ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യത്ത്. ജനാധിപത്യത്തിലേക്ക് പിച്ചവച്ചു തുടങ്ങുമ്പോൾ തന്നെ ജനാധിപത്യ വിരുദ്ധ പ്രവർത്തനം നേരിടേണ്ടി വന്ന സംസ്ഥാനമാണ് കേരളം. 1957 ൽ ജനാധിപത്യപരമായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരിനെ വിമോചന സമരത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. ആ സംസ്ഥാനത്ത് ആചാരം മുറതെറ്റാതെ തിരഞ്ഞെടുപ്പ് ഉത്സവം നടന്നു. ജനാധിപത്യത്തിലെ ജനങ്ങളുടെ ഉത്സവമാണ് തിരഞ്ഞെടുപ്പ്. അവരുടെ ഭാവിഭാഗധേയം അവർ തന്നെ നിർണ്ണയിക്കുന്നുവെന്ന് ജനലക്ഷങ്ങൾ കരുതുന്ന നിമിഷം. ആ നിമിഷത്തിന് വലിയ വിലയാണ്. അതൊന്ന് പാളിയാൽ വലിയ വില സമൂഹം നൽകേണ്ടി വരും. അതിനാൽ ജനങ്ങൾ വോട്ടെടുപ്പ് പ്രക്രിയയിൽ സജീവവുമാണ്. സമ്പൂർണ്ണ സാക്ഷരത നേടി എന്ന അഭിമാനിക്കുന്ന കേരളത്തിൽ വലിയ പ്രസിന്ധികളൊന്നുമുണ്ടായില്ലെങ്കിൽ എല്ലാത്തവണയും 70 ശതമാനത്തിന് മുകളിൽ പോളിങ് നടക്കും. അങ്ങനെ ജനാധിപത്യ സംരക്ഷണ പ്രക്രിയയിൽ ഏർപ്പെട്ട് കൃത്യനിർവ്വഹണം നടത്തി തിരിച്ചെത്തിയ ഉദ്യോഗസ്ഥയാണ് ഞാൻ.
ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ശമ്പളം കിട്ടുന്ന ഒരദ്ധ്യാപിക. വളരെ വലിയ സന്നാഹങ്ങളോടെ അനേകായിരം മനുഷ്യരുടെ ശാരീരികവും മാനസികവുമായ ഊർജം വൻതോതിൽ ചെലവഴിച്ച് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ ആണിക്കല്ലാണ് എന്നത് ആ ആശയത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ഉറപ്പുള്ളതാണ്. ആ ആണിക്കല്ല് ഇളകാതെ നിലനിർത്താൻ ജനാധിപത്യ ചിന്ത തൊട്ടു തീണ്ടാത്ത നമ്മുടെ കുടുംബങ്ങളിൽ നിന്നാണ് ഉദ്യോഗസ്ഥരും വോട്ടർമാരും എത്തുന്നത്. മിക്കവാറും തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥകൾ വീട്ടിൽ എല്ലാവർക്കും രണ്ട് ദിവസത്തേക്കാവശ്യമുള്ള ഭക്ഷണം തയ്യാറാക്കി വിവിധ പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടാണ് തിരഞ്ഞെടുപ്പ് ജോലിക്ക് എത്തുക. കുടുംബത്തിൽ ജനാധിപത്യം ഇല്ലെങ്കിലും നാട്ടിലെങ്ങും അത് പുലർന്ന് കാണുക എന്ന ഉത്തരവാദിത്തം ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ള കേരളത്തിൽ സ്ത്രീകളുടെ മുറതെറ്റാത്ത കടമ കൂടിയാണല്ലോ.
