തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് വർധിക്കുന്നതിന്റെ കാരണം ഗൗരവമായി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗവ്യാപനം വല്ലാതെ വർധിച്ചാൽ അതിന് അനുസരിച്ച് മരണനിരക്കും കൂടാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ മരണം സംഭവിക്കുന്നത് കുറച്ചുനാൾ മുൻപുള്ള അതിവ്യാപന ഘട്ടത്തിലെ രോഗികളുമായി ബന്ധപ്പെട്ടാണ്. മരണനിരക്ക് എങ്ങനെ കുറച്ചുകൊണ്ടുവരാൻ സാധിക്കുമെന്നതിനെ കുറിച്ച് ഗൗരവമായി തന്നെ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഇന്ന് 176 കോവിഡ് മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
എസ്.എസ്.എൽ.സി. ഐ.ടി. പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് മുൻപ് നടത്തിയ പ്രാക്ടിക്കൽ പരീക്ഷകളുടെ ശരാശരി എടുത്തു കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights:will check how to reduce covid death rate- chief minister pinarayi vijayan