ഉത്തരക്കടലാസ് പരിശോധനയ്ക്കായി ഡ്യൂട്ടി ലീവ് എടുത്ത മാർച്ചിലെ അവസാനത്തെ ആഴ്ചയിലെ ഒരു ദിവസം കോളേജ് ഓഫീസ് സൂപ്രണ്ട് ഫോണിൽവിളിച്ച് അറിയിച്ചു, “സാറേ, സാറിന് പണികിട്ടി.” തിരഞ്ഞെടുപ്പ് സംബന്ധമായ നിയമനങ്ങൾ എന്റെ പല സുഹൃത്തുക്കൾക്കും ഇതിനോടകം ലഭിച്ചിരുന്നതുകൊണ്ട് ഈ വാർത്ത എന്നിൽ അത്ഭുതം സൃഷ്ടിച്ചില്ല. പക്ഷേ സൂപ്രണ്ട് ഒന്നു കൂട്ടിച്ചേർത്തു ”സാർ അബ്സെൻറ്റീ വോട്ടേഴ്സ് പോളിങ് ഓഫീസർ ആണ്. അടുത്ത ദിവസം അതിന്റെ ക്ലാസ്സ് ഉണ്ട്.” ജനാധിപത്യ സംരക്ഷണത്തിന് എന്റെ സംഭാവനയെന്ന് സന്തോഷിച്ച് പിറ്റേദിവസം നിയമന ഉത്തരവ് കൈപ്പറ്റി.
ഹൈറേഞ്ചിലേക്കാണ് നിയമനം. കൃത്യമായ പഞ്ചായത്ത് വിവരങ്ങൾ പുറകെ വരികയേയുള്ളൂ. മാർച്ച് 26 മുതൽ ഏപ്രിൽ ഒന്നുവരെയാണ് അബ്സെൻറ്റീ വോട്ടേഴ്സ് വോട്ട് ചെയ്യുന്നത്. ഇത് തെരഞ്ഞെടുപ്പ് കമ്മിഷൻ പുതിയതായി രൂപകല്പന ചെയ്ത ഒന്നാണ്. 100 ശതമാനം വോട്ട് സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ, 80 വയസിനു മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും കൃത്യസമയത്ത് അപേക്ഷ കൊടുത്ത കോവിഡ് രോഗികൾക്കും തപാൽ വോട്ട് ചെയ്യാനുള്ള അവസരമാണ് ഈ പുതിയ രീതികൊണ്ട് ഉദ്ദേശിക്കുന്നത്. ലഭിച്ച നിയമന ഉത്തരവിൽ എന്റെ ടീമിൽ ഉൾപ്പെട്ട മറ്റു ഉദ്യോഗസ്ഥർരുടെ പേരും ഉദ്യോഗപ്പേരും ഫോൺ നമ്പറും ഉള്ളതുകൊണ്ട് ക്ലാസിനു മുമ്പ് തന്നെ അവരെ വിളിച്ചു പരിചയപ്പെട്ടു. അഞ്ഞൂറിലധികം ഉദ്യോഗസ്ഥർ ക്ലാസ് കേൾക്കുവാൻ ഉണ്ടായിരുന്നു. ഒരു സൂക്ഷ്മ നിരീക്ഷകൻ, പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ്, വീഡിയോ ഗ്രാഫർ, പൊലീസ് ഓഫീസർ എന്നിങ്ങനെയാണ് ടീം അംഗങ്ങൾ. ഇവരെല്ലാം ജില്ലയുടെ പലഭാഗത്തുള്ള വിവിധ ഓഫീസുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവർ.