ചൂണ്ടുവിരലിൽ ആ മഷി പതിയുന്നേരം എന്തെല്ലാമായിരിക്കും ഓരോ വോട്ടറുടെ മനസ്സിൽ തെളിയുക. ആ ചൂണ്ടുവിരൽ തങ്ങൾക്കിഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിന് മുന്നിലുള്ള ബട്ടണിൽ അമർത്തുമ്പോൾ ഉള്ളിൽ എത്ര സുന്ദര സ്വപ്നങ്ങളായിരിക്കും വിടരുക. പൗരർക്ക് നല്ല ഭാവിയെ കുറിച്ച് സ്വപ്നം കാണാൻ വഴിയൊരുക്കുന്നവർ മാത്രമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ബാക്കിയെല്ലാം തിരഞ്ഞെടുപ്പ് വിധിപോലെ നടക്കും.
ഇലക്ഷൻ ക്ലാസ്
കൊറോണയ്ക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്ന എന്നാൽ കൊറോണ വലിയ തോതിൽ പടരാനുള്ള സാധ്യത എന്ന ‘മുറിക്കുള്ളിലെ ആനയെ ‘ കണ്ണടച്ചിരുട്ടാക്കിയൊളിപ്പിച്ചിട്ടായിരുന്നു നമ്മുടെ പ്രകടനങ്ങളൊക്കെയും. കൊടുംചൂടിൽ മാസ്ക്കും സാനിറ്റൈസറുമൊക്കെയായി ഇലക്ഷൻ ക്ലാസിലെത്തി. പഴയ ഹിന്ദി ചിത്രങ്ങളിൽ ഉത്സവപറമ്പിൽ വെച്ച് നഷ്ടപ്പെട്ട സഹോദരങ്ങളെ തേടുന്നതു പോലെ സ്വന്തം ടീമംഗങ്ങളെ തിരഞ്ഞു. ഫോൺ ചെയ്തപ്പോൾ കൂട്ടത്തിലൊരാൾ കൈവീശിക്കാണിക്കുന്നു. പരിചയപ്പെട്ട് അടുത്ത ടീമംഗത്തിനെ അന്വേഷിക്കുമ്പോൾ മാത്രമാണ് രണ്ട് പേരും വേറെ വേറെ ടീമാണെന്ന് മനസ്സിലായത്. അങ്ങനെ ഒരു അക്കിടിത്തുടക്കം. മൊബൈൽ ഫോണില്ലാതിരുന്ന കാലത്ത് എങ്ങനെ ആയിരിന്നിരിക്കും എന്നോർത്തു. ടീമിലെ എല്ലാവരെയും കണ്ടെത്തി ക്ലാസിൽ പങ്കെടുത്ത് തിരിച്ചു പോന്നു.
ഇലക്ഷൻ ഡ്യൂട്ടി ഒന്നാം ദിവസം
താമസസ്ഥലത്ത് നിന്നും വളരെ അകലെയുള്ള വിതരണ കേന്ദ്രത്തിൽ കൃത്യമായി എത്തിച്ചേരുന്നതിനായി സുഹൃത്തുക്കൾ ചേർന്ന് വാടകക്കെടുത്ത വണ്ടിയിൽ പുറപ്പെട്ടു. സമയത്ത് തന്നെ വിതരണ കേന്ദ്രത്തിൽ എത്തിച്ചേർന്നു. റിപ്പോർട്ടിങ് ടൈം അതിരാവിലെ ആണെങ്കിലും വിതരണം തുടങ്ങുന്നത് താമസിച്ചാണ്. പലയിടങ്ങളിൽ നിന്നും നേരം വെളുക്കും മുൻപേ എത്തിച്ചേർന്ന് കാത്തിരിക്കുന്ന സ്ത്രീകളുൾപ്പടെയുള്ളവർക്ക് ഉപയോഗിക്കാനുള്ള ടോയിലറ്റുകളുടെ എണ്ണം വളരെക്കുറവ്.
