തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിന് പരോക്ഷ വിമർശനവുമായി പാർട്ടി വാക്താവായിരുന്നഎംഎസ് കുമാർ. സിപിഎമ്മിലേയും കോൺഗ്രസിലേയും തലമുറമാറ്റം സൂചിപ്പിച്ചുകൊണ്ടാണ് എം.എസ്.കുമാറിന്റെ വിമർശനം.
നേതൃത്വം ചെറുപ്പം ആയാൽ മാത്രം സംഘടന രക്ഷപ്പെടുമോ എന്ന് ചോദിച്ച അദ്ദേഹം നേതൃസ്ഥാനത്തു എത്തുന്നവർ എല്ലാ അർത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണമെന്നും പറഞ്ഞു. അഴിമതിക്ക് അതീരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്പോൾ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയിലും പെട്ട ജനങ്ങൾക്ക് സ്വീകാര്യരാവണം. എങ്കിൽ തീർച്ചയായും അവർ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങൾ അല്ല ജനങ്ങൾ ആണ് യജമാനന്മാർ എന്ന ബോധ്യം ഇണ്ടാകണമെന്നും എംഎസ് കുമാർ ഫെയ്സ്ബുക്കിൽ നടത്തിയ പ്രതികരണത്തിൽ കുറിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ഇടഞ്ഞ് നിൽക്കുന്ന ആളാണ് എംഎസ് കുമാർ. നേരത്തെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ താൻ പാർട്ടി വാക്താവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് എംഎസ് കുമാർ പറഞ്ഞിരുന്നു.
എംഎസ് കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
കേരളത്തിൽ പുതുമുഖങ്ങളെ മന്ത്രിമാരാക്കി കൊണ്ട് പുതിയ ഒരു രാഷ്ട്രീയ സംസ്കാരം എൽ ഡി എഫ് തുടങ്ങിവച്ചു. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിഛയിച്ചപ്പോഴും ഈ ഇച്ഛാശക്തി എൽ ഡി എഫ് കാണിച്ചിരുന്നു. ഇപ്പോൾ ഇതാ കോൺഗ്രസ്സും പ്രതിപക്ഷനേതാവാവായി ശ്രീ വി ഡി സതീശനെ നിച്ചയിച്ചത് വഴി തങ്ങളും മാറ്റത്തിന്റെ പാതയിൽ ആണെന്ന് പറയുന്നു. ഇതെല്ലാം തലമുറ മാറ്റമാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. 75 കാരനായ പിണറായി നയിക്കുന്ന മന്ത്രിസഭയിൽ 68 കാരനായ തോമസ് ഐസക് മാറി 68 കാരനായ എം വി ഗോവിന്ദൻ വരുമ്പോഴും 66കാരനായ ചെന്നിത്തല മാറി 58 കാരനായ സതീശൻ വരുമ്പോഴും തലമുറ മാറ്റം എന്നാണ് വിശേഷിപ്പിക്കുന്നത്.
നേതൃത്വം ചെറുപ്പം ആയാൽ മാത്രം സംഘടന രക്ഷപ്പെടുമോ? നേതൃസ്ഥാനത്തു എത്തുന്നവർ എല്ലാ അർത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്പോൾ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയിലും പെട്ട ജനങ്ങൾക്ക് സ്വീകാര്യരാവണം. എങ്കിൽ തീർച്ചയായും അവർ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങൾ അല്ല ജനങ്ങൾ ആണ് യജമാനന്മാർ എന്ന ബോധ്യം ഇണ്ടാകണം.