ഓരോ ടീമിനും ഒരു കാറും ഡ്രൈവറെയും നൽകും. എന്റെ കോളേജിൽനിന്നും വീട്ടിൽ നിന്നും 50 കിലോമീറ്ററിലധികം അകലെയാണ് വോട്ടിങ് സാമഗ്രികളുടെ കലക്ഷൻ സെന്റർ. രാവിലെ ആറേമുക്കാലിന്, അടുത്തുള്ള വിദ്യാലയത്തിലെ ഇതേ നിയമനം ലഭിച്ച രണ്ട് അധ്യാപികമാരും ഒരുമിച്ച് കാറിൽ കലക്ഷൻ സെന്ററിൽ എത്തി. ധാരാളം പോളിങ് ഉദ്യോഗസ്ഥർ ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് നഗരകേന്ദ്രത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ഈ സ്ഥലത്ത് രാവിലെ തന്നെ എത്തിച്ചേർന്നിരുന്നു. മറ്റു പല കേന്ദ്രങ്ങളിൽനിന്നു വിഭിന്നമായി വളരെ കാര്യക്ഷമമായും ചിട്ടയായും പോളിങ് സാമഗ്രികൾ തയാറാക്കിവച്ചിരുന്നു. ഏതു പഞ്ചായത്തിലാണ് ഡ്യൂട്ടിയെന്നും മറ്റും കൃത്യമായി അറിയിച്ചു. ആ പഞ്ചായത്തിലെ വിവിധ വിഭാഗങ്ങളായി തിരിച്ച ലിസ്റ്റുകളും ഓരോ വാർഡിലെയും ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) പേരും ഫോൺ നമ്പറുകളുമടങ്ങിയ രേഖകളും ബാലറ്റ് പേപ്പറുകളുമായി ഞങ്ങൾ പഞ്ചായത്തിലേക്ക് പുറപ്പെട്ടു. കലക്ഷൻ സെന്ററിൽനിന്ന് ഏതാണ്ട് 70 കിലോമീറ്റർ ദൂരെ ആയിരുന്നു എനിക്ക് ചുമതലയുള്ള പഞ്ചായത്ത്. (തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം നിലനിർത്തുന്നതിനുവേണ്ടി സ്ഥലങ്ങളുടെ പേര് ഒഴിവാക്കുന്നു).
പോളിങ് ഓഫീസറായുള്ള ഇത്തവണത്തെ അനുഭവം ഒരു നഗരത്തിൽ താമസിക്കുന്ന, അധ്യാപക ജോലി നിർവഹിക്കുന്ന എനിക്ക് തികച്ചും പുതിയ അനുഭവമായിരുന്നു. വളഞ്ഞുപുളഞ്ഞു പോകുന്ന മലയോര പാതകളിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമാണ് ഞങ്ങളുടെ ദൗത്യവും അതിന്റെ കാഠിന്യവും അനുഭവവേദ്യമായത്. യാതൊരു മുൻപരിചയവുമില്ലാത്ത ഇടങ്ങളിലേക്കുള്ള യാത്ര, കേരളത്തിന്റെ നഗരങ്ങൾക്കപ്പുറമുള്ള വികസനം പ്രഹസനമായ ഇടങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകൂടി ആയിരുന്നു. വിവിധ സർക്കാരുകൾ നൽകിയെന്ന് അവകാശപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളിൽനിന്ന് അകലെ സ്ഥിതി ചെയ്യുന്നവരായിരുന്നു ഞാൻ കണ്ട സമ്മതിദായകരിൽ ഭൂരിഭാഗവും.
കേരളത്തിൽ പ്രായമായവരെയും ഭിന്നശേഷിക്കാരെയും തനിച്ചാക്കുകയില്ല എന്ന പൊതു ധാരണയും ഈ ദൗത്യം അട്ടിമറിച്ചു. വീട്ടുകാരുടെ തുണയില്ലാതെ അയൽപക്കക്കാരുടെ ഔദാര്യത്തിൽ ജീവിക്കുന്ന മുതിർന്ന പൗരന്മാർ, മാറുന്ന കേരളത്തിന്റെ മുഖമായി. മുപ്പതു വയസുള്ള, എന്നാൽ മൂന്ന് വയസുകാരന്റെ പോലും മാനസിക വളർച്ചയില്ലാത്ത അക്രമസക്തനായ ഭിന്നശേഷിക്കാരൻ മകനെ പൂട്ടിയിടാൻ നിർബന്ധിതരായ പ്രായംചെന്ന മാതാപിതാക്കൾ, ഭാര്യയുടെ തൊഴിലുറപ്പ് ജോലി കൊണ്ടു മാത്രം ജീവിക്കുന്ന, അരയ്ക്കു താഴെ തളർന്ന പ്രസന്നവദനനായ ചെറുപ്പക്കാരൻ, ആരോഗ്യപാലന പാഠങ്ങൾക്കു പുറത്തായ അമ്മമാരും കുഞ്ഞുങ്ങളും… അതിനിടയിലും ആവേശത്തോടെ വോട്ടവകാശം വിനിയോഗിക്കുന്നവർ.