കോളജാണെങ്കിലും ക്യാമ്പസിൽ വിതരണ കേന്ദ്രത്തിനായുള്ള വിശാലമായ കോമ്പൗണ്ടിലെ സ്ത്രീകളുടെ ടോയിലറ്റ് പഴയ കെഎസ്ആർടിസി സ്റ്റാൻഡുകളിൽ കാണപ്പെട്ടിരുന്നത് പോലെ മൂത്രപ്പാത്തി മാത്രമുള്ളത്. അത്രയെങ്കിലുമുണ്ടല്ലോ എന്ന് കരുതുമ്പോൾ വെള്ളമില്ലെന്ന സത്യം മനസ്സിലാക്കുന്നു. ഒരു യൂറോപ്യൻ ക്ലോസറ്റുള്ളത് പൂട്ടിയിട്ടിരിക്കുന്നു. നേരം വെളുക്കുന്നതിനു മുമ്പേ വീട്ടിൽ നിന്നിറങ്ങിപ്പോന്നവരിൽ പിരീഡ് പ്രശ്നങ്ങളുള്ളവരുണ്ടാകും അവരെന്തു ചെയ്യും എന്ന ചിന്തകളൊക്കെ രേഖയിൽപ്പെടാത്തവയാണ്. ആർത്തവമുള്ള ഉദ്യോഗസ്ഥകൾക്ക് ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ പണിയെടുക്കുന്നതിന് അയിത്തമോ ആചാരവിലക്കുമില്ല എന്ന അറിവ് തന്നെ ജനാധിപത്യത്തിലെ ലിംഗനീതിയെയും സ്വാതന്ത്ര്യത്തെയുമാണല്ലോ സൂചിപ്പിക്കുന്നത്.
Read Here: തിരഞ്ഞെടുപ്പിൽ തെളിയാത്ത വിരലടയാളങ്ങൾ
മൊട്ടുസൂചി മുതൽ മെഷീൻ വരെ
നാല് ഉദ്യോഗസ്ഥർക്ക് വഹിച്ചു കൊണ്ടു പോകാനുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ കുറച്ചു കൂടെ? കൺട്രോൾ യൂണിറ്റ് (വോട്ടെടുപ്പ് തീർന്ന് തിരിച്ചേൽപ്പിക്കുന്നതുവരെ ജനാധിപത്യം മാത്രമല്ല, ജോലിയും ജീവിതവും വരെ അതിനൊപ്പമാണ്), ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യന്ത്രം, അസംഖ്യം ഫോമുകൾ, ചെറുതും വലുതുമായ കവറുകൾ, സീലുകൾ, പ്രിസൈഡിങ്ങ് ഓഫീസറുടെ ഡയറി, പോളിങ് ഏജൻറുകൾക്കുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന ബുക്കുകൾ കൂടാതെ മഷി, മെഴുകുതിരി, അരക്ക്, മൊട്ടുസൂചി, തീപ്പെട്ടി തുടങ്ങിയവയുള്ള പെട്ടി, വോട്ടിങ്ങ് കൗണ്ടറിനുള്ള ബോർഡ്, പോസ്റ്ററുകളുടെ കെട്ട്, കോവിഡ്കാല കൂട്ടിച്ചേർക്കലുകളായ പിപിഇ കിറ്റുകളുടെ കവർ, പത്ത് സാനിറ്റൈസർ ബോട്ടിലുകളുടെ ബോക്സ് പിന്നെ പേഴ്സണൽ സാനിറ്റേഷൻ കിറ്റുകളുടെ ഒരു കെട്ട്. എല്ലാം ഒത്തു നോക്കി വാരിക്കെട്ടി പുറത്തേക്ക്. പിന്നെ ബൂത്തിലേക്കുള്ള വാഹനവും കാത്തുള്ള അനന്തമായ ഇരിപ്പ്. ഒരു ചെറിയ വാനിൽ മൂന്ന് ടീമുകൾ, ഓരോ ടീമിൻ്റെയും സാമഗ്രികൾ, ഒരു റൂട്ട് മാനേജറും ഡ്രൈവറുമാരുമുൾപ്പടെ രണ്ട് വണ്ടികളിലെയും യാത്രയിലെ തിരക്ക് കണ്ട് കൊറോണ വണ്ടിയിൽ നിന്നും പുറത്തിറങ്ങി വഴിയിൽ കൈയും കെട്ടി നോക്കി നിൽപ്പുണ്ടാകും എന്ന വിശ്വാസത്തിൽ കൺട്രോൾ യൂണിറ്റിനോടു ചേർന്ന് മുറുകെ പിടിച്ചിരുന്നു.
