ന്യൂഡല്‍ഹി: പുതിയ ഐടി നിയമം പാലിക്കാൻ വാട്സാപ്പ് വിസമ്മതിക്കുന്നത് ധിക്കാരപരമായ നടപടിയാണെന്ന് ഐടി മന്ത്രാലയം. സ്വകര്യതയ്ക്കുള്ള അവകാശങ്ങളെ സർക്കാർ മണിക്കുന്നുവെന്നും ഇത് പരിധിയില്ലാത്ത അവകാശമല്ലെന്നും ചില നിയന്ത്രണങ്ങൾ മാത്രമായാണ് വരുന്നതെന്നും മന്ത്രാലയം പറഞ്ഞു. പുതിയ നിയമത്തിനെതിരെ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിക്ക് മറുപടി നൽകുകയായിരുന്നു സർക്കാർ.
“എല്ലാ പൗരന്മാരുടെയും സ്വകാര്യത അവകാശം ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് അതേസമയം, ക്രമസമാധാനം നിലനിർത്തേണ്ടതും ദേശീയ സുരക്ഷ ഉറപ്പാക്കേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തമാണ്” കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. “ഇന്ത്യ നിർദ്ദേശിച്ച നടപടികളൊന്നും വാട്സാപ്പിന്റെ സാധാരണ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിക്കുകയില്ല, എന്തായാലും സാധാരണ ഉപയോക്താക്കളെയും ഇത് ബാധിക്കില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
“എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും സാങ്കേതികവിദ്യ ഉപയോഗിച്ചോ സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പാക്കപ്പെടുന്നുണ്ടോ എന്നത് പൂർണ്ണമായും സമൂഹ മാധ്യമത്തിന്റെ ഉത്തരവാദിത്തമാണ്. എൻക്രിപ്ഷനിലൂടെയോ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ അതിനു പരിഹാരം കണ്ടത്തേണ്ടത് വാട്സാപ്പിന്റെ ഉത്തരവാദിത്തമാണ്” മന്ത്രി പറഞ്ഞു. ഓരോ സന്ദേശവും ട്രാക്ക് ചെയ്ത് കണ്ടെത്തുകയാണെങ്കിൽ അതിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രോട്ടോക്കോൾ തകർക്കപ്പെടും എന്നതാണ് വിഷയത്തിൽ വാട്സാപ്പിന്റെ പ്രധാന വാദം.
സ്വകാര്യത അവകാശം മൗലിക അവകാശത്തിൽ പെടുന്നതാണെന്നും എല്ലാ പൗരന്മാർക്കും ആ അവകാശം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര സർക്കാരിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. എല്ലാ മൗലിക അവകാശങ്ങളും, സ്വകാര്യത അവകാശം ഉൾപ്പടെ ന്യായമായ നിയന്ത്രങ്ങൾക്ക് വിധേയമാണെന്നും സർക്കാർ പറഞ്ഞു.
ജസ്റ്റിസ് കെഎസ് പുട്ടസ്വാമിയും ഇന്ത്യാഗവൺമെന്റും തമ്മിലുള്ള 2017 ലെ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് വാട്സാപ്പ് ഹർജി സമർപ്പിച്ചത്. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തെണമെന്നുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നും സ്വകാര്യതയ്ക്കുള്ള ജനങ്ങളുടെ മൗലികാവകാശത്തിന് എതിരാണെന്നും വാട്സാപ്പ് ഹർജിയിൽ വ്യകത്മാക്കി. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനും പ്രാബല്യത്തിൽ വരുന്നത് തടയാനുമായിരുന്നു ഹർജിയിലെ ആവശ്യം.
Read Also: പുതിയ ഐ ടി നിയമം: കേന്ദ്രത്തിനെതിരെ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയിൽ
സർക്കാർ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വാട്സാപ്പിന്റെ സ്വകാര്യത നയത്തെയും സർക്കാർ ചോദ്യം ചെയ്തു. ഒരു സ്ഥലത്ത് വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യത്തിന് വേണി ഫേസ്ബുക്കിന് നൽകുകയും മറുവശത്ത് രാജ്യത്തിൻറെ സുരക്ഷക്കായി സർക്കാർ നടത്തുന്ന നടപടികളെ ഏത് വിധേനയും നിരസിക്കാൻ ശ്രമിക്കുകയാണെന്നും സർക്കാർ വാർത്താകുറിപ്പിൽ പറഞ്ഞു.
ഒരു മെസ്സേജ് തടയേണ്ട ഘട്ടത്തിലോ, അന്വേഷിക്കേണ്ട ഘട്ടത്തിലോ, നടപടിയെടുക്കേണ്ട ഘട്ടത്തിലോ മാത്രം വാട്സാപ്പ് മെസ്സേജിന്റെ ഉറവിടം കണ്ടെത്തി നൽകേണ്ടതുള്ളൂ എന്നും സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
The post സ്വകാര്യതയ്ക്കുള്ള അവകാശത്തെ സർക്കാർ മാനിക്കുന്നു, ലംഘിക്കാൻ ഉദ്ദേശമില്ല; വാട്സാപ്പിന്റെത് ‘ധിക്കാര നടപടി’യെന്നും കേന്ദ്രം appeared first on Indian Express Malayalam.