ഏതാണ്ട് ഒന്നര മണിക്കൂർ യാത്ര ചെയ്ത് കഴിഞ്ഞപ്പോഴേക്കും പട്ടണദൃശ്യങ്ങളിൽനിന്നു കുഗ്രാമ കാഴ്ചകളിലേക്ക് ഞങ്ങൾ കടന്നിരുന്നു. ഉറങ്ങുന്ന കവലകൾ, പണ്ടെങ്ങോ അന്യംനിന്നുപോയ രീതിയിലുള്ള ചായക്കടകൾ, തളർന്ന മുറുക്കാൻ കടകൾ, ഇതിനിടയിൽ സുഖ സുന്ദര സുഭിക്ഷ കേരള വാഗ്ദാനങ്ങൾ ഉദ്ഘോഷിക്കുന്ന രാഷ്ട്രീയ പ്രഘോഷങ്ങൾ, ഒറ്റയ്ക്കും തെറ്റയ്ക്കും കാണുന്ന സാധാരണയിൽ സാധാരണക്കാരായ ഗ്രാമീണർ… കോളജ് അധ്യാപിക എന്ന രീതിയിൽ ശീലിച്ചതിൽനിന്ന് എത്രയോ വ്യത്യസ്തമായ ജീവിത വഴികൾ.
70 കിലോമീറ്റർ അപ്പുറമുള്ള ഗ്രാമത്തിലെ വില്ലേജ് ഓഫീസിൽ ചെന്നശേഷം സമ്മതിദായകരുടെ വിശദ വിവരങ്ങൾ ശേഖരിച്ച് ഞങ്ങൾ പുതിയ ചുമതലകൾക്കു തുടക്കമിട്ടു. ഹൈറേഞ്ചിലെ ഉറക്കം തൂങ്ങിയ കവലയിൽനിന്ന് ഇരുവശങ്ങളിലുമായി മുകളിലേക്കു വളഞ്ഞുകയറുന്ന മലമ്പാതകളായിരുന്നു ഞങ്ങളുടെ വഴികൾ. ഇരച്ചും കിതച്ചും കയറിയ വാഹനത്തിൽ മലമടക്കുകൾക്കും അഗാധമായ കൊക്കകൾക്കും മദ്ധ്യേ നേർത്ത നാടകണക്കെ വളഞ്ഞു ചുറ്റി പോവുന്ന വഴികൾ ഞങ്ങളെ ചിലപ്പോളെങ്കിലും ഭയപ്പെടുത്തി. ചിലപ്പോഴത് സാഹസികതയുടെ പരിവേഷം നൽകി.
വിദ്യാർഥികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുമ്പോൾ ട്രെക്കിങ്ങിനു പോയ അനുഭവമായിരുന്നു മനസ് നിറയെ. ആ നാലു മലമടക്കുകൾക്കിടയിലായി ചിതറിക്കിടക്കുന്ന പഞ്ചായത്തിലാണ് ഞങ്ങളുടെ അബ്സെൻറ്റീ വോട്ടേഴ്‌സ്. ഉത്തരവ് കൈപ്പറ്റുമ്പോൾ ഉള്ള ധൈര്യം എവിടെയോ ചോർന്നു പോയോ? തികച്ചും അപരിചിതമായ സാഹചര്യത്തിൽ ഈ മലമടക്കിൽ എങ്ങനെയാണു സമ്മതിദായകരെ കണ്ടെത്തുക? സ്ഥലത്തെ ബിഎൽഒമാരുടെ സഹായഹസ്തങ്ങളാണ് ഈ അവസ്ഥയിൽ തുണയായത്.