വിതരണ കേന്ദ്രത്തിൽ നിന്നും വളരെ അകലെയുള്ള ബൂത്ത്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ ഡ്യൂട്ടി ഒരു കുഞ്ഞ് സ്കൂളിലായിരുന്നെങ്കിലും അവിടെ ടോയിലെറ്റും വെള്ളവുമുണ്ടായിരുന്നു എന്നത് ആശ്വാസമായിരുന്നു. ഇപ്പോൾ പലതരം കെട്ടിടനിർമ്മാണങ്ങൾക്ക് നല്ല മുൻഗണന കിട്ടിയിട്ടുള്ളതിനാൽ ബൂത്ത് നല്ലൊരു പൊതുവിദ്യാലയമായിരുന്നെങ്കിൽ എന്നാഗ്രഹിച്ചെങ്കിലും കിട്ടിയത് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും പിന്നിലെ വെള്ളക്കെട്ടിൽ ഒളിപ്പിച്ചു കുട്ടപ്പനായി നിൽക്കുന്ന ഒരു എയിഡഡ് സ്കൂൾ. ടോയിലറ്റുകളിൽ വെള്ളം കുറവ്. ടോയിലറ്റുകളായാലും റൂമുകളായാലും അടച്ചുറപ്പുള്ളവ കുറവ്. ഇവിടെയാണ് ആറ് ബൂത്തുകളിലെയും ഉദ്യോഗസ്ഥർ, സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ പിന്നെ വെബ്കാസ്റ്റിങ് സൗകര്യമൊരുക്കുന്നവർ ഉൾപ്പടെയുള്ളവർ താമസിക്കേണ്ടത്.
എല്ലാവരും ബൂത്ത് ക്രമീകരണത്തിലായി. അതിനിടയിൽ പോളിങ്ങ് ഏജൻറുമാരുമായി ചെറുതർക്കങ്ങൾ. ഉച്ചയ്ക്കൊന്നും കഴിച്ചിരുന്നില്ല. അവിടെ ചെറിയൊരു ചായക്കടയുണ്ടായിരുന്നത് രക്ഷയായി. പോസ്റ്ററുകൾ ഒട്ടിച്ച്, യൂണിറ്റുകൾ കണക്ട് ചെയ്ത്, പലതരം കവറുകൾ ലേബൽ ചെയ്തതു നോക്കി എഴുതിയടുക്കി പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ കിടക്കാറായി. ഇതിനിടയിൽ പോലീസുകാരുടെ സഹായത്തോടെ കുറച്ച് ഭക്ഷണം വാങ്ങിക്കഴിച്ചു. അതേ റൂമിൽത്തന്നെ ബെഞ്ചുകൾ കൂട്ടിയിട്ട് സ്ത്രീകൾ അകത്തും ബാക്കിയുള്ളവർ വരാന്തയിലുമായി കൊതുകുകടിയേറ്റ് തിരിഞ്ഞും മറിഞ്ഞും മയങ്ങിയുമുണർന്നും നേരം പോയി.
