തിരുവനന്തപുരം
പരാജയപ്പെട്ടു പോയെന്ന് തോന്നുന്ന എല്ലാ സാമൂഹ്യ മുന്നേറ്റവും പുതിയ സമരങ്ങൾക്കുള്ള ഊർജമായി ഭവിക്കുമെന്നാണ് പാരിസ് കമ്യൂൺ നൽകുന്ന പാഠമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പാരീസ് കമ്യൂണിന്റെ 150––ാം വാർഷികത്തോടനുബന്ധിച്ച് ചിന്ത പബ്ലിഷേഴ്സ് സംഘടിപ്പിച്ച ‘പാരീസ് കമ്യൂൺ അനുഭവങ്ങളുടെ സമകാലിക വായന’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1871 മാർച്ച് 18 മുതൽ മെയ് 28 വരെ 72 ദിവസം മാത്രമേ തൊഴിലാളി ഭരണകൂടം നിലനിന്നുള്ളൂവെങ്കിലും വർഗ ഐക്യത്തിന്റെ ശക്തിയെക്കുറിച്ച് തിരിച്ചറിവുണ്ടായ മുന്നേറ്റമാണിത്. പിന്നീട് നടന്ന എല്ലാ സാമൂഹ്യ വിപ്ലവവും പാരിസ് കമ്യൂണിന്റെ പാഠങ്ങൾ ഉൾക്കൊണ്ടാണ് നടന്നത്. ചൂഷണമുക്ത സാമൂഹ്യവ്യവസ്ഥയ്ക്കായുള്ള തൊഴിലാളി മുന്നേറ്റങ്ങൾക്ക് എക്കാലവും പ്രചോദനമാണ് പാരിസ് കമ്യൂണെന്നും എം എ ബേബി പറഞ്ഞു. ചിന്ത പബ്ലിഷേഴ്സ് മാനേജർ കെ ശിവകുമാർ, രാധാകൃഷ്ണൻ ചെറുവല്ലി എന്നിവർ സംസാരിച്ചു.