കവലകളിൽ നിന്ന് മലമ്പാതകളിലൂടെ ഒരുപാട് ദൂരം മുകളിലേക്ക് സഞ്ചരിച്ചാണ് ഓരോ വോട്ടറെയും തേടി പിടിച്ചു കൊണ്ടിരുന്നത്. വെയിലിനെ വക വയ്ക്കാതെ, കല്ലും മുള്ളും തൃണവൽഗണിച്ച് ഞങ്ങൾ അറിയാത്ത വീഥിയിലൂടെ ഇതുവരെ കാണാത്ത ആളുകളുടെ വീടുകളിലേക്ക് സ്വതന്ത്രവും ധീരവുമായി കയറിച്ചെന്നു. പല വോട്ടർമാരുടെയും വീടുകളിൽ വഴി സൗകര്യമില്ല. വാഹനം എത്തുന്നിടത്തുനിന്ന് ഒന്നോ രണ്ടോ കിലോമീറ്റർ കുത്തനെ കയറിനച്ചെല്ലണം, പല വീടുകളിലേക്ക്. 150 മുതൽ 200 പടികൾ വരെ ഉയരത്തിൽ ആണ് പല വീടുകളും സ്ഥിതിചെയ്തിരുന്നത്. അതും അടുക്കിന് കെട്ടിയ പടികളൊന്നുമല്ല. പാറകഷണങ്ങളും വെട്ടുകല്ലുകളും നിറഞ്ഞ നടന്നുതേഞ്ഞ കുത്തനെയുള്ള പാതകൾ.
ഓരോ കയറ്റവും പല്ലി ചുമരിൽ കയറുന്നതുപോലെ വലിഞ്ഞു കയറുമ്പോൾ പണ്ടെന്നോ കണ്ടുമറന്ന സ്‌പൈഡർമാൻ സിനിമ ഓർമ വന്നു. മറ്റൊന്നുകൂടി ആലോചിക്കാതിരുന്നില്ല. അർദ്ധ സെഞ്ച്വറി തികച്ച, നടുവേദനയും കാലുവേദനയും സമതലത്തിലെ ജീവിതത്തിൽ കൂട്ടായുള്ള സഹപ്രവർത്തകരെ. മുഖം നോക്കാതെ, വയസ് നോക്കാതെ ഉദ്യോഗസ്ഥരുടെ ശാരീരിക ക്ഷമത കണക്കാക്കാതെ നൽകുന്ന നിയമന ഉത്തരവ് അവർക്കാർക്കെങ്കിലും വന്നിരുന്നെങ്കിൽ എന്തായേനെ അവസ്ഥയെന്ന് ചെങ്കുത്തായ മലമുകളിൽ പൊട്ടുപോലെ കാണുന്ന വീടുകളിലേക്കുള്ള വഴികളിൽ നിരങ്ങി നീങ്ങുമ്പോൾ ഞാൻ അതിശയിച്ചു. ജോർജ് സാറും ഷാജുവും ഷെഫീക്കും ജിജിയുമടങ്ങിയ സംഘം ‘ടീച്ചർ മുകളിലേക്കു കയറുന്നു എന്നല്ല പറയേണ്ടത്, ഇഴഞ്ഞുകയറുന്നു’ എന്ന് കളിയാക്കി തിരുത്തി.
വോട്ടിങ് കമ്പാർട്മെന്റും ബാലറ്റ് പേപ്പറുകൾ അടങ്ങിയ ബിഗ് ഷോപ്പറും താങ്ങി ക്ഷീണിച്ച് മുകളിൽ കയറുമ്പോൾ തദ്ദേശവാസികളായ ബിഎൽഒമാർ നിത്യത്തൊഴിൽ അഭ്യാസം എന്നതു പോലെ ചുറുചുറുക്കൂടെ പടികൾ ചാടിക്കയറി. ഓരോ വീട്ടിലേക്കും മാസ്ക് ധരിച്ച് ശ്വാസം കിട്ടാതെയും കിതച്ചും ഞങ്ങൾ കയറിച്ചെന്നു. പലപ്പോഴും ചാണകം മെഴുകിയ തറയിലോ, മുറ്റത്തെ കല്ലൊതുക്കളിലോ കുറച്ചുനേരം ഇരുന്നു ശ്വാസം നേരെ ആയിക്കഴിഞ്ഞു മാത്രമാണ് ഞങ്ങൾക്കു വോട്ടിങ്ങിലേക്ക് കടക്കാനായത്. പല വീടുകളിൽനിന്നും വെള്ളം മടാ മടാ കുടിച്ചു, ക്ഷീണിച്ചു തളർത്താൻ നോക്കുന്ന സുര്യനെ തോൽപ്പിച്ചു.
