തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽകാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ലക്ഷദ്വീപിലും റെഡ് അലർട്ടുണ്ട്. മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കൻ ജില്ലകളിൽ മാത്രമായിരുന്നു റെഡ് അലർട്ട് ഉണ്ടായിരുന്നത്.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയവയ്ക്കും സാധ്യത ഉണ്ട്.. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരുമെന്നും മുന്നറിയിപ്പുണ്ട്.
ടൗട്ടെ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി, മണിക്കൂറിൽ 11 കിലോ മീറ്റർ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021 ന് പകൽ 08.30 ന് 12.8 °N അക്ഷാംശത്തിലും 72.5°E രേഖാംശത്തിലും എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 190 കിലോ മീറ്റർ വടക്ക്, വടക്ക്പടിഞ്ഞാറും ഗോവയിലെ പാനജിം തീരത്ത് നിന്ന് 330 കിലോ മീറ്റർ തെക്കു-തെക്കു പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 6 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുകയും അതിനു ശേഷമുള്ള 12 മണിക്കൂറിനുള്ളിൽ അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഉച്ചക്ക്/വൈകുന്നേരത്തോടു കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കനത്ത മഴയെത്തുടർന്ന് മണിമല, അച്ചൻകോവിലാർ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പുമുണ്ട്. കേന്ദ്ര ജല കമ്മീഷനാണ് മുന്നറിയിപ്പ് നൽകിയത്.