കോഴിക്കോട്: നിയമസഭയിലേക്കുള്ള ആദ്യവരവിൽത്തന്നെ മന്ത്രിയാകുന്ന അഹമ്മദ് ദേവർകോവിലിന് വിദ്യാർഥിജീവിതകാലത്തെ അറസ്റ്റിന്റെ കഥയുണ്ട് പറയാൻ. അടിയന്തരാവസ്ഥയ്ക്കെതിരേ സ്കൂൾ മാഗസിനിൽ പ്രബന്ധമെഴുതിയതിന്റെപേരിൽ അറസ്റ്റിലായതിന്റെ ഓർമയാണത്.
1977-ൽ കുറ്റ്യാടി ഹൈസ്കൂളിൽ എസ്.എസ്.എൽ.സി.ക്ക് പഠിക്കുമ്പോഴാണ് സംഭവം. സ്കൂൾ ലീഡറാണ് അന്ന്. അക്കൊല്ലം പരീക്ഷയെഴുതാനാവാതെ ജീവിതംതന്നെ മാറ്റിമറിച്ചു. എങ്കിലും അടിയുറച്ച രാഷ്ട്രീയബോധ്യങ്ങൾ മാറിയില്ല. പിന്നീട് തലശ്ശേരി ബ്രണ്ണൻ സ്കൂളിലാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതി ജയിച്ചത്. കോവിഡ് പ്രശ്നങ്ങളുടെയും മഴക്കെടുതിയുടെയും ഇടയിൽ ഓടിനടക്കുന്നതിനിടയിലാണ് മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള വാർത്തയെത്തിയത്. കോഴിക്കോട് ജവഹർനഗറിലെ താജ് എന്ന വീട്ടിൽ ഭാര്യ സാബിറയ്ക്കും മകൻ ഷഫി മോനിഷ്
അഹമ്മദിനും മകൾ തൻസിഹ ഷെർവിനുമൊപ്പമാണ് നിയുക്തമന്ത്രിയെ കണ്ടത്. മൂത്തമകൾ താജുന ഷർവിൻ ഭർത്താവ് മുഹമ്മദ് കളത്തിലിനൊപ്പം ബെംഗളൂരുവിലാണ്. ഇളയമകൾ തൻസിഹ ഷെർവിന്റെ വിവാഹം ഈ മേയ് 30-ന് തീരുമാനിച്ചതായിരുന്നു.
പ്രീഡിഗ്രിക്കുശേഷം ബി.കോം. പൂർത്തിയാക്കാതെയാണ് ജീവിതം കരുപ്പിടിപ്പിക്കാനായി മുംബൈയിലെത്തിയത്. ട്രാവൽ ഏജൻസി നടത്തിപ്പായിരുന്നു. സ്കൂൾ കാലത്ത് എം.എസ്.എഫിൽ തുടങ്ങിയ രാഷ്ട്രീയപ്രവർത്തനം മുംബൈയിലും സജീവമായി. മുസ്ലിം ലീഗിലെ തിരുത്തൽപക്ഷത്തായിരുന്നു എന്നും സ്ഥാനം. അഖിലേന്ത്യാ ലീഗിന്റെ കാലത്ത് അതിനൊപ്പമായി. എം.എസ്.എഫ്. കോഴിക്കോട് ജില്ലാ സെക്രട്ടറിയായിട്ടുണ്ട്. ബോംബെ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി, ബോംബെ മലയാളി സമാജം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മഹാരാഷ്ട്ര മുസ്ലിം ലീഗിന്റെ സെക്രട്ടറിയുമായിരുന്നു. ഇബ്രാഹിം സുലൈമാൻസേഠിന്റെ നേതൃത്വത്തിൽ ഐ.എൻ.എൽ. രൂപവത്കരിച്ച കാലംമുതൽ സംഘടനയ്ക്കൊപ്പമുണ്ടായി. ഇപ്പോൾ ഐ.എൻ.എൽ. ദേശീയജനറൽ സെക്രട്ടറിയാണ്.
ഇടതുമുന്നണിക്കൊപ്പം നിസ്വാർഥമായി പ്രവർത്തിച്ചതിന് ഐ.എൻ.എലിനു ലഭിച്ച അംഗീകാരമാണ് മന്ത്രിസ്ഥാനമെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പിണറായി വിജയന്റെ ടീമിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. ജനങ്ങൾക്കുപകാരമുള്ള കാര്യങ്ങൾ ഇനിയും തുടരും -നിയുക്തമന്ത്രിയുടെ വാക്കുകൾ.