വീട്ടുകാരുമായുള്ള നുറുങ്ങു വർത്തമാനത്തിൽ ചില യഥാർഥ്യങ്ങൾ പുറത്തു വന്നു. അവിടെ വഴി സൗകര്യം മാത്രമല്ല ഇല്ലാത്തത്, കുടിക്കാൻ വെള്ളം പോലും പലവീടുകളിലും ലഭ്യമല്ല. കിലോമീറ്ററുകൾ താഴെനിന്നാണ് ഈ മലമ്പാതകൾ താണ്ടി അവർ വെള്ളം കൊണ്ടു വരുന്നത്. ആ യാഥാർത്ഥ്യം മനസിലാക്കി കഴിഞ്ഞതിൽ പിന്നെ, അവർ ശേഖരിച്ചുവച്ച് വിലയേറിയ കുടിവെള്ളം ചോദിക്കാൻ ഞങ്ങളുടെ നാവ് പൊങ്ങിയില്ല.
പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പോലും പല വീടുകളിലും ഇല്ല. അതുകൊണ്ടു തന്നെ ഈ ദൗത്യ നിർവഹണ ദിവസങ്ങളിലെല്ലാം ഞങ്ങളുടെ ശുചിമുറി ആവശ്യങ്ങൾ നിർവഹിക്കാനാവാതെ കുഴഞ്ഞുവെന്നതും സത്യം. ശരീരവും അതിന്റെ ആവശ്യങ്ങളും കർത്തവ്യബോധത്തിനു കീഴ്‌പ്പെട്ടുപോയെന്നു തോന്നി.
ഭക്ഷണത്തിനും ഏറെ പ്രയാസപ്പെട്ടു. വനത്തിനുള്ളിലേക്ക് കടന്നുകഴിഞ്ഞാൽ ഊണ് കഴിക്കണമെങ്കിൽ അടിവാരത്ത് എത്തണം. തിരിച്ചു വീണ്ടും കയറി പോകുമ്പോഴേക്കും ഏതാണ്ട് രണ്ടു മണിക്കൂറോളം കഴിയും. പോളിങ് ഉദ്യോഗസ്ഥരിലും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ നിരവധി രോഗങ്ങളുള്ളവരുണ്ട്. അവർ പലരുടെയും ആരോഗ്യം ദിനം പ്രതി തകരുന്നതും ഈ ദിവസങ്ങളിൽ കാണാമായിരുന്നു.
വീടിനുള്ളിൽ സൗകര്യപ്രദമായ ഒരു സ്ഥലത്ത് സ്വകാര്യത ഉറപ്പുവരുത്തിയാണ് വോട്ടിങ് കമ്പാർട്ട്മെന്റ് സ്ഥാപിക്കേണ്ടത്. പക്ഷേ പടുത കൊണ്ടോ ഷീറ്റ് കൊണ്ടോ മറച്ച് ഒറ്റമുറി വീടുകൾ പലപ്പോഴും മനസിനെ നോവിച്ചു. പലരുടെയും അടുക്കളയിലും മുറ്റത്തിനരികിലുമായി സ്വകാര്യത ഉറപ്പുവരുത്തി ഞങ്ങൾ വോട്ട് ചെയ്യിച്ചു.
