കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനായി നടത്തിയ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ബാലുശ്ശേരിയിലെ തർക്കം പരസ്യമായ പോരിലേക്ക്. ബാലുശ്ശേരിയിൽ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ധർമജൻ ബോൾഗാട്ടിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഗിരീഷ് മൊടക്കല്ലൂർ രംഗത്തെത്തിയതോടെയാണ് വിവാദം കൂടുതൽ ശക്തമായത്. പണം പിരിച്ചത് ധർമജന്റെ അറിവോടെയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഗിരീഷ് മൊടക്കല്ലൂർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. എന്നാൽ അഞ്ചു പൈസ താൻ ചെലവഴിച്ചിട്ടില്ലെന്നും തന്റെ അറിവോടെയല്ല പണപ്പിരിവ് നടത്തിയതെന്നും ധർമജൻ മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചു.
എല്ലാം കള്ളൻമാരാണെന്ന് പാർട്ടിക്കും നേതൃത്വത്തിനും മനസ്സിലായിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് നിൽക്കേണ്ടെന്നാണ് നിലവിൽ പാർട്ടി നിർദേശമുള്ളത്. അതുകൊണ്ട് കൂടുതൽ സംസാരിക്കുന്നില്ലെന്നും ഇനിയും ആരോപണവുമായി അവർ വരികയാണെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും ധർമജൻ പറഞ്ഞു. എന്റെ അറിവോടെയെന്ന് എങ്ങനെയാണ് അവർക്ക് പറയാൻ കഴിയുക. അത് പച്ചക്കള്ളമാണ്. ഇതുമായി ബന്ധപ്പെട്ട് ആദ്യ പരാതിയൊന്നുമല്ല ഞാൻ നേതൃത്വത്തിന് നൽകുന്നത്. ഇതിന് മുമ്പും പരാതി നൽകിയിരുന്നുവെന്നൂം ഇത് രണ്ടാമത്തെ പരാതിയാണെന്നും ധർമജൻ ചൂണ്ടക്കാട്ടി.
ബാലുശ്ശേരിയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി തന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്നും എന്നാൽ ഇതൊന്നും താഴേ തട്ടിൽ എത്തിയില്ലെന്നും പണം എങ്ങോട്ട് പോയെന്ന് അന്വേഷിക്കണമെന്നുമായിരുന്നു ധർമജൻ ബോൾഗാട്ടി കെ.പി.സി.സി. നേതൃത്വത്തിന് നൽകിയ പരാതിയിൽ പറഞ്ഞത്. വലിയ രീതിയിൽ പണപ്പിരിവ് നടത്തിയിട്ടും അത് പ്രവർത്തനത്തിനായി ഉപയോഗിച്ചില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. കമ്മറ്റിയിലെ രണ്ടു പേരും അവരുമായി ബന്ധപ്പെട്ട ചിലരുമായിരുന്നു ഇതിന് പിന്നില്ലെന്നാണ് ധർമജന്റെ ആരോപണം. എ.ഐ.സി.സിയും കെ.പി.സി.സിയും ധർമജൻ സ്വന്തം നിലയിലും പണം നൽകിയിട്ടും പണപ്പിരിവ് നടത്തിയിരുന്നു. ഇതിനെതിരേ ആയിരുന്നു ധർമജന്റെ പരാതി.
എന്നാൽ, ഫണ്ടിന്റെ അപര്യാപ്ത വന്നപ്പോൾ ധർമജന്റെ അറിവോടെയാണ് പണപ്പിരിവ് നടത്തിയത് എന്നായിരുന്നു കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായ ഗിരീഷ് ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് പറഞ്ഞത്. ചുരുക്കം ചിലരിൽനിന്ന് മാത്രമാണ് പണം പിരിച്ചത്. 80,000 രൂപ മാത്രമാണ് ലഭിച്ചതെന്നും ഇത് ധർമജന്റെ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്ന ഡി.സി.സി. ഭരവാഹിയേയും കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗത്തേയും എൽപിച്ചെന്നും ഗിരീഷ് പറഞ്ഞിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ധർമജൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
സിനിമാ നടൻ മത്സരിക്കാനെത്തിയിട്ടും കാര്യമായ ഫ്ളക്സ് ബോർഡുകളോ മറ്റോ വലിയ രീതിയിൽ മണ്ഡലത്തിൽ കാണാതിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. മാത്രമല്ല, ഒരു സിനിമാക്കാരൻ എന്ന രീതിയിലുള്ള ഇമേജ് വോട്ടാക്കി മാറ്റാനും ബാലുശ്ശേരിയിലെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഇത് ധർമജൻ സ്ഥാനാർഥി ആയി വരുന്നതിന് മുന്നെത്തന്നെയുള്ള എതിർപ്പിന്റെ തുടർച്ചയായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. തന്റെ പേരിൽ പണപ്പിരിവ് നടത്തിയവർ തന്നെ തോൽപിക്കാൻ ശ്രമിച്ചെന്നും ആദ്യഘട്ടത്തിൽ എതിർചേരിയെ നയിച്ചയാൾ തിരഞ്ഞെടുപ്പ് കൺവീനറായെന്നും ധർമജൻ കെ.പി.സി.സിക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്.
Content Highlights:Dharmajan Bolgatty Election Fund Balussery Congress