ യുദ്ധമോ ആനപ്പുറത്തിരുന്ന്, മുൻ നിരയിൽ നിന്ന് സ്വയം നയിച്ചു. ആട്ടക്കാരിയെന്ന് കൊട്ടാരത്തിൽ പുച്ഛിക്കപ്പെട്ടവൾ പടക്കളത്തിൽ കൊടുങ്കാറ്റായി ആടി. ദർബാറിലേതിനേക്കാൾ അധികം നേരം ഹസ്രത്ത് ബീഗം ചെലവഴിച്ചത് വാർ റൂമിലായിരുന്നു. ക്യാമ്പുകളിൽ നിന്ന് ക്യാമ്പുകളിലേക്കോടി നടന്ന്, രക്തം തിളപ്പിക്കുന്ന ആവേശത്തോടെ സംസാരിച്ച് പടയാളികളുടെ ആത്മവീര്യം വർദ്ധിപ്പിച്ചു.
ഒരിക്കലും ആരും ചിന്തിച്ചിട്ടില്ലാത്ത മാറ്റങ്ങൾ ബീഗം കൊണ്ടുവന്നു. സൈന്യത്തിന് വനിതാ വിഭാഗം തുടങ്ങി. ദളിത് പെൺകുട്ടിയെ വനിതാ വിഭാഗത്തിന്റെ മേധാവിയാക്കി.
ഇവിടെയാണ് ഉദാദേവി കഥയിലേക്ക് വരുന്നത്. അവൾ ഒരു പാസിപ്പെണ്ണായിരുന്നു. ഇപ്പോഴും പാസി, ചമാർ തുടങ്ങിയ ദളിതരുടെ നിലയെന്താണ് എന്ന് ഉത്തരേന്ത്യയിൽ താമസിച്ചിട്ടുള്ളവർക്ക് അറിയാം. നൂറ്റാണ്ടുകളായി ഭൂമിയോളം താണ് അടിച്ചമർത്തപ്പെട്ട് കഴിയുന്നവർ. പന്നിയെ തെളിച്ച്, പനങ്കള്ള് എടുത്ത് ഗ്രാമാതിർത്തിക്ക് വെളിയിലെ കുടിലുകളിൽ കഴിയുവാൻ വിധിക്കപ്പെട്ടവർ. കുലത്തൊഴിലെന്ന കാണാച്ചങ്ങലയിൽ നൂറ്റാണ്ടുകളായി തളച്ചിടപ്പെട്ടവർ. അത്രയേ അവർക്ക് പാടുള്ളൂ എന്നാണ് സമൂഹം കൽപ്പിച്ചിരിക്കുന്നത്.
റാണിയുടെ മുന്നിൽ വന്നുനിന്ന ഇരുണ്ട നിറവും കടഞ്ഞെടുത്ത ശരീരവുമുള്ള സുന്ദരിപ്പെണ്ണിന് ബ്രിട്ടീഷുകാരെ ദേശത്ത് നിന്ന് തുരത്താൻ സൈന്യത്തിൽ ചേരണമായിരുന്നു. ദേശത്തിന്റെ അഭിമാനത്തിനു വേണ്ടി യുദ്ധം ചെയ്യണമായിരുന്നു. അവളുടെ കണ്ണുകളിൽ ആത്മവിശ്വാസവും ആർജവവും തിളങ്ങി. തന്നെ മനസിലാക്കാൻ ബീഗത്തിന് കഴിയുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.
ബീഗമോ അവളെ വിശ്വസിച്ച് ഒരു വനിതാ ബറ്റാലിയൻ തന്നെയാണ് പരിശീലിപ്പിച്ചെടുക്കാൻ ഏൽപ്പിച്ചു കൊടുത്തത്. കഴിവും സമർപ്പണവും കുലം നോക്കിയല്ല അളക്കേണ്ടതെന്ന് മുഹമ്മദിക്ക് എന്ന പോലെ വേറെ ആർക്കറിയാം. വിശ്വസിച്ചാലും സ്നേഹിച്ചാലും അത്ഭുതങ്ങൾ സംഭവിക്കുമെന്നും.
