തിരുവനന്തപുരം
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമാണെന്ന് ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ബൂത്തുകൾ നിർജീവമായിരുന്നുവെന്നും വീടുകളിൽ സ്ലിപ്പ് എത്തിക്കാൻ പോലും ആളുണ്ടായിരുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച അശോക് ചവാൻ സമിതി ഓൺലൈനായി നടത്തിയ തെളിവെടുപ്പിലാണ് ചെന്നിത്തല യുഡിഎഫ് സംവിധാനത്തിനെതിരെ ആഞ്ഞടിച്ചത്.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും അത് താഴെത്തട്ടിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ചെന്നിത്തല വാദിച്ചു.
അതേസമയം സർക്കാരിനെതിരെ ചെന്നിത്തല ഉന്നയിച്ച പല ആരോപണങ്ങൾക്കും വിശ്വാസ്യതയുണ്ടായിരുന്നില്ലെന്നും ഓരോ ദിവസവും ഓരോ ആരോപണങ്ങളുമായി വന്നത് ജനങ്ങൾ തള്ളിയെന്നും എംഎൽഎമാരടക്കം ചില നേതാക്കൾ ചവാൻ സമിതിയെ അറിയിച്ചു. എട്ട് എംഎൽഎമാരുമായും ചില മുതിർന്ന കോൺഗ്രസ് നേതാക്കളുമായുംഅശോക് ചവാൻ കൂടിക്കാഴ്ച നടത്തി.
നേതൃത്വത്തെ
പ്രതിക്കൂട്ടിലാക്കി ചെന്നിത്തല
സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രചാരണം നടത്താൻ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് ആരോപിച്ച ചെന്നിത്തല കോൺഗ്രസ് നേതൃത്വത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കിയാണ് സംസാരിച്ചത്. വീഴ്ചയിൽ മുഖ്യ ഉത്തരവാദി പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് ചെന്നിത്തലയ്ക്കാണെന്നും അതിന് തങ്ങളെ പഴിക്കേണ്ടെന്നും യുഡിഎഫ് നേതാക്കൾ മറുപടിയായി വ്യക്തമാക്കി. ദയനീയ തോൽവി പഠിക്കാനെത്തുന്ന സമിതിക്ക് മുമ്പിലും ഏറ്റുമുട്ടുന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ കോൺഗ്രസ്.
വൻ അഴിച്ചുപണിക്ക്
ഹൈക്കമാൻഡ്
ഇതിനിടെ കെപിസിസി, ഡിസിസി തലത്തിൽ വൻ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് നീക്കം തുടങ്ങി. എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റാനാണ് നിർദേശം. ഇത് അറിഞ്ഞ പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ രാജിവച്ചു. അതിനിടെ, അഴിച്ചുപണി മണത്തതോടെ കെപിസിസി, ഡിസിസി ഭാരവാഹികളായി കയറിക്കുടാനുള്ള ചരട് വലികളും സജീവമായി.
സുധാകരനെതിരെ
കെ സി ജോസഫും
പി ടി തോമസും
മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിഞ്ഞാൽ, സ്ഥാനത്ത് വരാൻ നീക്കം നടത്തുന്ന കെ സുധാകരനെതിരെ എ ഗ്രൂപ്പ് രംഗത്ത്. കെ സി ജോസഫ്, പി ടി തോമസ് എന്നിവർ പ്രസിഡന്റ് പദവിയിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സുധാകരനെതിരെ ഹൈക്കമാൻഡിലേക്ക് പരാതികൾ പ്രവഹിക്കുകയാണ്.