വെളുപ്പിന് നാല് മണിക്ക് എഴുന്നേറ്റു. എങ്ങും വെള്ളം കിട്ടാനില്ലെന്ന അറിയിപ്പ് കിട്ടിയതും പ്രകൃതിയുടെ വിളിയെപ്പോലും അടക്കുന്ന വിധത്തിൽ ശരീരത്തെ സജ്ജമാക്കേണ്ടതുണ്ട് എന്ന് മനസ്സിലായി. സമയം കടന്നു പോയ്ക്കൊണ്ടിരിക്കുന്നു. മോക്ക് പോളിംഗ് അതിരാവിലെ നടത്തേണ്ടതാണ്. ഒടുക്കം അമൂല്യമായ കുടിവെള്ളമെടുത്ത് അത്യാവശ്യ കാര്യങ്ങൾ തീർപ്പാക്കി. എല്ലാമൊരുക്കി കൃത്യം അഞ്ചരയ്ക്ക് മോക്ക് പോളിംഗ്. ശേഷം മെഷീൻ സീല് ചെയ്ത് ഏഴു മണിക്ക് വോട്ടിങ്ങ് തുടങ്ങി. മണിക്കൂറുകളിടവിട്ട് ആകെ വോട്ട്, അതിൽ ആണെത്ര, പെണ്ണെത്ര (മറ്റുള്ളവരുടെ കാര്യം ചോദിക്കുന്നില്ല) തുടങ്ങിയ കണക്കുകളുടെ അപ്ഡേറ്റിങ് എല്ലാം പുരോഗമിച്ചു. ചുവന്ന ബട്ടണുള്ള ആ മെഷീൻ്റെ മുഖത്തുറ്റു നോക്കിയതുപോലെ ഒരു മുഖത്തും നോക്കിയിട്ടില്ല. ആ ബീപ് ശബ്ദത്തിന് കാതോർത്തതു പോലെ ജീവിതത്തിൽ മറ്റൊരു സ്വരത്തിനും ഇത്രമേൽ കാത്തിരുന്നിട്ടില്ല.
നവയൗവ്വനങ്ങൾ, യുവമിഥുനങ്ങൾ എന്നിവരൊക്കെ ആവേശത്തോടെ വോട്ടു ചെയ്യാനെത്തി. ‘കണ്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്’ എന്ന മട്ടിൽ ചേട്ടത്തിമാരും ”കുറേക്കണ്ടതാ’ എന്ന ഗമയിൽ കാരണവന്മാരും വന്നു പോയി. അരയ്ക്ക് താഴേക്ക് തളർന്നു പോയൊരു യുവതിയെ താങ്ങിയെടുത്ത് വന്ന് ഭർത്താവ് വോട്ട് ചെയ്യിപ്പിച്ചത് വേദനിപ്പിക്കുന്ന കാഴ്ചയായി. അവശതകൾക്കിടയിലും വീട്ടിൽ നിന്നിറങ്ങി വന്ന് വിറച്ച് വിറച്ച് നടന്ന് സ്വന്തം വോട്ട് ചെയ്ത് പുറത്തിറങ്ങുമ്പോൾ അമ്മൂമാരുടെ മുഖത്ത് വിരിയുന്ന അഭിമാനപ്പുഞ്ചിരിയാണ് ഏറ്റവും സന്തോഷകരമായ കാഴ്ച. അങ്ങനെ പല മുഖങ്ങൾ പല കാഴ്ചകൾ.
രാവിലെ മുതൽ ഒന്നും കഴിക്കാതിരിക്കുന്നു. ടോയ്ലറ്റിൽ വെള്ളവുമില്ല പോകാൻ സമയവുമില്ലാത്തതിനാൽ വെള്ളംകുടിയ്ക്കാതിരിക്കുന്നു. ഇടയ്ക്കെപ്പെഴോ കിട്ടിയ ചായയിൽ തങ്ങിക്കിടന്ന വിശപ്പിനെ വൈകുന്നേരത്തോടെ ഉച്ചഭക്ഷണം കഴിച്ച് പറഞ്ഞയച്ചു. ആറു മണിയാകുമ്പോഴേക്കും കൊറോണ പോസിറ്റീവ് വോട്ടർമാരുണ്ടാകുമോ പിപിഇ കിറ്റ് ധരിക്കേണ്ടി വരുമോ എന്നൊക്കെയുള്ള അന്വേഷണങ്ങൾക്കൊടുവിൽ സ്വന്തം ബൂത്തിലാരുമെത്തുന്നില്ലെന്ന ആശ്വാസത്തിൽ നിൽക്കുമ്പോൾ തൊട്ടടുത്ത ബൂത്തിൽ പിപിഇ കിറ്റിട്ട് വോട്ടു ചെയ്യാനെത്തിയവരെ കാണാനായി മൊബൈലുമായി നിൽക്കുന്ന നാട്ടുകാർ.