ഉദാദേവി വനിതാ ബറ്റാലിയന്റെ കമാൻഡറായി. അവർ തോക്ക് പരിശീലനം അടക്കം എല്ലാ സൈനിക മുറകളും അഭ്യസിച്ചു. അവളും അവളുടെ പെൺപുലികളും പടക്കളത്തിൽ അത്ഭുതങ്ങൾ കാണിച്ചു. തലമുറകളായി കിട്ടാത്ത അവസരങ്ങൾ ആസ്വദിച്ച് അവർ അഭിമാനത്തോടെ കഴിവു തെളിയിച്ചു.
അടിമയായി വിൽക്കപ്പെട്ടവളും യുഗങ്ങളായി അടിമകളായിരുന്ന വംശത്തിൽ പിറന്നവളും പരസ്പരം ഊർജം പകർന്നു. അവർക്ക് സമാനതകൾ (കോമൺ ഫാക്ടറുകൾ) ഏറെയുണ്ടായിരുന്നു.
കഴിവും ആത്മശക്തിയും കൊണ്ട് ഉയർന്ന രണ്ട് പെണ്ണുങ്ങൾ . ഒരാൾ ചിലങ്കകൾ കൊണ്ട് ചങ്ങലകൾ പൊട്ടിച്ചുവെങ്കിൽ മറ്റെയാൾ ആയുധമെടുത്തതും അതിനു വേണ്ടിത്തന്നെയാണ്. ചിലമ്പൊലിയും വാളൊലിയും അവർക്ക് അടിമത്തത്തിൽ നിന്നുള്ള മോചനമായിരുന്നു.
പിന്നെ ഉദാദേവിയെ നമ്മൾ കാണുന്നത് സിക്കന്ദർ ബാദ് യുദ്ധ സമയത്താണ്. തോറ്റോടിയ ബ്രിട്ടീഷ് പട ആയുധ ശേഷി കൂട്ടി പൂർവ്വാധികം ശക്തിയിൽ തിരിച്ചു വന്നിരിക്കുന്നു. നഷ്ടപ്പെട്ട കോട്ടകളും ഇടങ്ങളും തിരിച്ചു പിടിക്കാൻ അവർ കിണഞ്ഞു ശ്രമിക്കുകയാണ്. സിക്കന്ദർ ബാദ് കോട്ടയിൽ പൊരിഞ്ഞ യുദ്ധം നടക്കുന്നു . ഒരുപക്ഷേ, അവസാനത്തെ യുദ്ധമെന്നവൾ കണക്കുകൂട്ടി. സൈനികനായ ഭർത്താവ് പടക്കളത്തിൽ മരിച്ചുവെന്ന് കൂടിയറിഞ്ഞപ്പോൾ ഉദാദേവി ഉഗ്രമൂർത്തിയായി.
ഇനിയുള്ള കഥ ഇങ്ങനെയാണ്.
‘പടക്കളത്തിനരികിൽ ഒരു പിപ്പൽ മരത്തിന്റെ (അരയാൽ) കീഴിൽ കൂജയും കുടവും വെച്ചിരുന്നു. വെളളം കുടിക്കാൻ പോയ ബ്രിട്ടീഷ് സൈനികർ തിരിച്ചു വരുന്നില്ല. ഒന്നൊന്നായി വീണ്ടു മരിക്കുന്നു. അങ്ങനെ മുപ്പത്തി ഒന്ന് പേരായി.
സന്ധ്യയായപ്പോൾ യുദ്ധഭൂമിയിൽ മരിച്ചു കിടന്ന അവരുടെ മുറിവുകൾ ശ്രദ്ധിച്ചു പരിശോധിച്ച ക്യാപ്റ്റൻ കുത്തനെ മുകളിൽ നിന്ന് തലയിലേക്കുള്ള വെടിയുണ്ടകളാണ് മരണകാരണമെന്ന് കണ്ടെത്തി.
പരിസരത്ത് വിദഗ്ദനായ ഒരു സ്നൈപ്പറെ അവർ വിറയലോടെ മണത്തറിഞ്ഞു. അയാൾക്കായി ഭീതിയോടെ അരിച്ചുപരതി. ആൽമരത്തിനു മുകളിൽ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ശിഖരങ്ങൾക്ക് മറഞ്ഞിരിക്കുന്ന ആളെ കണ്ടെത്തി, നിറുത്താതെ വെടിവെച്ച് താഴെയിട്ടു. നിറച്ചും വെടിയുണ്ടകളേറ്റ് അരിപ്പ പോലായ ഉടലുമായി താഴെ മരിച്ചുവീണയാളെ പരിശോധിച്ചപ്പോൾ രണ്ടു തോക്കുകൾ. ഒന്നിൽ നിറയെ തിരകൾ ഒന്നു പകുതി കാലി. വെച്ച വെടിയൊന്നു പോലും പാഴായിട്ടില്ല!
