‘ഒരു നീലയും രണ്ട് ചുവപ്പ് ടിക്കും കണ്ടാൽ- നിങ്ങളുടെ ഇൻഫോർമേഷൻ ഗവൺമെന്റ് ചെക്ക് ചെയ്യുന്നു, മൂന്ന് ചുവന്ന ടിക്കുകൾ കണ്ടാൽ- നിങ്ങൾക്ക് എതിരെയുള്ള പ്രൊസീഡിംഗ്സ് ഗവൺമെന്റ് ആരംഭിച്ചു.ഉടനെ തന്നെ നിങ്ങൾക്ക് കോടതിയുടെ സമൻസ് കിട്ടുന്നതായിരിക്കും.” കഴിഞ്ഞ കുറച്ചു നാളുകളായി വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു ഫോർവേഡ് വൈറൽ മെസ്സേജാണിത്. സത്യത്തിൽ കഴിഞ്ഞ വർഷവും ഈ മെസ്സേജ് പ്രചരിച്ചിരുന്നു.
ഇത്തരത്തിൽ വൈറലാകുന്ന മെസ്സേജുകൾ എല്ലാം ഫേക്ക് മെസ്സേജുകൾ ആണെന്നതാണ് വാസ്തവം. നാളെ മുതൽ വാട്സാപ്പിനും വാട്സാപ്പ് കോളുകൾക്കും ബാധകമാകുന്ന പുതിയ നിയമങ്ങൾ എന്ന തരത്തിലാണ് ഇപ്പോൾ ഈ മെസ്സേജ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമം പ്രകാരം മെസ്സേജുകളുടെ ഉറവിടം കണ്ടുപിടിക്കുന്നതിനെതിരെ വാട്സാപ്പ് കോടതിയെ സമീപിച്ച സമയത്താണ് ഇത് കൂടുതലായി പ്രചരിക്കാൻ തുടങ്ങിയത്.
വാട്സാപ്പ് ഉപയോഗിക്കുന്നവർ മനസിലാക്കേണ്ട ഒരു വസ്തുത എന്തെന്നാൽ, വാട്സാപ്പിലെ മെസ്സേജുകൾ ഏൻഡ് ടു ഏൻഡ് എൻക്രിപ്റ്റഡാണ്. വാട്സപ്പിനോ, ഫേസ്ബുക്കിനോ, സർക്കാരിനോ മറ്റാർക്കെങ്കിലുമോ ആ മെസ്സേജുകൾ ഒന്നും തന്നെ വായിക്കാൻ സാധിക്കുന്നതല്ല.
ഇപ്പോൾ പ്രചരിക്കുന്ന ഒരുപാട് തവണ ഫോർവേഡ് ചെയ്യപ്പെട്ട മെസ്സേജിൽ പറയുന്നത് ഇപ്രകാരമാണ്, “എല്ലാ കോളുകളും റെക്കോർഡ് ചെയ്യും, വാട്സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപ്പെടും, സർക്കാരിനോ പ്രധാനമന്ത്രിക്കോ എതിരെയുള്ള കാര്യങ്ങൾ പങ്കുവെക്കാതിരിക്കുക, രാഷ്ട്രീയമായും മതപരമായുമുള്ള മെസ്സേജുകൾ ഈ അവസ്ഥയിൽ അയക്കുന്നത് ശിക്ഷാർഹമായ പ്രവർത്തിയാണ്. വാറണ്ടില്ലാതെ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാൻ ചാൻസുണ്ട്.” ഇതിനു പുറമെ നിങ്ങളുടെ “ഫോൺ മിനിസ്ട്രി സിസ്റ്റംത്തോട് കണക്ട് ചെയ്യപ്പെടും” എന്നും സന്ദേശത്തിൽ പറയുന്നുണ്ട്. എന്നാൽ ഇവയെല്ലാം വസ്തുതാ വിരുദ്ധവും വളരെ തെറ്റായകാര്യങ്ങളുമാണ്.
രണ്ടു നീല ടിക്കുകൾ അല്ലാതെ മറ്റൊരു ടിക്കും വാട്സാപ്പിൽ കമ്പനി അവതരിപ്പിച്ചിട്ടില്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. നിങ്ങൾ ഒരു മെസ്സേജ് അയക്കുമ്പോൾ ആദ്യം വരുന്ന ഒറ്റ ടിക് മെസ്സേജ് അയക്കപെട്ടു എന്ന് കാണിക്കുന്നതിനും, രണ്ടു ടിക്കുകൾ മെസ്സേജ് അവിടെ ലഭിച്ചു എന്ന് കാണിക്കുന്നതിനും, നീല ടിക്കുകൾ മെസ്സേജ് ലഭിച്ച വ്യക്തി അത് വായിച്ചു എന്നും മനസിലാകുന്നതിനാണ്.
Read Also: ഓൺലൈൻ ചർച്ചകൾക്ക് പുതിയ ഇടം; എന്താണ് ക്ലബ്ഹൗസ്? എങ്ങനെ ഉപയോഗിക്കാം?
വാട്സാപ്പ് മെസ്സേജുകൾ എല്ലാം തന്നെ ഏൻഡ് ടു ഏൻഡ് എൻക്രിപ്റ്റഡാണ്. അതായത്, മെസ്സേജ് അയക്കുന്ന വ്യക്തിക്കും അത് ലഭിക്കുന്ന വ്യക്തിക്കും മാത്രമാണ് അത് കാണാൻ സാധിക്കുക. നിങ്ങൾ വാട്സാപ്പിൽ അയക്കുന്ന ഒന്നും തന്നെ ഫേസ്ബുക്കിനോ ഇൻസ്റ്റഗ്രാമിനോ, സർക്കാരിനോ കാണാൻ സാധിക്കില്ല. സ്റ്റാറ്റസായാലും കോളുകളായാലും ഫോട്ടോസായാലും വിഡിയോകൾ ആയാലും അങ്ങനെ തന്നെയാണ്. ഏൻഡ് ടു ഏൻഡ് എൻക്രിപ്റ്റഡ് ആയവ ഒരു പ്രത്യേക ഡിജിറ്റൽ ലോക്ക് ഉപയോഗിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്.
നിങ്ങൾ ചാറ്റ് ചെയ്യുന്ന ഒരാളുടെ പ്രൊഫൈലിൽ കേറി അവരുടെ മൊബൈൽ നമ്പറിനും എബൗട്ടിനും മുകളിലുള്ള എൻക്രിപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ആ ഡിജിറ്റൽ ലോക്ക് കാണാൻ സാധിക്കും. നിങ്ങളുടെയും ആ വ്യക്തിയുടെയും കോഡുകൾ ഒന്നാണെങ്കിൽ നിങ്ങൾ തമ്മിൽ അയക്കുന്ന മെസ്സേജുകൾ ഏൻഡ് ടു ഏൻഡ് എൻക്രിപ്റ്റഡാണ് സുരക്ഷിതമാണെന്നാണ് അർത്ഥം.
The post വാട്സാപ്പിൽ മൂന്ന് ചുവന്ന ടിക്? സർക്കാർ നിങ്ങളുടെ മെസ്സേജുകൾ വായിക്കുമോ? സത്യമറിയാം appeared first on Indian Express Malayalam.