പത്തനംതിട്ട: പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും ബാങ്ക് ജീവനക്കാരനുമായ വിജീഷ് വർഗീസ് പോലീസ് പിടിയിൽ. ബെംഗളുരുവിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.പോലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതിക്കൊപ്പം ഭാര്യയും രണ്ടുകുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ബെംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയിൽ എത്തിച്ചേരും. ഫെബ്രുവരി പതിനൊന്നാംതീയതിയാണ് ഭാര്യക്കും മക്കൾക്കുമൊപ്പം പ്രതി ആവണീശ്വരത്ത് നിന്ന് കാറിൽ പുറപ്പെട്ട് എറണാകുളത്തെത്തി. കാർ അവിടെ ഉപേക്ഷിച്ചു. തുടർന്ന് ഒരു വാടകവീടെടുത്ത് കൊച്ചിയിൽ താമസിക്കാൻ പദ്ധതിയിട്ടുവെങ്കിലും പിന്നീട് ബെംഗളുരുവിലേക്ക് കടക്കുകയായിരുന്നു.
മൂന്നുദിവസം മുമ്പാണ് പത്തനംതിട്ടയിൽ നിന്ന് പോലീസ് സംഘം ബെംഗളുരുവിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ ഇദ്ദേഹം താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബാങ്കിലെ ക്ലാർക്ക് കം കാഷ്യറായാണ് ആവണീശ്വരം കോടിയാട്ട് ജ്യോതിസിൽ വിജീഷ് വർഗീസ് ജോലി ചെയ്തിരുന്നത്. കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ദീർഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്.
ക്രമക്കേട് കണ്ടെത്തിയതോടെ, ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഒളിവിൽപ്പോയ ഇയാൾക്കായി അന്വേഷണം നടന്നുവരികയായിരുന്നു. തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം, വൻക്രമക്കേട് നടന്നിട്ടും തിരിച്ചറിയാതിരുന്ന കാരണത്താൽ ബാങ്ക് മാനേജരടക്കം അഞ്ച് ജീവനക്കാരെ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. കനറാ ബാങ്ക് തുന്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ജീവനക്കാരൻ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു. ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാർക്കിങ് അക്കൗണ്ടിൽനിന്നുള്ള പണം തിരികെനൽകി ഈ പരാതി പരിഹരിച്ചു. തുടർന്ന് ഫെബ്രുവരി 11-ന് ബാങ്ക് അധികൃതർ പരിശോധന തുടങ്ങി. ഒരുമാസത്തെ പരിശോധന പൂർത്തിയായപ്പോൾ, കോടികൾ നഷ്ടമായെന്ന് വ്യക്തമായി.
Content Highlights:Police arrests Vijeesh Varghese in Canara Bank fraud case