കൂടുതൽ ആയുധങ്ങൾക്കായി ഉടൽ പരിശോധിച്ചപ്പോഴാണ് മുറുക്കി വരിഞ്ഞു കെട്ടിയ തുണികൾക്കടിയിൽ അതൊരു സ്ത്രീയാണെന്ന് മനസിലായത്. ക്യാപ്റ്റൻ ആകെ മനസ്താപത്തിലായി. ഒരു പെണ്ണിനെ വെടിവെച്ചിട്ടതിൽ മാത്രമല്ല, ഈ പെണ്ണാളാണല്ലോ ഇത്രയും ബ്രിട്ടീഷ് പടയാളികളെ കൊന്നതെന്നോർത്തും. അവളുടെ ധീരതയെ സല്യൂട്ട് ചെയ്യാൻ ജനറൽ അടക്കം ഉയർന്ന മേധാവികൾ പടക്കളത്തിലെത്തി.’
ഇന്നും എല്ലാ നവംബർ പതിനാറിനും പാസികൾ ഉദാ ദേവിയുടെ രക്തസാക്ഷി മണ്ണിലെത്തി നമസ്കരിക്കുന്നു. പാട്ടുപാടി സ്തുതിക്കുന്നു. നൂറ്റാണ്ടുകളായി ആഴക്കിണറ്റിൽ, അജ്ഞതയുടെ കുഴിയിൽ കിടന്ന അവർക്ക് സാധ്യതകളുടെ ആകാശങ്ങൾ ആദ്യം കാട്ടി കൊടുത്തതവളാണ്. അവരുടെ കുലത്തിന്റെ മാനം കാത്തവൾ. അവരുടെ വലിയ കമാൻഡർ!
പിന്നീട് ഈ ദേശങ്ങളിൽ ഉണ്ടായ ഒരു പാട് സ്ത്രീമുന്നേറ്റങ്ങളിൽ നമുക്ക് ഉദാ ദേവിയുടെ നിഴലുകളും അനുരണനങ്ങളും കാണാനാവും. ഈയടുത്ത കാലത്ത് ഉത്തർപദേശിൽ ദളിത് സമുദായങ്ങളിൽ നിന്നുൾപ്പടെയുള്ള സ്ത്രീകൾ ചേർന്ന് നീതിക്കു വേണ്ടി രൂപീകരിച്ച ‘ഗുലാബി ഗാങ്’ എന്നൊരു സംഘം ഉണ്ട്. മുളന്തണ്ടുകളുമായി നടക്കുന്ന, പനിനീർ നിറച്ചേലയുടുത്ത ഈ പെൺകൂട്ടം (ഗുലാബി നിറം – Pink) ബലാൽസംഗവീരൻമാരെയും അഴിമതിക്കാരെയും ഒക്കെ അടിച്ച് നിലംപരിശാക്കിയിട്ടുണ്ട്. അവരുടെ നേതാവിനെയും അവർ ‘കമാൻഡർ ‘ എന്നാണ് വിളിക്കുക!
അവസാനത്തെ യുദ്ധത്തിൽ ഉദാദേവി പടക്കളത്തിൽ വീണുമരിച്ചെങ്കിൽ ഹസ്രത്ത് ബീഗം ഹിമാലയത്തിലെ കാടുകളിലേക്ക് ഓടിപ്പോയി .പിന്നെ നേപ്പാളിൽ അഭയം തേടി . അന്നത്തെ ഒരു ലക്ഷം രൂപ എന്ന വൻതുകയുടെ അലവൻസ് വാഗ്ദാനം നല്കി, തിരിച്ചു വന്ന് റീജൻസി ഭരണം കയ്യാളാൻ ബ്രിട്ടീഷ് അധികാരികൾ ക്ഷണിച്ചുവെങ്കിലും പൂർണ്ണ സ്വാതന്ത്ര്യത്തിൽ കുറഞ്ഞ ഒന്നിനും അവൾ ഒരുക്കമല്ലായിരുന്നു.
