തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്ന രോഗികളുടെ മൃതദേഹം കാലതാമസമില്ലാതെ മോർച്ചറിയിലേയ്ക്ക് മാറ്റുന്നതിനായി 24 മണിക്കൂറും പ്രവർത്തനസജ്ജമായ ടാസ്ക്ഫോഴ്സിനെ നിയോഗിച്ചു.
വാർഡ്, തീവ്രപരിചരണവിഭാഗം, അത്യാഹിതവിഭാഗം എന്നിവിടങ്ങളിൽ ഓരോ ഷിഫ്ടിലും നാലുപേരെ ഉൾപ്പെടുത്തിയാണ് ടാസ്ക് ഫോഴ്സിന് രൂപം നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, കോവിഡ് സെൽ മേധാവി എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് സെൽ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
രോഗി മരണപ്പെട്ടാൽ രണ്ടുമണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത് മൃതശരീരം മോർച്ചറിയിലേയ്ക്ക് മാറ്റണമെന്നും മെഡിക്കൽ ബുള്ളറ്റിൻ ഡ്യൂട്ടി ഡോക്ടർ ആശുപത്രി അധികൃതർക്ക് എത്രയും വേഗം കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. 28-ാം വാർഡിൽ മേയ് 12ന് മരിച്ച രോഗിയുടെ മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റുന്നതിന് 15 മണിക്കൂർ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ തീരുമാനിച്ചത്.