ആറ് ദിവസം കൊണ്ട് ഞങ്ങളുടെ ടീമിന് വോട്ട് ചെയ്യിക്കേണ്ടിയിരുന്നത് നൂറിലധികം സമ്മതിദായകരെയാണ്. അതിൽ 96 പേരും 80 ന് മുകളിൽ പ്രായമുള്ളവർ. ബാക്കിയുള്ളവർ ഭിന്ന ശേഷിക്കാർ. ഒരു ദിവസം ഏതാണ്ട് 20 സമ്മതിദായകാരെ വോട്ട് ചെയ്യിച്ചാൽ മാത്രമേ പറഞ്ഞ ദിവസം കൊണ്ട് ഞങ്ങളുടെ ലിസ്റ്റ് പൂർണമാവുകയുള്ളു. ഓരോ വോട്ട് രേഖപ്പെടുത്താനുള്ള പ്രക്രിയക്കും ഏതാണ്ട് 15 മിനിറ്റ് ചെലവാക്കാനായിരുന്നു ക്ലാസിലെ നിർദേശം. അത് പലപ്പോഴും അരമണിക്കൂറോ അതിലധികമോ ആയി മാറി. അതുകൊണ്ടുതന്നെ വിചാരിച്ച സമയത്തോ വിചാരിച്ച രീതിയിലോ ഈ പ്രക്രിയ മുന്നോട്ടുപോയില്ല. എങ്കിലും തളരാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു.
പല ദിവസവും ഉച്ച കഴിയുമ്പോഴേക്കും പ്രകൃതിയുടെ പ്രകൃതം മാറി. ഇടിമിന്നലിനും മഴയ്ക്കും മലമ്പ്രദേശങ്ങളിൽ സമതലത്തിലേക്കാൾ രൂക്ഷതയുണ്ടെന്ന് ഞങ്ങൾക്കു ബോധ്യപ്പെടുന്നതായിരുന്നു പല വൈകുന്നേരങ്ങളിലെയും അനുഭവം. സൂര്യാസ്തമയത്തിനൊപ്പമാണ് പലപ്പോഴും കലക്ഷൻ സെന്ററിലേക്കുള്ള മടക്കയാത്ര. അവിടെ എത്തുമ്പോഴേക്കും രാത്രി വളരെ ഇരുട്ടും.
മഴ പണിമുടക്കുമ്പോൾ വൈദ്യുതി മാറി നിൽക്കുന്ന കളക്ഷൻ സെന്ററിൽ മൊബൈൽ വെളിച്ചത്തിൽ ബാലറ്റ് അക്കൗണ്ടും വോട്ട് ചെയ്ത് ലിസ്റ്റും എല്ലാം ബോധ്യപ്പെടുത്തി തിരിച്ചേൽപ്പിച്ച് 55 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക്. ഉറങ്ങുമ്പോൾ പിറ്റേദിവസം രാവിലെ എഴുനേൽക്കാനുള്ള ആരോഗ്യം ഉണ്ടാകുമോയെന്ന ചിന്തയെ കർത്തവ്യ ബോധത്തോടെ തിരിച്ചുപോകാനുള്ള ഊർജം കൊണ്ടു മറികടക്കാൻ ശ്രമിച്ചു. അടുത്ത ദിവസം സൂര്യനൊപ്പം പുതിയ യാത്ര, ബാക്കിയെല്ലാം കഴിഞ്ഞ ദിവസത്തിന്റെ തനിയാവർത്തനം. പുതിയ മലഞ്ചെരിവുകൾ, പുതിയ വീടുകൾ, പഴയ സാഹചര്യങ്ങൾ, ഒരേ കഷ്ടപ്പടുകൾ. ദാരിദ്ര്യത്തിന്റെയും ദൈന്യതയുടെയും കണ്ടുമറന്ന ചാലുകൾ മുഖങ്ങളിൽ.
വീടുകളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നും വളരെ അകലെ അപരിചിതമായ ഇടങ്ങളിലേക്കു പോളിങ് ഓഫീസർ ഡ്യൂട്ടി ലഭിച്ചവർ ധാരാളം പേരുണ്ടായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ സായന്തനത്തിൽ എത്തിയവർ. നടുവേദന, കാലുവേദന തുടങ്ങിയ തെളിവില്ലാത്ത അസുഖങ്ങൾ ഉള്ളവർ, പ്രമേഹം, രക്തസമ്മർദം എന്നിങ്ങനെ ജീവിതശൈലി രോഗങ്ങളിൽ വലയുന്നവർ എന്നിങ്ങനെ പല വിധ ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഞങ്ങൾക്കൊപ്പം കർത്തവ്യനിർവഹണത്തിനായ് അക്ഷീണം പ്രയത്നിച്ചു. അതിരാവിലെ വീടുകളിൽ നിന്നിറങ്ങി രാത്രി വീടുകളിൽ തിരിച്ചെത്തിയവർ, ചിലരെങ്കിലും കോവിഡ് ഭീതി വകവെക്കാതെ ഹോസ്റ്റലുകളിൽ ഇടം തേടി.