അവസാനം വോട്ടെടുപ്പ് സമാപിച്ച ശേഷമുള്ള സുപ്രധാന ജോലികൾ – മെഷീൻ സീലിങ്, പലനിറമുള്ള പലതരം കവറുകളിൽ രേഖകൾ നിറയ്ക്കൽ. മഷി വെക്കുന്ന പാത്രത്തിന് വരെ സ്വന്തമായി കവറുണ്ട്. മഷി ചരിയാതിരിക്കാൻ സ്കൂൾ മുറ്റത്ത് നിന്നും വാരിയ മണ്ണ് തെളിവിനായി കൊണ്ടു പോകേണ്ടതില്ലല്ലോ എന്ന് സമാധാനിച്ചു. പോസ്റ്ററുകൾക്കൊപ്പം സ്കൂൾ ഭിത്തിയിലെ കുമ്മായവും സൂക്ഷിച്ച് പറിച്ചെടുത്ത് കെട്ടിവെച്ചു. നേരത്തേ തയ്യാറായിക്കഴിഞ്ഞ ബൂത്തംഗങ്ങൾ അക്ഷമരായി. വാഹനത്തിനുള്ള കാത്തിരിപ്പ്. പത്ത് മണിയോടെ കളക്ഷൻ സെൻ്ററിലേക്കുള്ള തിരിച്ചു പോക്ക്. ഇനിയുമെത്താത്ത കൂട്ട് വാഹനങ്ങൾക്കായി പാതിരാത്രിയിൽ പെരുവഴിയിൽ വിടാതെ പിൻതുടരുന്ന കൊതുകുകടിയേറ്റുള്ള കാത്തിരിപ്പ്.
ഒടുക്കം കളക്ഷൻ സെൻററിലെ തിരക്ക്. ആധുനിക സാങ്കേതിക വിദ്യയും ആപ്പുകളുമുണ്ടെങ്കിലും സീല് ചെയ്ത കവറുകൾ പൊളിച്ച് പരിശോധിച്ച് വീണ്ടും സീൽ ചെയ്യപ്പെടുന്നു. കവറുകളിൽ ഒപ്പുകളുടെയും സീലുകളുടെയും അകമ്പടിയോടുകൂടി ജനാധിപത്യ യന്ത്രത്തിന് ഉറപ്പോടുറപ്പ്. പിപിഇ കിറ്റും മറ്റും കൂട്ടിയിട്ടിരിക്കുന്നിടത്തേക്ക് നമ്മുടെ സാധനങ്ങളും തൂക്കിയെറിയൽ. അങ്ങനെ എല്ലാ മേളങ്ങളും കഴിഞ്ഞ് നമ്മുടെ ജനാധിപത്യം നന്നായി ഊട്ടിയുറപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് വീണ്ടും ഉറപ്പിൻമേൽ ഉറപ്പു വരുത്തി പുറത്തിറങ്ങുമ്പോൾ പുറകേയെത്തിയ ടീമുകൾ വിശാലമായ പന്തലിൽ ടോക്കൺ വിളിക്കുന്നതും കാത്തിരിക്കുന്നു. പാതിരാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു.
