ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീം താരങ്ങളുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കുടുംബാംഗങ്ങൾക്ക് ഇംഗ്ലണ്ട് പരമ്പരയിൽ താരങ്ങൾക്കൊപ്പം പോകാൻ അനുമതി. ദീർഘകാലം ബയോ ബബിളിൽ കഴിയേണ്ടി വരുന്നതിനാൽ താരങ്ങളുടെ കുടുംബാംഗങ്ങളെയും കൂടെ കൂട്ടാൻ അനുവദിക്കണമെന്ന് ബിസിസിഐ അഭ്യർത്ഥിച്ചിരുന്നുവെന്നാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്.
എന്നാൽ, ജൂൺ 18 മുതൽ 22 വരെ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഇംഗ്ലണ്ടിലെ കടുത്ത ക്വാറന്റൈൻ നിയന്ത്രണങ്ങൾ കാരണം ബിസിസിഐ സെക്രട്ടറി സൗരവ് ഗാംഗുലി ഉൾപ്പടെയുള്ള അംഗങ്ങൾ പങ്കെടുത്തേക്കില്ല.
“കളിക്കാരോടൊപ്പം കുടുംബാംഗങ്ങളും ഉണ്ടാകുമെന്നത് നല്ല വാർത്തയാണ്. വനിതാ ക്രിക്കറ്റ് ടീമിനും അവരുടെ കുടുംബത്തെ കൂടെ കൂട്ടാം. ഈ സമയത്ത് കളിക്കാരുടെ മാനസിക ആരോഗ്യത്തിന് വളരെ പ്രാധാന്യമുള്ള സമയമാണിത്.” ബിസിസിഐ വക്താവ് വാർത്ത ഏജൻസിയായ പിടിഐയോദ്ധ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇംഗ്ലണ്ടിൽ ഉണ്ടായിരിക്കേണ്ട ഗാംഗുലിയും ജയ് ഷായും തത്കാലം പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”ഞാൻ മനസിലാക്കുന്നതനുസരിച്ച്, ഇസിബി (ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്) അവർക്ക് അനുമതി നൽകിയിട്ടില്ല. സാധാരണ ഭരണസമിതി അംഗങ്ങൾ മത്സരത്തിന് മുൻപായി പോകാറുണ്ട്. എന്നാൽ ഇപ്പോഴത്തെ ക്വാറന്റൈൻ നിയന്ത്രണങ്ങൾ പ്രകാരം കളിക്കാരല്ലാത്ത അവർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പോകേണ്ടി വരും. പ്രസിഡന്റിനും സെക്രട്ടറിക്കും ടീം നിയമങ്ങൾ ബാധകമാകില്ല” വക്താവ് പറഞ്ഞു.
Read Also: WTC final: ഇന്ത്യ ന്യൂസിലൻഡിനെ വിലകുറച്ചു കാണുമെന്ന് കരുതുന്നില്ല: അഗാർക്കർ
ലണ്ടനിൽ എത്തിയ ശേഷമാകും രണ്ടു ടീമുകളും സതാംപ്ടണിലേക്ക് പോവുക. ജൂൺ 16 മുതൽ 19 വരെ ബ്രിസ്റ്റോളിൽ ടെസ്റ്റ് മത്സരം കളിക്കുന്ന വനിതാ ടീം സതാംപ്ടണിൽ പുരുഷ ടീം തങ്ങുന്ന ഹോട്ടൽ ഹിൽട്ടണിൽ തന്നെ ആയിരിക്കും ക്വാറന്റൈനിൽ കഴിയുക. അതിനു ശേഷം അവർ ബ്രിസ്റ്റോളിലേക്ക് പോകും.
ഇരു ടീമിലെ താരങ്ങളും വീട്ടിലും ഹോട്ടലിലുമായി 14 ദിവസത്തെ ക്വാറന്റൈനും ആറ് ആർടിപിസിആർ നെഗറ്റീവ് റിസൾട്ടുകൾക്കും ശേഷമാണ് ബുധനാഴ്ച ലണ്ടനിലേക്ക് പോവുക. ലണ്ടനിലെ മൂന്ന് ദിവസത്തെ ക്വാറന്റൈന് ശേഷം താരങ്ങൾക്ക് ജിമ്മിലും നെറ്റ്സിലും പരിശീലനം നടത്താൻ സാധിക്കും.
The post ഇംഗ്ലണ്ട് പരമ്പരയ്ക്ക് താരങ്ങൾക്കൊപ്പം കുടുംബവും; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബിസിസിഐ അംഗങ്ങൾ ഉണ്ടാവില്ല appeared first on Indian Express Malayalam.