തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ പ്രവർത്തനംകൊണ്ട് ഏറെ കൈയടി നേടിയിരുന്നയാളാണ് ആരോഗ്യ മന്ത്രിയായിരുന്നു കെ.കെ.ശൈലജ. മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിൽ കെ.കെ. ശൈലജക്കും മാറിനിൽക്കേണ്ടി വന്നിരിക്കുകയാണ്. പാർട്ടി വിപ്പ് എന്ന പദവിയാണ് കെ.കെ. ശൈലജയുടെ പുതിയ ചുമതല.
ആരോഗ്യ രംഗത്തെ ഇടപെടലും മികച്ച പ്രതിഛായയുമുള്ള കെ.കെ. ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി മുന്നോട്ടുപോകാനാകില്ലെന്നതാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിക്കൊഴികെ മറ്റാരേയും വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ പാർട്ടി ഉറച്ച് നിൽക്കുകയായിരുന്നു.
മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷവുമായിട്ടാണ് കെ.കെ. ശൈലജ ഇത്തവണ നിയമസഭയിലേക്ക് പ്രവേശനം നേടിയത്.. 60,963 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.കെ. ശൈലജ മട്ടന്നൂർ മണ്ഡലത്തിൽ നേടിയത്.സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ.കെ. ശൈലജക്ക് ലഭിച്ചത്.
സിപിഐ(എം)കേന്ദ്ര കമ്മിറ്റിയംഗം.മൂന്ന് തവണ നിയമസഭാ സാമാജികയായി പ്രവർത്തിച്ചു. 1996ൽ കൂത്തുപറമ്പ്, 2006ൽ പേരാവൂർസ2016ൽ കൂത്തുപറമ്പ് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചു. 2011ൽ പേരാവൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Content Higlights:popularity Minister in the first Pinarayi government; KK Shailaja is now the party whip