കൊറോണയും ഉറക്കമിളച്ചിരുപ്പുണ്ടാകും. പക്ഷേ അതു മാത്രമല്ല മറ്റ് രോഗങ്ങൾക്കും സാധ്യതയുണ്ട്. കോളേജിൽ ചിലയിടത്തുണ്ടായിരുന്ന യൂറോപ്യൻ ക്ലോസറ്റുകളിലെല്ലാം കറുത്തവെള്ളം പൊങ്ങിക്കിടക്കുന്നു. കൊതുകുകൾ വട്ടമിടുന്നു. ഒരു രക്ഷയുമില്ല. മൂത്രമൊഴിക്കാതിരിക്കാനുള്ള സ്വന്തം ശരീരത്തിൻ്റെ മെരുങ്ങൽ ശേഷി പരീക്ഷിച്ചു കൊണ്ട് സ്ത്രീകൾ കസേരകളിൽ കൂനിക്കൂടിയിരിക്കുന്നു. ഇക്കൂട്ടത്തിൽ പലർക്കും തിരിച്ച് ചെല്ലുമ്പോൾ ഇതിൻ്റെ തുടർച്ചയായ ആരോഗ്യ പ്രശ്‌നങ്ങൾ ഉറപ്പാണ്. കഴിഞ്ഞ മണിക്കൂറുകളുടെ പിരിമുറുക്കം, തിരഞ്ഞെടുപ്പ് സാമഗ്രികളൊക്കെ എണ്ണം പറഞ്ഞ് തിരികെ ഏൽപ്പിച്ച് കഴിയുന്നതുവരെ തീരാത്ത ടെൻഷൻ.വെള്ളം കുടിക്കാൻ പോലുമാകാതെ എല്ലാരും രേഖകൾ മുറുക്കെപ്പിടിച്ച് മെഷീനുകളെ സൂക്ഷിച്ച് വെച്ചിരിക്കുന്നു.
സാങ്കേതികവിദ്യ എല്ലാ മേഖലയിലുമെത്തിയിട്ടും ഇവിടെ വോട്ടിംഗ് മെഷീനുൾപ്പടെ വന്നിട്ടും തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരുടെ മാനസിക സമ്മർദ്ദത്തിനും അധ്വാനത്തിനും കുറവില്ല. കാലഹരണപ്പെട്ട അനാവശ്യമായ രേഖകളും രീതികളും ഒഴിവാക്കി മനുഷ്യസൗഹൃദപരമായ രീതിയിൽ പരിഷ്‌ക്കരണങ്ങൾ ഉണ്ടാകാത്തതു കൊണ്ടാണ് ഇലക്ഷൻ ഡ്യൂട്ടി എന്ന് കേൾക്കുമ്പോൾത്തന്നെ ആളുകൾ അതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു പോകുന്നത്.
ഇവിടെ കുടുങ്ങിപ്പോയ മനുഷ്യരുടെ ഭക്ഷണാവശ്യത്തിൻ്റെ കച്ചവട സാധ്യത കണ്ടറിഞ്ഞൊരു ചെറിയ ഇടം കോമ്പൗണ്ടിലുണ്ട്. എങ്ങനെയോ കുറച്ച് ആഹാരം കഴിക്കാനായി. ഒപ്പം സഞ്ചരിക്കാനുള്ളവരെ കാത്ത് പിന്നെയുമിരിപ്പ്. യാത്രാസൗകര്യമില്ലാത്തതിനാൽ നേരം വെളുത്തിട്ട് ബസിലെ വീട്ടിലേക്ക് പോകാനാകു എന്ന അവസ്ഥയിലായവരിൽ ധാരാളം സ്ത്രീകളുമുണ്ട്. പരസ്പരം യാത്ര പറയാൻ പോലുമാകാത്ത അവസ്ഥയായി. ഒടുക്കം ഒരു മണിയോടെ തിരിച്ചുള്ള യാത്ര. വീട്ടിലെത്തിയപ്പോൾ മൂന്നര. നീരുവന്നു വീർത്ത കാലുകൾ, നടുവേദന, അലർജി പ്രശ്നങ്ങൾ, കൊതുകുതിരി കാരണമുണ്ടായ ശ്വാസംമുട്ടൽ.
തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് വന്ന ദിവസം രാവിലെ കണ്ട പത്രത്തിൽ തിരഞ്ഞെടുപ്പ് ദിവസം നാലുമണിക്കെഴുന്നേറ്റ് കുളിമുറിയിൽ പോയി വരുന്ന വഴിയിൽ കൈവരിയില്ലാത്ത കോണിപ്പടിയിൽ നിന്നും കാൽതെന്നി (അന്നവിടെ കറൻറില്ലായിരുന്നു) ഇരുപതടിയോളം താഴ്ചയിൽ വീണ് നട്ടെല്ല് തകർന്ന് ഗുരുതരാവസ്ഥയിലായ അധ്യാപികയെക്കുറിച്ചറിഞ്ഞു. അവരുടെ അവസ്ഥയെന്താകും? ഇതെഴുതുമ്പോൾ ഭാവിയിലെ പൗര/പൗരി തലമുറയുടെ ജീവിത പരീക്ഷയായി സമൂഹം കാണുന്ന എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ജനാധിപത്യ പരീക്ഷയുടെ നടത്തിപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ അദ്ധ്യാപകർ.
പിന്നീട് ഫേസ്ബുക്കിൽ തിരഞ്ഞെടുപ്പിൻ്റെ തൊട്ടുതലേ ദിവസം വന്ന ഒരു വിചാരണ – ന്യായീകരണ പോസ്റ്റ് കണ്ടു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരണമടഞ്ഞ പെൺകുഞ്ഞുങ്ങളുടെ അമ്മയായ ദളിത് സ്ത്രീയെ, അവരുടെ സ്വഭാവത്തെ ആൾക്കൂട്ടത്തിൻ്റെ സദാചാരവിചാരണക്ക് വിട്ടുകൊടുത്ത് വിധികൽപ്പിക്കുന്ന ഒന്ന്. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതിലോ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിൽ ഭരണ സംവിധാനം പരാജയപ്പെട്ടതിലോ ആശങ്കയില്ലാത്ത അത്തരം എഴുത്തുകൾ കണ്ടപ്പോൾ ആരുടെ, എന്തിൻ്റെ അധിപത്യമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് ഉള്ളിലെ ജനാധിപത്യ പൗരി ചിന്തിച്ചു പോയി.
ലോകത്തെ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ കുറേ വർഷങ്ങളായി ഡെമോക്രസി റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം താഴോട്ടായി. സ്വീഡനിലെ ഗോഥൻബെർഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷണവിഭാഗമായ V – Demൻ്റെ റിപ്പോർട്ടിൽ ഇന്ത്യ ഒരു തിരഞ്ഞെടുപ്പ് ഏകാധിപത്യം (ഇലക്ടറൽ ഓട്ടോക്രസി) എന്ന നിലയിലേയ്ക്ക് മാറിയതായി വിലയിരുത്തുന്നു. ദ ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂണിറ്റിൻ്റെ ഡെമോക്രസി ഇൻഡക്സിൽ ഇന്ത്യയുടേത് ‘വികല ജനാധിപത്യം’ എന്നു വിശേഷിപ്പിക്കപ്പെടുകയും അൻപത്തിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു എന്ന വിശകലനവും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം കൂടി വായിച്ചപ്പോൾ തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്നവർ നേരിടുന്ന പ്രതിസന്ധികൾ മാത്രമല്ല ജനാധിപത്യത്തിലെ മഷിനോട്ടത്തിൽ കാണാത്തത് എന്ന് കൂടി ഉള്ളിൽ തെളിഞ്ഞു.
Read More: സ്റ്റാലിനയുടെ എഴുത്തുകള്‍ ഇവിടെ വായിക്കാം
The post തിരഞ്ഞെടുപ്പ്: ആ മഷി വരയ്ക്കപ്പുറം appeared first on Indian Express Malayalam.