ഇന്നത്തെ തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിന്റെ സന്തതസഹചാരിയാണ് സ്ട്രെസ്, അഥവാ സമ്മർദം. കുട്ടികൾക്ക് മുതൽ വയസ്സായവർക്കുവരെ മാനസിക പിരിമുറുക്കം ഉണ്ടാകാറുണ്ട്. പരീക്ഷയെ കുറിച്ചുള്ള പേടിയോ ജോലിയിൽ നിന്നുള്ള ബുദ്ധിമുട്ടുകളോ എല്ലാംതന്നെ നമ്മുടെ സമ്മർദനില ഉയർത്താറുണ്ട്. സ്ട്രെസ്, അല്ലെങ്കിൽ മാനസിക പിരിമുറുക്കം കൊണ്ടുണ്ടാകുന്ന സമ്മർദം കുറയ്‍ക്കാൻ ചില ഭക്ഷണങ്ങൾക്ക് കഴിവുണ്ടെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
നമ്മുടെ ശരീരത്തിന്റെ ഓരോ പ്രവർത്തനത്തിനും പിന്നിൽ ഓരോ കാരണമുണ്ട്. ഉദാഹരണത്തിന്, രാവിലെ എഴുന്നേൽക്കാൻ വൈകുന്നു എന്നിരിക്കട്ടെ. ജോലിക്കുപോകേണ്ട സമയം അതിക്രമിച്ചു. എങ്ങനെയെങ്കിലും എല്ലാ പണികളും തീർത്തിട്ട് നിങ്ങൾ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയാണ്. ബസ് സ്റ്റോപ്പിനടുത്ത് എത്താറാകുമ്പോഴേക്കും ബസ് വന്നത് കാണുന്നതോടെ എങ്ങനെയെങ്കിലും ബസിൽ കയറാനായി നിങ്ങൾ ഓടാൻതുടങ്ങുന്നു. അതോടെ, ഹൃദയമിടിപ്പ് വർധിക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്‌യുന്നു. മാത്രമല്ല, ശരീരം വിയർക്കുകയും അതുവഴി ശരീരം തണുക്കുകയും ചെയ്‌യുന്നു. ഇതെല്ലാംതന്നെ ശരീരത്തിന്റെ മുൻകരുതൽ പ്രക്രിയ വഴി ഉണ്ടാകുന്നതാണ്.
തീവ്രമായ സമ്മർദത്തെ നേരിടാൻ വേണ്ടുന്ന ഊർജം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. എങ്ങനെയാണ് വിവിധതരം ഭക്ഷണങ്ങൾ നമ്മെ സമ്മർദത്തിൽനിന്ന് സംരക്ഷിക്കുന്നതെന്ന് നോക്കാം:
1. വെണ്ടയ്‍ക്ക
പച്ചനിറത്തിലുള്ള ഈ പച്ചക്കറി, രൂപത്തിൽ മാത്രമാണ് ചെറുത്. ഫോളേറ്റ് എന്ന വിറ്റാമിൻ-ബി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്‍ക്ക. ഫോളേറ്റ് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഹോർമോൺ എന്നറിയപ്പെടുന്ന ഡോപാമൈൻ ഉത്‌പാദിപ്പിക്കുന്നു. ഡോപാമൈൻ തലച്ചോറിൽ ആനന്ദാനുഭൂതിയെ വർധിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോൾ സമ്മർദം കുറയ്‍ക്കാനുള്ള നല്ല ഒന്നാംതരം ഭക്ഷണം തന്നെയാണ് വെണ്ടയ്‍ക്ക.
2. ഓട്സ്
സങ്കീർണമായ കാർബോഹൈഡ്രേറ്റ് എന്ന് കണക്കാക്കുന്ന ഓട്സ്, സെറോടോണിൻ എന്ന രാസവസ്തു ഉണ്ടാക്കാൻ നമ്മുടെ മസ്തിഷ്കത്തെ പ്രേരിപ്പിക്കുന്നു. സെറോടോണിനിൽ ആന്റി ഓക്സിഡന്റ് ഉണ്ട്. മാത്രമല്ല, സമ്മർദത്തെ അതിജീവിക്കാൻ സഹായിക്കുന്ന തോന്നൽ സൃഷ്ടിക്കാൻ സെറോടോണിന് കഴിയും. പ്രഭാതഭക്ഷണത്തിന് ഓട്സ് കഴിക്കുന്ന കുട്ടികൾ രാവിലെ മുഴുവൻ ഉന്മേഷവാന്മാരായിരിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ചൂടുള്ള ഓട്സ് പാനീയം അരക്കപ്പ് ശരീരത്തിൽ എത്തേണ്ട താമസം നിങ്ങൾക്ക് കൂടുതൽ വിശ്രമവും ശാന്തതയും അനുഭവപ്പെടും.