‘ഒരു പാവ രാജ്ഞിയാവാൻ താൻ തയ്യാറല്ല’ എന്നവൾ നാലാം വട്ടവും ദൂതരെ മടക്കി. അടിമത്തത്തെക്കാൾ അവൾ പ്രവാസത്തെ കാംക്ഷിച്ചു.
ആരായിരുന്നു ഹസ്രത്ത്?
ജന്മനാ പോരാളി (Born fighter), കുഞ്ഞിലേ തൊട്ടേ അവൾക്ക് പൊരുതേണ്ടി വന്നു. ജീവിത നാടകത്തിൽ അവൾ കെട്ടിയാടാത്ത വേഷങ്ങൾ ഏതുണ്ട്? ഗണികാലയത്തിലെ പെൺകുട്ടി തൊട്ട് കൊട്ടാര ദാസി വരെ! ആട്ടക്കാരി തൊട്ട് മഹാറാണി വരെ! അക്ഷരമറിയാത്ത അടിമ തൊട്ട് സ്വാതന്ത്ര്യത്തെ കുറിച്ച് ഗീതകങ്ങൾ എഴുതിയിട്ട കവി വരെ ! പട്ടാള ജനറൽ തൊട്ട് പ്രവാസി വരെ!
നിലനിൽപ്പിനായും സ്വാതന്ത്ര്യത്തിന് വേണ്ടിയും പോരാടിയ വിപ്ലവകാരി. വിപരീതങ്ങളുടെ തമ്പുരാട്ടി. പാവങ്ങളുടെ മഹാറാണി. നേപ്പാളിൽ കാഠ്മണ്ഡുവിൽ അവളുടെ ഖബർ ഉണ്ട് . സാധാരണക്കാരുടെ ഇടത്ത്.
പക്ഷേ, മുതുമുത്തശ്ശിയെ കുറിച്ച് കൊട്ടാരത്തിലെ ഇളമുറക്കാരി ഓർത്തെടുക്കുന്നത് ഒറ്റ കാര്യം മാത്രമാണ്. അവരുടെ കരുണ. ‘കടൽ പോലെ കരുണയുള്ളവൾ’ എന്നാണ് അവൾ തന്റെ അമ്മ പറഞ്ഞ് കേട്ടിട്ടുള്ളത്. കൈയിലെന്തുണ്ടെങ്കിലും അതു മുഴുക്കെ ചോദിച്ചു വരുന്നവർക്ക് കൊടുത്തിരുന്നവൾ എന്ന്.
പാവപ്പെട്ടവരെ ഒരിക്കലും വെറുംകൈയ്യോടെ ഹസ്രത്ത് തിരിച്ചയച്ചില്ല, പ്രവാസത്തിൽ ആയിരുന്നപ്പോൾ പോലും. അവസാനത്തെ നാണയം വരെ ദാനം ചെയ്ത് ഒടുവിൽ ദരിദ്രയായി മരിച്ചവൾ.
അത്ര ദരിദ്രയായിരുന്നിട്ടും മടങ്ങി വന്ന് ഭരിക്കുവാൻ ബ്രിട്ടീഷുകാർ ക്ഷണിച്ചപ്പോൾ പൂർണ്ണ സ്വാതന്ത്ര്യത്തിന് പകരമല്ല ഒന്നും എന്ന ഉരുക്കു പോലുള്ള തീരുമാനത്തിൽ അവസാനം വരെ ഉറച്ചു നിന്നവൾ.
കവിയായ നവാബ് തന്റെ ബീഗത്തെ കവിതയിൽ ഇങ്ങനെ അടയാളപ്പെടുത്തുന്നു
‘എന്റെ നഗരമാളികകളിൽ വിനാശം.
എന്റെ ബസാറുകൾ കൊള്ളയടിക്കപ്പെട്ടു.
ഓ ഹസ്രത്ത് മഹൽ,
ഇനിയീ നിസ്വന് നീ മാത്രം ആശ്വാസം.
അല്ലെങ്കിലും നീ ദരിദ്രർക്ക്
എന്നും ആശ്വാസമായിരുന്നല്ലോ.
ഹസ്രത്ത് മഹൽ
തൂ ഹീ ബസീ ഐസോ ആരാം ഹെ.’
The post ഉന്നം തെറ്റാത്ത ചിലങ്കയും താളം പിഴയ്ക്കാത്ത തോക്കും appeared first on Indian Express Malayalam.