ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത്, ജ്വലിക്കണമെന്നായിരുന്നു നന്ദു മഹാദേവയുടെ പക്ഷം. വീണവരോട് പറഞ്ഞു. വിധിയോട് വിട്ടുപിടിക്കാൻ പറഞ്ഞിട്ട് വിജയത്തിലോട്ട് ഓടിക്കോണം. ഒരു ശരാശരി ചെറുപ്പക്കാരൻ രോഗ കിടക്കയിൽ നിന്ന് അതിജീവന താരമായതിന്റേയും മറ്റുള്ളവർക്കായുള്ള മാന്ത്രിക മരുന്നായതിന്റേയും വിസ്മയിക്കുന്ന കഥയാണ് നന്ദുവിനെ ഓർമിക്കുന്നവർക്ക് പറയാനുള്ളത്.
24-ാം വയസ്സിൽ തന്നോടൊപ്പം ചേർന്ന കാൻസറിനെ പ്രണയിച്ച് പ്രണയിച്ച് ഓരോ നിമിഷവും കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പറഞ്ഞുകൊണ്ടിരുന്നു നന്ദു. അങ്ങനെ പാട്ടുപാടി, യാത്രകൾപോയി, മോട്ടിവേഷൻ താരമായി ജീവിതമങ്ങനെ ആസ്വദിച്ചു. നന്ദുവിന്റെ ജീവിതം അത് തന്നെപോലുള്ളവർക്ക് ആശ്വാസമായിരുന്നില്ല ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള മാന്ത്രിക മരുന്ന് കൂടിയായിരുന്നു നൽകിയത് എന്നതാണ് യാഥാർഥ്യം. കാൻസർ ഒടുവിൽ ശ്വാസകോശത്തേയും പ്രണയിച്ച് തുടങ്ങിയതോടെ ഡോക്ടർമാരും പറഞ്ഞു നന്ദു ഇനി അധിക കാലമുണ്ടാവില്ല. പക്ഷെ ഇനിയും എന്തൊക്കെ നേരിടേണ്ടി വന്നാലും ഞാൻ പൂർവാധികം ശക്തിയോടെ മുന്നോട്ട് തന്നെയാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു നന്ദു. സ്വയം വേദന തിന്ന് കഴിഞ്ഞ് കൂടുമ്പോഴും കത്തിജ്വലിച്ചു നിന്ന ആ ചെറുപ്പക്കാരനിലെ തീയിന്ന് അണഞ്ഞതോടെ രോഗക്കിടക്കിയിലായ എത്രയോ പേരുടെ സാന്ത്വനവും ആശ്വാസവും കൂടിയാണ് അണഞ്ഞ് പോയത്.
ചങ്കുകളേ എന്ന് വിളിക്കാൻ ഇനി നന്ദു കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല അവന്റെ കൂട്ടുകാർക്ക്. യാത്രികനായും, പാട്ടുകാരനായും, ജീവിക്കാനുള്ള ഊർജ്ജമായുമെല്ലാം അവനെ കൂടെ കൂട്ടിയ വലിയൊരു സമൂഹത്തിനാണ് നന്ദുവിന്റെ നിയോഗം നികത്താനാവാത്ത നഷ്ടമായിരിക്കുന്നത്. കാൽമുട്ടിൽ തുടങ്ങിയ വേദനയാണ് ഒരു കാലെടുത്തും ഒടുവിൽ ശ്വാസ കോശം വരെയും കാർന്ന് തിന്ന് കളഞ്ഞത്. തിരുവനന്തുപുരത്ത് നിന്നും കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിലേക്ക് വരുമ്പോഴും തന്റെ ജീവിതത്തേക്കാൾ മറ്റുള്ളവർക്കായി എന്തെങ്കിലും ചെയ്യാനാവുമോയെന്നായിരുന്നു നന്ദുവിന്റെ ചിന്ത. എല്ലാം ഒരു പുഞ്ചിരി കൊണ്ട് നേരിടാൻ കഴിഞ്ഞാൽ ജീവിതം ഇങ്ങനെയൊക്കെയാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ അപ്പോൾ നമ്മൾ വിജയിച്ച് തുടങ്ങുമെന്ന് പറഞ്ഞു ഈ ചെറുപ്പക്കാരൻ.
നന്ദു ഒരിക്കൽ പറഞ്ഞു തീയാകണം എന്നിട്ടങ്ങോട്ട് ആളിപ്പടരണം.
ആദ്യത്തെ വട്ടം വീണപ്പോൾ കല്ലും മുള്ളും വേദനകളും നിറഞ്ഞ വഴിയിലൂടെ ഞാൻ വിജയത്തിലേക്ക് നടന്നു. ഇപ്പോൾ വീണ്ടും വീണു.
ഇന്ന് ഈ കട്ടിലിൽ കിടന്നു കൊണ്ട് ഞാൻ തീവ്രമായി ആഗ്രഹിക്കുകയാണ്. 2021 എന്റെ പുതിയൊരു ഉയിർത്തെഴുന്നേൽപിന്റെ വർഷമാണ്. ഇതുപോലെ മനോഹരമായി തന്നെ ഇപ്രവശ്യവും തിരിച്ചു വരും. ഒരു മൂളിപ്പാട്ടും പാടി ചുവടുകൾ വച്ച് ഞാനെന്റെ പ്രിയപ്പെട്ടവർക്ക് ചുറ്റും ഓടി നടക്കും. എന്നിട്ട് നിങ്ങളെയൊക്കെ സ്നേഹിച്ച് സ്നേഹിച്ച് എന്റെ ഹൃദയത്തിൽ ചേർത്തങ്ങനെ വയ്ക്കണം. മനസ്സുണ്ടെങ്കിൽ ഏത് നരകവും സ്വർഗമാക്കാം എന്നതിന് ഏറ്റവും വലിയ തെളിവാണ് ഞാൻ. 2018 മുതൽ ഇങ്ങനെ കാൻസറെന്ന പ്രണയിനിയോടൊത്തുള്ള ജീവിതം 2021ൽ അവസാനിക്കുമ്പോൾ തിരിച്ചുവരാമെന്ന നന്ദുവിന്റെ പ്രതീക്ഷയും എത്രയോ ചങ്കുകളുടെ പ്രാർഥനയും കൂടിയാണ് നഷ്ടപ്പെട്ട് പോയത്.