3. മത്സ്യം
(ഫാറ്റി ഫിഷ് എന്നറിയപ്പെടുന്ന സാൽമൺ, ചാള മുതലായവ)
ഒമേഗ-3 ഒരു ഫാറ്റി ആസിഡ് ആണ്. ഇത് ശരീരത്തിന്റെ അത്യാവശ്യ പ്രവർത്തനങ്ങളും മാനസികാരോഗ്യവും തമ്മിൽ വളരെ നല്ല ബന്ധം ഉണ്ടാക്കുന്നു. മത്സ്യത്തിൽ ഒമേഗ-3 നില ധാരാളമുണ്ട്. ബ്രെയിൻ, ബിഹേവിയർ ആൻഡ് ഇമ്യൂണിറ്റി വിഭാഗത്തിൽ നടത്തിയ ഒരു പഠനത്തിൽനിന്ന് കാണാൻ കഴിഞ്ഞത് 12 ആഴ്ചയോളം ദിവസേന ഒമേഗ-3 സപ്ലിമെന്റ് (ഡി.എച്ച്.എ., ഇ.പി.എ. എന്നിവ അടങ്ങിയിരിക്കുന്ന) സ്വീകരിച്ച വ്യക്തികളിൽ ഉത്‌കണ്ഠ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ 20 ശതമാനം കുറവായിരുന്നു എന്നാണ്.
4. ഉരുളക്കിഴങ്ങ്
സമ്മർദം ഉണ്ടാകുമ്പോൾ വലിച്ചുവാരി ഭക്ഷണം കഴിക്കുന്ന ശീലം കുറച്ചുപേരിലെങ്കിലും കാണാൻ കഴിയാറുണ്ട്. ഇങ്ങനെയുള്ള വിശപ്പിനെ വിളിക്കുന്ന പേരാണ് ഹെഡോണിക് ഹംഗർ. ഊർജം നൽകുന്നതിനാൽ ഉയർന്ന കലോറി ഭക്ഷണസാധനങ്ങൾ നമ്മെ ആകർഷിക്കും. മധുരക്കിഴങ്ങ് ശരീരത്തിന് വേണ്ടുന്ന ഊർജം നൽകുന്നു.
5. കിവി പഴം
ഈ കുഞ്ഞുപഴം ട്രിപ്റ്റോഫൻ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ട്രിപ്റ്റോഫൻ എന്നത് ശരീരത്തിൽ എത്തുമ്പോൾ ചില പ്രവർത്തനങ്ങളുടെ ഭാഗമായി സെറോടോണിൻ ആയി മാറുന്നു, അത് നമ്മുടെ ഞരമ്പുകൾ ശമിപ്പിക്കുകയും മാനസികാവസ്ഥയെ ശാന്തമാക്കുകയും ചെയ്‌യുന്നു. സമ്മർദം എന്നത് നമ്മുടെ ഉറക്കത്തെ വല്ലാതെ താറുമാറാക്കുന്ന ഒന്നാണ്. കിവി പഴം സ്ഥിരമായി കഴിക്കുന്നതുമൂലം നമുക്ക് വേഗം ശാന്തമായി ഉറങ്ങാൻ കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്
6. ചീര
സമ്മർദം കാരണം നമ്മുടെ പേശികൾ വലിഞ്ഞുമുറുകുകയും രക്തസമ്മർദം വർധിക്കുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്‌യാറുണ്ട്. എന്നാൽ, ഇവയെ എല്ലാം ശാന്തമാക്കാൻ സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം. ചീര മഗ്നീഷ്യത്തിന്റെ കലവറയാണ്. ചീര കഴിച്ചാൽ ശരീരത്തിന് ഉറക്കമില്ലായ്മ, സമ്മർദം എന്നിവയെ അകറ്റിനിർത്താൻ ഒരളവുവരെ കഴിയുന്നു.
7. ബ്ലൂബെറി
ബ്ലൂബെറിയിൽ കാണപ്പെടുന്ന ആന്റി ഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും സമ്മർദത്തിന് എതിരേ ശരീരത്തിന്റെ പ്രതികരണശേഷി മെച്ചപ്പെടുത്തുന്നതിനും സ്ട്രെസ്സിനോട് ബന്ധപ്പെട്ട ഫ്രീ റാഡിക്കലുകളെ നിർമാർജനം ചെയ്‌യുന്നതിനും സഹായിക്കുന്നു.
പ്രതിരോധശേഷിയിൽ നിർണായകമായ പങ്കുവഹിക്കുന്ന വൈറ്റ് ബ്ലഡ് സെൽസ് ഉത്‌പാദിപ്പിക്കുന്നതിനും ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്.
പുതിയ ഭക്ഷണപദാർഥങ്ങൾ ഡയറ്റിൽ ഇതുവരെ ഉൾപ്പെടുത്താത്തവർ, പ്രത്യേകിച്ച് മരുന്നുകൾ കഴിക്കുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങളുടെ ഡോക്‍ടറോടോ ഡയറ്റീഷ്യനോടോ ചോദിച്ചതിന് ശേഷം മാത്രമേ അവ ഡയറ്റിൽ ഉൾപ്പെടുത്താവൂ. ചിലയിനം പച്ചക്കറികളും ഫലങ്ങളും നിങ്ങൾ ഇപ്പോൾ കഴിക്കുന്ന മരുന്നുമായി ചേരാതെവന്നേക്കാം എന്നുള്ളതാണ് ഒരു പ്രധാന കാരണം.
Content Highlights: foods can be chosen to relieve stress