തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അധികാരമേൽക്കുന്ന എൽ.ഡി.എഫ്. മന്ത്രിസഭയിൽ ലോക് താന്ത്രിക് ജനതാദളിന് പ്രാതിനിധ്യം നിഷേധിച്ച നടപടിയിൽ ഇന്നു ചേർന്ന എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും മണ്ഡലങ്ങളിലും എൽ.ഡി.എഫ്. സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി എൽ.ജെ.ഡി. പ്രവർത്തകർ ആത്മാർഥമായി പ്രവർത്തിക്കുകയുണ്ടായി. അതിന്റെ കൂടി ഫലമായിട്ടാണ് ഈ ചരിത്രവിജയം നേടിയത്.
എൽ.ഡി.എഫിലേക്ക് പുതിയ കക്ഷികൾ വന്നതാണ് ഈ വലിയ വിജയത്തിനു കാരണമെന്ന് എൽ.ഡി.എഫ്. കൺവീനർ പലതവണ പ്രസ്താവിച്ചിട്ടുള്ളതാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലത്തിൽ മുന്നണിയിൽ നാലാം സ്ഥാനത്ത് നിലകൊള്ളുന്ന പാർട്ടിയുടെ ജനസ്വാധീനം മുന്നണി പരിഗണിച്ചില്ല.
മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലെങ്കിലും പാർലമെന്റിലും നിയമസഭയിലും ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലും പാർട്ടിക്കുള്ള പ്രാതിനിധ്യം പരമാവധി വിനിയോഗിച്ച് ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതാണ്. മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലെങ്കിലും സോഷ്യലിസ്റ്റ് ആശയക്കാരുടെ ഈ പ്രസ്ഥാനം ദുർബലപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് മിഥ്യാ ധാരണയാണ്. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി.യുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളിലും എൽ.ജെ.ഡി. തുടർന്നും സജീവമായി ഉൾപ്പെടുമെന്നും യോഗം അംഗീകരിച്ച പ്രമേയം പറഞ്ഞു.
content highlights:denial of berth in cabinet: ljd expresses protest