വ്യക്തിശുചിത്വത്തിന്റെയും വക്താക്കളായി ഫലം ഇച്ഛിക്കാതെ കർമനിരതരായ ഏതാനും ആശപ്രവർത്തകരും അങ്കണവാടി അധ്യാപികമാരുമായിരുന്നു കാട്ടാന ഇറങ്ങുന്ന വനാന്തരങ്ങളിലൂടെയുള്ള ഈ സാഹസികയാത്രയിൽ ഞങ്ങളുടെ വഴി വിളക്കുകൾ. അവർ തെളിച്ച വഴികളിലൂടെ, കല്ലും മുള്ളും കണക്കാക്കാതെ ഒറ്റപ്പെട്ട മനുഷ്യ ജീവിതങ്ങളെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുന്ന വലിയ കർത്തവ്യത്തിൽ ഉറച്ച് മല ചവിട്ടി.
നോട്ട: എന്റേതിനു സമാനമായ അനുഭവങ്ങളായിരുന്നു പലർക്കും. താമസസൗകര്യങ്ങളില്ലാതെ, അസമയത്ത് വാഹനസൗകര്യങ്ങളില്ലാതെ അനുഭവിച്ച ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടെന്തിനെന്ന് ആലോചിച്ചെങ്കിലും ഭാവിയിലെങ്കിലും ഇത്തരം നിയമനങ്ങൾ കുറച്ചുകൂടി മനുഷ്യത്വപരമായി നൽകിയിരുന്നെങ്കിൽ എന്ന പ്രതീക്ഷ നിലനിൽക്കുന്നു. ഭക്ഷണ, ശുചിമുറി സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഉണ്ടായ കഷ്ടപ്പാടുകളും മറക്കാൻ സമയമായിട്ടില്ല.
എന്റെ യാത്രയുടെ അവസാനം ഡോക്ടറുടെ കൺസൽട്ടിങ്ങ് റൂമിലൊതുങ്ങിയെന്നതും വാസ്തവം. പക്ഷെ കാൽ നൂറ്റാണ്ടു നീണ്ട ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത ഒരാഴ്ചയാണ് ഈ നിയമനം സമ്മാനിച്ചത്. സമൂഹത്തിന്റെ നിറം കലർത്തിയ കാഴ്ചക്കപ്പുറം പാർശ്വവൽക്കരിക്കപ്പെട്ട ജീവിതങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ നിമിഷങ്ങൾ, ജനാധിപത്യ പ്രക്രിയ എന്ന ശക്തമായ വ്യവസ്ഥയുടെ കണ്ണിയാകാൻ കഴിയുക തുടങ്ങിയവയെല്ലാം സന്തോഷത്തോടെ സ്വീകരിക്കുമ്പോഴും പോളിങ് ഉദ്യോഗസ്ഥർക്ക് വയസ്, ശാരീരിക അവശത, ദൂരം തുടങ്ങിയവ കണക്കാക്കാതെ കണ്ണടച്ച് നടത്തുന്ന നിയമനങ്ങൾ ഒഴിവാക്കി ബുദ്ധിമുട്ടുകൾ, സങ്കീർണതകൾ ലഘുകരിക്കാനുള്ള നടപടികൾ കൂടി നടപ്പിലാക്കിയാലേ ജനാധിപത്യം എന്ന ആശയം പൂർണമാവുകയുള്ളൂ.
The post തിരഞ്ഞെടുപ്പിൽ തെളിയാത്ത വിരലടയാളങ്ങൾ appeared first on Indian Express Malayalam.