ഡമാസ്കസ്
സിറിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാലാം തവണയും ബഷാർ അൽ അസ്സദിന് ജയം. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം സ്പീക്കർ ഹമ്മദ് സബായാണ് പ്രഖ്യാപിച്ചത്. 78.6 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയതിൽ 95.1 ശതമാനം വോട്ടും അസ്സദ് നേടി. അസ്സദിനെ പുറത്താക്കാൻ എതിരാളികൾ 10 വർഷം മുമ്പ് പാശ്ചാത്യ പിന്തുണയോടെ കലാപം ആരംഭിച്ചതിനെ തുടർന്ന് സിറിയയിൽ ആഭ്യന്തര യുദ്ധം രൂക്ഷമായിരുന്നു. ഐഎസ് അടക്കമുള്ള സംഘങ്ങളെ ഒതുക്കിയതോടെ സംഘർഷത്തിൽ അയവുണ്ട്. എങ്കിലും പാശ്ചാത്യ ഉപരോധം മൂലം സ്ഥിതി മോശമാണ്. പ്രസിഡന്റായിരുന്ന പിതാവ് 2000ൽ മരിച്ചപ്പോഴാണ് അസ്സദ് അധികാരമേറ്റത്.
രാജ്യത്തെ 1.8 കോടി വോട്ടർമാരിൽ 80 ലക്ഷത്തോളം പേർ അഭയാർത്ഥികളാണ്. ലെബനൻ അടക്കമുള്ള രാജ്യങ്ങളിലെ സിറിയൻ എംബസികളിൽ അഭയാർത്ഥികൾക്ക് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയിരുന്നു. അസ്സദിനെ എതിർക്കുന്ന കുർദ് മേഖലയിൽ പോളിങ്ങ് നടന്നില്ല.