കൊച്ചി: ഹമാസ് റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹംകൊച്ചിയിലെത്തിച്ചു. ശനിയാഴ്ച പുലർച്ചെ ഇസ്രയേലിൽനിന്ന് ഡൽഹിയിലെത്തിച്ച മൃതദേഹം അവിടെനിന്ന് വിമാനമാർഗമാണ് കൊച്ചിയിൽ എത്തിച്ചത്. സൗമ്യയുടെബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഡീൻ കുര്യാക്കോസ് എം.പി, പി.ടി തോമസ് എംഎൽഎ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിക്കാനെത്തി.
സൗമ്യയുടെ മൃതദേഹം എത്തിച്ചപ്പോൾ വൈകാരിക നിമിഷങ്ങൾക്കാണ്നെടുമ്പാശേരി വിമാനത്താവളം സാക്ഷിയായത്. അവിടെനിന്ന് മൃതദേഹം ആംബുലൻസിൽ സ്വദേശമായ ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാവും ശവസംസ്കാര ചടങ്ങുകൾ എന്നാണ് ലഭ്യമായ വിവരം. ഇസ്രയേലിൽനിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ച മൃതദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ഏറ്റുവാങ്ങിയത്. ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ബുധനാഴ്ചയാണ് ഗാസയിൽ നിന്നുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യ കെയർ ടേക്കറായി ജോലിചെയ്യുന്ന ഇസ്രായേലിലെഅഷ്കെലോൺ നഗരത്തിലെ വീടിനു മുകളിൽ റോക്കറ്റ് പതിക്കുകയായിരുന്നു. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കവെയാണ് സൗമ്യ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Content Highlights:Mortal remains of Soumya Santhosh Reaches Kochi